ചരിത്രത്തിന്റെ സ്പന്ദമാപിനി
ഡോ.പള്ളിപ്പുറം മുരളി

ഇനിയും പൂർത്തീകരിക്കപ്പെടാത്ത ചരിത്രത്തിന്റെ സൊ‍ാചകങ്ങളെ പൗരാണിക മിത്തുകളിലൂടെ പുനഃക്രമീകരിക്കുമ്പോൾ ശ്രമിക്കുന്ന രചനയാണ്‌ ഔസേഫ്‌ ചിറ്റക്കാടിന്റെ 'ആദിഭാരതം ചില മുൻവിധകൾ' സിന്ധുനദീതട ജീവിതത്തിന്റെ ചരിത്രപശ്ചാത്തലത്തിലൂടെ ഉത്തരവൈദിക കാലത്തിലെ ജൈന-ബുദ്ധ മതങ്ങളുടെ സ്വാധീനവും ഗുപ്തഭരണത്തിലൂടെ സ്ഥാപനവത്കരിക്കപ്പെട്ട ബ്രാഹ്മണ മതത്തിന്റെ സംസ്കാരശൂന്യ പ്രഭാവവും ചരിത്രപരമായി അന്വേഷിക്കുകയാണ്‌ ഇതിൽ.
    സങ്കീർണ്ണവും അതിവിപുലവുമായ ഭാരതീയ സംസ്കൃതിയെ ചരിത്രത്തിന്റെ നിഗോ‍ൂഢവും ബൃഹദാഖ്യാനപരവുമായ അവസ്ഥകളിൽ വിശകലനം ചെയ്ത്‌ യുക്തിപൂർവ്വമായ നിഗമനങ്ങളിൽ എത്തിച്ചേരുക അതിദുഷ്ക്കരമാണ്‌. പുരാലിഖിതങ്ങളും ഗവേഷണങ്ങളും ദൂരക്കാഴ്ചയുടെ ബദലുകളെ നിർമ്മിക്കുന്നു എന്ന്‌ ഈ കൃതി തെളിവുതരുന്നു. "വേദേതിഹാസ പുരാണങ്ങളിൽ നക്ഷത്രശോഭയോടെ തിളങ്ങിനിൽക്കുന്ന ചില കഥാപാത്രങ്ങളെ ചരിത്രപുരുഷന്മാരായി അംഗീകരിച്ചവതരിപ്പിച്ചാണ്‌" ഗ്രന്ഥകർത്താവ്‌ ഈ കൃതി എഴുതിയിരിക്കുന്നത്‌. പുലഹൻ, പുലസ്ത്യൻ, ഭൃഗു, അംഗിരസ്സ്‌, മരീചി, അത്രി, വസിഷ്ഠൻ, വിശ്വാമിത്രൻ, ശിവൻ, ശുക്രൻ, ബൃഹസ്പതി, ഇന്ദ്രൻ തുടങ്ങിയ പുരാണമിത്തുകളെ ചരിത്രപുരഷന്മാരായി സ്വീകരിച്ചാണ്‌ ആദിഭാരത ചരിത്രത്തിലെ പൊരുത്തക്കേടുകൾ പരിഹരിക്കാൻ     ഔസേഫ്‌ ചിറ്റക്കാട്‌ ശ്രമിക്കുന്നത്‌.
    രുദ്രഭാരതം, ശുക്രഭാരതം, ഇന്ദ്രഭാരതം എന്നിങ്ങനെ ആദിഭാരതത്തെ വേർതിരിച്ചാണ്‌ ഗ്രന്ഥകാരൻ തന്റെ ഗവേഷണം തുടങ്ങുന്നത്‌. നേഗ്രിറ്റോ-ആസ്ട്രാലോയിഡ്‌ നരവംശത്തിൽ ഉൾപ്പെടുന്ന പുലഹ-പുലസ്ത്യന്മാരുടെ കാലം ദ്രാവിഡ അധിനിവേശത്തിനു മുമ്പുള്ള ഘട്ടമാണ്‌. ഇതിനെ രുദ്രഭാരതം എന്ന്‌ ഗ്രന്ഥകാരൻ വിശേഷിപ്പിക്കുന്നു. സൈന്ധവസംസ്കാരകാലത്ത്‌ വേനവധത്തിനുശേഷം ഭാർഗ്ഗവനായ ശുക്രൻ 'ശുക്രനീതി' എന്ന ധർമ്മശാസ്ത്രം രചിക്കുകയും അതനുസരിച്ച്‌ നല്ല ഒരു ഭരണം കാഴ്ചവെയ്ക്കുകയും ചെയ്തു. ബി.സി.2400 മുതൽ 1800 വരെ നിലനിന്ന ഈ സൗഭാഗ്യകാലത്തെയാണ്‌ ശുക്രഭാരതം എന്ന്‌ വിളിക്കുന്നത്‌. സൈന്ധവന്മാരെ ആര്യന്മാർ കീഴടക്കുകയും ഇന്ദ്രന്റെ നേതൃത്വത്തിൽ ഉത്തരഭാരത്തിൽ വൈദികർക്ക്‌ പ്രാമാണ്യം കൽപിക്കുകയും ചെയ്ത ആര്യാവർത്തകാലഘട്ടത്തെ 'ഇന്ദ്രഭാരതം' എന്നും നാമകരണം ചെയ്യുന്നു.
    നവീനശിലായുഗം, സൈന്ധവ നാഗരികത, ദ്രാവിഡ അധിനിവേശം, ആര്യാധിനിവേശം എന്നിങ്ങനെ ഗോത്രാധിപത്യ വ്യവസ്ഥകളിലൂടെ സാമൂഹിക ക്രമങ്ങൾ നിലകൊള്ളുകയും അവയെല്ലാം പ്രത്യേകം അറകളായി തിരഞ്ഞ്‌ നിലനിൽക്കാതെ, ചരിത്രത്തിന്റെ തുടർച്ചയും ഇടർച്ചയുമായി ഇടകലർന്നും ഒറ്റതിരിഞ്ഞും അതിജീവിച്ചു പോന്നതിന്റെ ഒരു ഹ്രസ്വചിത്രം അവധാനതയോടെ, യുക്തിനിഷ്ഠമായി ഔസേഫ്‌ ചിറ്റക്കാട്‌ അവതരിപ്പിക്കുന്നു. ചരിത്രത്തിൽനിന്ന്‌ വിട്ടുപോയ അടരുകൾ ഗ്രന്ഥകർത്താവ്‌ വളരെ സമർത്ഥമായാണ്‌ കൂട്ടിച്ചേർക്കുന്നത്‌. ചരിത്രകാരന്മാർക്കിടയിൽ ഐക്യരൂപ്യമാവാത്ത കാലഗണനകൾ പുരാണകഥാഘടനകളിലെ കാലമാത്രസൂചികകളിലൂടെയാണ്‌ ചിറ്റക്കാട്‌ വിളക്കിച്ചേർക്കുന്നത്‌.
    സൈന്ധവനാഗരികതയിലെ പുലഹ-പുലസ്ത്യന്മാർ, നവീനശിലായുഗത്തിലെ ഗോത്രത്തലവനായ ശിവൻ, ഭൂതഗണനാഥനായ രുദ്രൻ, ദ്രാവിഡരുടെ ആദ്യകാലനേതാവ്‌ ദാരികൻ, മെസപ്പൊട്ടേമിയായിൽനിന്നും വന്ന ഗോത്രങ്ങളിലെ പ്രമുഖരായ ഭൃഗു-അംഗിരസ്‌, സൈന്ധവനഗരങ്ങൾക്ക്‌ ആസൂത്രിതമായ രൂപം നൽകിയ വസിഷ്ഠന്മാർ ഇങ്ങനെ വേദോപനിഷത്പുരാണങ്ങളിൽനിന്നും സ്മൃതിദർശനങ്ങളിൽനിന്നും അനേകം സന്ദർഭങ്ങളും സാഹചര്യങ്ങളും കഥാപാത്രങ്ങളും അണിനിരത്തിയാണ്‌ തന്റെ ചരിത്രബോധത്തെ ഔസേഫ്‌ ചിറ്റക്കാട്‌ അടയാളപ്പെടുത്തുന്നത്‌ ചരിത്രം എന്നത്‌ പുരാണരേഖയല്ല, സംസ്കൃതിയാണ്‌. ജീവിതത്തിന്റെ രീതിഭേദങ്ങളെ വർഗ്ഗപരമായും വംശപരമായും രേഖപ്പെടുത്താത്ത അനേകം അടിയൊഴുക്കുകളിൽനിന്നും ശേഖരിച്ചെടുത്ത അറിവുകളാണത്‌. വ്യക്തവും സുന്ദരവും ആലോചനാമൃതവുമാണ്‌ ഈ രചന. ചരിത്രപരമായ ശേഷിപ്പുകളൊന്നും തള്ളിക്കളയാതെ ഉന്മേഷത്തോടെ പുനഃസജ്ജീകരിച്ചിരിക്കുന്ന 'ആദിഭാരതം ചില മുൻവിധികൾ' വായനയുടെ ഇടങ്ങളെ സജീവമാക്കും എന്നതിൽ സംശയമില്ല.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ