22 Nov 2014

വാങ്മുഖം


പ്രൊഫ..എം.തോമസ്‌ മാത്യു
    മനുഷ്യൻ ഉഭയജീവി (Amphibian) ആണെന്ന്‌ എഴുതിയത്‌ ആൾഡസ്‌ ഹക്സിലി ആണ്‌. കരയിലും വെള്ളത്തിലും ഒരു പോലെ ജീവിക്കാൻ കഴിയുന്ന തവളയെപ്പോലെയുള്ള ജീവികളെയാണല്ലോ ജീവശാസ്ത്രകാരന്മാർ ഉഭയജീവി എന്നു വിളിക്കുന്നത്‌. തത്ത്വചിന്തകൻ പറയുമ്പോൾ അതിന്റെ അർത്ഥം മാറുന്നു; അതിന്‌ ആലങ്കാരികമായ അർത്ഥം ലഭിക്കുന്നു. അപ്പോൾ രണ്ടുതലങ്ങളിൽ ജീവിക്കുന്ന, അങ്ങനെ ജീവിക്കാൻ കഴിയുമ്പോൾ മാത്രം ജീവിതം സാർത്ഥകമാകുന്ന ജീവിയാണ്‌ മനുഷ്യൻ എന്നാണ്‌ ഇവിടെ വിവക്ഷിച്ചിരിക്കുന്നത്‌ എന്ന്‌ നാം അറിയുന്നു. എല്ലാ ജീവികളെയും പോലെ ജൈവികതലത്തിലുള്ള ഒരു ജീവിതം മനുഷ്യജീവിക്കുമുണ്ട്‌. ഉണ്ടും ഉറങ്ങിയും പ്രജനനം നിർവ്വഹിച്ചും കഴിയുന്ന ഒരു ജീവി. ആ തലത്തിൽ ഒതുങ്ങിക്കൂടിയാൽ മനുഷ്യൻ മറ്റേതു ജീവിയേയും പോലുള്ള മറ്റൊരു ജീവി-ഇരുകാലി-മാത്രമേ ആവുകയുള്ളൂ. എന്നാൽ, മനുഷ്യൻ താൻ സൃഷ്ടിച്ച ചിഹ്നവ്യൂഹങ്ങളുടെ തലത്തിൽ ഒരു മാനസിക ജീവിതം കൂടി സാധ്യമാണ്‌. മനുഷ്യജീവി മനുഷ്യൻ എന്ന പദവിയിലേക്ക്‌ ഉയരുന്നത്‌ അപ്പോളാണ്‌.
    സൃഷ്ടപ്രപഞ്ചത്തിലെ സമസ്ത വസ്തുക്കളെയും ദൈവം മനുഷ്യന്റെ മുമ്പിൽ കൊണ്ടുവന്നു. അവൻ അവയ്ക്ക്‌ എന്തു പേരു വിളിക്കുന്നു എന്നു ദൈവം നോക്കി. മനുഷ്യൻ വിളിച്ചതു അവയ്ക്കു പേരായി എന്ന്‌ ബൈബിൾ. മനുഷ്യൻ തന്റെ ചുറ്റുപാടുകളെ അറിയാൻ ആരംഭിക്കുകയും അറിഞ്ഞവയെ വിചാരബിംബങ്ങളായി മസ്തിഷ്ക കോശങ്ങളിൽ സംഭരിക്കുകയും അവയെ തന്റെ സഹജീവികളുമായി പങ്കിടാൻ കഴിയുന്ന ഒരു വിനിമയ വ്യവസ്ഥ (Communicative System)ഉണ്ടാക്കുകയും ചെയ്തു. ഈ പ്രക്രിയ ഒന്നിനു പിന്നാലെ ഒന്നായി സംഭവിക്കുന്നതല്ല. അവയെ വേർതിരിക്കാൻ കഴിയാത്തവിധം ഏകകാലത്തിൽ സംഭവിക്കുന്നതാണ്‌.
    അറിവിന്റെ ആരംഭത്തെക്കുറിച്ചാണ്‌ ഈ പറഞ്ഞിരിക്കുന്നതെന്നു വ്യക്തമല്ലേ? അനുഭവ സീമയിലേക്കു വന്നവയെയെല്ലാം അറിഞ്ഞും നിർവ്വചിച്ചും തന്റെ ജ്ഞാനഘടനയിൽ ഉൾക്കൊള്ളിച്ചും മാത്രമേ മനുഷ്യജീവിതത്തെ മാനുഷികമാക്കാൻ കഴിയൂ എന്ന്‌ ഇത്‌ വ്യക്തമാക്കുന്നു. ഈ അറിവിന്‌ ദൈവം സാക്ഷിയാണെന്നു പറഞ്ഞിരിക്കുന്നത്‌ വളരെ ശ്രദ്ധേയമാണ്‌. ദൈവത്തിന്റെ സാക്ഷിത്വം നിഷ്ക്രിയമല്ല എന്നു കൂടി നാം അറിയേണ്ടതുണ്ട്‌. മനുഷ്യൻ എന്താണ്‌ അവയെ വിളിക്കുന്നതെന്ന്‌ അറിയാൻ വേണ്ടിയാണ്‌ ദൈവം  എല്ലാറ്റിനെയും മനുഷ്യന്റെ മുമ്പിൽ നിർത്തുന്നത്‌. ദൈവം നിഷ്ക്രിയ സാക്ഷിയല്ല എന്നതിനു തെളിവ്‌ അതാണ്‌. ദൈവം സാക്ഷിയല്ലെങ്കിൽ പിന്നെ പിശാച്ച്‌ സാക്ഷിയാകും. വെളിച്ചമില്ലെങ്കിൽ ഇരുട്ടുണ്ടാകും എന്ന്‌ എടുത്തുപറയണമോ?
    വിദ്യാഭ്യാസത്തിൽ അതിപ്രധാനമായ കാര്യവും ഇതുതന്നെയാണ്‌. അറിവിൽ നിന്ന്‌ ദൈവികതയെ, അതിന്റെ ആവിഷ്കാരമായ സ്നേഹകാരുണ്യങ്ങളെ, ഒഴിവാക്കിക്കൊണ്ടുള്ള വിദ്യാഭ്യാസം ആധുനിക കാലത്തിന്റെ സവിശേഷതയായിരിക്കുന്നു. കള്ളനോട്ടടിക്കുന്നവനെക്കാൾ മികച്ച അച്ചടി വിദഗ്ധൻ വേറെയുണ്ടോ? വിധ്വംസകപ്രവൃത്തികളിൽ ഏർപ്പെട്ടിരിക്കുന്നവരേക്കാൾ സാങ്കേതിക വൈദഗ്ദ്ധ്യം ശാസ്ത്രസാങ്കേതിക മേഖലയിൽ പ്രവർത്തിക്കുന്നവർക്കുണ്ടോ? സംവേദനമാധ്യമങ്ങളുടെ ദുരുപയോഗത്തെക്കുറിച്ചും അത്‌ മനുഷ്യജീവിതത്തിന്റെ താളം തെറ്റിക്കുന്നതിനെക്കുറിച്ചും പറയുമ്പോൾ തന്നെ ഓർക്കണം അതൊക്കെ ചെയ്യുന്നവർ എത്ര മികവോടെ, ഒരു പിഴവും പറ്റാതെ, അതു ചെയ്യുന്നു എന്ന്‌. ഒറ്റ പ്രശ്നമേയുള്ളൂ. അവരുടെ കുത്സിത മനസ്സിന്റെയും സ്വാർത്ഥ താത്പര്യങ്ങളുടെയും വിളയാട്ടമല്ലാതെ മനുഷ്യന്റെ ക്ഷേമത്തെക്കുറിച്ചുള്ള യാതൊരു പരിഗണനയും അവരെ അലട്ടുന്നില്ല. അറിവുകളേതും തന്റെ ലാഭത്തിന്‌, തന്റെ സുഖത്തിന്‌, തന്റെ നേട്ടത്തിന്‌, എന്ന വിചാരമേ അവർക്കുള്ളൂ. അതുകൊണ്ട്‌ തലവേദനയ്ക്കു ചികിത്സിക്കാൻ വരുന്ന രോഗിയുടെ വൃക്ക അറുത്തെടുത്ത്‌ കച്ചവടം ചെയ്യാൻ ഭിഷഗ്വരന്മാർക്കു മടിക്കേണ്ടതില്ല; മാരക വിഷം ചേർത്ത്‌ ഭക്ഷ്യവസ്തുക്കൾ വിൽക്കാൻ വ്യാപാരികൾക്ക്‌ അറപ്പു തോന്നേണ്ടതില്ല. കൂട്ടുകാർക്കു സമ്മാനിക്കുന്ന ചോക്ലേറ്റിനുള്ളിൽ അത്‌ പിളർന്ന്‌ ലഹരി വസ്തുക്കൾ തിരുകിവയ്ക്കാൻ വേണ്ട മിടുക്കുണ്ടായാൽ മതി മറ്റ്‌ ധാർമ്മിക പ്രശ്നങ്ങളൊന്നും അലട്ടേണ്ടതില്ല എന്ന്‌ ചിന്തിക്കുന്ന ക്രിമിനൽ ബുദ്ധി വിദ്യാർത്ഥികളിൽ പരക്കുന്നു. ഏതു കർമ്മവും പ്രോഫഷണൽ മികവോടെ ചെയ്യാൻ കഴിയണം-അതാണ്‌ ആധുനിക ലോകത്തിന്റെ ഒരേയൊരു പരിഗണന. ആ മിടുക്കിന്റെ പാരമ്യത്തിലേക്കുള്ള യാത്രയാണ്‌ ആരും കൊതിക്കുന്നത്‌. എന്തിന്‌ ഈ യാത്ര എന്ന ചോദ്യത്തിന്റെ ഉത്തരം ലളിതമാണ്‌. മുന്തിയ അളവിൽ വിഭവങ്ങളെ ചൂഷണം ചെയ്യാൻ, ആരെയും ഇരയാക്കി പ്രയോജനപ്പെടുത്താൻ!
    "അറിവു ശക്തിയാണ്‌" എന്ന്‌ പറഞ്ഞത്‌ ഫ്രാൻസിസ്‌ ബേക്കണാണ്‌. അർത്ഥം അറിഞ്ഞും അറിയാതെയും ആപ്തവാക്യം പോലെ നാം അത്‌ ആവർത്തിക്കുകയും ചെയ്യുന്നു. ബേക്കൺ ഉദ്ദേശിച്ചതു ശാസ്ത്രജ്ഞാനത്തെയാണ്‌. പ്രകൃതി രഹസ്യങ്ങൾ അറിയുന്നത്‌ അതിനെ മെരുക്കി വരുതിയിൽ നിർത്തി തനിക്കുവേണ്ട വിടുപണി ചെയ്യിക്കാൻ വേണ്ടിയാണ്‌. ഇങ്ങനെ പ്രകൃതിയുടെ മേൽ കോയ്മ കൊള്ളാൻ വേണ്ടിയാണ്‌ എന്നാണ്‌ അർത്ഥമാക്കിയത്‌. അത്‌ അറിഞ്ഞിട്ടു തന്നെയോ അത്‌ ആവർത്തിച്ച്‌ ഉദ്ധരിക്കപ്പെടുന്നത്‌? ഈ അറിവിന്റെ മുന്നേറ്റത്തിലാണ്‌ പ്രകൃതി മുണ്ഡനം ചെയ്യപ്പെട്ടത്‌, നദികൾ ഒഴുക്കു നിർത്തിയത്‌, മരുഭൂമികൾ വളർന്നത്‌, മനുഷ്യത്വം അന്തർദ്ധാനം ചെയ്തത്‌.
    ജ്ഞാനത്തിൽ ദൈവികതയുടെ അംശം കലർന്നില്ലെങ്കിൽ ആപത്തുണ്ടെന്ന്‌ തെളിയിക്കപ്പെട്ട കാലം പിറന്നിരിക്കുന്നു. ആഴമേറിയ അറിവ്‌ ആഴമേറിയ സ്നേഹം കൂടിയാവണം. അപ്പോൾ മാത്രമേ ക്ഷേമവും സമാധാനവും പുലരുകയുള്ളൂ. സ്നേഹം പ്രചോദിപ്പിക്കുന്ന ജീവിതത്തെ ജ്ഞാനം വഴി നടത്തണം. അവയെ രണ്ടിടത്താക്കിയാൽ ആസുരവൃത്തിയുടെ വിളയാട്ടം സംഭവിക്കും.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...