22 Nov 2014

സ്നേഹം സമാധാനം സൗഹൃദം


ഡോ.എം.എ.കരീം
വ്യക്തിസംസ്കരണത്തിലൂടെ സമൂഹത്തിൽ സ്നേഹവും സമാധാനവും സൗഹൃദവും ഉറപ്പിക്കുക എന്നതാണ്‌ മതങ്ങളുടെ ദൗത്യം. എന്നാൽ മതത്തിന്റെ യഥാർത്ഥ രൂപം ഇന്ന്‌ സമൂഹത്തിൽ കാണാൻ കഴിയുന്നില്ല. ഭീകരപ്രവർത്തനങ്ങൾ, തീവ്രവാദം, ബോംബ്‌ സ്ഫോടനങ്ങൾ, പൊതുസ്വത്ത്‌ നശീകരണം എന്നിവയുമായി ബന്ധപ്പെട്ട്‌ ഇന്ന്‌ മതങ്ങൾ അറിയാൻ തുടങ്ങിയിരിക്കുന്നു. മതം ഭീകരതയ്ക്കും ഹിംസയ്ക്കും പ്രേരണ നൽകുന്നു എന്നത്‌ വിരോധാഭാസം തന്നെയാണ്‌.
    മനസ്സുകൊണ്ടും വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും ഹിംസയിൽ നിന്നും ഒഴിഞ്ഞു നിൽക്കണമെന്നാണ്‌ എല്ലാ മതങ്ങളും അനുശാസിക്കുന്നത്‌. അഹിംസ പരമധർമ്മമാണെന്ന്‌ മഹാഭാരതത്തിൽ സൂചിപ്പിച്ചിരിക്കുന്നു. പരമതപസ്സും പരമസത്യവും അഹിംസ തന്നെയാണ്‌. എല്ലാ ജീവജാലങ്ങളോടുമുള്ള സ്നേഹത്തിൽ നിന്നാണ്‌ അഹിംസയുടെ ഉദയം. അഹിംസകൊണ്ട്‌ എല്ലാവർക്കും നന്മയാണ്‌ ഉണ്ടാകുന്നത്‌.
    ശ്രീബുദ്ധൻ അഹിംസയുടെ പ്രവാചകനായിരുന്നു. ദുഃഖത്തിൽ നിന്ന്‌ മോചനം നേടുക എന്ന ബൗദ്ധദർശനത്തിൽ അഹിംസയ്ക്ക്‌ വളരെ പ്രാധാന്യമാണ്‌ നൽകിയിട്ടുള്ളത്‌. ക്ഷുദ്രപ്രാണികളെ കൊല്ലുന്നതുപോലും ജൈനമതം വിലക്കിയിട്ടുണ്ട്‌. ഒരുതരത്തിലും ഹിംസയ്ക്കു കാരണമാവാത്ത രീതിയിൽ സൂക്ഷ്മതയോടെ ജീവിക്കണമെന്നാണ്‌ ജൈനമതം ആഹ്വാനം ചെയ്യുന്നത്‌.
    വലതു ചെകിടിൽ അടിച്ചാൽ ഇടതു ചെകിടുകൂടി ശത്രുവിന്‌ കാണിച്ചുകൊടുക്കണമെന്ന്‌ പറഞ്ഞ യേശുക്രിസ്തുവും ക്രിസ്തുമതവും സഹിഷ്ണുതയുടെയും സഹനത്തിന്റെയും മാർഗ്ഗമാണ്‌ സമൂഹത്തിൽ പ്രചരിപ്പിച്ചതു. മനുഷ്യനെ കൊല്ലുക എന്നത്‌ മഹാപാപമായി കാണുന്ന മതമാണ്‌ ഇസ്ലാം. 'ഇസ്ലാം' എന്ന വാക്കിന്റെ അർത്ഥം തന്നെ സമാധാനം എന്നാണ്‌. കാരുണ്യം, സഹിഷ്ണുത, സാഹോദര്യം എന്നിവ പ്രവാചകനായ മുഹമ്മദ്നബിയുടെ മുഖമുദ്രയായിരുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഒരു യഥാർത്ഥ മുസ്ലീമിന്‌ മറ്റൊരാൾക്ക്‌ ഉപദ്രവകാരിയായി ജീവിക്കാൻ കഴിയുകയില്ല. ശത്രുക്കളെ എതിരിടേണ്ടിവരുന്ന സന്ദർഭങ്ങളിൽപ്പോലും സ്ത്രീകളെയും വൃദ്ധന്മാരെയും കുട്ടികളെയും സംരക്ഷിക്കേണ്ടതുണ്ട്‌. തിന്മകളെ ഇല്ലാതാക്കുന്നത്‌ തിന്മകൾ കൊണ്ടല്ല നന്മകൾ കൊണ്ടായിരിക്കണം.
    ഇന്നു ലോകമെങ്ങും വിധ്വംസക പ്രവർത്തനങ്ങൾ ശക്തിപ്രാപിച്ചു വരികയാണ്‌. അതിന്റെ ഫലമായി നിരപരാധികളായ വ്യക്തികൾ പോലും ഇരകളായിത്തീരുന്നു. സ്നേഹവും സമാധാനവും സൗഹൃദവും നിറഞ്ഞു നിൽക്കുന്ന മതങ്ങളുടെ പവിത്രതയെ ചോദ്യം ചെയ്യുന്ന പ്രവർത്തനങ്ങൾ ഏതു മതക്കാരിൽ നിന്നുണ്ടായാലും അതിനെ ഒറ്റക്കെട്ടായി എതിർക്കേണ്ടത്‌ രാജ്യസ്നേഹികളുടെ കടമയാണ്‌. ആ വഴിക്കായിരിക്കട്ടെ ഭാരതീയരുടെ ചിന്തയും പ്രവർത്തനങ്ങളും.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...