മറവിയുടെ കാര്യം മറക്കാതിരിക്കുക!


സി.രാധാകൃഷ്ണൻ
    മറന്നുപോകാതിരിക്കാൻ ഒരു കാര്യം ഒതുക്കിച്ചുരുക്കി ഒരു തുണ്ടുകടലാസ്സിൽ എഴുതി സൂക്ഷിച്ചിട്ട്‌ ആ കടലാസ്സ്‌ എവിടെയാണ്‌ വച്ചതെന്നു മറന്നുപോകുമ്പോഴെല്ലാം നാം വിചാരിക്കുന്നു, ഈ മറവി എന്തൊരു ശാപമാണെന്ന്‌. പക്ഷെ, ഒന്നും മറക്കാൻ പറ്റാതിരുന്നാൽ നമ്മുടെ അവസ്ഥ എന്താകുമെന്ന്‌ ചിന്തിച്ചുനോക്കിയാലോ?
    എന്ത്‌ ഓർക്കണമെന്നും എന്തു മറക്കണമെന്നും നിശ്ചയിക്കുന്ന ഒരാൾ നമുക്കകത്തുണ്ട്‌. അയാൾ നമ്മെ നിയന്ത്രിക്കുന്നു; നമുക്കയാളെ എളുപ്പം നിയന്ത്രിക്കാനാവില്ല. അയാളുടെ നിയന്ത്രണശ്രമം നമ്മുടെ മനസ്സിൽ നടപ്പിലാകാതെ വരുമ്പോഴാണ്‌ മറവി ഒരു രോഗമാകുന്നത്‌. പ്രകൃതിയുമായുള്ള നമ്മുടെ പൊക്കിൾക്കൊടി ബന്ധത്തിന്‌ തേയ്മാനം വരുന്നു എന്നർത്ഥം.
    ഒരിക്കൽ മാത്രം കുറച്ചിട ഓർക്കാനുള്ളത്‌, കൂടെക്കൂടെ ഓർക്കാനുള്ളത്‌, ഏക്കാളവും ഓർക്കേണ്ടത്‌ എന്നിങ്ങനെ ഓർമ്മകൾ പലതരം ഉള്ളപോലെ മറവിയ്ക്ക്‌ തരാതരമുണ്ട്‌-തൽക്കാലം മറക്കേണ്ടത്‌, കുറച്ചു കാലത്തേക്ക്‌ മറക്കേണ്ടത്‌, എന്നേക്കുമായി മറക്കേണ്ടത്‌. ഈ തരംതിരിവു നിശ്ചയിക്കുന്നതും നേരത്തെ പറഞ്ഞ അയാളാണ്‌.
     ഈ തിരുമാലിയെപ്പറ്റി കുറച്ചു കൂടുതൽ അന്വേഷിക്കുന്നത്‌ രസകരമായിരിക്കും. ഒറ്റനോട്ടത്തിൽ നമുക്കു പിടിതരാത്ത കക്ഷിയാണ്‌. എന്ത്‌ ഓർക്കണമെന്നും മറക്കാമെന്നും എപ്പോഴും ഓർത്തിരിക്കുന്ന ആളെ ഇക്കാര്യം എപ്പോഴും ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുന്ന മറ്റൊരാളും ആ കക്ഷിയെ സദാ ഉണർത്തി പരിപാലിക്കുന്ന മൂന്നാമതൊരാളും അങ്ങനെയങ്ങനെ അറ്റമില്ലാത്ത ഒരു നിര! അവസാനമില്ല!
    കമ്പ്യൂട്ടറിലെന്നപോലെ അല്ല കാര്യം. ഡെപ്പോസിറ്റ്‌ ചെയ്തതേ കമ്പ്യൂട്ടറിന്റെ ഓർമ്മയിൽ ഉണ്ടാകൂ. മായ്ച്ചുകളഞ്ഞാൽ പോവുകയും ചെയ്യും. ഓർമ്മയിലുള്ളതിൽ നിന്ന്‌ ആവശ്യമുള്ളതെടുത്ത്‌ നിർദ്ദിഷ്ട രീതിയിൽ കൈകാര്യം ചെയ്യാനുള്ള കഴിവാണ്‌ മനുഷ്യമനസ്സുമായി കമ്പ്യൂട്ടറിനുള്ള സമാനത. ഏതോർമ്മ എടുക്കണമെന്ന്‌ സ്വയം നിശ്ചയിക്കാൻ യന്ത്രത്തിന്‌ ആവില്ല. നമ്മുടെ ഉള്ളിലാകട്ടെ, ഓർമ്മപ്പെടുത്തലുകാരുടെ നീണ്ട നിര അനന്തത്തവരെ ഉണ്ട്‌. ഇവരിൽ ആരാണ്‌ ഇടപെടുന്നതെന്ന്‌ നമുക്ക്‌ നിശ്ചയിക്കാനും പറ്റില്ല.
    അപ്പോൾ, അങ്ങേ അറ്റത്തെ ആളെ ആരായാൻ എന്തു ചെയ്യും? ആരായുന്നവനും ആരായലിന്റെ വിഷയവും ഒന്നുതന്നെ ആയിരിക്കുന്നതാണ്‌ ഇവിടെ പ്രശ്നം. സാരമില്ല, കാരണം, ഈ വഴിയിലുണ്ടാകുന്ന ഏറ്റവും ചെറിയ തിരിച്ചറിവുപോലും ഈ ഏകത്വം കാരണം വലിയ അനുഗ്രഹമാവും. എങ്ങനെയെന്ന്‌ നോക്കാം.
    വെള്ളം തെളിഞ്ഞാലേ കുളത്തിന്റെ അടി കാണാനാവൂ. കാണാൻവേണ്ടി ഇറങ്ങിയാൽ കുളം കലങ്ങുകയും ചെയ്യും! കുളത്തിലിറങ്ങാതെ കാര്യം കാണാൻ ഉപായം നേടിയേ തീരു. സംശയം വേണ്ട,വെള്ളം ഉണ്ടെങ്കിലല്ലേ കലക്കും കാഴ്ചയ്ക്കും തടസ്സവും വരൂ? മുഴുവൻ വെള്ളവും നീക്കിക്കളഞ്ഞാലോ? ഉറവെടുക്കുന്ന മുറയ്ക്ക്‌ നിവാരണം സ്ഥിരമാക്കുകകൂടി വേണം-നിരീക്ഷണപഠനം കഴിയുവോളം.
    ഇതു സാധ്യമാണോ എന്നു സംശയം തോന്നാം. സാധ്യമാണ്‌. മാത്രമല്ല, ഇതേ സാധ്യമാകൂ. കുളത്തിലേക്ക്‌ ഉറഞ്ഞുവരാവുന്ന വെള്ളമത്രയും ഒന്നിച്ചു വരില്ല എന്ന പോലെ മനസ്സിലും എല്ലാ ഓർമ്മകളും ഒരുമിച്ചുയിർക്കില്ല, നിൽക്കുകയുമില്ല. സൂക്ഷ്മമായി നോക്കിയാലറിയാം, ഒരു നിമിഷത്തിൽ ഒരേ ഒരു കാര്യമേ ഓർക്കാൻ പറ്റൂ. ഓർമ്മകൾ ചലച്ചിത്രമായി ഓടിയോടി വരുന്നതുകൊണ്ട്‌ നാമിത്‌ അറിയാറില്ല. അതായത്‌, പരിശ്രമംകൊണ്ട്‌ രാവണനെപ്പോലെ ദശാവധാനത-പത്തു കാര്യം ഒരേ സമയം ശ്രദ്ധിക്കാനുള്ള കഴിവ്‌-നേടിയാൽപ്പോലും ഓർക്കാൻ ഓർമ്മിപ്പിക്കുന്നവനെ, ഉണർത്തിയിരുത്തുന്നവനെ, മറക്കാനാനുവദിക്കാതെ സൂക്ഷിക്കുന്നവനെ. മറക്കാനനുവദിക്കാതെ സൂക്ഷിക്കുന്നവനെ. തന്റെ ചുമതലയെപ്പറ്റി ഓർമ്മിപ്പിക്കുന്നവനെ...ശിവ ശിവ! ആയിരം തിര നിറച്ച്‌ ഉള്ളിലിരിക്കുന്ന ഉണ്ണിയെ ഓർമ്മയുടെ നിറവുകൊണ്ട്‌ കണ്ടുകിട്ടില്ല.
    എതിർദിശയിലെ വഴിനോക്കാം. ഒന്നും ഓർമ്മിക്കാതെ ഒരു നിമിഷം ഇരിക്കാമെങ്കിൽ, ഓർമ്മിപ്പിക്കാൻ നിരന്തരം ഉണർന്നിരിക്കുന്ന ആളെ മുഖാമുഖം കാണാം! തുടർന്ന്‌ അയാളെ കർത്തവ്യനിരതനാക്കാൻ ബാധ്യസ്ഥനായ ആളെയും ശ്രമിച്ചാൽ കാണാം. പരിശ്രമം ഊർജ്ജിതമാക്കുന്നതോടെ അകത്തേയ്ക്കകത്തേയ്ക്കു നോട്ടമെത്തും. അവസാനം നോക്കുന്ന ആളും നോക്കപ്പെടുന്ന ആളും ഒന്നു തന്നെയെന്ന്‌ തിരിച്ചറിയും!
    പരിപൂർണ്ണമായ മറവിയാണ്‌ തികഞ്ഞ തിരിച്ചറിവിന്റെ നിബന്ധന. കടന്നുവരുന്ന ഓർമ്മകളെയെല്ലാം തടയുക. നല്ല ഉറപ്പുള്ള കിണർ വറ്റിക്കുന്നത്ര പ്രയാസമാണ്‌ പണി. എങ്കിലും നിത്യത്തൊഴിൽ ആനയെയും എടുക്കുമല്ലോ!
    ~ഒന്നും ഓർമ്മയില്ലായ്മയാണ്‌ തിരിച്ചറിവിന്റെ പാതയെങ്കിൽ മറവിരോഗം പരംകാഷ്ടയിലെത്തിവരല്ലേ എല്ലാം തിരിച്ചറിയുന്നവർ? അല്ല. കാരണം, ഓർമ്മയില്ലായ്മ മാത്രം പോരാ, ഓർമ്മയില്ല എന്ന ഓർമ്മ ഉണ്ടായിരിക്കുകകൂടി വേണം!
    ഓർമ്മകളെയെല്ലാം കൈയൊഴിഞ്ഞാൽ പിന്നെ നിത്യജീവിതമോ എന്നാണെങ്കിൽ, ഓർമ്മകളെ സ്ഥിരമായി തിരസ്കരിക്കാനല്ല, പൂർണ്ണമായും വരുതിയിൽ നിർത്താനുള്ള കഴിവ്‌ ആർജ്ജിക്കലാണ്‌ യോഗവിദ്യയുടെ ലക്ഷ്യം. മറക്കാൻ കഴിയുന്നവന്‌ സങ്കടങ്ങൾ ഇല്ല! കുടിപ്പകയില്ല, അപകർഷതയില്ല, ആത്മഹത്യാ പ്രവണതയില്ല, അത്രയുമല്ല, വേണ്ടത്‌ വേണ്ട സമയത്ത്‌ ഓർമ്മ വരാതിരിക്കയോ അക്കാര്യം അനവസരത്തിൽ ഓർമ്മയിൽ അരങ്ങേറുകയോ ഇല്ല. ഓർമ്മത്തെളിമ അത്യപൂർവമായ കർമ്മശേഷി തരും.
    പഠിച്ചതൊക്കെ മറന്നാലേ പുതുതായി എന്തെങ്കിലും കണ്ടെത്തനാവൂ എന്ന്‌ സർഗവൃത്തിയിൽ ഏർപ്പെടുന്ന എല്ലാവർക്കും അറിയാം. 'UNLEARN' എന്നാണ്‌ ആദ്യപാഠം. ഈ മറവിയാകട്ടെ, ഉപേക്ഷയല്ല; നിർത്തേണ്ടതിനെ നിർത്തേണ്ടിടത്ത്‌ നിർത്തുന്നു, അത്രതന്നെ.
    പഠിക്കണമെങ്കിൽ മറക്കണം. അതിനാൽ ഈ ലോകത്ത്‌ സമ്പാദിക്കാവുന്ന ഏറ്റവും പ്രധാനപ്പെട്ട പഠിത്തം എല്ലാമെല്ലാം മറക്കാനുള്ള പഠിത്തമാണെന്ന്‌ എപ്പോഴും ഓർക്കുക!

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?