22 Nov 2014

വിമർശനം അനുഷ്ഠാനമല്ല


എം.കെ.ഹരികുമാർ

    ക്ലാസിസത്തിന്റെ മഹത്വം എത്രയുണ്ടെന്ന്‌ പറഞ്ഞാലും, അത്‌ ഇന്ന്‌ നിരന്തരമായി അനുകരിക്കപ്പെട്ട്‌ യാതൊരു അർത്ഥവുമില്ലാത്ത വ്യായാമമായിത്തീർന്നിരിക്കുകയാ
ണ്‌. സാഹിത്യരംഗത്ത്‌ മുടങ്ങാതെ സംഭവിക്കുന്നത്‌ അനുകരണം മാത്രമാണ്‌. കഥാപാത്രങ്ങളും പ്രമേയങ്ങളും ആവർത്തിച്ചുകൊണ്ടിരിക്കുന്നു. കവിതയിൽ ഒരേ വിചാരമോ വികാരമോ പൂർവ്വ നിശ്ചിതമായി ബിംബവൽക്കരിക്കപ്പെടുകയാണ്‌. പദ്യ നിർമ്മിതി എന്ന്‌ വിവക്ഷിക്കാവുന്നതരത്തിൽ ചിന്തകൾ, അതെത്ര താണതായാലും കാവ്യവത്ക്കരിക്കപ്പെടുന്നു. ഒരിടത്ത്‌ പുരാണകഥാപാത്രങ്ങൾ വിരേതിഹാസം എന്ന നിലയിൽ തന്നെ പുനരവതരിക്കുന്നു. ഇതിലൊന്നും ഉള്ളടക്കമില്ല. മറ്റൊരിടത്ത്‌ വ്യക്തിപരമായതെന്തും കവിതയാവുകയാണ്‌. കവികൾക്കുതന്നെ സ്വന്തം രചനകളിലുള്ള നിയന്ത്രണമോ സൂക്ഷ്മതയോ കൈമോശം വന്നിരിക്കുന്നു. അവർ അവരെത്തന്നെ കവിതയായി പരാവർത്തനം ചെയ്യുന്നു.
    സാഹിത്യചിന്തയിൽ ഇന്ന്‌ മൗലികമായിതീർന്നിരിക്കുന്ന യാഥാസ്ഥിതിക വാദം, അതിന്റെ സകലസീമകളും ലംഘിച്ചിരിക്കുന്നു. എങ്ങനെയാണ്‌ സാഹിത്യനിരൂപകൻ ഇതിന്റെയൊക്കെ ആസ്വാദകനാവുന്നത്‌? പഴയത്തിനെയും പുതിയതിനെയും താരതമ്യം ചെയ്തുകൊണ്ടോ, ഒരു കവിതയെ അതേകാലഘട്ടത്തിലെ നോവലുമായോ നാടകവുമായോ ഉള്ളടക്കത്തിന്റെ തലത്തിൽ സമന്വയിപ്പിച്ചുകൊണ്ടോ നിരൂപകന്‌ എങ്ങനെ മുന്നേറാൻ കഴിയും. ഈ കാലഘട്ടത്തിലെ രചയിതാക്കൾ പൊതുവിൽ അകപ്പെട്ടിരിക്കുന്ന കുരുക്കിലേക്ക്‌ വിമർശകനും ചെന്ന്‌ ഒരു നാളികേരമുടച്ച്‌ പങ്കാളിയാകണമോ? അതുകൊണ്ടാണ്‌ ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ അവതരിച്ച സാഹിത്യചിന്തകർ, നിരൂപണം എന്ന കേവലരൂപത്തിൽ നിന്ന്‌ വ്യതിചലിച്ച്‌ മനുഷ്യവ്യവഹാരത്തിന്റെ വിവിധ മേഖലകളിലേക്ക്‌ ജ്ഞാനതൃഷ്ണയോടെ യാത്രയാരംഭിച്ചതു. പുസ്തകം വായിക്കുന്നതു തന്നെ വലിയൊരു സമസ്യയാണെന്ന്‌ തിരിച്ചറിഞ്ഞത്‌ അങ്ങനെയാണ്‌. വായനക്കാരൻ ജീവനുള്ള ഒരു മനുഷ്യനാണ്‌, കലാകാരനാണ്‌, ഭാവനാശാലിയാണ്‌ എന്നൊക്കെ പറയുന്നതിനുമപ്പുറം എഴുത്തുകാരന്റെ ഭാഷപോലും അയാളുടേതല്ലെന്നും, അയാളുടെ അർത്ഥം എന്ന നിർമ്മാണം വളരെ പ്രാചീനമായ ഒരു വ്യവസ്ഥയുടെ പ്രതിധ്വനി മാത്രമാണെന്നും സിദ്ധാന്തം പറഞ്ഞവരുണ്ട്‌.
    ഇതൊക്കെ മനുഷ്യൻ എന്ന ചിന്താജീവിയുടെ അനിവാര്യതയാണ്‌. മറ്റൊരിടത്തേക്കും പോകാനാകാത്ത സാഹചര്യമാണിത്‌. ഒരു നോവലിന്റെ പഠനം, ഒരു കവിതയിലെ സ്ഥലകാലബോധം, കാൽപനിക കാലഘട്ടത്തിലെ കവിതകളിലെ മൃതുബോധം തുടങ്ങിയവിഷയങ്ങളൊക്കെ, നാം സമീപിക്കുന്നതിനു മുമ്പേ പഴകി തുരുമ്പിച്ചതാണ്‌. ഈ വിഷയങ്ങളെ എത്ര ഗാഢമായി സമീപിച്ചാലും ഒന്നും തന്നെ ലഭിക്കുകയില്ല. ഇതിനാവശ്യമായ അറിവ്‌ നേരത്തെതന്നെ ഇവിടെ ശേഖരിച്ചുവച്ചിട്ടുള്ളതാണ്‌. അത്‌ വേറൊരു രീതിയിൽ അടുക്കിയാൽ മതി. റൊമാന്റിക്‌ കവികൾ മൃതുബോധത്തെ എങ്ങനെയൊക്കെ സങ്കൽപിക്കും? റൊമാന്റിസം എന്താണെന്ന്‌ മനസിലാക്കിയാൽ,  അവരുടെ മൃതുബോധവും പുറത്തുവരും. ഒരു നോവലിനെ എങ്ങനെയാണ്‌ പഠിക്കേണ്ടത്‌? മനഃശ്ശാസ്ത്രപരമായി? ദളിത്‌ ചിന്തകളുടെ ബലത്തിൽ? സ്ത്രീ വാദത്തിന്റെ അടിസ്ഥാനത്തിൽ? തൊഴിലാളിവർഗ കാഴ്ചപ്പാടിൽ? ഇതിൽ ഏതായാലും ഉത്തരം നേരത്തെ തന്നെ ലഭിച്ചിട്ടുള്ളതാണ്‌. പ്രസ്തുത നോവലിൽ ഈ ആശയങ്ങൾ കണ്ടെത്തുക എന്ന ജോലി മാത്രമായിരിക്കും നിരൂപകനുള്ളത്‌. അയാൾക്ക്‌ സ്വന്തമായി ഒരന്വേഷണവും നടത്താനില്ല. കെട്ടിക്കിടക്കുന്ന ഇത്തരം ജലാശയങ്ങൾ സംരക്ഷിച്ചുപോരുകയല്ല വിമർശകന്റെ ജോലി. അക്കാദമിക്‌ പണ്ഡിതരും അവരുടെ അനുയായികളും ചേർന്ന്‌, എന്തിനെയും പഠിക്കപ്പെട്ട ആശയങ്ങളുടെ തൊഴുത്താക്കി മാറ്റുകയാണിന്ന്‌. ഇവിടെ വിമർശകന്‌ സ്വന്തമായി തിളങ്ങാനുള്ള സിദ്ധാന്തമോ വീക്ഷണമോ ലഭിക്കുകയില്ല.
    സാഹിത്യവിമർശകൻ ഈ യാഥാസ്ഥിതികത്വത്തെയാണ്‌ പൊളിക്കേണ്ടത്‌. സാഹിത്യത്തിന്റെ 'ഗ്രന്ഥകാര കേന്ദ്രീകൃതമായ' ആഖ്യാനത്തെയും അതിന്റെ അർത്ഥോൽപാദനത്തെയും തള്ളിക്കളഞ്ഞുകൊണ്ട്‌, ഒറ്റയ്ക്ക്‌ നീങ്ങേണ്ട സമയമാണിത്‌. അതുകൊണ്ട്‌ ഇന്നത്തെ വിമർശകൻ അർബനിസ്റ്റും  (Urbanist)സാങ്കേതികതയുടെ സൈദ്ധാന്തികനുമായി മാറുന്നത്‌. നഗരം, ചരിത്രം, സാങ്കേതികത, തത്ത്വശാസ്ത്രം, രാഷ്ട്രീയം, സൈബർശയൻസ്‌ തുടങ്ങിയ ഇടങ്ങളിലേക്കൊക്കെ വിമർശകന്‌ പോകേണ്ടതുണ്ട്‌. പാഠങ്ങൾ വേലികെട്ടി വച്ചതൊക്കെ പിഴുതെറിഞ്ഞ്‌, സ്കൂളുകളിൽ നിന്ന്‌ ഒന്നൊന്നായി പടിയിറങ്ങേണ്ടിവന്നിരിക്കുന്നു. വിഷയത്തിനു അതിർവരമ്പുകൾ ഇല്ലാതായി.
    സാമ്പ്രദായിക വിമർശനത്തിൽ വലിയൊരു വഞ്ചനയും പിന്നോക്കം പോക്കും പതിയിരിക്കുകയാണ്‌. പുനർവായനകൾപോലും വഞ്ചിക്കുകയാണ്‌. ഓരോ ആശയശാസ്ത്രത്തിന്റെ വാലായി ചുരുങ്ങുന്നതുകൊണ്ട്‌ എന്താണ്‌ പ്രയോജനം? ഒരു സ്വതന്ത്ര്യചിന്തകനെ മഷിയിട്ടുനോക്കിയാലും കാണാനോക്കില്ല. സ്വന്തമായി ഒരു തത്ത്വമോ ആശയമോ കണ്ടെത്താൻ ആരെയും അനുവദിക്കാത്തവിധം, ഭൂതകാലത്തിന്റെ അടിമകൾ കിരാതമായ മനസ്സോടെ നമ്മെ ആക്രമിക്കുന്നു. എന്റെ 'നവാദ്വൈതം' മാർക്ക്സിസത്തിൽ നിന്ന്‌ ഉത്ഭവിച്ചതാണെന്ന്‌ ഒരു എഴുത്തുകാരൻ പറഞ്ഞത്‌ ഈ പശ്ചാത്തലത്തിലാണ്‌ കാണേണ്ടത്‌. മനസിനെ വിമോചിപ്പിക്കാനാവാത്തവിധം എഴുത്തുകാർ എസ്റ്റാബ്ലിഷ്‌മന്റിന്റെ അവശിഷ്ടമാകാൻ മത്സരിക്കുകയാണ്‌. ഇവിടെ മറ്റൊന്നിന്റെ വാലാകാനാണ്‌ എഴുത്തുകാരും വിമർശകരും മത്സരിക്കുന്നത്‌. മാനസികമായ അടിമത്തം ഏറ്റവും കൂടുതലുള്ളത്‌ എഴുതുകയും വായിക്കുകയും ചെയ്യുന്നവർക്കിടയിലാണ്‌. ഒരു ബലിഷ്ടമായ സ്ഥാപനവത്കൃതമായ ആശയശാസ്ത്രത്തിന്റെ മുറ്റത്തുകയറി നിന്നാൽ സുരക്ഷിതമായി എന്ന്‌ ചിന്തിക്കുന്നവരുടെ കാലമാണിത്‌.
    വിമർശകന്‌ വേണ്ടത്‌ അച്ചടക്കമോ വിധേയത്വമോ അല്ല; അനുസരണക്കേടും ഒറ്റയ്ക്കുള്ള ഇറങ്ങിപ്പോക്കുമാണ്‌. ഒരു നിശ്ചിതലക്ഷ്യമില്ലാതെ യാത്രചെയ്യണം. മനസിനു ഇഷ്ടമുള്ള ഇടങ്ങളിലേക്കെല്ലാം ആകാംക്ഷയോടെ പ്രവേശിക്കണം. സാഹിതീയമായ കീഴ്‌വഴക്കങ്ങളിൽ നിന്ന്‌ മാറി  പരമ്പരാഗതമായ വ്യവഹാരങ്ങളിൽ നിന്ന്‌ വേർപെട്ട്‌ പുതിയ ദിശയിലേക്ക്‌ സംക്രമിക്കേണ്ടതുണ്ട്‌. പാഠ്യവിഷയം കമ്പാർട്ട്‌മന്റല്ല. മറ്റേത്‌ രൂപത്തിനും കമ്പാർട്ട്‌മന്റലൈസേഷൻ ഇണങ്ങുമെങ്കിലും, വിമർശനത്തിന്‌ അത്‌ ഗുണകരമല്ല. വിമർശനം കലയുടെ ഉപഭോക്താവും നിർമ്മാതാവുമാകുകയാണ്‌. കലയുടെ ഗുണപരമായ സാക്ഷാത്കാരം ഏതൊരു ഉപഭോഗവസ്തുവിലും കാണാം. വിമർശനം അതിന്റേതായ കലോപസനയ്ക്ക്‌ മാത്രമാണ്‌ നിന്നുകൊടുക്കുന്നത്‌. ഒരു മൊബെയിൽഫോണിന്റെ നിർമ്മാണത്തിൽ കലയുണ്ട്‌. എന്നാൽ അത്‌ സമ്പൂർണ്ണമായി കലാവസ്തുവല്ല. പിക്കാസോയുടെ ചിത്രങ്ങൾ സമ്പൂർണമായി കലാവസ്തുവാണ്‌. അത്‌ വർണ്ണങ്ങളെയും അനുഭൂതിയെയും പ്രതിനിധീകരിക്കുന്നു. അതുപോലെയല്ല മൊബെയിൽ ഫോൺ പ്രവർത്തിക്കുന്നത്‌. അത്‌ വാൾപേപ്പറിലൂടെയും റിംഗ്ടോണുകളിലൂടെയും കലാവസ്തുവിന്റെ കമനീയത പ്രത്യക്ഷത്തിൽ നിലനിർത്തുമ്പോൾ തന്നെ, ഉപയോഗത്തിൽ സങ്കീർണവും വളരെ പ്രയോജനകരവുമായ കാര്യങ്ങളിലേക്ക്‌ തുറക്കപ്പെട്ടിട്ടുള്ളതാണ്‌. അതിന്റെ പദ്ധതികൾക്ക്‌, അതിന്റെ രൂപഭംഗിയുമായി ബന്ധമില്ല. പിക്കാസോയുടെ ചിത്രങ്ങൾ ഒരിക്കലും, അവയുടെ പദ്ധതികളെയും രൂപഭംഗിയെയും വേർതിരിച്ച്‌ കാണാൻ അനുവദിക്കുന്നില്ല. വിമർശനം ഈ ഘടനയിലല്ല വിശ്വസിക്കേണ്ടത്‌. വിമർശനത്തിന്റെ പൂർവ്വ നിശ്ചിതമല്ലാത്ത ഉള്ളടക്കം അനിവാര്യമായിരിക്കുന്നു. അതുകൊണ്ടാണ്‌ സമകാലീനരായ ചില വിമർശകർ സംസ്കാരത്തെയും നാഗരികതയെയും അവരുടെ സൗന്ദര്യശാസ്ത്രപരമായ അന്വേഷണങ്ങൾക്ക്‌ ഉപയോഗപ്പെടുത്തുന്നത്‌. വിമർശകന്‌ സ്വന്തമായ ഒരിടമാണ്‌ ഉണ്ടാകേണ്ടത്‌.
    പ്രാചീനവും അക്കാദമികവുമായ സൗന്ദര്യശാസ്ത്രത്തിൽ തന്നെ തളം കെട്ടിക്കിടക്കുന്നത്‌ സാഹസികമായ ഉൾപ്രപഞ്ച ജീവിതത്തെ തടസ്സപ്പെടുത്തുകതന്നെ ചെയ്യും. ആ ശാസ്ത്രങ്ങളുടെ നൂതനമായ സരണികൾ കണ്ടുപിടിക്കേണ്ടതുണ്ട്‌. നമുക്ക്‌ ചുറ്റിനുമുള്ള നാനാവിധ പഠനവിഷയങ്ങളും ചിന്താമണ്ഡലങ്ങളും വിജ്ഞാനശാഖകളും സംവാദയോഗ്യമാക്കി സ്വന്തം കലയിൽ കൂട്ടിച്ചേർക്കുകയാണ്‌ പ്രധാനം. വിമർശനം ഒരു അനുഷ്ഠാനമല്ല; അത്‌ ഇനിയും നിർവ്വചിക്കാനാവാത്ത ഭാവനയുടെ മേഖലയാണ്‌. വിമർശനം ഒരു ഉൽപന്നത്തിന്റെ വിൽപനയെ സഹായിക്കുന്നതിനുള്ളതാണോ? ഇന്നത്തെ പുസ്തകനിരൂപണങ്ങൾ, ചലച്ചിത്ര കുറിപ്പുകൾ, ഫേസ്ബുക്ക്‌ കമന്റുകൾ എല്ലാം വിപണിയെ ലക്ഷ്യം വച്ചുകൊണ്ടുള്ളതാണ്‌. ആരെയെങ്കിലും വിജയിപ്പിച്ചുകൊടുക്കാൻ നിരൂപണം എഴുതരുത്‌. വിമർശനത്തിന്റെ തനത്‌ പാഠാവലിയിൽ ഒതുങ്ങുകയും പുറംലോകത്തെ അപ്പാടെ തിരസ്കരിക്കുകയും ചെയ്യുകയാണെങ്കിൽ, അത്‌ അടഞ്ഞ ലോകത്തിന്റെ ഉദാഹരണമായിത്തീരും.
    വിമർശനം ഇന്ന്‌ ഏതൊരാളുടെ കയ്യിലേയും ആയുധമാണ്‌. അതിന്റെ പിറകിലുള്ള മനനമോ, പഠനമോ, തത്ത്വശാസ്ത്രമോ മനസിലാക്കേണ്ട ആവശ്യമില്ലാത്ത വിധം അത്‌ ചിന്താശൂന്യതയിൽ വിലയം പ്രാപിക്കുകയാണ്‌. ഫേസ്ബുക്ക്‌, ട്വിറ്റർ തുടങ്ങിയ സാമൂഹ്യ ഇടങ്ങളിൽ പ്രത്യക്ഷപ്പെടുന്ന അഭിപ്രായങ്ങൾ ആരും വിമർശനത്തിന്‌ അതീതരല്ല എന്നല്ല പഠിപ്പിക്കുന്നത്‌; ആർക്കും വിമർശകനാകാം എന്നാണ്‌. ഇതാണ്‌ വിമർശനത്തെ അനുഷ്ഠാനകളയാക്കുന്നത്‌. സാഹിത്യത്തെ അതിന്റെ അനുഭൂതിതലത്തിലോ താത്ത്വികതലത്തിലോ പിന്തുടരാത്തവർ, വായനയിലൂടെ സ്വനന്ത്രമായ സൗന്ദര്യം തേടാത്തവർ, ഇന്ന്‌ സാഹിത്യവിമർശനത്തെ, കുട്ടികൾ കളിപ്പാട്ടങ്ങൾ തട്ടിത്തെറിപ്പിക്കുന്നതുപോലെ, അലസമായി കൈകാര്യം ചെയ്യുന്നു. അവർക്കും 'ആരാധകരെ' കിട്ടാൻ പ്രയാസമില്ല. ഇത്‌ സാഹിത്യനിരൂപണത്തിന്റെ മരണത്തെപ്പറ്റിയുള്ള ആകുലതയാവും ഒരാളിൽ സൃഷ്ടിക്കുക. കവിതയുടെ തനിയാവർത്തനത്തിൽ സ്തംഭനമനുഭവപ്പെട്ടപ്പോഴാണ്‌ ചിലർ നോവൽ എന്ന സാഹിത്യരൂപവുമായി വന്നത്‌. അതുപോലെ ചട്ടപ്പടി, അക്കാദമിക്‌ നിരൂപണങ്ങൾ ഇന്ന്‌ മടുപ്പിക്കുകയാണ്‌. ഊഷര ഭൂമികയാണ്‌ അവിടെയുള്ളത്‌. അതുകൊണ്ട്‌ വിമർശകന്‌, തന്റേതായ അതിജീവനം, യാഥാർത്ഥ്യമാക്കുന്നതിനായി അസ്തിത്വത്തിന്റെ ഒരു കണമെങ്കിലും കണ്ടുപിടിക്കേണ്ടതുണ്ട്‌. വിമർശനം രണ്ടു തരത്തിൽ ഉണ്ടാകുന്നു: ണല്ലോരു അഭിരുചിബോധം ഉള്ളതുകൊണ്ടും ഇല്ലാത്തതുകൊണ്ടും അഭിരുചിയുള്ളവർ, എന്തിന്‌ ഗതാനുഗതികത്വത്തിൽ കുടുങ്ങി കിടക്കണം? അവർ എന്തിന്‌ ക്ലാസ്‌ ർറൂമുകളിൽപ്പോയി നടുവുവളച്ചിരിക്കണം? അതുകൊണ്ടാണ്‌ അമേരിക്കൻ ചിന്തകനായ ജോർജ്‌ യൂഡിസ്‌ (Yudice)സംസ്കാരത്തിന്റെ ഉപയോഗത്തെ (The expedieucy of culture; uses of culture in the global era..)പ്പറ്റി ഫ്രഞ്ച്‌ സൈദ്ധാന്തികനായ പോൾ വിറിലിയോ യുദ്ധത്തെപ്പറ്റിയും വേഗതയെപ്പറ്റിയും വേഗതയെപ്പറ്റിയും സാങ്കേതിക ശാസ്ത്രത്തെപ്പറ്റിയും (The Accident of Art)എഴുതുന്നത്‌. നിയതമായ പാതകളിൽ നിന്ന്‌ വിമർശകൻ രക്ഷപ്പെടുന്നത്‌ അവനു വേണ്ടി മാത്രമല്ല; ഫേസ്ബുക്ക്‌, ടിറ്റ്വർ, പൾപ്പ്‌ മേഖലകളിലെ ദുസ്സ്വാധീനത്തിൽപ്പെട്ട വിമർശകരിൽ നിന്ന്‌ വിമർശനത്തെ, രക്ഷിക്കുന്നതിനും, വേണ്ടിക്കൂടിയാണ്‌. വ്യക്തിപരമായി, ഞാൻ സമകാലിന വിമർശകരെ മറികടന്നത്‌ എന്റെ നവാദ്വൈതം എന്ന തത്ത്വചിന്തയിലൂടെയും, ഉത്തര-ഉത്തരാധുനികത എന്ന സമ്പൂർണ്ണ വ്യവഹാര വിച്ഛേദത്തിലൂടെയുമാണ്‌.
www.mkharikumar.com
kuthattukulam@gmail.com

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...