ക്ലിനിക്കൽ പഠനങ്ങളിലൂടെ നീരയ്ക്ക്‌ വിപണിയിൽ യഥാർത്ഥ സ്ഥാനമുറപ്പിക്കണം: ഡോ. വർഷ


മിനി മാത്യു
പബ്ലിസിറ്റി ഓഫീസർ, നാളികേര വികസന ബോർഡ്‌, കൊച്ചി - 11

ചെന്നൈ ആസ്ഥാനമായുള്ള ഇൻഡ്യൻ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ന്യൂട്രീഷണൽ ശയൻസസിന്റെ സ്ഥാപക ചെയർപേഴ്സണും ദേശീയ അന്താരാഷ്ട്രതലത്തിൽ ക്ലിനിക്കൽ ന്യൂട്രീഷൻ മേഖലയിൽ പ്രശസ്തയുമായ ക്ലിനിക്കൽ ന്യൂട്രീഷനിസ്റ്റ്‌ ഡോ. വർഷ, നാളികേര വികസന ബോർഡ്‌ സന്ദർശിയ്ക്കുകയും വിപണിയിൽ ഏറെ സാദ്ധ്യതയുള്ള മൂല്യ വർദ്ധിത ഉൽപന്നങ്ങളായ നീരയിലും നീരയുൽപന്നങ്ങളിലും വെളിച്ചെണ്ണയിലും കൂടുതൽ ക്ലിനിക്കൽ പഠനങ്ങൾ നടത്തേണ്ട ആവശ്യകത സംബന്ധിച്ച്‌ നാളികേര വികസന ബോർഡ്‌ ചെയർമാൻ ശ്രീ. ടി. കെ. ജോസ്‌ ഐ. എ. എസ്സുമായും മറ്റ്‌ മുതിർന്ന ഉദ്യോഗസ്ഥരുമായും ചർച്ച നടത്തുകയുണ്ടായി. ന്യൂട്രീഷൻ രംഗത്ത്‌ ട്രേഡ്മാർക്കുള്ള രജിസ്റ്റേർഡ്‌ ഇൻസ്റ്റിറ്റിയൂട്ടായ ചെന്നൈ ഇൻഡ്യൻ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ന്യൂട്രീഷണൽ ശയൻസസ്‌ ക്ലിനിക്കൽ രംഗത്ത്‌ ഗവേഷണ നിരീക്ഷണങ്ങൾ നടത്തി അനുബന്ധ അറിവുകളും വിവരങ്ങളും വർക്ക്‌ ഷോപ്പുകളും സെമിനാറുകളും വഴി പ്രചരിപ്പിക്കുന്നതിനായി നിലകൊള്ളുന്നു.


അക്കാദമി ഓഫ്‌ ന്യൂട്രീഷൻ ആൻഡ്‌ ഡയറ്ററ്റിക്സ്‌ ഫൗണ്ടേഷൻ ഏർപ്പെടുത്തിയിട്ടുള്ള ANDF (അമേരിക്കൻ ഡയറ്ററ്റിക്‌ അസ്സോസ്സിയേഷൻ ഫൗണ്ടേഷൻ എന്ന പേരിൽ ആദ്യം അറിയപ്പെട്ടിരുന്നു.) വിംഫീമർ ഗുഗൻഹിം ഫണ്ട്‌ അവാർഡ്‌ (Wimpfheimer-Guggenheim Fund Award)) 2004-ൽ ഡോ. വർഷ കരസ്ഥമാക്കിയിട്ടുണ്ട്‌. അന്താരാഷ്ട്ര തലത്തിൽ ന്യൂട്രീഷൻ രംഗത്തെ വിവരങ്ങൾ കൈമാറുന്നതിൽ കഴിവു തെളിയിച്ചവർക്ക്‌ നൽകുന്ന അവാർഡാണിത്‌. ഇന്ത്യൻ ന്യൂട്രീഷൻ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും പുതിയ ആശയങ്ങൾ ഉരുത്തിരിച്ച്‌ നയരൂപീകരണങ്ങൾ നടത്തിയതിനുമാൺ​‍്‌ ഡോ. വർഷയ്ക്ക്‌ ഈ അവാർഡ്‌ ലഭിച്ചതു.
ഡോ. വർഷയുമായി നടത്തിയ അഭിമുഖ സംഭാഷണത്തിന്റെ പ്രസക്തഭാഗങ്ങളാണ്‌ താഴെ പ്രസിദ്ധീകരിക്കുന്നത്‌. വെളിച്ചെണ്ണയിലെ ക്ലിനിക്കൽ പഠനങ്ങളെ സംബന്ധിച്ച്‌ ഡോ. വർഷയുടെ കാഴ്ചപ്പാടുകൾ അടുത്ത ലക്കത്തിൽ പ്രസിദ്ധീകരിക്കുന്നതാണ്‌.
നാളികേരത്തിന്റെ മൂല്യ വർദ്ധിത വസ്തുക്കളിൽ ഏറ്റവും അമൂല്യ ഉൽപന്നമായി നീര മാറിയിട്ടുണ്ട്‌. തെങ്ങിൽ നിന്നുള്ള പ്രകൃതിദത്ത പാനീയമായ നീരയെ പ്രോത്സാഹിപ്പിയ്ക്കേണ്ട ആവശ്യകത, ഇതേക്കുറിച്ച്‌ ഒന്ന്‌ വിശദീകരിയ്ക്കാമോ?
കുട്ടിക്കാലത്ത്‌ ഗുജറാത്തിൽ നിന്ന്‌ മുംബെ വഴിയുള്ള യാത്രമദ്ധ്യേ, എന്റെ അച്ഛൻ നീര വാങ്ങിത്തരുകയും നീര കുടിച്ചാൽ ലഭിക്കുന്ന പോഷകഗുണങ്ങളെക്കുറിച്ച്‌ മനസ്സിലാക്കിത്തരുകയും ചെയ്തിരുന്നു. ഗുജറാത്തുകാരനായ അദ്ദേഹത്തിന്‌ നീരയെന്താണെന്ന്‌ ഏകദേശ ധാരണയുണ്ടായിരുന്നു. എന്നാൽ അക്കാലത്തുതന്നെ എന്റെ അമ്മാവൻ നീര വാങ്ങിത്തരുന്നതിൽ വിമുഖത കാട്ടുകയും നീരയെ കള്ളിനോട്‌ ഉപമിക്കുകയും ചെയ്തിരുന്നു. അതു കൊണ്ടുതന്നെ ഞാൻ പറയുകയാണ്‌ സാധാരണ ജനങ്ങൾക്കിടയിൽ നീരയെക്കുറിച്ച്‌ അവബോധം സൃഷ്ടിക്കുന്നതിൽ നാളികേര ബോർഡ്‌ ഇനിയും മുൻകൈ എടുക്കേണ്ടതുണ്ട്‌.
മദ്യത്തിന്റെ അംശം അൽപം പോലുമില്ലാത്ത പ്രകൃതിദത്ത ആരോഗ്യപാനീയമായ നീര ധാതുക്കളുടെയും വിറ്റാമിനുകളുടെയും കലവറയാണ്‌. രക്തത്തിലേയ്ക്ക്‌ ആഗിരണം ചെയ്യുന്ന പഞ്ചസാരയുടെ അളവ്‌ (Glycemic index) 35 മാത്രമായതിനാൽ പ്രമേഹരോഗികൾക്ക്‌ നൽകാവുന്ന അമൂല്യ പോഷക ദാഹശമനിയാണിത്‌. ഒട്ടേറെ ഔഷധഗുണങ്ങളുളള രുചികരവും ആരോഗ്യദായകവുമായ നീരയും നീരയുത്പന്നങ്ങളും പ്രചാരത്തിൽ വരുത്തുന്നതിന്‌ നാളികേര ബോർഡ്‌ മുഖ്യപങ്കു വഹിക്കണം.
തെങ്ങിൻ പൂങ്കുല ചെത്തിയെടുക്കുമ്പോൾ ലഭിക്കുന്ന പ്രകൃതിദത്ത  ഔഷധ പാനീയമാണിതെന്നും കരിമ്പിൻ പഞ്ചസാര ലഭിക്കുന്നതുപോലെ മെക്കാനിക്കൽ ക്രഷിങ്ങിന്‌ വിധേയമാക്കിയല്ല നീരയെടുക്കുന്നതെന്നും കരിമ്പിൻ പഞ്ചസാരയിലുമേറെ ഗുണങ്ങൾ നീര ഷുഗറിനുണ്ടെന്നുമുള്ള വിവരങ്ങൾ ജനങ്ങളിലെത്തണം. തെങ്ങ്‌, സാഗോ, ഈന്തപ്പന തുടങ്ങിയ പനവർഗ്ഗത്തിൽ പെട്ട വൃക്ഷങ്ങളുടെ പൂങ്കുല ചെത്തിയെടുക്കുമ്പോൾ നീര ലഭിയ്ക്കും. അന്തരീക്ഷ ഊഷ്മാവിൽ പ്രകൃതിജന്യ പുളിയ്ക്കൽ പ്രക്രിയയ്ക്ക്‌ വിധേയമായാൽ നീര 8% ആൽക്കഹോൾ അടങ്ങിയ കള്ളായിത്തീരുന്നു. വിവിധ ഗവേഷണ സ്ഥാപനങ്ങൾ വികസിപ്പിച്ചെടുത്തിട്ടുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ച്‌  നീര സംസ്ക്കരിച്ച്‌ കേടാകാതെ സൂക്ഷിക്കുന്നതായി അറിയാം.
നാളികേരത്തിന്റെ മൂല്യവർദ്ധിത ഉൽപന്നങ്ങളിൽ അമൂല്യമായ നീരയുടെ ഔഷധഗുണങ്ങളെക്കുറിച്ച്‌   പൊതുജനങ്ങളെ ഇനിയുമേറെ ബോധ്യപ്പെടുത്തേണ്ടതുണ്ട്‌. നീരയുടെ പോഷകഘടനയെക്കുറിച്ച്‌ കൃത്യമായ അവബോധമുണ്ടാക്കണം. ഇവിടെയാണ്‌ ക്ലിനിക്കൽ പഠനങ്ങളുടെ പ്രസക്തി. കള്ളിൽ നിന്ന്‌ വിഭിന്നമായി നീരയിൽ അൽപം പോലും മദ്യാംശമില്ലെന്ന്‌ പ്രചരിപ്പിക്കണം.
പ്രാക്ടീസ്‌ ചെയ്യുന്ന ന്യൂട്രീഷണിസ്റ്റ്‌ എന്ന നിലയ്ക്ക്‌ നീര, നീര ഉൽപന്നങ്ങൾ എന്നിവയുടെ വിപണി വർദ്ധിപ്പിക്കുന്നതിനേക്കുറിച്
ച്‌ ഏതു വിധത്തിൽ മുന്നേറണമെന്നാണ്‌ അഭിപ്രായം?
നീരയുത്പാദനവും വിപണനവും അതാത്‌ സംസ്ഥാനങ്ങളുടെ സഹായത്തോടെ ചെയ്യാവുന്ന പ്രക്രിയയാണ്‌. വ്യക്തികൾക്ക്‌ ധാരാളം പരിമിതികളുണ്ട്‌. സി.എഫ്‌.ടി.ആർ.ഐ മൈസൂർ, നാഷണൽ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ന്യൂട്രീഷൻ, ഹൈദ്രാബാദ്‌ തുടങ്ങിയവർക്ക്‌ ഏകീകൃതവും വൈദഗ്ദ്ധ്യമേറിയതുമായ അഭിപ്രായങ്ങൾ നൽകാൻ കഴിയും. ബോർഡിന്റെ നിലവിലുള്ള സംവിധാനങ്ങളോടൊപ്പം ഓരോ സംസ്ഥാനങ്ങളിലേയും നീരയുത്പാദകരെ ശാക്തീകരിച്ച്‌ ഭാരതമൊട്ടാകെ നീരയും നീരയുത്പന്നങ്ങളും വിപണനം നടത്താനുള്ള സാധ്യതകളൊരുക്കണം.
ന്മ      ഗുജറാത്തിൽ ഫെഡറേഷൻ ഓഫ്‌ ഗുജറാത്ത്‌ നീര തടപദാർത്ഥ്‌ ഗ്രാമോദ്യോഗ്‌ സംഘത്തിന്റെ (Federation of  Gujarat Neera & Tadpadarth Gramodyog Sangh) ആഭിമുഖ്യത്തിൽ നീര ഉത്പാദനം പ്രോത്സാഹിപ്പിക്കണം.
ന്മ     മഹാരാഷ്ട്രയിലും ഗുജറാത്തിലും നീര വിക്രി കേന്ദ്രങ്ങൾ വഴി നീര ലഭ്യമാക്കിയിരുന്നു. നീര പാം പ്രോഡക്ട്‌ കോ-ഓപ്പറേറ്റീവ്‌ സോസൈറ്റി റയിൽവേ സ്റ്റേഷനുകളിലും മറ്റു നീര വിൽപന പ്രോത്സാഹിപ്പിക്കുന്നതിന്‌ ഗ്രീൻ കിയോസ്ക്കുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ ഈ വിൽപ്പന കേന്ദ്രങ്ങൾ സിറ്റിയുടെ പുറത്ത്‌ ഹൈവേകളിലും എക്സ്പ്രസ്സ്‌ വേകളിലും മാത്രമായി ഇപ്പോൾ ചുരുങ്ങിയിരിക്കുന്നു. ഇതു സിറ്റികളിലേക്കും വ്യാപിപ്പിക്കണം.
ന്മ     ആന്ധ്രാപ്രദേശിൽ ഗൗഡ വിഭാഗക്കാരും തമിഴ്‌നാട്ടിൽ നാടാർ വിഭാഗക്കാരും നീരയെടുത്ത്‌ ഖാദി ആൻഡ്‌ വില്ലേജ്‌ ഇൻഡസ്ട്രീസ്‌ കമ്മീഷന്റെ സഹായത്തോടെ വിറ്റിരുന്നു. ഇവർക്ക്‌ സംസ്ഥാനസർക്കാർ സഹായങ്ങളൊന്നും ലഭിച്ചിട്ടില്ല. ഇവരെ പ്രോത്സാഹിപ്പിയ്ക്കേണ്ടതുണ്ട്‌.
ന്മ     കർണ്ണാടകയിൽ എഡിഗ, ബിലാവ വിഭാഗക്കാർ തെങ്ങിൽ നിന്നും നീര ടാപ്പ്‌ ചെയ്തിരുന്നു. ഇവരെ മുമ്പോട്ട്‌ കൊണ്ടുവരേണ്ടതുണ്ട്‌.
ന്മ    ഒറീസ്സയിലെ സംസ്ഥാന പാംഗർ കോ ഓപ്പറേറ്റീവ്‌ ഫെഡറേഷൻ (ടമേലേ ജമഹാഴൗ​‍ൃ ഇ​‍ീ​‍ീ​‍ുലൃമശേ​‍്ല എലറലൃമശ്​‍ി)നീര സംസ്ക്കരണത്തിലും, മൂല്യ വർദ്ധിത ഉൽപന്നങ്ങളുണ്ടാക്കുന്നതിലും സാങ്കേതിക സഹായം നൽകി വരുന്നു.
ഇപ്രകാരം നിലവിലുണ്ടായിരുന്ന നീര യൂണിറ്റുകളെ പ്രോത്സാഹിപ്പിയ്ക്കുകയും ഇവിടെ ലഭിയ്ക്കുന്ന  ഉൽപന്നങ്ങളെക്കുറിച്ച്‌ പ്രചാരണം നടത്തുകയും ചെയ്യണം.
വിപണന തന്ത്രവും ഉൽപന്നങ്ങൾക്ക്‌ യഥാർത്ഥ സ്ഥാനമുറപ്പിക്കലും
കോക്കനട്ട്‌ സിറപ്പ്‌, ഹണി, ക്രിസ്റ്റൽ ഷുഗർ, ജാഗറി തുടങ്ങിയ വിവിധ ഉൽപന്നങ്ങൾ നീരയിൽ നിന്നുണ്ടാക്കുന്നതായറിയാം. കൂടാതെ സ്നാക്ക്‌ ഐറ്റമായ നീര ബിസ്ക്കറ്റും നീരയുൾപ്പെട്ട ചേരുവകളുടെ പ്രത്യേകതയാൽ കുക്കീസും സാധാരണ ബിസ്ക്കറ്റുകളിൽ നിന്ന്‌ ഭിന്നമായി പോഷകഗുണത്തിലും മികച്ചു നിൽക്കുന്നതിനാൽ വിപണിയിൽ വൻ സാധ്യതകളാണുള്ളത്‌.
    ആരോഗ്യ പാനീയമായ നീരയെ ബിവറേജസിന്റെ ഗണത്തിൽപ്പെടുത്തി ചായ, കാപ്പി, ഫ്രൂട്ട്‌ ജൂസ്‌ തുടങ്ങിയവ പോലെയുള്ള ദൈനംദിന പാനീയത്തിനു പകരമായി ഉപയോഗിയ്ക്കാനുള്ള സാധ്യതയൊരുക്കണം.
പ്രകൃതിദത്ത നീരയുമായി ബന്ധപ്പെട്ട്‌ എന്തെങ്കിലും അനുയോജ്യമല്ലാത്ത ഉപഭോക്തൃ ഗുണങ്ങളുണ്ടെങ്കിൽ അത്‌ കൂടി ലേബലിൽ വ്യക്തമാക്കേണ്ടതുണ്ട്‌. ഉദാഹരണത്തിന്‌ പേരയ്ക്ക, ഗ്രീൻ ആപ്പിൾ, ലിച്ചി തുടങ്ങിയ രുചികളിലുള്ള നീര നാളികേര ബോർഡ്‌ പരീക്ഷണ വിധേയമാക്കിയിട്ടുണ്ട്‌. യഥാർത്ഥത്തിൽ ഇത്‌ ഫ്രൂട്ട്‌ പൾപ്പാണോ ഫ്ലേവറാണോ എന്ന്‌ കൃത്യമായി ലേബലിൽ വ്യക്തമാക്കേണ്ടതുണ്ട്‌. ഫ്രൂട്ട്‌ പൾപ്പാണെങ്കിൽ തനതു ഫ്രൂട്ടിന്റെയും നീരയുടെയും ഗുണങ്ങൾ വ്യക്തമാക്കണം. കൃത്രിമ ഫ്ലേവർ ആണെങ്കിൽ യഥാർത്ഥ നീരയുടെ ഗുണങ്ങൾ എടുത്തു കാണിയ്ക്കണം. രശ്നയും മറ്റും ഈ വിപണന തന്ത്രം ഉപയോഗിച്ചാണ്‌ വിജയം കൈവരിച്ചതു.
ജൈവപാനീയമായ നീരയെ ചായ, കാപ്പി മറ്റ്‌ എയറേറ്റഡ്‌ (മലൃമലേറ) ഡ്രിങ്ക്സ്‌ എന്നിവയ്ക്ക്‌ പകരമായി ഉപയോഗിക്കാം. അനാലിസിസിൽ ഓരോ ഡ്രിങ്കിലും നിശ്ചിത തോതിൽ അടങ്ങിയിട്ടുള്ള പോഷകങ്ങളുടെ അളവ്‌ കൃത്യമായി രേഖപ്പെടുത്തണം. ഉദാഹരണത്തിന്‌ എത്രമാത്രം കലോറി ചായ, കാപ്പി, നീര തുടങ്ങിയ പാനീയങ്ങളിൽ നിന്നു ലഭിച്ചുവേന്ന താരതമ്യ പഠനമുണ്ടാവണം. പഞ്ചസാരയുടെ അളവ്‌ താരതമ്യം ചെയ്യണം. ഓരോ പാനീയവും കഴിച്ചതിലൂടെ രേഖപ്പെടുത്തിയ ഗ്ലൈസിമിക്‌ ഇൻഡക്സ്‌ രേഖപ്പെടുത്തേണ്ടതുണ്ട്‌.
നീരയുടെ ഏറ്റവും മുന്തിയ ഗുണങ്ങളിലൊന്ന്‌ ഗ്ലൈസിമിക്‌ ഇൻഡക്സ്‌ 35 എന്നതാണ്‌. ഇത്‌ പ്രമേഹ രോഗികൾക്കൊരു വരമാകും. ലോകാരോഗ്യമേഖലയിലെ വൻ വിജയവും. ഇത്തരം അനാലിസിസുകളാവണം വിപണന തന്ത്രത്തിലുപയോഗിക്കേണ്ടത്‌. ഇത്‌ നീര - നീരയുത്പന്നങ്ങളെ ദേശീയ, അന്താരാഷ്ട്ര വിപണിയിൽ കൃത്യമായ സ്ഥാനമുറപ്പിക്കാൻ സഹായിക്കും.
കരിമ്പിൽ നിന്നു ലഭിക്കുന്നതും നീരയിൽ നിന്ന്‌ ലഭിക്കുന്നതുമായ പഞ്ചസാരയും ശർക്കരയും തമ്മിൽ ഘടനാപരമായ വ്യത്യാസമാണുള്ളത്‌. നീരയിൽ നിന്നും ലഭ്യമായ പഞ്ചസാരയുടെയും ശർക്കരയുടെയും ഗുണങ്ങൾ ഇവിടെ ഉയർത്തിക്കാട്ടണം. ഇത്തരം ഘടനാപരമായും പോഷകപരവുമായുള്ള വ്യത്യാസങ്ങൾ ഉപഭോക്താക്കൾക്കിടയിൽ പ്രചരിപ്പിക്കണം.
നീരയിൽ നിന്നുണ്ടാക്കുന്ന ചോക്കളേറ്റും ബിസ്ക്കറ്റും പ്രമേഹരോഗികൾക്ക്‌ എത്രത്തോളം ഉപയോഗിക്കാം, കുറഞ്ഞ ഗ്ലൈസിമിക്‌ ഇൻഡക്സ്‌ ഉള്ള നീര ഷുഗർ ഉപയോഗിച്ചാൽ കരിമ്പിൻ പഞ്ചസാര ഉപയോഗിക്കുന്നതിലൂടെ പ്രമേഹരോഗികൾക്കുണ്ടാകുന്ന പരിണത ഫലങ്ങൾ എങ്ങനെ ഒഴിവാക്കാമെന്നും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കാം.  മെച്ചപ്പെട്ട പായ്ക്കേജിംഗിലൂടെയും ഗുണമേന്മയിലൂടെയും ഫിലിപ്പൈൻസ്‌, തായ്‌ലണ്ട്‌, ഇൻഡോനേഷ്യ തുടങ്ങിയ അയൽരാജ്യങ്ങളുടെ നീരയും നീരയുത്പന്നങ്ങളും അന്താരാഷ്ട്ര വിപണിയിൽ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. ഇൻഡ്യയിലുൽപാദിപ്പിയ്ക്കുന്ന നീര ആഗോള വിപണിയിൽ സ്ഥാനമുറപ്പിയ്ക്കാനുള്ള വിപണന തന്ത്രങ്ങളാണ്‌ ആവിഷ്ക്കരിക്കേണ്ടത്‌. ഇതിനു ഉപോദ്ബലകമായ ഗവേഷണ - ക്ലിനിക്കൽ പഠനങ്ങൾ നടത്തുന്നതിനുള്ള ഉചിത സമയമാണിത്‌.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?