സജി സീതത്തോട്
എന്നു കണ്ടാലും നിന്റെ
ചേലെഴും ചുണ്ടത്തൊരു
പുഞ്ചിരിപ്പൂവുണ്ടല്ലോ
പാൽനിലാവലപോലെ!
ഈ മനോഹരസ്മിതം
എനിക്കു സമ്മാനിപ്പാ-
നെന്തൊരു ബന്ധം നമ്മൾ
തമ്മിലീ മണ്ണിൽ പെണ്ണേ!?
പാഠശാലയിലൊപ്പം
പഠിച്ചോരല്ല നമ്മൾ,
തൊട്ടയൽവീടുകളിൽ
താമസിപ്പോരുമല്ല;
കണ്ടിടാറുണ്ടെങ്കിലു-
മിന്നയോളവുമൊന്നും
മിണ്ടിയിട്ടില്ലെന്നുള്ള-
തല്ലെയോ പരമാർത്ഥം!
എന്തിനു, നിൻപേർപോലു-
മെനിക്കു വശമില്ല,
എന്നിട്ടും നീയെന്തിനീ
സുസ്മിതം സമ്മാനിപ്പൂ..?
എങ്കിലും നീയിപ്പോഴെൻ
ഹൃത്തടത്തിൻ പാതിയായ്
മാറിയെന്നാരോമലെ
മൽ മനം മൊഴിയുന്നു
ജീവിത ക്ലേശങ്ങളാൽ
വേദനിച്ചീടുന്നൊരെൻ
മാനസത്തിനാശ്വാസ-
മേകുന്നു നിൻ പുഞ്ചിരി
നാളെയുമിതുവഴി
നീവരുന്നതും നോക്കി
നിൽക്കും ഞാൻ നിശ്ശബ്ദനായ്
നിന്റെ പുഞ്ചിരിക്കായ്!