പുഴയാകുവാന്‍ കൊതിച്ച്രമേശ്‌ കുടമാളൂര്‍.


പുഴയാകുവാന്‍ കൊതിച്ചൊരു കുഞ്ഞു മത്സ്യം
പുഴയുടെയാദിയില്‍ നിന്നും
അന്ത്യത്തിലേക്ക്
ആഴങ്ങളില്‍ നീന്തവേ
പുഴയുടെ പ്രവാഹമവള്‍ക്ക് പകര്‍ന്നു
ആത്മപ്രഹര്‍ഷമാം ജീവിതസ്നേഹം.

ഒഴുകുന്ന വഴികളില്‍ തരുശാഖികള്‍ നീട്ടി
അവളുടെ മേലേ തണല്‍സാന്ത്വനം
താഴെ ഹ്രദങ്ങളില്‍ പഞ്ചാര മണലിന്റെ
സ്നേഹത്തലോടലിന്‍ സൌഹൃദവും
നീളെയൊഴുകുന്ന കുളിരുള്ള നീരിന്റെ
ചുംബനപ്പൂക്കളാകും പ്രണയവുമേറ്റ്
ആദിയില്‍ നിന്നും
അന്ത്യത്തിലേക്ക്
ആഴങ്ങളില്‍ നീന്തി മത്സ്യം,
ഒരു പുഴയാകുവാന്‍ കൊതിച്ച്.

കര്‍ക്കടഹര്‍ഷം വന്യതാളങ്ങളില്‍
പുഴയിലാവേശം പെയ്തു നിറയുമ്പോഴും
വേനലില്‍ ശോകം തീമണല്‍ക്കവിളില്‍
കണ്ണുനീര്‍ച്ചാലുകള്‍ തീര്‍ത്തൊഴുകുമ്പോഴും
മഞ്ഞുകാലത്തിന്റെ കുളിരില്‍ കുതിര്‍ന്ന്
തരളമൊരു പാട്ടുപോല്‍ തുടിതുടിക്കുമ്പോഴും
പുഴയാകുവാന്‍ കൊതിച്ചൊരു കുഞ്ഞു മത്സ്യം.

മഴയുടെ വെള്ളിച്ചരടുപോല്‍ കൌതുകം
പെയ്തൊരു ബാല്യവും
അന്തരംഗത്തില്‍ നിന്നുയിരിട്ടു ചുറ്റിനും
ഒഴുകിപ്പരക്കുന്ന യൌവനമലരിയും
ജീവിതം പൂക്കുന്ന ചുഴികളും, ജീവിതം
ആര്‍ത്തു വീഴുന്ന തടനിപാതങ്ങളും...
ഒടുവില്‍
ഓരോരോ ചുഴികള്‍, കയങ്ങള്‍,
ഓരോരോ ജീവിതനിമിഷ ജലബിന്ദുക്കള്‍ എല്ലാമറിഞ്ഞ്
പതിയെയാ മത്സ്യം പുഴയെയറിഞ്ഞ്
സ്വയമൊരു പുഴയായിടുന്നു.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?