സണ്ണി തായങ്കരി
അന്ന് വെള്ളിയാഴ്ചയായിരുന്നു. മൂന്നു മണി നേരം.
യേശു കുരിശിൽ കിടന്നുകൊണ്ട് നല്ലകള്ളനോട് പറഞ്ഞു.
"ഇന്നു നീ എന്നോടുകൂടി പറുദീസായിൽ ആയിരിക്കും."
നന്ദി സൊാചകമായി നല്ലകള്ളൻ ചിരിച്ചപ്പോൾ കുരിശിന്റെ ഇടതുവശത്തുകിടന്ന കള്ളൻ പല്ലിറുമ്മിക്കൊണ്ട് ഉള്ളിൽ പറഞ്ഞു.
"ഇതിനുള്ള പണി ഞാൻ വെച്ചിട്ടുണ്ട്."
പിന്നീട് യേശുവിന്റെനേരെ അയാൾ തിരിഞ്ഞു-
"ഞങ്ങൾ രണ്ടുപേരും ഒന്നിച്ചാണ് മോഷണങ്ങൾ നടത്തിയത്. കൊള്ള മുതൽ മുഴുവൻ തുല്യമായി പങ്കിട്ട് അനുഭവിക്കുകയും ചെയ്തു. പക്ഷേ, ഇപ്പോൾ ഇവനെ മാത്രം നീ പറുദീസയിലേക്ക് കൊണ്ടുപോകുന്നത് ഒട്ടും ശരിയല്ല."
"മകനേ അത് മനോഭാവങ്ങളുടെ വ്യത്യാസമാണ്." യേശു പ്രതിവചിച്ചു.
"അതെന്തോന്ന് വർത്തമാനമാ യേശുവേ. അവന് സുഖിപ്പിക്കാനറിയാം. എനിക്കത് അറിയത്തില്ല. അക്കാരണംകൊണ്ട് വേറുകൃത്യം കാണിക്കുന്നത് ശരിയാണോ? ഒന്നുമില്ലെങ്കിലും നമ്മൾ മൂന്നുപേരും ഒരേ നിലയിൽ എത്തിയവരല്ലേ. ആ ഒരു പരിഗണന എന്നോടും കാണിക്കേണ്ടേ?"
നല്ല കള്ളൻ ഉടനെ ഇടപെട്ടു-
"നാവടക്കെടാ. നിന്റെ എല്ലാ പ്രവൃത്തികൾക്കും കൂട്ടുനിന്നതിന് കിട്ടിയ ശിക്ഷയാണിത്. പക്ഷേ, ഒരു കുറ്റവും ചെയ്യാത്ത ഇദ്ദേഹത്തെ..." അവന്റെ വാക്കുകളിൽ കദനം കിനിഞ്ഞു.
"എടാ ദ്രോഹി, നീ കാലുവാരിയാണെന്ന് ഇനി മുതൽ ലോകം മുഴുവനും പറയും." തുടർന്ന് അയാൾ യേശുവി നോക്കി.
"നീ വലിയ നീതിമാനാണെന്നല്ലേ വയ്പ്. എങ്കിൽ ഇപ്പോൾ പറയ്. നിന്നെ ഒറ്റിക്കൊടുത്ത യൂദാസും എന്നെ തള്ളിപ്പറഞ്ഞ ഇവനും തമ്മിലെന്താണ് വ്യത്യാസം? നീ നീതിമാനാണെങ്കിൽ എന്നെയുംകൂടി പറുദീസയിലേക്ക് കൊണ്ടുപോകണം."
അപ്പോൾ പകൽ ജ്വലിച്ചുനിൽക്കുകയായിരുന്നു. പെട്ടെന്ന് സൂര്യനെ വലിയ കാർമേഘ പടലം മറച്ചു. കൂരിരുൾ ഭൂമിയെ വിഴുങ്ങി. കൊടുങ്കാറ്റ് ആഞ്ഞുവീശി. ദേവാലയത്തിലെ തിരശ്ശീല മുകൾ മുതൽ താഴെവരെ രണ്ടായി കീറി.
പിന്നീടൊരുനാൾ യേശു പറുദീസയിൽ നല്ല കള്ളനെ കണ്ടു. അവൻ യേശുവിനെ താണുവണങ്ങി. ഏറെക്കാലത്തിനുശേഷം കണ്ടുമുട്ടിയ ചങ്ങാതിയെപ്പോലെ യേശു അവനെ ഗാഢം പുണർന്നു. യേശുവിന്റെ വക്ഷസ്സിലെ മുറിവ് അവനോട് സ്നേഹത്തിന്റെ മന്ത്രങ്ങൾ ഉരുവിട്ടു. വിനയാന്വിതനായിനിന്ന അവനോട് യേശു പറഞ്ഞു-
"മകനേ നമുക്ക് ഒരിടംവരെ പോകേണ്ടതുണ്ട്."
എവിടേയ്ക്കെന്ന് അവൻ ചോദിച്ചില്ല. നാശത്തിൽനിന്ന് രക്ഷിച്ചവന്റെ ആജ്ഞ അക്ഷരംപ്രതി അനുസരിക്കാൻ അവൻ തയ്യാറായിരുന്നു. പറുദീസയും അവിടുത്തെ അനൽപ്പമായ ആനന്ദവും അവിടുന്നു കനിഞ്ഞുനൽകിയതാണ്. ആ കടപ്പാട് ഒരു കാലത്തും മറക്കാനാവില്ല.
യേശുവിനോടൊപ്പം അനുസരണയുള്ള കുട്ടിയെപ്പോലെ നടക്കുമ്പോൾ ആ സ്വരം വീണ്ടും കേട്ടു-
"ഈ യാത്രയിൽ നമ്മോടൊപ്പം ഒരാൾകൂടി ഉണ്ടാവണം."
അതാരാണെന്ന് ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ ഒരു ചോദ്യം യേശുവിനോട് വേണോ എന്ന സന്ദേഹം നാവിനെ നിയന്ത്രിച്ചു. ഏതായാലും മൂന്നാമൻ എന്നെക്കാൾ യോഗ്യനാകും. തീർച്ച. പത്രോസോ യോഹന്നാനോ തോമസോ അതുമല്ലെങ്കിൽ...
"എന്തോ ചോദിക്കാൻ ആഗ്രഹമുണ്ടല്ലേ?" യേശുവിന്റെ നിറഞ്ഞ പുഞ്ചിരി അവനെ വല്ലാതെ പിടിച്ചുലച്ചു. എങ്കിലും അവൻ അതിന് മറുപടി പറഞ്ഞില്ല.
"ഞാൻ പറയാം. ഈ യാത്രയിൽ നമ്മോടൊപ്പമുണ്ടാവുന്ന മൂന്നാമൻ എന്റെ കുരിശിന്റെ ഇടതുവശത്ത് കിടന്ന നിന്റെ സ്നേഹിതൻതന്നെയാണ്."
അപ്പോൾ പ്രതികരിക്കാതിരിക്കാൻ അവനു കഴിഞ്ഞില്ല.
"പ്രഭോ, അങ്ങയെ ദുഷിച്ചവനല്ലേ അവൻ?"
അതിന് അർത്ഥഗർഭമായ ഒരു പുഞ്ചിരിയായിരുന്നു മറുപടി.
ഇപ്പോൾ യേശുവും നല്ല കള്ളനും നിൽക്കുന്നത് ജീവവൃക്ഷത്തിന്റെ ചുവട്ടിലാണ്. അത് പടർന്നു പന്തലിച്ചു അനേക ശാഖകളായി വളർന്നിരിക്കുന്നു. തേനൂറുന്ന ചുവന്നു തുടുത്ത വലിയ പഴങ്ങൾ ഓരോ ശാഖയിലും നിറയെ ഉണ്ടായിരുന്നു. മന്ദം വീശിയ കാറ്റിൽ അത് ശാഖകളോടൊപ്പം ചാഞ്ചക്കമാടി. പിന്നീട് കണ്ടത് അമ്പറപ്പുണ്ടാക്കുന്ന ഒരു കാഴ്ചയാണ്.
നിറയെ ഫലങ്ങൾ ഞാണുകിടന്ന ഒരു ശിഖരം താഴ്‌ന്നുവരുന്നു. ആ ശിഖരം ചായ്ച്ചുതന്നത് ഒരു സർപ്പമാണെന്ന് വൈകിയാണ് മനസ്സിലായത്. യേശുവിന്റെ സാന്നിദ്ധ്യം മറന്ന അവൻ പകച്ചു. ഭയം അവനെ ഗ്രസിച്ചു. ഒരു അപശബ്ദം തൊണ്ടയിൽ കുരുങ്ങിക്കിടന്നു. എവിടേയ്ക്കെങ്കിലും ഓടി മറഞ്ഞാലോ? പക്ഷേ കാലുകൾ ചലനമറ്റതുപോലെ!
"നല്ല കള്ളാ, ഈ പഴം ഒരെണ്ണം പറിച്ച് അകത്താക്കിക്കോ. എന്തു രുചിയാണെന്ന് അറിയാമോ? പിന്നീട് ഒരിക്കലും വിശക്കുകയോ ദാഹിക്കുകയോ ചെയ്യില്ല. മരണമില്ലായ്മയിലേക്കും നീ കടക്കും." സർപ്പം തന്റെ പഴയ പ്രലോഭനവിദ്യ പുറത്തെടുത്തു.
തിരിഞ്ഞുനോക്കി. യേശുവിനെ കാണാനില്ല. അപ്പോൾ ഭയം ഇരട്ടിയായി.
ആ ഫലത്തിൽനിന്നുള്ള സൗരഭ്യം നാസാരന്ധ്രങ്ങളിൽ നവ്യമായ അനുഭൂതി വിരിയിച്ചു. ആമാശയത്തിൽ വിശപ്പിന്റെ പെരുമ്പറ കൊട്ടി. മനസ്സിന്റെ മായികതന്ത്രികളിൽ പ്രലോഭനങ്ങളുടെ വീണക്കമ്പികൾ തമ്പുരുമീട്ടി.
പെട്ടെന്ന്-
എല്ലാ സിംഫണികളും നിലച്ചു. സൗരഭ്യം മനംപുരട്ടൽ ഉളവാക്കുന്ന ദുർഗന്ധമായി മാറി.
അപ്പോൾ ഉയർന്നുകേട്ടത് യേശുവിന്റെ ആജ്ഞാസ്വരമാണ്.
"നിന്റെ യഥാർത്ഥ രൂപത്തിൽ ഇറങ്ങിവരൂ."
നിമിഷങ്ങൾക്കുള്ളിൽ സർപ്പം കുരിശിന്റെ ഇടതുവശത്തു കിടന്ന കള്ളന്റെ രൂപം പ്രാപിച്ച് അവരിൽ മൂന്നാമനായി.
* * * *
യേശു ഭൂമിയിൽ വീണ്ടും അവതരിച്ചിരിക്കുന്നുവേന്ന വാർത്തകേട്ടു ജനം അമ്പരന്നു. പിന്നെ ഒരു നോക്കുകാണുവാനുള്ള ആവേശത്തോടെ ജാതിമതഭേദമെന്യേ ഓടി.
ദേവാലയത്തിലെ പ്രമുഖസ്ഥാനത്ത് അലംകൃതമായ സിംഹാസനത്തിൽ ഉയിർത്തെഴുന്നേറ്റ യേശുവിന്റെ രൂപത്തിൽ ഒരാളെ അവർ കണ്ടു. ആണിപ്പഴുതുകളുള്ള കൈകാലുകളിൽ രക്തം കിനിഞ്ഞുകൊണ്ടിരുന്നു. നെഞ്ചിൽ കുന്തം കുത്തിയിറക്കിയ വലിയ മുറിവുണ്ട്. തലയിൽ മുൾമുടി ധരിപ്പിച്ചതിന്റെ പാടുകൾ കാണാം. ചപ്രച്ച തലമുടി തോൾവരെ ഇറങ്ങിക്കിടക്കുന്നു. തൂവെള്ള അങ്കി നഗ്നതമറച്ച് തോളിലൂടെ ചുറ്റിയിരിക്കുന്നു!
ദേവാലയത്തിൽ തിങ്ങിക്കൂടിയ ജനം കണ്ണിമയ്ക്കാതെ ആ മുഖത്തേയ്ക്ക് നോക്കി. ഭയഭക്തിയോടെ കുമ്പിട്ടു. യേശുനാമം ഉയർന്നുപൊങ്ങി. ജനം മലവെള്ളംപോലെ ഇരച്ചുവന്നുകൊണ്ടിരുന്നു.
കൂറ്റൻ പന്തലുകൾ നിർമിക്കപ്പെട്ടു. ജനത്തെ ഉൾക്കൊള്ളാനാവാതെ അതിന്റെ സീമകൾ വളർന്നുകൊണ്ടിരുന്നു. സർക്യൂട്ട് ടീവികൾ പന്തലിലെല്ലാം സ്ഥാപിച്ചു. ആ പ്രബോധനം നാട്ടിലെല്ലാമെത്തിക്കാൻ അനേക കിലോമീറ്ററുകൾ ദൂരത്തിൽ കോളാമ്പികൾ മരച്ചില്ലകളിൽ കെട്ടി ഉറപ്പിച്ചു.
അത്ഭുതങ്ങൾ പലതും നടന്നു. ശൂന്യതയിൽനിന്ന് കുരിശും കൊന്തയും കുന്തിരിക്കവും സൃഷ്ടിക്കപ്പെട്ടു. അതെല്ലാം ഭക്തർ ആദരപൂർവം ഏറ്റുവാങ്ങി. തൃക്കരങ്ങളിലും തൃപ്പാദങ്ങളിലും സ്പർശിക്കാനുള്ള ജനത്തിന്റെ ആഗ്രഹം മാത്രം ബാക്കികിടന്നു. മുടന്തരെയും തളർവാതരോഗികളെയും അന്ധരെയും എയ്ഡ്സ് മുതലായ മാരകരോഗം ബാധിച്ചവരെയും വഹിച്ചുകൊണ്ട് ഉറ്റവരെത്തി. അവർക്കെല്ലാം അനുഗ്രഹത്തിനൊപ്പം കുരിശും കാശുരൂപവും കഴിക്കാനും പുരട്ടാനും എണ്ണയും നൽകി. നേർച്ചപ്പെട്ടികൾ നിറഞ്ഞൊഴുകി. പെട്ടികൾ അപര്യാപ്തമായതിനാൽ പുതിയത് പലയിടങ്ങളിൽനിന്നായി എത്തി. കള്ളുകച്ചവടക്കാരും പെൺവാണിഭക്കാരും രാജ്യത്തെ കൊള്ളടിക്കുന്നവരുമായ ധനവാന്മാരുടെ മുന്തിയ തുകയ്ക്കുള്ള ചെക്കുകൾ നിക്ഷേപിക്കാൻ പ്രത്യേകം പെട്ടികൾ ഉണ്ടായിരുന്നു.
ഭക്തിസാന്ദ്രമായ ഗാനങ്ങളുടെ വരികൾ സംഗീതോപകരണങ്ങളുടെ നാദപ്രപഞ്ചത്തിൽ മുങ്ങിപ്പോയി.
നല്ല കള്ളൻ അവിടേയ്ക്ക് കടന്നുചെന്നു. ദേവാലയമധ്യത്തിൽ നിന്നുകൊണ്ട് അവൻ വിളിച്ചുപറഞ്ഞു-
"സഹോദരന്മാരെ, നിങ്ങൾ വഞ്ചിക്കപ്പെട്ടിരിക്കുന്നു."
സംഗീതോപകരണങ്ങളുടെ ഇടിമുഴക്കത്തിൽ ആ സ്വരം അമർന്നുപോയി.
നല്ല കള്ളന്റെ ശബ്ദം വീണ്ടും ഉയർന്നു-
"നിങ്ങൾ സർപ്പങ്ങളെപ്പോലെ കൂർമബുദ്ധിയുള്ളവരാകുവിൻ. നമുക്കായി കുരിശിൽ മരിച്ച യേശു ഇവനല്ല. ഇവൻ ലൂസിപ്പേറിന്റെ പ്രതിനിധിയാണ്."
എല്ലാ കണ്ണുകളും കാതുകളും അവനിലേയ്ക്ക് തിരിഞ്ഞു.
"നീ ആരാണ്?" വിധവയുടെ ചില്ലിക്കാശുപോലും തട്ടിയെടുക്കുന്ന ഒരു പൗരപ്രമുഖൻ എഴുന്നേറ്റുനിന്ന് അവനോട് ചോദിച്ചു.
"ഞാനാണ് നല്ല കള്ളൻ. യേശുവിന്റെ വലതുഭാഗത്ത് കുരിശിൽ തറയ്ക്കപ്പെട്ടവൻ."
"അപ്പോൾ ഈ ഇരിക്കുന്നത് യേശുവല്ലെന്നാണോ നീ പറയുന്നത്?"
"അല്ല. ഇത് യേശുവല്ല."
"പിന്നെ ആരാണ്?"
"യേശുവിന്റെ ഇടതുവശത്തെ കുരിശിൽക്കിടന്ന എന്റെ ചങ്ങാതിയായ കള്ളനാണ് ഇവൻ."
"എന്നാൽ യേശുവിനെ നീ ഞങ്ങൾക്ക് കാണിച്ചുതരിക."
"അതേ. കാണിച്ചുതരിക." ജനം ആർത്തുവിളിച്ചു.
"അതാ നോക്കു..." നല്ല കള്ളൻ വിരൽ ചൂണ്ടിയിടത്തേയ്ക്ക് ജനം നോക്കി. പന്തലിന് പുറത്ത് നട്ടുച്ചവെയിലിൽ ദേഹം മുഴുവൻ വ്രണങ്ങളുമായി കിടന്നവനെ മടിയിൽക്കിടത്തി ഒരാൾ ശുശ്രൂഷിക്കുന്നു! സൗന്ദര്യമോ ആകർഷണീയമായ യാതൊന്നുമോ ആ യുവാവിലില്ലായിരുന്നു.
ഒരു വൃദ്ധൻ എഴുന്നേറ്റുനിന്നുകൊണ്ട് പറഞ്ഞു-
"ഞങ്ങളുടെ യേശുവിന്റെ കൈകാലുകളിൽ ആണിപ്പാടുണ്ട്. തലയിൽ മുൾമുടി ധരിപ്പിച്ച പാടുണ്ട്. നെഞ്ചിൽ കുന്തം കുത്തിയിറക്കിയ വലിയ മുറിവുണ്ട്. ചപ്രച്ച മുടിയുണ്ട്. ഇതൊന്നുമില്ലാത്ത അവനാണോ യേശു...?"
"ഞങ്ങളെ പറ്റിക്കാൻ ഇറങ്ങിയ സാത്താനാണ് നീ." ജനം കൂട്ടമായി പ്രതികരിച്ചു.
"സഹോദരന്മാരെ ഞാൻ വീണ്ടും പറയുന്നു. നിങ്ങൾ വഞ്ചിക്കപ്പെട്ടിരിക്കുകയാണ്. സത്യം തിരിച്ചറിയണം."
"സത്യം ഞങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. ജീവൻ വേണേൽ ഓടിക്കോ."
ജനം അലറി. അതിന് പെരുവെള്ളത്തിന്റെയും ഇടിനാദത്തിന്റെയും സ്വരമായിരുന്നു.
"ഇവൻ കള്ളനാണ്. നല്ല കള്ളന്റെ പേരിൽ വന്ന ദുഷ്ടനായ കള്ളൻ. നമ്മുടെ യേശുവിനെ അപമാനിച്ചവൻ. സാത്താന്റെ സന്തതി. എല്ലാ തിന്മകളുടേയും കാരണക്കാരൻ."
പൗരപ്രമുഖൻ വിളിച്ചുപറഞ്ഞപ്പോഴേയ്ക്കും ജനം അവനെ ആക്രമിച്ചുകഴിഞ്ഞിരുന്നു.
പെട്ടെന്ന് അവർക്കിടയിലേക്ക് കരുണാമയനായ ആ യുവാവ് കടന്നുചെന്നു. നല്ലകള്ളനെ പിടിച്ചെഴുന്നേൽപ്പിച്ചു. രക്തം കിനിയുന്ന അവന്റെ മുഖം സ്നേഹവാൽസല്യത്തോടെ തന്നിലേയ്ക്ക് അടുപ്പിച്ച് ശുഭ്രവസ്ത്രംകൊണ്ട് തുടച്ചു.
യുവാവ് ചോദിച്ചു-
"മക്കളെ, ഇവനെന്തുതെറ്റാണ് ചെയ്തത്?"
"ഇവൻ ഞങ്ങളുടെ രക്ഷകനായ യേശുവിനെ അധിക്ഷേപിച്ചു." ജനം രോഷത്തോടെ അലറി.
"എവിടെ നിങ്ങളുടെ രക്ഷകൻ?"
"ദാ, അവിടെ ഇരിക്കുന്നു."
സിംഹാസനത്തിൽ ഇരുന്നയാൾ അത്യുച്ചത്തിൽ അട്ടഹസിച്ചു.
അപ്പോൾ നല്ല കള്ളൻ പ്രതികരിച്ചു.
"യേശുവേ,അങ്ങ് വീണ്ടും...?" വാക്കുകൾ മുഴുമുപ്പിക്കാനാകാതെ അവൻ വിതുമ്പിപ്പോയി.
യുവാവ് ജനക്കൂട്ടത്തോടായി പറഞ്ഞു-
"ഇവൻ പറഞ്ഞത് ശരിയാണ്. എന്റെ വലതു ഭാഗത്തുകിടന്ന നല്ല കള്ളനാണിത്. സ്വന്തം തെറ്റുകളെക്കുറിച്ച് മനസ്തപിച്ചവൻ."
"അപ്പോൾ നീ...?"
"ഞാനാണ് യേശു."
ഒരു നിമിഷം ശബ്ദം അവിടെ ഘനീഭവിച്ചു. ജനം അമ്പരപ്പോടെ മുഖത്തോടുമുഖം നോക്കി. പിന്നെ ചുണ്ടുകളിൽ ചിരിപൊട്ടി. അത് വളർന്ന് സമുദ്രത്തിന്റെ ഇരമ്പൽപോലെയായി.
"നീ...യേശു..." അസംഖ്യം വിരലുകൾ യേശുവിന് നേരെനീണ്ടു. ചിരി ഉച്ചസ്ഥായിയായി.
പൗരപ്രമുഖൻ പരിഹസിച്ചു-
"യേശുവിനെ നിങ്ങളെല്ലാവരും കൺകുളിർക്കെ കണ്ടോണം. ഇനി കാണാൻ അവസരമുണ്ടായെന്നു വരില്ല. കൈകാലുകളിൽ ആണിപ്പഴുതകളില്ലാത്ത, നെഞ്ചിൽ മുറിവില്ലാത്ത, ചപ്രത്തലമുടിയില്ലാത്ത വ്യാജ ക്രിസ്തു..."
പരിഹാസച്ചിരി പതിന്മടങ്ങ് ഉച്ചത്തിലായി.
ഒരു വൃദ്ധൻ എഴുന്നേറ്റുനിന്ന് പറഞ്ഞു-
"എടാ കൊച്ചനേ. കണ്ണും മൂക്കുമൊന്നുമില്ലാത്തവരല്ല ഞങ്ങള്. തോമാശ്ലീഹാ മാമ്മോദീസാ മുക്കിയവരുടെ പിൻതലമുറക്കാരോടാ നിന്റെ കളി. ക്രിസ്തുവും കള്ളനുമല്ല, കള്ളനും കള്ളന് കഞ്ഞിവച്ചവനുമാ."
കയ്യിലുണ്ടായിരുന്ന കൊന്തയും കുരിശും കുന്തിരിക്കവും അവർ അവനുനേരെ എറിഞ്ഞു.
"കൊല്ല് അവരെ. യേശുവിന്റെയും നല്ല കള്ളന്റെയും പേരു പറഞ്ഞ് പറ്റിക്കാൻ എത്തിയ കള്ളന്മാരാണ് അവർ."
ജനം മുഷ്ടി ചുരുട്ടി ആർത്തടുത്തു. കൈകൾ ഓരോന്നായി പ്രതികാരദാഹത്തോടെ അവരുടെമേൽ പതിഞ്ഞു.
"മക്കളെ, നിങ്ങൾ ചെയ്യുന്നതെന്തെന്ന് നിങ്ങൾ അറിയുന്നില്ല." വാക്കുകൾ രോദനത്തിന്റെ വക്കിലെത്തിയിരുന്നു.
"നിർത്ത്..."
ആ അലർച്ചയിൽ ജനം സ്തബ്ധരായി. എല്ലാ മിഴികളും ദേവാലയത്തിലെ പ്രമുഖ സ്ഥാനത്ത് ഉപവിഷ്ടനായിരിക്കുന്നവനിൽ പതിഞ്ഞു.
"എന്നെ അപമാനിക്കാൻ ശ്രമിച്ചവരെ വെറുതെ വിടരുത്." ആ കണ്ണുകളിൽനിന്ന് പ്രതികാരത്തിന്റെ തീ ചിതറി.
"ഈ വ്യാജൻമാരെ എന്തു ചെയ്യണം യേശുവേ? അവിടുന്നു കൽപ്പിച്ചാലും." ജനം അപേക്ഷിച്ചു.
"ഞങ്ങൾ ഇവരെ പോലീസിൽ എൽപ്പിക്കട്ടെയോ?" പൗരപ്രമുഖൻ ചോദിച്ചു.
"വേണ്ട. കുരിശുതന്നെയായിരിക്കട്ടെ ഇവർക്ക് ശിക്ഷ."
"അതേ. അവരെ കുരിശിൽ തറയ്ക്ക്." ജനം ആർത്തട്ടഹസിച്ചു.
യേശുവിനെയും നല്ല കള്ളനെയും ദേവാലയത്തിലെ ചിത്രപ്പണികളുള്ള ഭീമൻ കൽത്തൂണിൽ പിടിച്ചു ബന്ധിച്ചു.
ക്രൂശിക്കാനായി ദുഃഖവെള്ളിയാഴ്ച സ്ലീവപ്പാതയ്ക്ക് ഉപയോഗിക്കുന്ന മരക്കുരിശുമായി ജനം തിരികെയെത്തുമ്പോൾ യേശുവും നല്ല കള്ളനും അപ്രത്യക്ഷരായിരുന്നു.
ദേവാലയത്തന്റെ പ്രമുഖ സ്ഥാനത്ത് ഉപവിഷ്ടനായിരുന്നവൻ അപ്പോഴേയ്ക്കും മുഖം നഷ്ടപ്പെട്ട പ്രതിമയായി മാറിയിരുന്നു. ജനം ആ പ്രതിമയ്ക്കു മുമ്പിൽ ആരാധനയോടെ കുമ്പിട്ടു.