22 Nov 2014

വിമർശനത്തിന്റെ സൂക്ഷ്മദർശിനി





ഡോ.സൂരജ ഇ.എം.

'അബ്സേർഡിസം' എന്നാൽ തികച്ചും അസംബന്ധമായ കാര്യങ്ങൾ മാത്രമാണോ? ഒറ്റ നോട്ടത്തിൽ അങ്ങനെ തോന്നാമെങ്കിലും വാസ്തവത്തിൽ ആന്തരികമായ ഒരു യുക്തികൊണ്ട്‌ പുതിയ അർത്ഥങ്ങളിലേയ്ക്ക്‌ വ്യാപിയ്ക്കുന്ന ഒരു പിടച്ചിലും പരസ്പരം മല്ലടിച്ചുകൊണ്ടിരിക്കുന്ന സങ്കീർണ്ണതകളെ തുലനപ്പെടുത്താനുള്ള ബോധപൂർവ്വമായ ശ്രമവുമാണ്‌ അത്‌. 'മതത്തിൽ, രാഷ്ട്രീയത്തിൽ, സാമൂഹികജീവിതത്തിൽ, തത്ത്വചിന്തയിൽ, പൊതുമനസ്സിൽ എല്ലാം അർത്ഥവും ലക്ഷ്യവും നഷ്ടപ്പെടുകയോ, മുഖം മൂടിയണിഞ്ഞ വഞ്ചന നിറയുകയോ ചെയ്യുന്നതിനെ ഒരു ഉടഞ്ഞ കണ്ണാടിയിലെന്ന പോലെ' പ്രതിഫലിപ്പിക്കുകയാണ്‌ അബ്സേർഡിസം ചെയ്യുന്നത്‌. ഒരു കാലതന്ത്രമെന്ന നിലയിൽ 'അബ്സേർഡിസ'ത്തെ (അസംബന്ധത്തെ) വസ്തുനിഷ്ഠവും സൂക്ഷ്മവുമായി അടയാളപ്പെടുത്തുന്ന ഈ നിരീക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത്‌, കേരള സാഹിത്യഅക്കാദമി പ്രസിദ്ധീകരിച്ച, ഡോ.കൽപറ്റ ബാലകൃഷ്ണന്റെ സാഹിത്യം, മാധ്യമം, സൗന്ദര്യശാസ്ത്രം എന്ന പ്രൗഢഗ്രന്ഥത്തിലാണ്‌.  മേൽസൂചിപ്പിച്ച വസ്തു നിഷ്ഠതയും സൂക്ഷ്മതയുമാകട്ടെ, ഈ കൃതിയിലെ എല്ലാ ലേഖനങ്ങൾക്കും  പൊതുവായ സവിശേഷതകളുമത്രേ.
    ലളിതവും സുഗ്രഹവും അതേ സമയം ആഴത്തിലുള്ള ചിന്തകൾ കൊണ്ട്‌ സമ്പന്നവുമായ ഇരുപത്തിമൂന്ന്‌ ലേഖനങ്ങളുടെ സമാഹാരമാണ്‌ 'സാഹിത്യം, മാധ്യമം, സൗന്ദര്യശാസ്ത്രം' എന്ന കൃതി. നവ ഭാവുകത്വത്തിന്റെ വീക്ഷണകോണിലൂടെ വ്യത്യസ്തങ്ങളായ സാഹിത്യപ്രസ്ഥാനങ്ങളേയും പ്രവണതകളേയും പരിചയപ്പെടുത്താനും മലയാളി അറിയാതെ പോകരുതെന്ന്‌ ഗ്രന്ഥകാരന്‌ നിർബന്ധമുള്ള അതികായരെ അടുത്തുനിന്ന്‌ നോക്കിക്കാണാനുമാണ്‌ ഈ ലേഖനങ്ങൾ ശ്രമിക്കുന്നതെന്ന്‌ അവയുടെ വിഷയ വൈവിദ്ധ്യത്തെ സംഗ്രഹിയ്ക്കാം.
    അബ്സേഡിസത്തെപ്പറ്റി പറഞ്ഞതുപോലെ, ഉപരിതലത്തിൽ ശിഥിലമായ ഒരു ഘടനയാണെങ്കിലും, ലേഖനങ്ങളെ ഏകാഗ്രതയിലേക്ക്‌ ഇണക്കാൻ ഗ്രന്ഥനാമത്തിനു സാധിക്കുന്നുണ്ട്‌. മലയാളത്തിലെ നിരൂപണശാഖയ്ക്ക്‌ കൈമോശം വന്നുകൊണ്ടിരിക്കുന്ന മൗലികതയും ചിന്താപരതയുമാണ്‌ ഈ പഠനങ്ങളെ വ്യത്യസ്തമാക്കുന്നത്‌.
    'അമീഡി അഥവാ അത്‌ എങ്ങനെ ഒഴിവാക്കാം' എന്ന ലേഖനം യുജീൻ അയനസ്കോവിന്റെ അതേ പേരിലുള്ള പ്രമുഖ നാടകത്തിന്റെ വിശകലനമാണ്‌. വീട്ടിലിരുന്ന്‌ ടെലിഫോൺ സ്വിച്ച്‌ ഓപ്പറേറ്റ്‌ ചെയ്യുന്ന ജോലിക്കാരിയായ മെദ്ലിന്റേയും നാടകകൃത്തായ അമീഡിയുടേയും മണിയറയിൽ പതിനഞ്ചു വർഷത്തോളം കിടക്കുകയും വിചിത്രമായ വേഗത്തിൽ വളരുകയും ചെയ്യുന്ന ഒരു മൃതദേഹത്തെ എങ്ങനെ ഒഴിവാക്കാം എന്ന ചിന്തയും അതിനുവേണ്ടിയുള്ള ശ്രമങ്ങളുമാണ്‌ നാടകത്തിന്റെ ഉള്ളടക്കം. നാടകത്തിൽ എഴുത്തുകാരൻ ഉപയോഗിച്ച 'ചത്തമനുഷ്യൻ' എന്ന സിംബലിനെ മുൻനിർത്തിയുള്ള ഈ പഠനം, അബ്സേഡിസത്തെക്കുറിച്ചുള്ള ആദ്യലേഖനത്തിന്റെ തുടർച്ചയും അസംബന്ധകലയെക്കുറിച്ചുള്ള പഠനത്തിന്റെ പ്രായോഗിക മാതൃകയുമാണെന്നു പറയാം. ഈ രണ്ടു ലേഖനങ്ങളേയും ചേർത്ത്‌ ഒരൊറ്റ പഠനമായി വായിച്ചാലും തെറ്റില്ല.
    ഭാവഗീതം, ചൂർണ്ണ കവിത, ഗീതങ്ങളുടെ സംസ്കാരം, മൃത്യുപൂജകൾ, ഗീതകപ്പരുമ, നാടകീയ സ്വാഗതാഖ്യാനം എന്നീ ആറു ലേഖനങ്ങളും, സാമാന്യാർത്ഥത്തിൽ ഭാവഗീത പഠനങ്ങളാണ്‌, വിഖ്യാതങ്ങളായ നിരവധി നിർവ്വചനങ്ങൾ ഉദ്ധരിച്ച ലേഖകൻ ഭാവഗീതത്തെ ഇപ്രകാരം സംഗ്രഹിയ്ക്കുന്നു: 'സ്വന്തമായ സംഗീതം സൃഷ്ടിക്കുന്ന വ്യക്തിഗത വികാരങ്ങളുടെ വിസ്ഫോടനമാണവയെന്ന്‌ നമുക്ക്‌ ചുരുക്കിപ്പറയാം. ചിലപ്പോൾ നാടകീയതയുടെ തീവ്രമുഹൂർത്തം', (ഭാവഗീതം) ഭാവഗീതത്തിന്റെ അടിസ്ഥാന ഘടകങ്ങളായ ഭാവാത്മകത, സംഗീതാത്മകത, നാടകീയത, ധ്യാനാത്മകത എന്നിവയെല്ലാം ഉൾക്കൊള്ളുന്ന ശക്തമായ ഇത്തരമൊരു നിർവ്വചനത്തിലേയ്ക്ക്‌ ലേഖകൻ എത്തിച്ചേരുന്നത്‌ അദ്ദേഹത്തിന്റെ അറിവിന്റെ നിറവിൽ നിന്നു തന്നെയാണ്‌.
    സംഘകാല കൃതികളെ 'ദ്രാവിഡഗീതങ്ങൾ' എന്നു വിശേഷിപ്പിക്കാനും അവയെ ഗീതങ്ങളുടെ സാംസ്കാരിക പശ്ചാത്തലവുമായിണക്കി വിശകലനം ചെയ്യാനും ഗ്രന്ഥകാരൻ ശ്രമിക്കുന്നുണ്ട്‌ (ഗീതങ്ങളുടെ സംസ്കാരം). 'പിൻഡാറോ, ഹൊറൈസോ ഇല്ലാതെത്തന്നെ ഈ രൂപത്തിന്‌ (ഗീതങ്ങൾക്ക്‌) ദ്രാവിഡഭാവം പ്രാധാന്യം കൽപിച്ചു കൊടുത്തു' എന്ന നിരീക്ഷണം പാരമ്പര്യത്തിന്റെ തിരിച്ചറിവിൽ നിന്നുണ്ടാകുന്നതാണ്‌. ഇതിൽ നൂറ്റമ്പതിലേറെ കവികളെ കണ്ടെത്താനാകുന്ന 'പുറനാനൂറ്‌', വീരാർച്ചനകൾ എന്ന നിലയ്ക്ക്‌ വൈദേശിക മാതൃകകളോട്‌ കിടപിടിക്കുന്ന 'പതിറ്റുപത്ത്‌' എന്നിവയെ മുൻ നിർത്തി ഗീതങ്ങളുടെ ദ്രാവിഡസ്വത്വം വിശദീകരിക്കുകയും മലയാളത്തിലെ ഗീതസംസ്കാരം വൈദേശിക പ്രവണതകളെ പിൻതുടർന്ന്‌ രൂപപ്പെട്ടതാണെങ്കിലും, അതിൽ ഈ പാരമ്പര്യത്തിന്‌ പുറത്തുനിന്നൊന്നുമില്ല എന്ന്‌ ഉറപ്പിച്ചു പറയുകയും ചെയ്യുന്നു. മലയാളം മറന്നുപോയ 'ഇസ'ങ്ങളിൽ ഒന്നായിട്ടാണ്‌ അദ്ദേഹം 'ദ്രവീഡിയനിസ'ത്തെ കണ്ടെടുക്കുന്നത്‌. ഈ അഭിപ്രായത്തിന്റെ വിപുലീകരണം പിന്നീട്‌ 'ദ്രാവിഡസാഹിത്യ വീക്ഷണം' എന്ന ലേഖനമായി പ്രത്യക്ഷപ്പെടുന്നുണ്ട്‌. മലയാളി തിരിച്ചു പിടിക്കേണ്ട ദ്രാവിഡസ്വത്വബോധത്തെക്കുറിച്ചു
ള്ള ഓർമ്മപ്പെടുത്തലുകളായി മാറുന്നുണ്ട്‌ ഈ പഠനങ്ങൾ.
    ചൂർണ്ണ കവിത, മൃത്യുപൂജകൾ, ഗീതകപ്പെരുമ, നാടകീയ സ്വഗതാഖ്യാനം എന്നീ ലേഖനങ്ങൾ യഥാക്രമം ചൂർണ്ണികാപ്രായമായ കാവ്യങ്ങൾ (Epigram), വിലാപകാവ്യങ്ങൾ(Eligy), ഗീതകം (Epigram) , നാടകീയ സ്വാഗതാഖ്യാനം (Dramatic Monolouge) എന്നീ കാവ്യരീതികളെക്കുറിച്ചുള്ള പഠനങ്ങളാണ്‌. പ്രസ്ഥാനപഠനങ്ങൾ എന്ന നിലയിൽ ആധികാരികവും സമഗ്രവും ആകുന്നതിനോടൊപ്പം ഉദാഹരണങ്ങളിലൂടെ സ്വയം വിശദീകരണക്ഷമവും ആണ്‌ ഇവയെല്ലാം.
    ആധുനികതയെ സാധ്യമാക്കിയ സാഹചര്യങ്ങളും ഒരു പ്രസ്ഥാനമെന്ന നിലയിൽ അതിന്റെ സ്ഥാനവും സവിശേഷതകളുമൊക്കെ വിലയിരുത്തുന്ന ഒരുകൂട്ടം ലേഖനങ്ങളും ഈ സമാഹാരത്തിലുണ്ട്‌. ബന്ധങ്ങൾ നഷ്ടപ്പെട്ട്‌ ദൃഢത കുറഞ്ഞ 'ആൾക്കൂട്ടസമൂഹങ്ങ'ളുടെ പശ്ചാത്തലത്തിലാണ്‌ ആധുനികത പുഷ്ടിപ്പെടുന്നത്‌. സമൃദ്ധിയുടേതെന്നു വിലയിരുത്തപ്പെട്ട ആധുനികസമൂഹം അലക്ഷ്യതയുടേതാകുന്നുണ്ടോ എന്ന ചിന്ത 'ആൾക്കൂട്ടങ്ങൾ' എന്ന ലേഖനം പങ്കുവെയ്ക്കുന്നു. ആധുനികനോവവുകളിലേയും കഥകളിലേയും ഫാന്റസിയെക്കുറിച്ചും, അവയ്ക്ക്‌ സമൂഹവും ചരിത്രവും സ്വപ്നവുമൊക്കെയായുള്ള ബന്ധത്തെക്കുറിച്ചുമൊക്കെയുള്ള വിശകലനമാണ്‌ 'കലയ്ക്കുവേണ്ടിയാണ്‌ കല' ഇതിൽ, വളരെ അനായസമായി, സിദ്ധാന്തങ്ങളിൽ നിന്ന്‌ പ്രായോഗികമാതൃകകളിലേയ്ക്ക്‌ എത്തുന്നതുകാണാം. താത്ത്വികവും കലാപരവുമായ ഒരു വിഷയം എന്ന നിലയ്ക്ക്‌, സാഹിത്യത്തിലെ ദുർഗ്രഹതയെ വിലയിരുത്തുന്ന വിഷമമുള്ള സംഗീതം, നവീന നിരൂപണമാനദണ്ഡങ്ങളെക്കുറിച്ചും ചർച്ചചെയ്യുന്ന പുതിയ സമസ്യകൾ എന്നിവയും ആധുനികതാപഠനങ്ങൾ എന്ന നിലയിൽ ശ്രദ്ധേയമാകുന്നു.
    മനുഷ്യന്റെ അടങ്ങാത്ത ജീവിതത്വരയുടെ പ്രതിഫലനങ്ങളാണ്‌ മാധ്യമങ്ങൾ. അവ, ഭിത്തികളില്ലാതെ ജയിലുകൾ നിർമ്മിക്കുകയും, ജീവിതത്തെത്തന്നെ പുനർനിർമ്മിക്കുകയും ചെയ്യുന്നു. മാധ്യമം സന്ദേശമാകുന്നു. (Medium is the message) എന്ന മക്ലൂഹന്റെ അഭിപ്രായം പ്രസക്തമാകുന്നത്‌. ഈ സാഹചര്യത്തിലത്രേ. 'മാധ്യമങ്ങൾ' 'മാന്യരായ വായനക്കാർ' എന്നീ ലേഖനങ്ങൾ അടിസ്ഥാനപരമായി കൈകാര്യം ചെയ്യുന്നത്‌ മാധ്യമങ്ങളുടെ വൈപുല്യവും സ്വാധീനശേഷിയും സാധ്യതകളും പ്രസക്തിയുമൊക്കെ ഉൾപ്പെടുന്ന വിശാലമായ അന്വേഷണമേഖലകളാണ്‌.
    മുതിർന്ന ഒരു മനുഷ്യന്‌ മറ്റൊരാളുടെ ശിഷ്യനാകാൻ കഴിയില്ല എന്ന ഷെൽഡൽ ബി.കോപ്പിന്റെ അഭിപ്രായത്തെ മുൻനിർത്തി അവനവന്റെയുള്ളിലെ അറിവിനെയും നന്മയേയും കണ്ടെത്തി, പ്രപഞ്ചത്തോടൊപ്പം സംയോജിപ്പിച്ച്‌ സ്വയം ക്രമീകരിയ്ക്കുന്ന ഒരു പാരിസ്ഥിതികാവബോധത്തിലേയ്ക്ക്‌ ഉണരുക എന്ന ഗുരുനീതിയെപ്പറ്റി ഉദ്ബോധിപ്പിക്കുന്ന ലേഖനമാണ്‌ 'ഗുരുക്കന്മാർ'. സാഹിത്യത്തിലേയ്ക്കും ജീവിതത്തിലേയ്ക്കും ഗുരുതുല്യരായ അതികായകരെ പരിചയപ്പെടുത്തുന്ന ലേഖനങ്ങളാണ്‌ തുടർന്ന്‌ പ്രത്യക്ഷപ്പെടുന്നത്‌. നവീനവിമർശകരിൽ പ്രമുഖനായ നോർത്രോപ്ഫ്രൈ, ഭൂതകാല പഠനങ്ങളിലൂടെ തനിമയെക്കുറിച്ചന്വേഷിച്ച വൈദികപണ്ഡിതൻ വാൾട്ടർ ജെ ഓങ്ങ്‌, ഇലക്ട്രോണിക്‌ യുഗത്തിന്റെ പ്രവാചകനെന്നു വിശേഷിയ്ക്കപ്പെട്ട മക്ലൂഹൻ, ശക്തമായ സ്വാതന്ത്രദാഹവും മാനവികതാബോധവും കൊണ്ട്‌ ലോകത്തെ സ്വാധീനിച്ച ചിന്തകനും പത്രപ്രവർത്തകനും എഴുത്തുകാരനും ആക്ടിവിസ്റ്റുമായ ക്ലെസ്ര്, സമകാലിക സംസ്കാരത്തെ മൗലികമായി പഠിയ്ക്കാൻ ശ്രമിച്ചവരിൽ മുൻപന്തിയിൽ നിൽക്കുന്ന സൂസൻ സൊണ്ടാഗ്‌, ഘടനാവാദത്തിന്റെ സൈദ്ധാന്തികവും പ്രായോഗികവുമായ സ്ഥിരീകരണങ്ങൾ കൊണ്ട്‌ ആധുനികനിരൂപണത്തിലെ സ്വാധീനശക്തിയായി മാറിയ റോളൻഡ്‌ ബാർത്ത്സ്‌ എന്നിവരോടൊപ്പം സാഹിത്യചിന്തകൻ എന്ന നിലയിൽ ഗാന്ധിജിയേയും വിലയിരുത്തുന്ന ലേഖനങ്ങളാണ്‌ അവ.
    അറിവിന്റെയും ചിന്തയുടേയും വിശാലമേഖലകളെ സുഘടിതമായി സംഗ്രഹിക്കുകയും, ആവശ്യമായ വിശദീകരണങ്ങളോടെ സുഗ്രഹമാക്കുകയും ചെയ്യുന്ന അക്കാദമിക പഠനഗ്രന്ഥമെന്ന്‌ നിസ്സംശയം വിശേഷിപ്പിക്കാവുന്ന കൃതിയാണ്‌ 'സാഹിത്യം, മാധ്യമം, സൗന്ദര്യശാസ്ത്രം', പഠിപ്പിക്കലിന്റെ അംശം മുന്നിട്ടു നിൽകുന്ന ഈ പുസ്തകം ഏതു തരത്തിൽപ്പെട്ട ഭാഷാന്വേഷകർക്കും ഒഴിവാക്കാനാവാത്തത്താണ്‌. ചരിത്രപരവും സമകാലികവുമായ പ്രസക്തി ഒരേ സമയം അവകാശപ്പെടാവുന്ന അപൂർവ്വം കൃതികളിൽ ഒന്നായി ഇത്‌ മാറുന്നതും അതുകൊണ്ടുതന്നെ.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...