22 Nov 2014

യാത്രാമൊഴി--കവി അയ്യപ്പന്‍

രാധാമണി പരമേശ്വരൻ
----------------------------------------------------
അനാഥമാം ഈ ജീവിത യാത്രയില്‍ ആറടി -
മണ്ണിന്‍റെ ജന്മിയാണ് ഇന്നു ഞാൻ
പിരിയുമ്പോഴും ഈ സിരകളിൽ വിരിയുo
അക്ഷരദേവതേ പ്രണമിച്ചോട്ടെ!
മാനത്തു പാറിപ്പറക്കുന്ന പക്ഷിക്കും
രാപ്പാര്‍ക്കാനൊരുകൂടു സ്വന്തം
വെന്തുരുകീ ,വെയിൽ വീണുറങ്ങുമ്പോള്‍
തലചായ്ക്കാനൊരു കൂരയില്ല
ശാപജന്മം പേറി മണ്ണോടലിയുമ്പോൾ
തീറെഴുതാനും തെല്ലുമൊന്നുമില്ല
ജീവിതനാടക കളരിയിലാടിയ കിന്നര
വേഷങ്ങളൊന്നിച്ചഴിഞ്ഞു വീണു
വിരഹമെന്നോതിക്കരഞ്ഞു തീർക്കാനും
ബന്ധങ്ങള്‍ ലേശവും ബാക്കിയില്ല
അബോധതലങ്ങളിൽ മധുരസം കൊണ്ടു ഞാ-
നെഴുതിയ തെറ്റുകൾ കവിതയായ്
കൊത്തിപ്പറിക്കുവാൻ തമ്മിലടിക്കുവാൻ
സ്വത്തിനായാരും വരില്ല മേലിൽ
കണ്ടു തീരാത്ത പൊയ്ക്കിനാവെല്ലാമേ
പടുതിരി കത്തിച്ചു ചാമ്പലാക്കി
കാമിനിമാരുടെ പ്രണയോപഹാരം ചതി-
യുടെ ചീയും മാറാപ്പണിഞ്ഞിരുന്നു
തൊഴുതുവണങ്ങിയ ദൈവങ്ങളൊരുനാള്‍
പാപിയെന്നുരുവിട്ടു മിഴിയടച്ചു
അനാഥജെന്മത്തിന് അഭയമില്ലാതാകെ
പ്രത്യയശാസ്ത്രവും കൈയൊഴിഞ്ഞു
ശവമഞ്ചം ചുമക്കുമ്പോള്‍ പറയാനുള്ളോരു
രഹസ്യം ഇന്നിതാ കുറിച്ചു വെച്ചു
ഹൃദയധമിനിയില്‍ വിരിയുo കുങ്കുമ -
പനിനീര്‍ദളം പൂകി മുഖം മറക്കൂ
ശുഷ്‌ക്കിച്ചുണങ്ങി വരമാഞ്ഞ കൈകളില്‍
പൂവിതള്‍ വിതറി പൊതിഞ്ഞീടണo
മൃതിയുടെ നിളയിലേക്കൊഴുകി നീന്തുമ്പോള്‍
പലതും ഒരു പക്ഷേ മറന്നുപോകും
ഇനിയെനിക്കെല്ലാം മരണപ്പെട്ട ഗതിയില്ലാ-
ത്താത്മാക്കള്‍ മാത്രമേ കൂട്ടിനൊള്ളൂ
പറന്നകന്നെന്‍റെ ശ്വാസ നിശ്വാസത്തെ
തര്‍പ്പണo തന്നു തിരികെ വിളിക്കല്ലേ
കാലന്‍ വന്നെതിരേറ്റു കൊണ്ടുപോനേരത്തു
വൃഥാ പച്ചരീയെള്ളും തൂകി വാമൂടല്ലേ!
മരണം വന്നു തലോടുമ്പോഴും ഞാന്‍ അറി-
യാതെ പോയൊരു സത്യമുണ്ട്
പങ്കിട്ടുനല്കുവാന്‍ ശൂന്യമാം കൈകളില്‍
ഒരുതുണ്ടു കവിതയും തൂലികയും
നീറിയ കരളിന്‍റെ ഉള്ളിന്‍റെയകതാരില്‍
ചിറകിട്ടടിക്കുന്നു തെരുവിലമരും
'' വെയില്‍ തിന്നും പക്ഷികള്‍''

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...