രമേശ് കുടമാളൂര്‍.
എന്നെ
ക്ഷണിക്കും മുഖത്തെ
എന്തിനോ
സംശയിക്കുന്ന കണ്ണുകള്‍ പോലെ
ഞാന്‍
തുറക്കും മുഖപുസ്തകത്തില്‍
എപ്പോഴും
സംശയം നീട്ടുന്ന ആദ്യതാളേ,
എന്നെ
ഞാനാരെന്നു തെളിയിക്കുവാന്‍
നീ
വച്ചുനീട്ടുന്ന
താക്കോല്‍ പഴുതില്‍
എന്റെ
പൊരുളിന്റെ താക്കോല്‍
കടത്തിത്തുറന്നു
കയറുന്നു ഞാന്‍.
എല്ലാര്‍ക്കുമുണ്ടോരോ
രഹസ്യവാക്ക്
മറ്റാരുമറിയില്ലയെന്നു
പതുങ്ങിച്ചിരിക്കുന്ന വാക്ക്
ആദ്യതാള്‍പ്പുഴയില്‍
കടത്തുവാക്ക്,
ആരും
കാണാത്ത അച്ചുതണ്ട്.
പൂമുഖത്തെ
വേതാള പരീക്ഷ പിന്നിട്ട്
എന്റെ
താളില്‍ ഞാന്‍ കയറുമ്പോളവിടെ
പലരുടെ
വാക്കിന്റെ കുത്തൊഴുക്ക്.
വാക്കുകള്‍,
വരികള്‍,
വരകള്‍,
വര്‍ണ്ണങ്ങള്‍
ഞാനെത്ര
സുന്ദരമെന്നു ചിരിക്കുന്ന
സെല്‍ഫികള്‍
എന്തോ
പറയാതെ പറയുന്ന വാക്കുകള്‍
എന്തെങ്കിലും
പറയുവാന്‍ പറയുന്ന വാക്കുകള്‍
ഓരോരോ
താക്കോല്‍പ്പഴുതുകള്‍ നൂണ്ടു
കടന്നെത്തി
നൃത്തം ചവിട്ടുന്ന വാക്കുകള്‍
ഓരോ
കടത്ത് തോണിയില്‍ വന്നിറങ്ങി
കാല്‍
നനയാതെ തുരുത്തിലലയും വാക്കുകള്‍
നഗരത്തിലെ
മിനുമിനുപ്പിന്‍ പുറം മോടിക്കു
കീഴെയടഞ്ഞു
കിടക്കുന്ന ഓടയുടെ സങ്കടം
ഒരു
മഴപോലും താങ്ങുവാനാകാതെ
പ്രളയമായ്
കവിയുന്നതു പോലെ
വാക്കുകള്‍
വാക്കുകള്‍ ...
അതിലൊരു
പ്ലാസ്റ്റിക്കുപൊതി പോലെ
ഒഴുകുന്നുണ്ടെന്റെയും
വാക്കുകള്‍.