19 Oct 2014

നാളികേരത്തിന്റെ ഔഷധാധിഷ്ഠിത ഗവേഷണങ്ങൾ


രശ്മി ഡി.എസ്
.​‍ടെക്നിക്കൽ ഓഫീസർ, നാളികേര വികസന ബോർഡ്‌, കൊച്ചി - 11

നാളികേരവും നാളികേരാധിഷ്ഠിത ഉത്പ്പന്നങ്ങളും ചരിത്രാതീത കാലം മുതലെ  നമ്മുടെ പരമ്പരാഗത ഔഷധങ്ങളുടെ പ്രധാന ചേരുവകയാണ്‌. പക്ഷെ ഈ നാട്ടറിവുകൾ കൃത്യമായി രേഖപ്പെടുത്തി വയ്ക്കാൻ പൂർവികർ കാണിച്ച അശ്രദ്ധ അമുല്യമായ ഔഷധക്കൂട്ടുകൾ  പലതും നഷ്ടപ്പെടാൻ കാരണമായി. മാത്രവുമല്ല ഏതാനും വർഷം മുമ്പ്‌ നാളികേരത്തിലേയും വെളിച്ചെണ്ണയിലേയും പൂരിച്ചത കൊഴുപ്പിന്റെ പേരിൽ നടന്ന ചില കുപ്രചരണങ്ങളും സമൂഹത്തിൽ അകാരണമായ ആശങ്കകൾ ഉയർത്തി. ഈ വിവാദം പിന്നീട്‌ കെട്ടടങ്ങുകയും ചെയ്തു. മെഡിക്കൽ സലൈൻ കിട്ടാതെ വന്ന സന്ദർഭത്തിൽ കരിക്കിൻവെള്ളം ഇൻട്രാവീനസ്‌ ഹൈഡ്രേഷൻ ഫ്ലൂയിഡ്‌ ആയി ഉപയോഗിച്ച ചരിത്രമുണ്ട്‌. എന്തായാലും നാളികേരത്തിന്റെയും വെളിച്ചെണ്ണയുടെയും വൈവിധ്യമാർന്ന ഉപയോഗം  ആരോഗ്യ മേഖലയിലെ കാലാകാലങ്ങളായുള്ള തർക്ക വിഷയമാണ്‌. പക്ഷെ, നാളികേരത്തിന്റെയും  നാളികേര ഉത്പ്പന്നങ്ങളുടെയും വൈദ്യശാസ്ത്രപരമായ പ്രയോജനങ്ങൾ സംബന്ധിച്ച്‌ വളരെയേറെ ഗവേഷണങ്ങൾ ഇനിയും നടക്കേണ്ടിയിരിക്കുന്നു. ഇവിടെയാണ്‌ നാളികേരം, നാളികേര ഉത്പ്പന്നങ്ങൾ എന്നിവയുടെ ഔഷധാധിഷ്ഠിത പഠനങ്ങളുടെയും ഗവേഷണങ്ങളുടെയും പ്രസക്തി.
പുതിയ ഔഷധങ്ങളും പുതിയ ചികിത്സാ രീതികളും വികസിപ്പിക്കുന്നതിൽ ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക്‌ വലിയ പങ്കുണ്ട്‌. പുതിയ ഉത്പ്പന്നങ്ങൾ വിപണിയിൽ ഇറക്കുന്നതിനു മുമ്പായി അതിന്റെ ഫലങ്ങൾ പരിശോധിച്ച്‌ ഉറപ്പാക്കുന്നത്‌ പരീക്ഷണശാലകളിലെ പഠനങ്ങളും പരീക്ഷണങ്ങളും വഴിയാണ്‌. ഉത്പ്പന്നത്തിന്റെ പാർശ്വഫലങ്ങൾ വിലയിരുത്തുന്നതിനും ഈ പരീക്ഷണങ്ങൾ ഉപകരിക്കുന്നു. പുതിയ ചികിത്സാ പദ്ധതി വികസിപ്പിക്കുന്നതിനു നടത്തുന്ന ഗവേഷണത്തിലെ ഒരു ഭാഗം മാത്രമാകുന്നു ക്ലിനിക്കൽ പരീക്ഷണങ്ങൾ. ഒരു പുതിയ ഔഷധം കണ്ടുപിടിച്ചാലുടൻ അത്‌ ആദ്യം പരീക്ഷണശാലയിൽ പരിശോധിക്കും, പിന്നീട്‌ മൃഗങ്ങളിലും. അതിനു ശേഷമാണ്‌ മനുഷ്യരിൽ പരീക്ഷിക്കുക.ഇക്കാരണത്താൽ  ആയിരക്കണക്കിന്‌ മരുന്നുകൾ പരിശോധിക്കുന്നതിൽ അപൂർവം ചിലതു മാത്രമായിരിക്കും ക്ലിനിക്കൽ പരിശോധന വരെ എത്തുന്നത്‌.
ഇത്തരം പഠനങ്ങൾ പൂർത്തീകരിക്കാനാവാത്തിന്റെ മറ്റൊരു കാരണം, ഇതിൽ ഭാഗഭാക്കാകാൻ താൽപര്യമുള്ള വ്യക്തികളുടെ അഭാവമാണ്‌. സാമ്പിൾ മരുന്നുകൾ പരിശോധിക്കേണ്ടത്‌ ചില സവിശേഷ വിഭാഗങ്ങളിലായിരിക്കും. അത്തരം ആളുകളെ കണ്ടെത്തുക അവരുടെ അനുവാദം ലഭിക്കുക തുടങ്ങിയ കാര്യങ്ങൾ പലപ്പോഴും എളുപ്പമല്ല. മാത്രവുമല്ല, രോഗികളിൽ പുതിയ മരുന്നുകൾ പരീക്ഷിക്കുന്നതിന്‌ എത്തിക്സ്‌ കമ്മിറ്റിയുടെ അനുമതിയും  ആവശ്യമുണ്ട്‌. അധികൃതർ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ മാത്രമെ ഇത്തരം ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്താൻ പാടുള്ളു എന്നും വ്യവസ്ഥയുണ്ട്‌.
പുതിയ ഔഷധം മനുഷ്യർക്ക്‌ ഫലപ്രദമാണോ, അവർക്ക്‌ സുരക്ഷിതമാണോ എന്ന രണ്ട്‌ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ എല്ലാ ക്ലിനിക്കൽ പരിശോധനകളിൽ നിന്നു ലഭിച്ചിരിക്കണം.
വിവിധ തരം ക്ലിനിക്കൽ പരീക്ഷണങ്ങൾ
ഗവേഷണങ്ങളുടെ അടിസ്ഥാനത്തിൽ ക്ലിനിക്കൽ പരീക്ഷണങ്ങളെ രണ്ടായി തിരിക്കാം. ഒന്ന്‌, നീരീക്ഷണം രണ്ട്‌ ഇടപെടൽ. നിരീക്ഷണപരമായ പരിശോധനകളിൽ ശാസ്ത്രജ്ഞർ മരുന്നുകളുടെ ഫലം നിരീക്ഷിക്കും. ഇടപെടൽ എന്നതുകൊണ്ട്‌ അർത്ഥമാക്കുന്നത്‌, പ്രത്യേക ശാസ്ത്രജ്ഞരാണ്‌ പരീക്ഷണത്തിന്‌ വിധേയരാകുന്നവർക്ക്‌  നിർദ്ദിഷ്ട മരുന്ന്‌ നൽകുന്നത്‌. പരീക്ഷണത്തിനു വിധേയരാകുന്ന രോഗികളുടെ ആരോഗ്യ പുരോഗതിയും, സാധാരണ ചികിത്സ ലഭിക്കുന്ന രോഗികളുടെ ആരോഗ്യ നിലയിലെ പുരോഗതിയും താരതമ്യം ചെയ്ത്‌ ശാസ്ത്ര സമൂഹം പുതിയ മരുന്നിന്റെ ശേഷി തിരിച്ചറിയുന്നു.
ക്ലിനിക്കൽ ഗവേഷണങ്ങളെ, അവയുടെ ലക്ഷ്യത്തെ അടിസ്ഥാനമാക്കിയും വർഗീകരിക്കാം.ഇന്ത്യയിൽ 2009 ജൂൺ 15 മുതൽ മരുന്നുകളുടെ പരീക്ഷണം ക്ലിനിക്കൽ ട്രയൽ രജിസ്റ്ററി ഓഫ്‌ ഇന്ത്യയുടെ കീഴിൽ രജിസ്റ്റർ ചെയ്തിരിക്കണം എന്നാണ്‌ ഡ്രഗ്സ്‌ കൺട്രോളർ  ജനറൽ ( ഇന്ത്യ) യുടെ നിർദ്ദേശം. മനുഷ്യരിൽ നടത്തുന്ന എന്തു പരീക്ഷണങ്ങളും ആയൂഷ്‌ വകുപ്പിന്റെ സാന്നിധ്യത്തിൽ ആയിരിക്കണമെന്നും അത്‌ ക്ലിനിക്കൽ ട്രയൽ രജിസ്റ്ററി ഓഫ്‌ ഇന്ത്യയുടെ കീഴിൽ രജിസ്റ്റർ ചെയ്തിരിക്കണമെന്നും നിർദ്ദേശമുണ്ട്‌. ആദ്യ രോഗിയെ ഇതിനായി തെരഞ്ഞെടുക്കുന്നതിനു മുമ്പ്‌ പൊതു വിജ്ഞാപനമടക്കമുള്ള നടപടിക്രമങ്ങൾ പാലിക്കണം. ക്ലിനിക്കൽ ട്രയൽ രജിസ്റ്ററി ഓഫ്‌ ഇന്ത്യയുടെ കീഴിൽ രജിസ്റ്റർ ചെയ്യുന്നതിന്‌ മുമ്പ്‌ എത്തിക്സ്‌ കമ്മിറ്റിയുടെ സ്ഥിരീകരണം ലഭിച്ചിരിക്കണം. രാജ്യാന്തര തലത്തിലുള്ള പരീക്ഷണങ്ങളിൽ അന്താരാഷ്ട്ര ഏജൻസിയാണ്‌ രജിസറ്ററിംങ്ങ്‌ അധികാരി. അവിടെയും വിശദാംശങ്ങൾ ക്ലിനിക്കൽ ട്രയൽ രജിസ്റ്ററി ഓഫ്‌ ഇന്ത്യയുടെ കീഴിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്‌. ഇന്ത്യൻ ശാസ്ത്രജ്ഞർ ആരൊക്കെ, എവിടെയാണ്‌ പരീക്ഷണം നടക്കുക, തുടങ്ങിയ കാര്യങ്ങളാണ്‌ അറിയിക്കേണ്ടത്‌. രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ കാലാകാലങ്ങളിൽ അതിന്റെ പ്രവർത്തന പുരോഗതിയും ക്ലിനിക്കൽ ട്രയൽ രജിസ്റ്ററി ഓഫ്‌ ഇന്ത്യയെ അറിയിച്ചുകൊണ്ടിരിക്കണം.
അടുത്ത കാലത്തായി ഗവേഷകർ നീര, നാളികേരം, വെളിച്ചെണ്ണ, വെർജിൻ കോക്കനട്‌ ഓയിൽ,  തേങ്ങാവെള്ളം, പൊങ്ങ്‌ തുടങ്ങിയ നാളികേര ഉത്പ്പന്നങ്ങളിൽ ക്ലിനിക്കൽ പഠനങ്ങൾ നടത്തുന്നുണ്ട്‌.  അമേരിക്കൻ ഗവേഷകയായ ഡോ.മേരി ന്യൂപോർട്ട്‌ വെളിച്ചെണ്ണ ഉപയോഗിച്ച്‌ തന്റെ ഭർത്താവിന്റെ  അൽഷിമേഴ്സ്‌ രോഗം ചികിത്സിച്ച്‌ ഭേദപ്പെടുത്തിയ സംഭവം വൈദ്യശാസ്ത്ര രംഗത്ത്‌  വലിയ വാർത്താ പ്രാധ്യാന്യം നേടുകയുണ്ടായി. അടുത്ത കാലത്തു നടന്ന വിവിധ ഗവേഷണങ്ങളിൽ വെളിച്ചെണ്ണയുടെ ഉപയോഗവും ഹൃദ്‌രോഗവുമായി ബന്ധമൊന്നും ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്‌.  സിറോസിസ്‌ പോലുളള രോഗങ്ങൾക്ക്‌ വെർജിൻ കോക്കനട്‌ ഓയിൽ ഫലപ്രദമാണ്‌ എന്ന്‌ ചില ഗവേഷണങ്ങൾ നിരീക്ഷിച്ചിരിക്കുന്നു.
ഇത്തരം ചില ഗവേഷണ പഠനങ്ങൾ പ്രശസ്തമായ ചില ശയൻസ്‌ ജേണലുകളിൽ പ്രസിദ്ധപ്പെടുത്തിയിട്ടുമുണ്ട്‌. ടെക്നോളജി മിഷൻ ഓൺ കോക്കനട്‌ എന്ന പദ്ധതിയിൽ പെടുത്തി നാളികേരത്തിന്റെ പ്രയോജനങ്ങളെ കുറിച്ച്‌ പഠനം നടത്തുന്നതിന്‌ നാളികേര വികസന ബോർഡ്‌ സാമ്പത്തിക സഹായം നൽകിവരുന്നു.
ഇതിൽ കേരള സർവകലാശാലയിലെ ബയോകെമിസ്ട്രി വിഭാഗം നടത്തിയ പഠനം ഏറെ ശ്രദ്ധേയമായിരുന്നു. വെളിച്ചെണ്ണയും ഹൃദ്‌ രോഗവും തമ്മിൽ ബന്ധമൊന്നും ഇല്ല എന്നതായിരുന്നു ഈ ഗവേഷണത്തിന്റെ കണ്ടെത്തൽ. കരിക്കിൻ വെള്ളത്തിന്റെ ആരോഗ്യഗുണങ്ങൾ സംബന്ധിച്ചും പഠനങ്ങൾ നടന്നു. അതിന്റെ ഫലങ്ങളും നാളികേരത്തിനു അനുകൂലമായ കണ്ടെത്തലായിരുന്നു. ഹൈദരാബാദിലെ നാഷണൽ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ന്യൂട്രീഷൻ, ഡയറ്ററി കോക്കനട്‌ ഓയിൽ - ഹെൽത്ത്‌ ഇംപ്ലിക്കേഷൻസ്‌ എന്ന ഒരു ഗവേഷണ പഠനം നടത്തുകയുണ്ടായി. വെളിച്ചെണ്ണ ചേർത്ത ഭക്ഷണസാധനങ്ങൾ ഉപയോഗിച്ചതുകൊണ്ടു മാത്രം അമിത ശരീരഭാരം ഉണ്ടാകുന്നില്ല എന്നതായിരുന്നു കണ്ടെത്തൽ.
കൊച്ചിയിലെ അമൃത ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കൽ ശയൻസസിലെ കാർഡിയോളജി വിഭാഗം വെളിച്ചെണ്ണ, വെർജിൻ കോക്കനട്‌ ഓയിൽ തുടങ്ങിയവയിൽ ക്ലിനിക്കൽ ഗവേഷണങ്ങൾ നടത്തിയിട്ടുണ്ട്‌. അടുത്ത കാലത്ത്‌ പൂർത്തിയാക്കിയ ഒരു ഗവേഷണം വെളിച്ചെണ്ണയും സൂര്യകാന്തി എണ്ണയും ഉപയോഗിക്കുന്ന ഹൃദ്‌ രോഗികളിൽ എന്തെങ്കിലും പ്രകടമായ മാറ്റം ഉണ്ടോ എന്നതായിരുന്നു. വെളിച്ചെണ്ണയുടെ ഉപയോഗം മൂലം ദോഷഫലം ഉണ്ടാകുന്നതായി ഈ ഗവേഷണത്തിൽ കണ്ടെത്തിയില്ല. വെർജിൻ കോക്കനട്‌ ഓയിലിന്റെ  പ്രയോജനങ്ങളെ കുറിച്ചും അമൃതയിൽ  ഗവേഷണം നടക്കുന്നുണ്ട്‌. വെർജിൻ കോക്കനട്‌ ഓയിലിലെ ആന്റി ഓക്സിഡന്റ്‌ പ്രോപ്പർട്ടിയെക്കുറിച്ച്‌ കൊറോണറി ആർട്ടറി രോഗികളിലാണ്‌ പഠനം. കോയമ്പത്തൂരിലെ അമൃത വിശ്വ വിദ്യാപീഠം വെളിച്ചെണ്ണയും അൽഷിമേഴ്സ്‌ രോഗവും തമ്മിലുള്ള ഫാർമക്കോജനോമിക്ക്‌ പഠനമാണ്‌ നടത്തുന്നത്‌. കൊച്ചിയിലെ അമൃത സ്കൂൾ ഓഫ്‌ ഫാർമസി, നീരയിലും നീരയധിഷ്ഠിത ഉത്പ്പന്നങ്ങളിലും പഠനം നടത്തുന്നു. നീര, നീര പഞ്ചസാര, നീരഹണി തുടങ്ങിയവയുടെ ഔഷധ, പോഷക സവിശേഷതകളെ കുറിച്ചാണ്‌ ഈ ഗവേഷണം. ന്യൂട്രാസൂട്ടിക്കൽ പാനീയമായതിനാൽ ആധികാരികമായ തെളിവുകൾ ഇതിനു വേണ്ടിവരും. മൃഗങ്ങളിലാകും ആദ്യ പരീക്ഷണങ്ങൾ. രണ്ടാംഘട്ടത്തിലാണ്‌ മനുഷ്യരിലെ പഠനം.
ഇങ്ങനെ നാളികേരത്തിന്റെ ഔഷധപരമായ സവിശേഷതകൾ കണ്ടെത്തുന്നതിനായി നിരന്തരമായ പഠനങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുകയാണ്‌. ഇന്ത്യയിലെ ഗവേഷണ പഠനങ്ങൾ  ഊന്നൽ നൽകേണ്ടത്‌ നാളികേരത്തിന്റെ വൈവിധ്യമാർന്ന സാധ്യതകൾ തിരിച്ചറിയുന്നതിനാണ്‌. കൽപവൃക്ഷത്തിന്റെ നന്മ കണ്ടെത്തി അവയെ ചികിത്സാരംഗത്ത്‌ കൊണ്ടുവരുന്നതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...