കളിപ്പാട്ടത്തിലെ വിഷം


മോഹൻ ചെറായി
    ലവന്‌ കുട്ടിപ്രായം കഴിഞ്ഞിരുന്നു. അതുകൊണ്ട്‌ അച്ഛനും അമ്മയും കൂടി ലവന്‌ ഒരു കളിപ്പാട്ടം വാങ്ങിക്കൊടുക്കാൻ തീരുമാനിച്ചു. ലവനു വേണ്ടി അവരൊരു പൂച്ചക്കുട്ടിയെ കണ്ടു വയ്ക്കുകയും ചെയ്തു. നല്ല സ്വർണ്ണ വർണ്ണമുള്ള ഒന്ന്‌. പക്ഷെ ലവന്‌ ഇഷ്ടം എലിയെ ആയിരുന്നു. ഒരു വെള്ളെലിയെ!
    അച്ഛനെതിർത്തു നോക്കി, അമ്മ കരഞ്ഞു നോക്കി, അമ്മൂമ്മ ഗുണദോഷിച്ചു നോക്കി. കൂട്ടുകാരെക്കൊണ്ട്‌ പറയിച്ചു നോക്കി. അമ്മാവനെക്കൊണ്ട്‌ ഭീഷണിപ്പെടുത്തി വരെ നോക്കി. ങ്ങേ...ഹേ... ലവന്‌ കുലുക്കമില്ല.
    അങ്ങനെ അവരൊക്കെ ലവന്റെ മുൻപിൽ തോറ്റു തൊപ്പിയിട്ടു. ഒടുവിൽ ഒരു കർക്കിടക മാസം മൂന്നാം തീയതി വെള്ളെലി ലവന്‌ സ്വന്തമായി. വീട്ടുകാർ എല്ലാവരും അതിനെ സ്നേഹിക്കാമെന്ന്‌ കരുതുകയായിരുന്നു. പക്ഷെ......
    വെള്ളെലി വന്ന്‌ മൂന്നാം ദിവസം ആണ്‌ ലവന്റെ അമ്മ അതുകണ്ടത്‌. മകന്റെ ചെവിലൊരു പാട്‌     ! മുള്ളു കൊണ്ടതുപോലെ, ഒന്നല്ല രണ്ടു പാടുകൾ.
    "കടന്നലു കുത്തിയതാവും"
     - വെള്ളെലി പറഞ്ഞു.
        "കടന്നലോ?"
    ലവൻ അത്ഭുതപ്പെട്ടു.  അങ്ങനെ ഒരു സാധനത്തെ ആ പരിസരത്ത്‌ കണ്ടിട്ടില്ലായിരുന്നു. ലവന്റെ അമ്മ ആകുലപ്പെട്ടു:
    "കർക്കിടകമാസമാ... ഒന്നും വരാതിരുന്നാൽ മതിയായിരുന്നു. എന്റെ ഭഗോതീ, കാത്തോളണേ"
    നിറം വെളുപ്പാണെങ്കിലും കളിപ്പാട്ടം എലിവർഗ്ഗമാണല്ലോ.  കർക്കിടക മാസത്തിൽ എലിവിഷം മനുഷ്യശരീരത്തിൽ എത്തിയാൽ ദേഹം മുഴുവൻ മുഴകൾ പ്രത്യക്ഷപ്പെടുമത്രേ ! എത്രയോ പേർക്ക്‌ ഇത്‌ സംഭവിച്ചിരുക്കുന്നു.
    ഭയപ്പെട്ടത്തുപോലെ തന്നെ വന്നുഭവിച്ചു. രണ്ടാം ദിവസം ലവന്റെ ചെവിയിൽ രണ്ട്‌ ചെറിയ മുഴകൾ പ്രത്യക്ഷപ്പെട്ടു. ലവനതത്ര കാര്യമാക്കിയില്ല. പക്ഷേ മുഴകൾ പെരുകിയപ്പോൾ ചെവി ശ്രദ്ധിക്കപ്പെട്ടു.
    വീട്ടിൽ എല്ലാവർക്കും വേവലാതി. ആളുകൾ ഫോൺ കരണ്ടുതിന്നു. വെള്ളെലിമാത്രം നിശ്ശബ്ദം. പുറത്തുപറയാനാവാതെ എല്ലാവരും കുഴങ്ങി. കുടുംബഡോക്ടറെ വീട്ടിൽ വരുത്തി. അദ്ദേഹം വിശദമായി കണ്ടു; കേട്ടു. മരുന്നുകൾ നിർദ്ദേശിച്ചു മടങ്ങി.
    ഔഷധ സേവ തുടങ്ങി. പക്ഷേ മുഴകൾ വർദ്ധിച്ചുകൊണ്ടേയിരുന്നു. തലച്ചോറ്‌ മുഴകൾ കൊണ്ടു നിറഞ്ഞ്‌ എള്ളുണ്ട സമാനമായി. മുഖവും ശരീരവും മുഴ ഭരിതം. മുഴകൾ വർദ്ധിച്ചപ്പോൾ കൺപോളകളിൽ പോലും മുഴ! അങ്ങനെ കണ്ണുകാണാതായി. കാണണമെന്നുതോന്നുമ്പോൾ കൺപോളകൾ രണ്ട്‌ വിരലുകൾ കൊണ്ട്‌ അകത്തി കാണണമെന്നായി.
    ഒടുവിൽ കാഴ്ചകൾ ലവന്‌ അന്യമായി. അകന്നുപോകുന്ന പാദപതന ശബ്ദങ്ങൾ അടഞ്ഞു തീരാറായ കർണ്ണദ്വാരങ്ങളിലൂടെ എള്ളുണ്ടയിലെത്തി. ശ്രമപ്പെട്ട്‌ അവൻ കണ്ണുകൾ തുറന്നു. നിറകണ്ണുകളുമായി പടിയിറങ്ങുന്ന മാതാപിതാക്കളുടേയും സഹോദരങ്ങളുടേയും ഹൃദയഭേദക ദൃശ്യങ്ങൾ !
    അനന്തരം പുറത്തു ചാടിയ വെള്ളെലിയുടെ ആത്മഗതം കേട്ട്‌ അവൻ ഞെട്ടി:
    "ഹാവൂ.... ശല്യങ്ങളൊഴിഞ്ഞു. ഇനി ഈ മഹാശല്യത്തെ എങ്ങനെ കെട്ടി എടുക്കുമന്റെ ഈശ്വരാ............... "
    അവന്റെ മുഴകളിലെ കോശങ്ങൾ കരഞ്ഞു. അവ ഉരുകി ലാവപോലെ യുവതയുടെ  തലകൾ അന്വേഷിച്ച്‌ ഒഴുകി നടന്നു...................

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?