19 Oct 2014

നിഴലുകളും വർണ്ണങ്ങളും


സുധീർനാഥ്‌



   എം. കെ.ഹരികുമാറിന്റെ ജലഛായ എന്ന നോവലിനെക്കുറിച്ച്
സാഹിത്യവിമർശകനെന്ന നിലയിൽ പേരെടുത്ത എം.കെ. ഹരികുമാർ ഒരു നോവലുമായി വായനക്കാരനു മുന്നിൽ നിൽക്കുകയാണ്‌. 'ജലഛായ' എന്നാണു നോവലിന്റെ പേര്‌. സർഗാത്മകസാഹിത്യത്തിന്റെ രൂപഭാവങ്ങളെക്കുറിച്ചു വിലയിരുത്തുന്ന വിജ്ഞാന പ്രചോദിതമായ നിരൂപണതാരതമ്യബുദ്ധികൊണ്ട്‌ ആസ്വദനീയമായ കൃതിയല്ല 'ജലഛായ'. നോവലിലൂടെ താനൊരു പരീക്ഷണം നടത്തുകയാണെന്ന്‌ ഹരികുമാർ പറയുന്നു. അപ്പോൾ വായനക്കാരനും മുൻവിധികളെക്കുറിച്ച്‌ ജാഗരൂകനാകുന്നു. പരിക്ഷീണനാകാതെ വായനയെ മുന്നോട്ടു നയിക്കാൻ വേണ്ട ആത്മബലം ആസ്വാദകൻ നേടിയെടുത്താൽ മാത്രമേ 'ജലഛായ' വഴങ്ങുകയുള്ളു. ഇതൊരു ദർശനത്തെ അക്ഷരവത്കരിച്ചിരിക്കുന്ന നോവൽ രൂപമാണ്‌. ഇവിടെ നോവലും ദർശനവും രണ്ടു വഴിക്കാണ്‌. പക്ഷേ, രണ്ടിലും പുതുമ പകരാനുള്ള പരിശ്രമമുണ്ട്‌. അതുകൊണ്ട്‌ വായനക്കാരൻ സ്വയം ബോധാവേശിതനായി ചില ഉടച്ചുവാർക്കലുകൾക്കു വിധേയനാകേണ്ടി വരുന്നു. പഴകിയതും അപ്രസക്തമായതുമായ നോവൽ ചിന്തകളെ ഉപേക്ഷിക്കണമെന്ന്‌ 'ജലഛായ' വിളിച്ചുപറയുന്നു.

ഹരികുമാർ തന്റെ ദീർഘകാലമായ സാഹിത്യപര്യവേഷണത്തിനിടയിൽ സ്വന്തമായൊരു ചിന്താപദ്ധതി അവതരിപ്പിക്കാൻ കഴിഞ്ഞ കലാകാരനാണ്‌. 'നവാദ്വൈതം' എന്ന സാഹിത്യദർശനത്തെ മനുഷ്യന്റെ സമസ്തമേഖലകളിലേക്കും വേരൂന്നി നിൽക്കുന്ന ജീവിതപ്രസ്ഥാനമായും ജൈവികമായ വ്യവസ്ഥിതിയായും അദ്ദേഹം വിലയിരുത്തിയിട്ടുണ്ട്‌. അതിൽ വേദാന്തം മുതൽ ടി.വി. സീരിയലുകളിലെ മുതലക്കണ്ണീർവരെ വിലയിരുത്തപ്പെടുകയും സാദ്ധ്യതകൾ അന്വേഷിക്കപ്പെടുകയും ചെയ്യുന്നുണ്ട്‌. നവാദ്വൈതത്തെപ്പറ്റിയുള്ള ചിന്തയുടെ മറ്റൊരു ശാഖാപ്പടർപ്പാണ്‌ 'ജലഛായ' എന്ന നോവൽ. അതിനാലാണ്‌ ഇവിടെ ദർശനവും നോവലിന്റെ സാങ്കേതികതയും വേർപിരിഞ്ഞു സ്വത്വാന്വേഷണം നടത്തുന്നതെന്ന്‌ മുകളിൽ പറഞ്ഞത്‌. ഇതുവരെ നാം ശീലിച്ചുവച്ച ആസ്വാദനശൈലിയിൽ രൂപഭദ്രതയ്ക്കും ഇതിവൃത്തബന്ധുരതയ്ക്കും പ്രാധാന്യമുണ്ടായിരുന്നെങ്കിൽ ഇവിടെ അവ സ്ഫോടനാനന്തരമായ രീതിയിൽ വിഘടിക്കുകയാണ്‌.

പരീക്ഷണം ബോധപൂർവ്വമാകുന്നതുകൊണ്ട്‌ ഉദ്ദേശ്യം ഫലവത്തായി തീരേണ്ടതിനെക്കുറിച്ചുള്ള ആശങ്ക നോവലിസ്റ്റിനു വേണ്ടതാണ്‌. പക്ഷേ, ആശങ്കയുടെ അനന്തരതകൾക്കുതകുംവിധം വായനക്കാരൻ പെട്ടെന്നു പ്രതികരിച്ചുകൊള്ളണമെന്നില്ല. 'ജലഛായ' എത്തേണ്ടിടത്തെത്തിച്ചേരുമെന്നു വിശ്വസിക്കാം.
നോവൽ നോവലിനെത്തന്നെയും ആവിഷ്കാരത്തെയും ശിഥിലീകരിക്കുകയോ തിരസ്ക്കരിക്കുകയോ ചെയ്യുന്നതാണ്‌ 'ജലഛായ'യുടെ സവിശേഷത. ജീവിതത്തെയും അതിന്റെ അന്വേഷണാത്മകസത്തയെയും ബൗദ്ധികതലത്തിൽ നിന്നു വീക്ഷിക്കുമ്പോഴാണ്‌ തൊലിപ്പുറമെ അനുഭവപ്പെടുന്ന ചില യാന്ത്രികസുഖാനുഭവങ്ങളല്ല മാനുഷികതയെ നിർവചിക്കുന്നതെന്നു മനസ്സിലാകുന്നത്‌. അതിനാൽ 'ജലഛായ'യിലെ കഥാപാത്രങ്ങൾ മൃഗങ്ങളും പക്ഷികളും ഇഴജന്തുക്കളുമൊക്കെയായി സംവിധാനം ചെയ്യപ്പെടുകയാണ്‌. ലൂക്ക്‌ ജോർജ്ജ്‌ എന്ന നോവലിസ്റ്റ്‌ നേരിടുന്നത്‌ ഇന്ദ്രിയഗോചരമായ മാനുഷിക പ്രശ്നങ്ങളല്ല. അദ്ദേഹത്തിനുണ്ടെന്നു പറയപ്പെടുന്ന രോഗങ്ങൾ തന്നെ ബാഹ്യമായ പ്രകടനപരതകൊണ്ട്‌ സംവേദനാത്മകമല്ലാത്തവയാണ്‌. എയ്ഡ്സ്‌, ഭ്രാന്ത്‌ എന്നിവ ബാഹ്യമായി ഒന്നും വിളിച്ചു പറയുന്നില്ല. രോഗാവസ്ഥയെ അവ നിഷേധിക്കുകയാണു ചെയ്യുന്നത്‌. ലൂക്ക്‌ ജോർജ്ജിന്റെ ചിന്തകളുടെ സമാഹാരമായി അദ്ദേഹം എഴുതുന്ന നോവൽ സമൂഹത്തെ ഒരു പുതിയ രീതിയിൽ അപനിർമ്മിക്കുന്നു. ഈ അപനിർമ്മാണത്തിനുള്ള ആദാനങ്ങൾ പാരമ്പര്യബദ്ധവും ഭൗമികവും പണ്ഡിതപ്രോക്തവുമാണ്‌. ലൂക്ക്‌ ജോർജ്ജ്‌ എഴുതുന്ന നോവലിന്റെ പേര്‌ 'നിശ്ശബ്ദതയുടെ ജലച്ഛായം' എന്നാണ്‌. അതൊരു ഭ്രമാത്മകമായ അന്തരീക്ഷം സൂക്ഷിക്കുന്ന നോവലാണ്‌.

എന്നാൽ അതു സാഹിത്യാർത്ഥത്തിലുള്ള മാജിക്കൽ റിയലിസമല്ല. നോവലിസ്റ്റ്‌ ചരിത്രത്തെയും സംസ്കാരത്തെയും ശാസ്ത്രത്തെയും മതത്തെയും തത്ത്വചിന്തയെയും വേറിട്ട രീതിയിൽ നോക്കിക്കാണുന്നതിൽ ആസ്വാദകർക്കുണ്ടാകുന്ന സക്രിയമായ ഭ്രമാത്മകതയാണത്‌. അതുകൊണ്ടാണ്‌ ആശയകലുഷിതമാകാത്ത ഭാഷയാൽ കഴിയുന്നത്‌. പത്രപ്രവർത്തകയായ ജോർദ്ദാൻ പൂർവ്വപക്ഷത്തുനിന്നുകൊണ്ടു നടത്തുന്ന അഭിമുഖ സംഭാഷണം 'നിശ്ശബ്ദതയുടെ ജലച്ചായം' എന്ന നോവലിലെ ആശയാവിഷ്കൃത ചിന്തകൾക്കുള്ള വ്യാഖ്യാനമാണ്‌. ലൂക്‌ ജോർജ്ജ്‌ തന്നെയാണ്‌ അയാളുടെ സർഗാത്മകതയുടെ വിമർശകനും, കഥയും കഥാപാത്രവും ഒന്നായി ഭവിക്കുന്നതോടൊപ്പം കഥാകൃത്ത്‌ കൃതിയിൽ വ്യക്തിത്വം ഉറപ്പിക്കുകയും ചെയ്യുന്നു. എം.കെ. ഹരികുമാർ ഇങ്ങനെയാണ്‌ തന്റെ നോവലെഴുത്തിനെയും സാഹിത്യവ്യാപാരങ്ങളെയും അടയാളപ്പെടുത്തുന്നത്‌.
'ജലഛായ' വലിയ വായനകളുടെ സാധ്യതയെ വർദ്ധിപ്പിക്കുന്നു. നമ്മുടെ നോവൽസാഹിത്യം പലപ്പോഴും കടംകൊണ്ടതും അസ്വതന്ത്രവുമായ പ്രസ്ഥാനങ്ങളുടെ വേലിക്കെട്ടുകളിൽ കിടന്നാണ്‌ വ്യക്തിത്വം സ്ഥാപിച്ചിട്ടുള്ളത്‌. കഥയും കഥാപാത്രങ്ങളുമായി ഒരു ചലനവും സൃഷ്ടിക്കാത്ത കുറെ നോവലുകൾ നമ്മുടെ ആസ്വാദനീയതയെ വികളമാക്കിയിട്ടുണ്ട്‌. പ്രത്യക്ഷമായ ലോകങ്ങളിൽ നിന്നുണ്ടാകുന്ന തിരിച്ചടികൾ നേരിടാൻ ജന്തുസഹജമായ വാസനമതി. മനുഷ്യൻ വിശേഷബുദ്ധികൊണ്ടു വേർതിരിക്കപ്പെട്ടിരിക്കുനകയാൽ, അയഥാർത്ഥ്യമായും അതീന്ദ്രിയമായും ഉത്തരാധുനികമായും പരിണമിക്കുകയാണ്‌. ഈ പരിണമങ്ങളുടെയും സംയോജനങ്ങളുടെയും ആന്തരികകളയാണ്‌ എം.കെ. ഹരികുമാറിന്റെ 'ജലഛായ'.
കടപ്പാട്: വിദ്യാരംഗം 

    ജലഛായ, ഗ്രീൻ ബുക്സ്, 
    തൃശൂർ

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...