19 Sept 2014

കുടുംബക്ഷേത്രങ്ങളിൽ തളയ്ക്കപ്പെട്ടവർ


കാവിൽരാജ്‌

പുരാവൃത്തം
    പ്രപഞ്ചപ്രതിഭാസങ്ങളെ ഭയന്നിരുന്ന മനുഷ്യൻ
പ്രകൃതിയെ ആരാധിക്കുവാൻതുടങ്ങി. പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന ഏതോ ഒരദൃശ്യശക്തിയുണ്ടെന്നും പ്രപഞ്ചത്തിലെ ഓരോ അണുവിലും അതിന്റെ പ്രതിഫലനമുണ്ടെന്നും അവർ വിശ്വസിച്ചു. വിദ്യാഭ്യാസത്തിന്റെ ആവിർഭാവത്തോടെ പ്രപഞ്ചത്തെക്കുറിച്ചുള്ള പല രഹസ്യങ്ങളും അവൻ അന്വേഷിച്ചു കണ്ടെത്തുവാൻ തുടങ്ങിയതോടെ വേദങ്ങളും ഇതിഹാസങ്ങളും പുരാണങ്ങളും സൃഷ്ടിച്ചെടുത്തു. നിഗോ‍ൂഢമായ പല അറിവുകളും  ഋഷിവര്യന്മാർ സമൂഹത്തിനു പകർന്നുകൊടുത്തു. വിദ്യാഭ്യാസം നേടിയവർ അതെല്ലാം ചാതുർവർണ്യത്തിന്റെ സഹായത്തോടെ സ്വന്തം ജാതിസമൂഹത്തിൽ ഒതുക്കിനിർത്തി. സമൂഹത്തിൽ സവർണ്ണ ഫാസിസം നടപ്പിലാക്കിയപ്പോൾ വിദ്യഅഭ്യസിക്കുവാൻ പിന്നാക്കക്കാർക്കൊന്നും അവകാശമില്ലെന്നു വിധിക്കുകയും ചെയ്തു.
           പ്രപഞ്ചശക്തികളെ നിയന്ത്രിക്കുന്നതു ഈശ്വരനാണെന്നും ഈശ്വരനെ സ്വായത്തമക്കുവാൻ തങ്ങൾക്കുമാത്രമെ സാധിക്കുകയുള്ളുവേന്നും പുരോഹിതവേഷത്തിൽ വന്ന വരേണ്യർ പ്രഖ്യാപിച്ചു. അങ്ങനെ സവർണ്ണരുടെ കുടുംബങ്ങളിൽ വേദങ്ങളും മന്ത്രങ്ങളും പഠിച്ചവർ പൗരോഹത്യം ഏറ്റെടുത്തു. സ്വന്തം സമുദായത്തിന്റെ നിയന്ത്രണത്തിൽ ഈശ്വരനെ തളച്ചിടുകയും ശൂദ്രരും അതിനു താഴെയുള്ളവരും സവർണ്ണരുടെ വെളിമ്പറമ്പുകളിലേക്കു മാറ്റപ്പെടുകയും കയും ചെയ്തു.
     സവർണ്ണർ സ്വന്തം കുടുംബങ്ങളിൽ ഈശ്വരന്റെ പ്രതിരൂപമായി പ്രകൃതിശക്തികളെ ആവാഹിച്ച്‌ പ്രതിഷ്ഠകൾ ചെയ്തതോടെ കുടുംബക്ഷേത്രങ്ങൾ ഉയർന്നുവന്നു. ക്ഷേത്രങ്ങളിലേക്കു തന്ത്രിമാരെയും ശാന്തിക്കാരെയും ബ്രാഹ്മണരിൽനിന്നുതന്നെ കണ്ടെത്തുകയും മറ്റു വേലകൾക്കായി അതിനുതാഴെയുള്ളവരെ ചുമതലപ്പെടത്തുകയും ചെയ്തു. അങ്ങനെ പിന്നാക്കജാതിക്കാർക്കു  ക്ഷേത്രപ്രവേശനം നിഷേധിക്കപ്പെട്ടു.
          പിൽക്കാലത്ത്‌ സവർണ്ണർ പിന്നാക്കക്കാരോടുകാണിച്ച പീഢനത്തിനും ചൂഷണത്തിനുമെതിരെ പ്രതികരിക്കുന്നതിനായി രംഗത്തിറങ്ങിയ ആത്മീയാചാര്യന്മാരാണ്‌ മുത്തപ്പന്മാർ. ഓരോതറവാടുകളിലും മുത്തപ്പന്മാരെ പ്രതിഷ്ഠിച്ചിരിക്കുന്നതുകാണാം. മുല്ലത്തറയിലും ചെറിയ കൊട്ടിലുകളിലും മുത്തപ്പന്മാർ പ്രതിഷ്ഠിച്ച കരിങ്കൽ വിഗ്രഹങ്ങളാണ്‌ പിന്നാക്കക്കാരുടെ ദൈവരൂപങ്ങൾ. കാളി ,കരിങ്കുട്ടി,കുട്ടിച്ചാത്തൻ, പറക്കുട്ടി,മറുത,വിഷ്ണുമായ കൂടാതെ പരേതാത്മാക്കളെയും പ്രതിഷ്ഠിച്ചിരുന്നു. തറവാട്ടിലെ മുത്തപ്പൻ മരിക്കുമ്പോൾ അദ്ദേഹത്തിന്റെ സ്മരണയ്ക്കായി  കരിങ്കൽവിഗ്രഹം പ്രതിഷ്ഠിച്ചിരുന്നു.
 അങ്ങനെയാണ്‌ പിന്നാക്കക്കാരുടെ കുടുംബക്ഷേത്രങ്ങൾ ഉയർന്നു വന്നത്‌.


                  കാലക്രമേണ സവർണ്ണ കുടുംബക്ഷേത്രങ്ങൾ പരിപാലിക്കുന്നതിനുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടപ്പോൾ  സർക്കാരിന്റെ കീഴിൽ ദേവസ്വങ്ങളുണ്ടാക്കി പലക്ഷേത്രങ്ങളും ഏറ്റെടുക്കുകയാണ്‌ ചെയ്തത്‌. മറ്റെല്ലാക്ഷേത്രങ്ങളും സവർണ്ണരുടെ നേതൃത്വത്തിൽ നാട്ടുകാരെ ഉൾപ്പടുത്തി കമ്മിറ്റികൾക്കു വിട്ടുകൊടുക്കുകയും ചെയ്തു. അപ്പോഴും അവർണ്ണർക്കു ക്ഷേത്രപ്രവേശനം  അനുവദിച്ചിരുന്നല്ല. പിൽക്കാലത്ത്‌ അതിനുപരിഹാരമായി ശ്രീനാരായണഗുരുവിന്റെ അരുവിപ്പുറത്തെ ശിവപ്രതിഷ്ഠ ചരിത്രസംഭവമായിമാറുകയാണുണ്ടായത്
‌. ബ്രാഹ്മണർ അതിനെതിരെ പ്രതികരിച്ചെങ്കിലും ഗുരുവിന്റെ തക്കതായമറുപടിയിൽ അവർ നാണംകെട്ടു വീഴുകയാണുണ്ടായത്‌. പിന്നീട്‌ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പിന്നാക്കക്കാർക്കായി ക്ഷേത്രങ്ങൾ നിർമ്മിക്കുകയും വിഗ്രഹപ്രതിഷ്ഠ നടത്തുകയും ചെയ്തത്​‍്‌ ചരിത്ര സത്യങ്ങളാണ്‌. പക്ഷെ അപപ്പോഴും കീഴാളരുടെ കുടുംബത്തിലെ മുല്ലത്തറകളും കൊട്ടിലുകളും നിലനിന്നിരുന്നുവേന്നതും പിന്നിട്ടവഴികളിലെ നാഴികക്കല്ലുകളാണ്‌. അവരിലെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അറിവില്ലായ്മകളും നിലനിർത്തിക്കൊണ്ടുവരുവാൻ സാധിച്ചുവേന്നുള്ളതും സവർണ്ണരിലെ സ്വാർത്ഥവിചാരങ്ങളുടെ വിജയംതന്നെയായി കരുതാവുന്നതാണ്‌.
ക്ഷേത്രസങ്കൽപം                                                                
-------------
    ഭാഗവതം അഞ്ചാം അദ്ധ്യായത്തിലും നാരായണീയത്തിലും പരാമർശിക്കുന്നതുപോലെ വൈദികസാഹിത്യത്തിൽ നിന്നും ഉയർന്നുവന്ന ക്ഷേത്രസങ്കൽപം മനുഷ്യരാശിയുടെ ആത്മീയചോദനയെയാണ്‌ സമർത്ഥിക്കുന്നത്‌. കൃതയുഗത്തിൽ ധ്യാനത്തിനും ത്രേതായുഗത്തിൽ യജ്ഞത്തിനും ദ്വാപരയുഗത്തിൽ വിഗ്രഹാരാധനക്കും കലിയുഗത്തിൽ കീർത്തനത്തിനും പ്രാധാന്യം നൽകിയിരിക്കുന്നത്‌ ഈശ്വരപ്രീതിക്കുവേണ്ടിയാണെന്ന്‌ വേദങ്ങളും ആത്മീയാചാര്യന്മാരും  സാക്ഷ്യപ്പെടുത്തുന്നു. ഈശ്വരനെ ആദരിക്കുവാനും ആരാധിക്കുവാനുംവേണ്ടി ജലഗന്ധപുഷ്പധൂപദീപങ്ങളാൽ പൂജിക്കുകയും ഇഷ്ടനിവേദ്യങ്ങൾ സമർപ്പിക്കുയും ചെയ്യുന്നു.  പൂജചെയ്യുന്ന വ്യക്തിക്കും കണ്ടുനിൽക്കുന്ന വിശ്വാസികൾക്കും ഈശ്വരനിൽ പ്രീതിയും വിശ്വാസവും വർദ്ധിക്കുവാൻ അതുകൊണ്ടുകഴിയുമെന്നും കരുതുന്നു. അതിനാൽ ഈശ്വരൻ പ്രസാദിച്ച്‌ ഭക്തന്മാർക്ക്‌ അവർ ആവശ്യപ്പെടാതെതന്നെ സമ്പത്തും ആയുരാരോഗ്യവും നൽകുമെന്നാണ്‌ വിശ്വസിച്ചുപോരുന്നത്‌. അതു തന്നെയാണ്‌ ക്ഷേത്രസങ്കൽപത്തിന്റെ പൊരുളും.
    പ്രാചീനകാലംമുതൽ ലോകത്തെങ്ങും മനുഷ്യർ ദൈവത്തെ ആരാധിക്കുകയും വിഗ്രഹാരാധനയിൽ വിശ്വസിക്കുകയും ചെയ്തിരുന്നു.  മനുഷ്യനെ ഈശ്വരനിലേക്ക്‌ അടുപ്പിക്കുന്ന ഒരു സ്ഥാപനമാണ്‌ ക്ഷേത്രം. അതിനാൽ രാജാക്കന്മാരുടെ കാലത്ത്‌ ക്ഷേത്രങ്ങൾ ധാരാളം ഉയർന്നു വരികയും ചെയ്തിട്ടുണ്ട്‌. ക്ഷേത്രനിർമ്മാണം നിരവധി നിയമങ്ങൾക്കു വിധേയമായിട്ടാണ്‌ പണിയുവാൻ സാധിക്കുകയുള്ളു. അതിനു വേണ്ടത പണവും പരിജ്ഞാനവും പണിക്കാരും ഉണ്ടെങ്കിലെ അതു സാധിപ്പിച്ചെടുക്കുവാൻ കഴിയുകയുള്ളു. അതുകൊണ്ടുതന്നെ പിന്നാക്കക്കാരുടെ ക്ഷേത്രങ്ങൾ ഉയരാതിരിക്കുകയും ഉയർന്നക്ഷേത്രങ്ങൾക്കു ജീർണ്ണത സംഭവിക്കുയും ചെയ്തു.  അയിത്തവും തീണ്ടലും തൊടീലും നിലനിർത്തിയരുന്ന സവർണ്ണരുടെ ക്രൂരതകൾക്കെതിരെ പോരാടുവാൻ പല മാഹാന്മാരും സമൂഹത്തിലേക്കിറങ്ങിവന്നിട്ടുള്ളതായും നാം അറിഞ്ഞിട്ടുണ്ട്‌.
     പുണ്യതീർത്ഥങ്ങളുടെ തീരം, നദികൾചേരുന്നിടം,മലയുടെ മുകൾഭാഗം,പരിശുദ്ധിയുള്ള ഗ്രാമങ്ങൾ,മലയുടെ അടിവാരം തുടങ്ങിയ സ്ഥലങ്ങളിലേ ക്ഷേത്രങ്ങൾ നിർമ്മക്കുവാൻ പാടുള്ളുവേന്നും പ്രമാണങ്ങൾ പറയുന്നുണ്ട്‌. മാത്രവുമല്ല ക്ഷേത്രത്തിന്റെ പ്രൗഢിക്കും  പരിപലനത്തിനുമായി തന്ത്രിയും ശാന്തിക്കാരനും അനിവാര്യമായിവന്നു. ആരാണ്‌ ഈ തന്ത്രി?ആരണീ ശാന്തി? ഇത്തിരി സംസ്കൃതവും പൂജാവിധികളും അറിഞ്ഞാൽ മാത്രം തന്ത്രിയുമാവില്ല ശാന്തിയുമാവില്ല. ഏറെ നൂറ്റാണ്ടകൾക്കുമുമ്പെ ജീവിച്ചിരുന്ന തോലകവിയുടെ ഒരു ശ്ലോകം ഓർക്കുന്നത്‌ രസകരമാണ്‌.
                            കുളിച്ച്‌ കുറ്റിത്തലയും കുടഞ്ഞിട്ട-
                                      മന്ത്രകുംഭം ചൊരിയുന്ന നേരം
                            ഒളിച്ചു ദേവൻ ചുമരോടണഞ്ഞു
                                      നീരോവിലൂടെ ഗമനം ചാ കര.
തോലകവിയുടെ കാലത്തുതന്നെ ക്ഷേത്രത്തിലെ തന്ത്രിയും ശാന്തിക്കാരനും ജ്ഞാനമില്ലാത്തവരായിരുന്നു എന്നും അദ്ദേഹം എഴുതിവെച്ചിരിക്കുന്നു. അപ്പോൾ പിന്നെ ഇന്നത്തെ കാര്യത്തെപ്പറ്റി ചിന്തിക്കാനുണ്ടോ? ജന്മംകൊണ്ടുമാത്രം ബ്രാഹ്മണനായതിനാൽ ഇന്ന്‌ തന്ത്രിയും ശാന്തിക്കാരനുമായി  ജീവിതം മുന്നോട്ടുകൊണ്ടുപോകുവാൻ കഴിയുമെന്ന്‌ അവർക്കും ബോധ്യം വന്നിരിക്കുന്നു. എന്നാൽ തന്ത്രി ആരാണെന്നും ശാന്തിക്കാരൻ ആരാണെന്നും അറിഞ്ഞിരിക്കേണ്ടതല്ലേ?
    കുടുംബമഹിമയുള്ള ബ്രാഹ്മണനും ചെറുപ്പം മുതലെ ശോഡശക്രിയകൾചെയ്തിരിക്കുന്നവനുമായിരിക്കണം. വേദതത്വങ്ങൾ അറിഞ്ഞിരിക്കുന്നവനും വർണ്ണാശ്രമ ധർമ്മങ്ങൾ അനുഷ്ഠിച്ചുപോരുന്നവനുമായിരിക്കണം. ദീക്ഷയുള്ളവനും തപസ്വിയുമായിരിക്കണം.തികഞ്ഞ ഈശ്വരവിശ്വാസിയും സത്യധർമ്മാദികൾ കൈവെടിയാത്തവനുംമാത്രമേ തന്ത്രിയെന്ന പദത്തിനു യോജിച്ചവനാവുകയുള്ളു എന്നർത്ഥം. അത്തരത്തിലുള്ള ആചാര്യനായ തന്ത്രി വിഗ്രഹപ്രതിഷ്ഠനടത്തിയാൽ അവിടെ ഈശ്വരചൈതന്യം ഉണ്ടാകുമെന്നു സാരം. അതുപോലെത്തന്നെ ശാന്തിയാവുന്നതിനും അറിഞ്ഞിരിക്കേണ്ടായ നിയമങ്ങൾ നിലവിലുണ്ട്‌.
    സവർണ്ണരുടെ ക്ഷേത്രസങ്കൽപങ്ങളെ അനുകരിച്ച്‌ അവരുടെ ആചാരാനുഷ്ഠാനങ്ങളെ സ്വാംശീകരിച്ച്‌ പിന്നാക്കക്കാർക്കു മുന്നോട്ടുപോകുവാൻ കഴിയില്ലെന്നിരിക്കെ ശ്രീനാരായണഗരുതന്നെ  പൂജാക്രിയകളും ചെല്ലേണ്ടമന്ത്രങ്ങളും എഴുതി അവതരിപ്പിച്ചിട്ടുണ്ടെന്ന കാര്യവും ഇവിടെ സ്മരിക്കാവുന്നതാണ്‌. അതിനായി അദ്ദേഹം ആദ്യംതന്നെ പറഞ്ഞത്‌ ഇതാണ്‌. എല്ലാവരും അതിരാവിലെ തുണി നനച്ച്‌ കല്ലിൽ അടിച്ച്‌ കുളിക്കണം. കുളിക്കാത്തവരെ കൂട്ടത്തിൽ കൂട്ടരുത്‌. അപ്പോൾ എല്ലാവരും ഒന്നാകും.
പിന്നാക്കക്കാരുടെ ഇഷ്ടദൈവങ്ങൾ                                              
-------------------------------
    ആദിപരാശക്തിയായ ഖളൂരികദേവി, ഭദ്രകാളി,മുത്തപ്പൻ,വിഷ്ണുമായ,കുട്ടിച്ചാത്തൻ,കിരങ്കുട്ടി,പറക്കുട്ടി,വീരഭദ്രൻ,മലവാഴി ,നാഗദൈവങ്ങൾ തുടങ്ങിയ ദൈവങ്ങളെയാണ്‌ ​‍്‌ ഈഴവർ, പാണൻ, പറയൻ ,പടന്നാൻ വേലൻ മണ്ണാൻ പെരുമണ്ണാൻ, ചെറുമർ എന്നിവർ സ്വന്തം വീടുകളിൽ പ്രതിഷ്ഠിച്ച്‌ പൂജിച്ചു വരുന്നത്‌. പൂജാവിധികളും മന്ത്രങ്ങളുംഅനുഷ്ഠാനകർമ്മങ്ങളും ശാസ്ത്രീയമായി അറിവില്ലെങ്കിലും അവരും അവരവരുടെ കഴിവുപോലെ  അവരുടെ ദൈവങ്ങളെ ആരാധിച്ചുവരുന്നുണ്ട്‌.
       ഖളൂരികയെന്നാൽ ആയോധനകല അഭ്യസിക്കുന്നതിനുള്ള സ്ഥലം എന്നാണർത്ഥം. അതിന്റെ  അധിപയായതിനാൽ ഖളൂരികാദേവിയെന്നു വിളിക്കപ്പെട്ടു.അധഃസ്ഥിതർക്കു ഒന്നിച്ചുകൂടി വിദ്യയും ആയോധനകലയും അഭ്യസിക്കുന്നതിനുള്ള സൗകര്യങ്ങൾ ഇല്ലാതിരുന്നകാലത്ത്‌ കുറെ കുടുംബങ്ങൾ ചേർന്ന്‌ ഒരുസ്ഥലത്ത്‌ ഒത്തുചേരുകയാണ്‌ പതിവ്‌. വേലൻ മണ്ണാൻ പെരുമണ്ണാൻ എന്നീ വിളിപ്പേരുകളിൽ അറിയപ്പെടുന്ന സമുദായങ്ങളിലെ മന്ത്രവാദികളും കലാകാരന്മാരുംമാത്രമാണ്‌ അനുഷ്ഠാനകർമ്മങ്ങളിലൂടെ ഖളൂരികദേവിയെ തോറ്റിയുണർത്തുന്നവർ. മറ്റു പിന്നാക്കസമുദായക്കാർക്കുവേണ്ടി ഈ കർമ്മം അനുഷ്ഠിക്കുന്നതും ഇവർതന്നെ. പ്രധാനദേവതയായ ഭദ്രകാളിക്കുപുറമെ ഉപദേവകളായി മറ്റുദൈവങ്ങളെയും പ്രതിഷ്ഠക്കാറുണ്ട്‌.

കളം പാട്ട്‌
--------
    വർഷംതോറും ദേവചൈതന്യത്തിനായി കളംപാട്ടുകഴിക്കുകയെന്നത്‌ അനുഷ്ഠാനകർമ്മങ്ങളുടെ ഭാഗമാണ്‌.കുരുത്തോലയിൽതീർക്കുന്ന കലാവിരുതുകൾ ഇവരുടെ കലാബോധത്തെ വിളിച്ചോതുന്നു.ആർക്കും അനുകരിക്കാനാവാത്ത ധൂളീചിത്രകലയും ഇവർക്കു സ്വന്തം. കറുപ്പാണ്‌ കളമെഴുത്തിന്റെ അടിസ്ഥാന നിറം. കറുപ്പിനായി ഉമിക്കരി ഉപയോഗിക്കുന്നു. വെളുത്തനിറത്തിനു അരിപ്പൊടിയും മഞ്ഞയ്ക്കു മഞ്ഞൾപ്പൊടിയും, വാകപ്പൊടികൊണ്ട്‌ പച്ചയും ,മഞ്ഞളും ചുണ്ണാമ്പും ചേർത്ത്‌ ചുവന്നപൊടിയും നിർമ്മിച്ചെടുക്കുന്നു .ഈ പഞ്ചവർണ്ണപ്പൊടികളാലാണ്‌ കളമെഴുത്ത്‌ നടത്തുന്നത്‌. ചിരട്ടയുരച്ചു വൃത്തിയാക്കി അതിൽ വിവിധ തരത്തിലും തലത്തിലും ദ്വാരങ്ങൾ  ഉണ്ടാക്കി അതിൽ ഓരോ പൊടികളും നിറച്ചാണ്‌ കളത്തിൽ കരവിരുത്‌ പ്രകടിപ്പിക്കുന്നത്‌. മട്ടവും മഴുക്കോലുമില്ലാതെ കൈത്തഴക്കവും മെയ്ത്തഴക്കവുംകൊണ്ട്‌ കളമെഴുതുന്ന വിദ്യ കേരളത്തിന്റെ തനതു കലകളിൽപ്പെട്ട ശ്രദ്ധേയമായ കലതന്നെയാണ്‌.
അനുഷ്ഠാനങ്ങൾ
---------------
    കളമെഴുതിക്കഴിഞ്ഞാൽ ചെണ്ടയുടെ അകമ്പടിയോടെ കൂറ അഥവാ പട്ടുവിരിക്കൽ ചടങ്ങു നടക്കുന്നു. തറവാട്ടു കാരണവരുടെ കയ്യിൽനിന്നും കളം കർമ്മി  ഏറ്റുവാങ്ങുന്നതോടെ അനുഷ്ഠാനകർമ്മങ്ങൾ ആരംഭിക്കുന്നു. തന്തിവാദ്യസംഗീതോപകരമണമായ നന്തുണിയിൽ ദേവീസ്തുതിയോടെ പൂജകൾക്കു തുടക്കം കുറിക്കുന്നു. തുടർന്ന്‌ ഇഴാറ, ചെണ്ട, തുടി, കുഴിത്താളം എന്നന്നിവയുടെ സഹായത്താൽ തോറ്റംപാട്ട്‌ പാടുന്നതോടെ കളത്തിനുചുറ്റും നിൽക്കുന്നവർ ഭക്തിയിൽ മുഴുകുന്നു.
    പാൽക്കിണ്ടി, തിരുടാട, കോടിമുണ്ട്‌, വെറ്റിലപ്പാക്ക്‌,ദക്ഷിണ, അവില്‌, മലര്‌ ,കദളിപ്പഴം തണ്ണീരമൃത്‌, പുഷ്പം, ചന്ദനം, കർപ്പൂരം , ദസാംഗം നെയ്‌വിളക്ക്‌ ,ചെറുതിരി ,കോൽതിരി, വിളക്ക്‌ എന്നിവയെല്ലാം അനുഷ്ഠാനപൂജകൾക്കായി ഉപയോഗിക്കുന്നു. തറവാട്ടമ്മ കളംതൊട്ട്‌ അനുഗ്രഹം വാങ്ങിക്കുന്നതും കുടുംബത്തിൽപ്പെട്ടവരെല്ലാം നൽപ്പത്തിയൊന്നു ദിവസം വ്രതമെടുത്ത പരിശുദ്ധിയോടെ കളംപാട്ടിൽ പങ്കെടുക്കുന്നതും ദേവീപ്രീതിനേടിക്കൊടുക്കുമെന്ന വിശ്വാസത്താലാണ്‌.

    ക്ഷേത്രസങ്കൽപംതന്നെയാണ്‌  കളത്തിന്റെ അടിസ്ഥാന തത്വം.    അറുപത്തിനാലു ദളങ്ങളുള്ള താമരപ്പൂവിൽ വസിക്കുന്ന ദേവിയെ സങ്കൽപിച്ച്‌ 64 കലകൾക്കു നാഥയായ ദേവിക്കു 64 ഇലനറുക്കുകൾ വെച്ച്‌ പൂജചെയ്ത്‌,ദേവിയുടെ മെയ്യാഭരണങ്ങളായ അരമണി​‍ിയും വാളും ചിലമ്പും വെച്ച്‌ തോറ്റം പാട്ടിലൂടെ കളത്തിലേക്കാവാഹിച്ച്‌ തറവാട്ടുകുടുംബത്തിനു സമ്പത്സമൃദ്ധിയും ഐശ്വര്യവും ആയുരാരോഗ്യസൗഖ്യവും നൽകമണമെന്നപ്രാർത്ഥനയോടെ ഭക്തജനങ്ങൾ കൂട്ടമായി പ്രാർത്ഥിക്കുമ്പോൽ ദേവി അനുഗ്രഹിക്കുമെന്നു വിശ്വസിക്കുന്നു. അനുഷ്ഠാനപൂജകളുടെയും തോറ്റം പാട്ടിന്റെയും ഫലത്താൽ ദേവീചൈതന്യം കോമരത്തിന്റെ ശരീരത്തിലേക്കു പ്രവേശിക്കുന്നു.   
പുരോഗതിയിലേക്കു കുതിക്കുന്ന വർത്തമാനയുഗത്തിന്റെ അന്ത്യത്തിലും ഇത്തരം  വിശ്വാസങ്ങൾ അന്ധമാണെന്നു പറഞ്ഞു തള്ളിക്കയുവാൻ സാധിക്കുന്നില്ലായെന്നതിന്റെ ബാക്കിപത്രങ്ങളാണല്ലോ ഇന്നും ഏതുമനുഷ്യരിലും കണ്ടുവരുന്ന ആത്മീയത. സാത്വികസ്വഭാവക്കാരായബ്രാഹ്മണർ പൂജകൾക്കു സസ്യവിഭവങ്ങൾ ഉപയോഗിക്കുമ്പോൾ തമോഗുണക്കാരായ പിന്നാക്കക്കാർ സസ്യേതരവിഭവങ്ങൾ ഒരുക്കി അവരുടെ ദൈവങ്ങളെ ആരാധിച്ചുവരുന്നു.
നാഗദൈവങ്ങൾ
--------------
    നാഗങ്ങളുടെ ഉൽപത്തിയെക്കുറിച്ച്‌ മഹാഭാരതത്തിൽ പരാമർശമുണ്ട്‌. കശ്യപന്‌ കദ്രുവിൽ പിറന്ന നാഗങ്ങളെ ദിവ്യനാഗങ്ങളെന്നും ഭൂമിയിൽ കാണുന്നവയെ ഭൗമനാഗങ്ങളെന്നും പറയുന്നു. ആയൂർവേദത്തിന്റെ കുലപതിയായ ധന്വന്തരി മഹർഷി സുശ്രുതന്‌ ദിവ്യനാഗങ്ങളെ പരിചയപ്പെടുത്തുന്നുണ്ട്‌.ദിവ്യതേജസ്സുള്ളവയാണ്‌ ദിവ്യനാഗങ്ങൾ. അവയ്ക്കു പ്രകൃതിയെ നിയന്ത്രിക്കുവാനുള്ള കഴിവുണ്ട്‌.ഭൂമിയെ സംരക്ഷിക്കുവാനും നശിപ്പിക്കനും കഴിവുണ്ട്‌. അതിനാൽ ദിവ്യനാഗങ്ങളെ വന്ദിക്കണമെന്നും ആരാധിക്കണമെന്നുമാണ്‌ അദ്ദേഹം ഉപദേശിക്കുന്നത്‌.  സഹജീവികളോടുള്ളകാരുണ്യവും ആരാധിക്കേണ്ടവയെ ആരാധിക്കുവാനുള്ള മനസ്സും ഹൈന്ദവസംസ്ക്കാരത്തിന്റെ ചിഹ്നങ്ങളാണെന്നുള്ള വസ്തുതയും ഇവിടെ സ്മരണീയമത്രേ.  അതിന്റെ ഫലമായി ഭൂമിയിലെ ഉഗ്രവിഷമുള്ള പാമ്പുകളെ ഭയന്ന്‌ അവയെ പ്രീതിപ്പെടുത്തുവാൻ തീരുമാനിച്ചതിലൂടെയാണ്‌ സർപ്പാരാധന സമ്പ്രദായം നിലവിൽ വന്നത്‌.ആധുനികയുഗത്തിലും സർപ്പങ്ങൾക്കു പാലും നൂറും നൽകി അഷ്ടനാഗങ്ങളെ പാട്ടുപാടി കൊട്ടിവിളിക്കുന്ന സമ്പ്രദായം പാമ്പിനൻകളത്തിലൂടെ ഇന്നും അനുവർത്തിച്ചുകൊണ്ടിരിക്കുന്നു.
    പാമ്പിനു ആയിരം സംവത്സരം ആയുസ്സുണ്ടെന്നാണ്‌ വിഷവൈദ്യഗ്രന്ഥം പറയുന്നത്‌.ആയുസ്സ പകുതിയെത്തുമ്പോൾ നിധിയിരിക്കുന്നേടത്ത്‌ ചെന്ന്‌ ശിവനെ തപസ്സിരിക്കും. ആയുസ്സു തീരുന്നതോടെ നിധിയുരുകി മാണിക്കകല്ലാകും.ഈ മാണിക്കവുംകൊണ്ട്‌  സർപ്പം കൈലാസത്തിലേക്കു പോകും.
സൂര്യരശ്മിയിൽ പാമ്പ്‌ ദഹിച്ചുപോകുമെങ്കിലും അതിന്റെ ജീവനും മാണിക്കകല്ലും ശിവസന്നിധിയിലെത്തും. ഇതാണ്‌ ഐതിഹ്യം. അങ്ങനെ പാമ്പിന്റെ ചിതാഭസ്മം വീഴുന്നദിക്കാണ്‌ പിന്നീട്‌ പാമ്പിൻകാവായി പരിണമിക്കുന്നതെന്നു കേരളീയരും വിശ്വസിക്കുന്നു.
    ഭൂമിയെ താങ്ങി നിർത്തുന്നത്‌ ഒരു വലിയസർപ്പമാണെന്നു നൈജീരിയക്കാരും വിശ്വസിക്കുന്നുണ്ട്‌. സാക്ഷാൽ മഹവിഷ്ണുവിനു സമുദ്രത്തിൽ സുഖശയ്യ ഒരുക്കിയിരിക്കുന്നത്‌ അനന്തൻ എന്ന സർപ്പമാണെന്നു പുരാണവും സമർത്ഥിക്കുന്നു. പല രാജ്യങ്ങളിലും നാഗപഞ്ചമി മഹോത്സവം ആഘോഷിച്ചവരുന്നുണ്ട്‌. മൂർഖൻ പാമ്പുകളെ വിലകൊടുത്തുവാങ്ങി പാലൂട്ടി പൂജിക്കുകയും ചെയ്യുന്നുണ്ട്‌.
മുബൈയിൽ വിഷം നീക്കിയ മൂർഖൻപാമ്പുകളെ ചന്തയിലും വിറ്റുവരുന്നുണ്ട്‌. സർപ്പങ്ങൾക്കു മനുഷ്യരുടെ രോഗങ്ങൾക്കു ശാന്തിവരുത്തുന്നതിനുള്ള കഴിവുണ്ടെന്നു ഗ്രീസുകാരും  ഈജിപ്തുകാരും വിസ്വസിക്കുന്നു. ഗ്രീസിൽ ജലസ്രോതസ്സുകളുടെ സമീപത്താണ്‌ സർപ്പങ്ങളെ കണ്ടുവരുന്നത്‌.  ഉറവജലത്തിനു രോഗശാന്തി വരുത്താൻ കഴിവുണ്ടാവുന്നത്‌ അവയുടെ സാന്നിധ്യംകൊണ്ടാണെന്നും വിശ്വസിക്കപ്പെടുന്നു. സർപ്പം ചുറ്റിയ ഒരു ശൂലവുമായി ഹെർമ്മിസ്‌ എന്ന ഗ്രീക്കുദേവൻ രാജ്യം മുഴുവൻ ഓടിനടന്ന്‌ രോഗികളെ സുഖപ്പെടുത്തിയിരുന്നുവേന്നും അവർ വിശ്വസിക്കുന്നു. അവരുടെ ക്ഷേത്ര പരിസരങ്ങളിൽ പാമ്പിൻകാവുകൾ നിലനിർത്തിയിരുന്നു. ആധുനിക വൈദ്യശാസ്ത്രത്തിന്റെ ഉപജ്ഞാതാക്കൾ ഗ്രീക്കുകാരായതിനാലായിരക്കാം സർപ്പം ചുറ്റിയശൂലം അന്തരാഷ്ട്ര വൈദ്യചിഹ്നമായി അംഗീകരിപ്പെട്ടത്‌. സാക്ഷാൽ പരമശിവന്റെ ആഭരണങ്ങളും സർപ്പങ്ങളാണെന്നു ശിവപുരാണവും പറഞ്ഞതരുന്നുണ്ട്‌.
നാഗദൈവക്കളങ്ങൾ
-------------
    ശിവപാർവ്വതിമാരുടെ കാനനവാസത്തിനിടയ്ക്കുണ്ടായ ഉണ്ണിഗണപതിയുടെ അസുഖം മാറ്റുന്നതിനായി പുല്ലുകൊണ്ടൊരു ആൾരൂപമുണ്ടാക്കി ജീവൻകൊടുത്തപ്പോഴാണ്‌ പുല്ലുവൻ അഥവാ പുള്ളുവൻ ഉണ്ടായത്‌. കുടത്തിലാക്കി അഗ്നിയിൽ നിന്നും രക്ഷിച്ചതിനാൽ-ഈ കുടം നിനക്കുപജീവനമാർഗ്ഗം നൽകട്ടെയെന്നും പുള്ളുവൻ തുണയായിവരട്ടെയെന്നും തക്ഷകൻ വരം നൽകി. ഇതാണ്‌ ഐതിഹ്യം.
    നാഗരാധനയുടെ അവകാശികളായ പുള്ളുവരാണ്‌  വീണയുടെയും പുള്ളോർക്കുടത്തിന്റെയും വായ്പ്പാട്ടിന്റെയും അകമ്പടിയോടെ  നാഗക്കളങ്ങൾനടത്തുന്നത്‌. വാസുകി,തക്ഷകൻ,കാർക്കോടകൻ,ശംഖൻ,മഹാപത്മൻ.ഗളികൻ അനന്തൻ എന്നിങ്ങനെ എട്ടു നാഗക്കളാങ്ങളാണ്‌ എഴുതുന്നത്‌. ഓലപ്പന്തലിനുകീഴെ കുരത്തോലതോരണങ്ങൽ തൂക്കി തറവാട്ടിലെ പാമ്പിൻകാവിൽനിന്നും എഴുന്നെള്ളിച്ചു കൊണ്ടുവരുന്ന നാഗദൈവങ്ങളെ കളത്തിലേക്കാവാഹിച്ച്‌  അനുഷ്ഠാനപൂജകളിലൂടെ കന്യകമാരിലേക്കു സന്നിവേശിപ്പിക്കുകയാണ്‌ ചെയ്യുന്നത്‌. പഞ്ചവർണ്ണങ്ങളിൽ തന്നെയാണ്‌ കളമൊരുക്കുന്നത്‌.
വ്രതം നോറ്റ കന്യകമാർ തറ്റുടുത്ത്‌ തുള്ളുന്നതിനായി ഏകാഗ്രതയോടെ കളത്തിനുമുന്നിൽ
ഇരിക്കുന്നു. വീണയും പുള്ളോർക്കുടവും പുള്ളുവനാദവും ചേർന്ന പാട്ടും അരിയുംപൂവും കളഭവും എരിയുന്നതിരിയും എല്ലാം കന്യകമാരിലേക്കു നാഗപ്പൊലിമകളുടെ തരംഗങ്ങൽൾ സന്നിവേശിപ്പിക്കുന്നു. അവർ സർപ്പബോധത്തിലധിഷ്ഠിതമായ കലി ബാധിച്ചവരായി മറുന്നു.കവുങ്ങിൻപൂക്കുലയേന്തി പെൺകിടാങ്ങൾ ഉന്മാദാവസ്ഥയിൽ പാമ്പിഴയുന്നതുപോലെ ഇഴഞ്ഞുവന്ന്‌ കളം മായ്ക്കുന്നു.അതിനുശേഷം ചുറ്റും കൂടിനിൽക്കുന്ന ഭക്തരുടെ ചോദ്യങ്ങൾക്കും പരാതികൾക്കും പരിഹാരങ്ങൾ നിർദ്ദേശിക്കുന്നു. ഭക്തർ പ്രസാദവും അനുഗ്രഹവും വാങ്ങി പിൻവാങ്ങുന്നു.
സർപ്പദോഷങ്ങൾ
---------------
    കേരളത്തിൽ പലഗ്രാമങ്ങളിലും കാവുകൾ നിലകൊള്ളുന്നുണ്ട്‌.വൃക്ഷലതാദികളും ചിത്രകൂടക്കല്ലുകളും അടങ്ങിയതാണ്‌ കാവുകൾ .ഇഴജന്തുക്കൾ, പക്ഷികൾ,അണ്ണാന്മാർ എന്നിവയാണ്‌ സാധരണയായി ഇതിൽ കണ്ടുവരുന്നത്‌. കാവുള്ളിടത്ത്‌ വെള്ളവുമുണ്ടാവുമെന്നത്‌ നാട്ടറിവ്‌. .പണ്ടുമുതൽക്കുതന്നെ അവർണ്ണരും സവർണ്ണരും നാഗദൈവങ്ങളെ പ്രീതിപ്പെടുത്താൻ കാവുകൾ സംരക്ഷിക്കുകയും വർഷം തോറും പാലുനൂറുംകൊടുത്തു നാഗക്കളങ്ങൾ നടത്തിവരികയും പതിവുണ്ട്‌. ഈ കാവുകളിലും വിഷമുള്ള സർപ്പങ്ങൾ ജീവിക്കുന്നുണ്ട്‌. അതിനാൽ ആരുംതന്നെ അവയെ ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്തിരുന്നില്ല. മാത്രമല്ല തികഞ്ഞ ആരാധനയോടുമാത്രമേ  അതിനെ സമീപിക്കാറുമുള്ളു. പാമ്പിനെ ഉപദ്രവിച്ചാൽ ദോഷമുണ്ടാകുമെന്നും കൊന്നാൽ അതു പകരം വീട്ടുമെന്നുള്ള ചിന്തകൾ മനുഷ്യരെ അലട്ടുന്നുണ്ട്‌. പാമ്പിൻ കാവ്‌ നശിപ്പിക്കുകയോ പാമ്പിരിക്കുന്ന കൂട്‌ ഇളക്കുകയോ ചെയ്താൽ ഉപദ്രവം ഉറപ്പാമെന്നും മനുഷ്യർ വിശ്സിക്കുന്നു. സർപ്പദോഷഫലമായി പാണ്ടുരോഗവും മാറാവ്യാഥികളും ഉണ്ടാകാറുണ്ട്‌.പലർക്കും അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്‌. .അക്കാര്യം അന്ധവിശ്വസമാണെന്നു പറഞ്ഞു തള്ളിക്കളയാവുന്നകാര്യവുമല്ല.
    പാമ്പിൻവിഷം ഉണക്കി ക്രിസ്റ്റലുകളാക്കി ഏകദേശം പത്തുപതിനഞ്ചുകൊല്ലത്തോളം അതിന്റെ വീര്യം നഷ്ടപ്പെടാതെ സൂക്ഷിക്കുവാൻ സാധിക്കുമെന്നു ശാസ്ത്രം തെളിയിച്ചിട്ടുണ്ട്‌.പിന്നീട്‌ അത്‌ ജലത്തിൽ അലിയിച്ചെടുത്താൽ വിഷത്തിന്റെ വീര്യം നഷ്ടപ്പെടുകയുമില്ല .എപ്പോഴെങ്കിലും വിഷമുള്ളള പാമ്പിനെകൊന്ന്‌ പറമ്പിൽ കുഴിച്ചിട്ടുണ്ടങ്കിൽ സൂക്ഷിക്കേണ്ടിയിരിക്കുന്നു. പറമ്പിൽ  മണ്ണുകിളച്ചുമറിക്കുന്നതിനിടയിൽ ആ സ്ഥലവും കിളച്ചു മറിച്ച്‌ മണ്ണ്‌ പലദിക്കിലേക്കായി നിരത്തുകയും ചെയതാൽ മണ്ണിന്നടിയിൽ ഉണങ്ങിക്കിടക്കുന്ന വിഷം വെള്ളത്തിൽ അലിഞ്ഞ്​‍്‌ മണ്ണിൽ  കലരാനിടവരുന്നു. ആരെങ്കിലും അവിടം ചവിട്ടാൻ ഇടവന്നാൽ അയാളിൽ ത്വക്കരോഗങ്ങളോ,മാറാവ്യാധികളോ ഉണ്ടാകാം. പാമ്പിന്റെ  അസ്ഥി ചവുട്ടിയാലും വിഷം തട്ടിയകല്ലിൽ ചവുട്ടിയാലും വിഷം തീണ്ടുകതന്നെ ചെയ്യും .പൂർവ്വീകർ ഇക്കാര്യം നേർത്തേ മനസ്സിലാക്കിയിരിക്കുന്നു.
ഭാഷാപരമായ അടിമത്തം
---------------------
    അധഃസ്ഥിതരുടെ ഭാഷയും സംസ്ക്കാരവും അതേ പടി നിലനിർത്തിക്കൊണ്ടുവരണമെന്നു
വാദിക്കുന്നവരാണ്‌ ഫോക്കുലോർ പ്രചാരകർ. പ്രാഥമികവിദ്യാഭ്യാസം പോലും ലഭിച്ചിട്ടില്ലാത്ത
അധഃസ്ഥിതരുടെ  ഉച്ചാരണവൈകല്യങ്ങളും,അർത്ഥമില്ലാത്ത പ്രയോഗങ്ങളും കടലാസ്സിലേക്കു പകർത്തി അവരെ ലിപിയില്ലാത്തവരെന്നും സ്വന്തം സംസ്ക്കാരത്തിലേക്കുതന്നെ പറഞ്ഞുവിടണമെന്നും  താൽപര്യപ്പെടുന്നവരാണിവർ.  കീഴാളരുടെ പദങ്ങൾ ഉപയോഗിച്ച്‌ കഥകളും കവിതകളും രചിച്ച്‌ അവരെ അവിടെത്തന്നെ തളച്ചിടാനും ഇവർ കൂട്ടു നിൽക്കുന്നുണ്ട്‌.
    മലയാളഭാഷ അതിന്റെ ഔന്നത്യം കീഴടക്കുവാൻ പരിശ്രമിക്കുന്ന ഈ കാലഘട്ടത്തിൽ
 സാക്ഷരതയില്ലാത്തവരെക്കൂടി ഭാഷാജ്ഞാനികളാക്കനാണ്‌ ശ്രമിക്കേണ്ടത്‌. എത്രയോ കുടുംബങ്ങ
ളാണ്‌ കുടുബക്ഷേത്രങ്ങൾ നിലനിർത്താനാവാതെ നാമാവശേഷമായിട്ടുള്ളത്‌.അജഞ്ഞതയും അന്ധവി
ശ്വാസവും കൂടുകെട്ടിക്കിടക്കുന്ന മനസ്സുകളുമായി വർത്തമാണലോകത്തിന്റെ പൊരുളുമനസ്സിലാക്കാൻ കഴിയാതെ ജീവിതത്തിലെ ശാന്തിയും സമാധാനവും നഷ്ടപ്പെടുത്തി സ്വന്തബന്ധുക്കളുമായി
 കുടുംബക്ഷേത്രത്തിന്റെ പേരിൽതന്നെ വഴക്കിട്ട്‌ അകന്നുകഴിയുന്നവർ ഇന്നെത്രയോ പേരുണ്ടെന്നു ചിന്തിക്കാവുന്നതാണ്‌. ഉപജാതികളുമായി പോരടിക്കുവാനും അനാവശ്യമായ ആചാരങ്ങൾക്കു കൂട്ടുനിൽക്കുവാനും അധമഭാഷാപ്രയോഗത്തിനും അധഃസ്ഥിതർ അടിമപ്പെട്ടുപോകുന്നതും സാക്ഷരത
യുടെ അനിവാര്യത തന്നെയാണ്‌ കുറിച്ചിടുന്നത്‌.
 അനാചാരങ്ങളും അന്ധവിശ്വാസങ്ങളും
 -------------------------------------                    
    മദ്യനിവേദ്യംകൊണ്ട്‌ ദൈവപ്രീതി നേടുവാൻ ശ്രമിക്കുന്നവർ അധഃസ്ഥിതരിലാണ്‌ കൂടുതൽ കണ്ടുവരുന്നത്‌. പല കുടുംബക്ഷേത്രങ്ങളിലും മദ്യം പൂജാവസ്തുവത്രേ. മദ്യമുണ്ടെങ്കിൽ അവിടെ മാംസവും കാണും.അവരുടെ ഇഷ്ടദൈവങ്ങളായ ഭദ്രകാളി, കരിങ്കുട്ടി, ചാത്തൻ, പറക്കുട്ടി, മുത്തപ്പൻ, മാടൻ, മറുത എന്നിവരെല്ലാം മദ്യം ഇഷ്ടപ്പെടുന്നവരാണ്‌.

     ചില ദേവീക്ഷേത്രങ്ങളിൽ മദ്യമാംസാദിപൂജകൾ നടക്കുന്നതായിക്കാണാം. അധമസംസ്ക്കാരത്തിന്റെ കുലചിഹ്നങ്ങളായി നിലനിൽക്കുന്ന അത്തരം ദുരാചാരങ്ങളെ ദൈവീകരിക്കപ്പെടുമ്പോഴുണ്ടായ പരിണാമത്തിന്റെ ഫലശ്രുതിയാണിന്നുകാണുന്ന മദ്യപാനാസക്തിയുടെ കടന്നുകയറ്റം. മതവും രാഷ്ട്രീയവും അതിനെ വളർത്തി വലുതാക്കി മനുഷ്യരെ അതിന്റെയെല്ലാം അടിമകളാക്കിയപ്പോൾ എതിർക്കാനാർക്കും കഴിഞ്ഞില്ലായെന്നതാണ്‌ ആധുനിക സമൂഹത്തിന്റെ തളർച്ചയും തകർച്ചയും.
    ഇടം കയ്യിൽ കോഴിയും വലംകയ്യിൽ കള്ളുമായി കുടുംബക്ഷേത്രത്തിലേക്കു കുളിച്ചൊരുങ്ങി വരുന്ന കുടുംബനാഥന്റെ  ദൃഢനിശ്ചയത്തിനു വിഘ്നം വരുത്താനിഷ്ടപ്പെടാത്ത കുടുംബിനികളും മക്കളും നോക്കുകുത്തികളായ നേർസാക്ഷികൾമാത്രം.
     അപ്പവും വീഞ്ഞും ആശിർവദിച്ചുനൽകുന്ന പുരോഹിതൻ പഠിപ്പിച്ചു വിടുന്നതും മറ്റൊന്നല്ല. വീഞ്ഞ്‌ എന്റെ രക്തമാണെന്നും അപ്പം എന്റെ മാംസമാണെന്നും പറഞ്ഞ ക്രിസ്തുദേവന്റെ വാക്കുകളുടെ അർത്ഥം മനസ്സിലാക്കാത്ത കുഞ്ഞാടുകൾ ലഹരിയുള്ള വീഞ്ഞടിച്ച്​‍്‌ ചൂടുള്ള മാസം ഭക്ഷിച്ച്‌ സ്വയം ക്രിസ്തുവിന്റെ അനുയായികളാണെന്നു  കാണിക്കുവാൻ ഇന്നും ക്രിസ്മസ്സിനും പെരുന്നാളിനും അതാവർത്തിച്ചുകൊണ്ടിരിക്കുന്നു. പെരുന്നാളിനും ചന്ദനക്കുടത്തിനും മറ്റു സന്തോഷത്തിന്റെ  വേളകളിലും മാംസത്തോടൊപ്പം മദ്യം കഴിക്കുവാൻ ഇഷ്ടപ്പെടുന്നവരുണ്ടെന്നുള്ള യാഥാർത്ഥ്യം മറച്ചുവെച്ചിട്ടുകാര്യമില്ല. 
               ചില സ്ഥലങ്ങളിൽ കോഴിവെട്ടിനു പകരം കുമ്പളങ്ങവെട്ടും മദ്യത്തിനു പകരം തേനും നിവേദിക്കുന്നുണ്ടെങ്കിലും  ദൈവദാസന്മാർ മദ്യവും മാംസവും കഴിച്ചിരിക്കണെന്നാണ്‌ അലിഖിത നിയമം. അതു ലംഘിക്കുവാൻ ആരും തയ്യാറാകുന്നില്ലായെന്നതുതന്നെയാണ്‌ ഇന്നത്തെ പൂരിപ്പിക്കാനാകാത്ത സമസ്യ.
    അധഃസ്ഥിതവർഗ്ഗക്കാരിൽ സാക്ഷരത നേടാത്തവരും കൂലിവേലചെയ്തു ജീവിക്കുന്നവരും,
അല്ലാത്തവരിൽ ചിലരും മദ്യത്തിന്നടിമകളാ​‍ാണ്‌. വിഷു-സംക്രാന്തിദിനങ്ങളിൽ കള്ളും തവിടും വീതു വെക്കണമെന്നു വിശ്വസിക്കുന്നവരും ഇപ്പോഴുമുണ്ട്‌. കറുത്തവരുടെ ദൈവങ്ങൾ മദ്യപാനികളും മത്സ്യമാംസാദികൾ ഭുജിക്കുന്നവരുമാണെന്ന യാഥാർത്ഥ്യം നിലനിൽക്കേ അധഃസ്ഥിതരെന്നും അസ്പൃശ്യരായി നിൽക്കുമെന്നുള്ളതും യാഥാർത്ഥ്യം തന്നെയാണ്‌..
    കളമെഴുത്തുപാട്ടിനും ചെണ്ടമേളത്തിനുംപോകുന്ന അധഃസ്ഥിതരും മദ്യപാനികളായി മാറുന്നുണ്ട്‌. സാഹചര്യങ്ങളുടെ സമ്മർദ്ദത്താൽ മദ്യം ഉപേക്ഷിക്കാൻ നിവർത്തിയല്ലാത്ത സ്ഥിതിയിലേക്കും അവർ ചെന്നെത്താറുണ്ട്‌. പൂർവ്വീകർ മദ്യപിച്ചിരുന്നുവേന്നകാരണത്താൽ പിൻതലമുറക്കാരും മദ്യപാനികളകണമെന്നാരും ആവശ്യപ്പെടുന്നില്ലായെങ്കിലും പണവും  ആരോഗ്യവും സമയവും നശിപ്പിച്ചുകൊണ്ട്‌ അന്ധവിശ്വാസത്തിന്റെയും അനാചാരങ്ങളുടെയും പിൻബലത്താൽ നിരക്ഷരകുക്ഷികളായ അധഃസ്ഥിതരെ മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും അടിമകളാക്കിമാറ്റുവാൻ കഴിഞ്ഞിട്ടുണ്ടെന്നും വർത്തമാനത്തിന്റെ ബീവറേജു വരിക്കാർ തെളിയിക്കുന്നുണ്ട്‌.
    മനുഷ്യമനസ്സിന്റെ വേരാഴങ്ങളിൽനിന്നും അവസാനത്തെ നാരും പറിച്ചുമാറ്റുവാൻ കഴിഞ്ഞില്ലെങ്കിൽ അധഃസ്ഥിതരെന്നും വിഴുപ്പുചുമക്കുന്ന കഴുതകളായി അലഞ്ഞു തിരിഞ്ഞു തീരുമെന്നും ഉറപ്പിക്കാവുന്നതാണ്‌. ഒരു പ്രത്യയശാസ്ത്രത്തിനും അവരെ രക്ഷിക്കാൻ കഴിയില്ലെന്നും അധഃസ്ഥിതർ തരിച്ചറിയേണ്ടതുണ്ട്‌. പൂജാതീർത്ഥമായ മദ്യത്തെ വർജിജിക്കുവാൻ തയ്യാറാവുകയും അത്തരം ദൈവ
വിശ്വാസങ്ങളിൽനിന്നും മാറുവാൻസന്നദ്ധരായലേ സമൂഹം അവരെ അംഗീകരിക്കുകയുള്ളു. കുടുംബ ക്ഷേത്രങ്ങളിൽ തളയ്ക്കപ്പെട്ടവരായി, വർത്തമാനകാലത്തിന്റെ കാലൊച്ച ശ്രദ്ധിക്കാതെ വിദ്യയും വിവേകവും നേടി സ്വയം ആത്മ ശുദ്ധിക്കു തയ്യാറെടുത്തില്ലെങ്കിൽ ഭാവിതലമുറയും അധഃസ്ഥിതരായിത്തന്നെ തുടരുകയും ചെയ്യും.
 സങ്കൽപങ്ങളും യാഥാർത്ഥ്യങ്ങളും                                                            
-----------------------------
പണ്ട്‌ രാജഭരണത്തിൻ കീഴിൽ അധഃസ്ഥിതരിൽ നിന്നും മുലക്കരം പോലും ഈടാക്കിയിരുന്നു.ജീവിക്കാൻ അതും വേണ്ടിയിരുന്നുവേന്നാണ്‌ അന്നുള്ളവർ കരുതിയിരുന്നത്‌. പ്രതികരിക്കാനോ പ്രക്ഷോഭം നടത്തുവാനോ അവർക്കറിയില്ലായിരുന്നു. പ്രഭുക്കന്മാരുടെയും മന്ത്രിമാരുടെയും ആജ്ഞകൾക്കനുസരിച്ച്‌ അവർ ആടേണ്ടിയിരുന്നു. അതിലൊന്നാണ്‌ ഇന്നും നാടൻകലകളുടെ കൂട്ടത്തിൽ ഉൾപ്പടുത്തിയിരിക്കുന്ന മുടിയാട്ടം.പന്ത്രണ്ടുകാരികളും പതിനാറുകാരികളും മുട്ടിറങ്ങാത്ത തോർത്തുടുത്ത്‌ മാറുമറയ്ക്കാതെ മുടിയഴിച്ചിട്ട്‌ മേലാളരുടെ മുന്നിൽ ആടുന്ന ചടങ്ങായിരുന്നു മുടിയാട്ടം. അതുകണ്ടാസ്വദിക്കുവാനും  കീഴാളരുടെ പ്രീതി പിടിച്ചു പറ്റുവാനുംമായി അവർ നെല്ലും എണ്ണയും മുണ്ടും സമ്മാനിച്ചു.പട്ടിണിപ്പാവങ്ങളായ കീഴാളർ അതെല്ലാം തങ്ങൾക്കുള്ള അംഗീകാരമാണെന്നും ധരിച്ചുവശായി.മുലത്തടങ്ങളിൽ പലതരം പുഷ്പങ്ങൾകൊണ്ടലങ്കരിക്കുക,കാഠിന്യം പരിശോധിക്കുക എന്നിവയും അന്നത്തെ പ്രഭുക്കന്മാരുടെ വിനോദമായിരുന്നു.അതിനെല്ലാം നിന്നുകൊടുത്തില്ലെങ്കിൽ ദൈവകോപം വരെയുണ്ടാകുമെന്നും അവർ ഭീഷിണിപ്പടുത്തിയിരുന്നതായും ചരിത്രം രേഖപ്പെടുത്തുന്നുണ്ട്‌.സർപ്പക്കളത്തിലേക്കിഴഞ്ഞെത്തുന്ന പെൺകിടാങ്ങൾ നാൽപത്തിയൊന്നു ദിവസം വൃതമെടുത്ത്‌ സർപ്പക്കളത്തിൽ പാട്ടിനൊപ്പം തുള്ളുന്നത്‌ ബാഹ്യമായ നിർബന്ധംമുണ്ടെങ്കിലും സ്വമനസ്സാലെ അതിനു തയ്യാറെടുക്കുമ്പോൾ സ്വാഭിവികമായും അവർ ഭക്തിക്കും അതിനോടനുബന്ധിച്ച അനാചാരങ്ങൾക്കും അടിമപ്പെടുകയാണ്‌ ചെയ്യുന്നത്‌.പ്രതികരിക്കാനോ പ്രതിഷേധിക്കനോ അവകാശമില്ലാത്തവരുടെ കൂട്ടത്തിലേക്ക്‌ അവർ വലിച്ചിഴയപ്പെടുകയാണ്‌ ചെയ്യുന്നത്‌.ദൈവഹിതമെന്ന സങ്കൽപത്തിലാണവർ ഇതെല്ലാം അനുഷ്ഠിക്കാൻ തയ്യാറാവുന്നതും.ജീവനുള്ളകോഴിയുടെ കഴുത്ത്‌ കടിച്ച്‌ ചോരകുടിക്കുന്നതും കള്ളും ചാരായവും കലർത്തിക്കുടിക്കുന്നതും അതെല്ലാം പ്രസാദമായി വിതരണംചെയ്യുന്നതും അനാചാരങ്ങൾതന്നെയാണ്‌.അന്ധവിശ്വാസങ്ങളുടെ അന്ധകൂപത്തിൽക്കിടന്നുപിടയുന്ന അധഃസ്ഥിതരുടെ ഭാവി ഇരുളടയുകയല്ലാതെ വെളിച്ചത്തിന്റെ പുറംലോകം കാണാനിവർക്കു സാധിക്കില്ലായെന്നതും തീർച്ചയായ കാര്യമത്രേ.
ഫലശ്രുതി
---------
    ക്ഷേത്രസങ്കൽപം ഉത്തമം തന്നെ. എന്നാൽ അതിന്റെ  പവിത്രതയിലേയ്ക്കെത്തുവാൻ പല
 ജാതിസമൂഹങ്ങൾക്കും സാധിക്കുന്നില്ലായെന്നതും വിസ്മരിക്കുകവയ്യ.ത്രിഗുണസ്വഭാവികളായ മനു
ഷ്യരിൽ ഏതുഗുണത്തിന്റെ സ്വാധീനമാണ്‌ കൂടുതൽ നിഴലിച്ചു കാണുന്നതെങ്കിൽ ആയതിന്റെ  ഗുണവിശേഷംഅവന്റെ സ്വഭാവത്തിലും പെരുമാറ്റത്തിലും ഭക്ഷണരീതിയിലും  കണ്ടെന്നിരിക്കും. സാത്വികസ്വഭാവമുള്ളവർ സസ്യഭുക്കുകളും ശാന്തശീലരും വിജ്ഞാനികളുമായിരിക്കും. തമോഗുണമുള്ളവ
രിൽ അത്തരം സ്വഭാവരീതികൾ കണ്ടെത്തുവാൻ പ്രയാസമാണ്‌.അജ്ഞാനം ,അപവിത്രത,ദുർഗന്ധം,
ജുഗുപ്സ,ഉച്ചിഷ്ടത എന്നിവ തമോഗുണക്കാരിലാണ്‌ കണ്ടുവരുന്നത്‌. സാത്വികശുദ്ധിയുള്ള ഒന്ന്‌
തമോഗുണമായി വർത്തിക്കുവാൻ ഇടവന്നാൽ സത്വശുദ്ധി മലിനമായിത്തീരും . എന്നാൽ തമോഗുണത്തിൽ സാത്വികംം കലരുകയുമില്ല. മത്സ്യമാംസാദിഭക്ഷണങ്ങളും കഴിച്ച്‌ മദ്യപിച്ച്‌, സ്ത്രീലമ്പടനായി കഴിയുന്ന ഒരുവനെയും, ഈശ്വരവിശ്വാസമില്ലാത്തവനെയും, ആചാരമോ,അറിവോ ഇല്ലാത്ത അഹങ്കാരിയേയും പണ്ടുമുതൽക്കെ സാത്വികസ്വഭാവം സ്വായത്തമാക്കിയവർ അകറ്റി നിർത്തിയിരുന്നു. ഇതിൽ നിന്നണ്‌ അയിത്തവും തീണ്ടലും തൊടീലും ആചാരങ്ങളായി ഉത്ഭവിച്ചതു.അതുപോലെത്തന്നെ
സ്പർശം,ദൃശ്യം,ഘ്രാണം,രസ്യം,സാമീപ്യം ഇങ്ങനെയുള്ള അശുദ്ധികൾ അവർ പരിപാലിച്ചുപോന്നി
രുന്നു. മനുഷ്യന്റെ സംസ്ക്കാരവും പെരുമാറ്റവും സ്വഭാവവും ഇതുമായി ബന്ധപ്പെട്ടുകിടക്കുന്നു.
തമോഗുണത്തിൽനിന്നും സാത്വികഗുണത്തിലേക്കുള്ള പരിണാമപ്രക്രിയയാണ്‌ മനുഷ്യരാശിക്കനി-
വാര്യമായ ആത്മീയത.
                              ---------------

രചനക്കു സഹായിച്ച കൃതികൾ

1. മണ്ണാൻ-ഡോ.ചുമ്മാർ ചൂണ്ടൽ
2.ഫോക്കുലോർ ഐഡന്റിറ്റി ഓഫ്‌ കൾച്ചർ-ഡോ.എം.വി. വിഷ്ണു നമ്പൂതിരി
3.ദേവാലയവും ദേവപ്രശ്ന വിചാരവും-ജ്യോതിഷ വാചസ്പതി ടി.കെ.രാമകൃഷ്ണപ്പണിക്കർ
4.ഹൈന്ദവാചാര രഹസ്യങ്ങൾ-ഹരിസ്വാമികൾ
5.കളം-നാട്ടറിവ്‌ പഠനകേന്ദ്രം,തൃശ്ശൂർ.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...