22 Nov 2014

അതിജീവനപാതയിലെ ജൈവകൃഷി മാതൃക


കെ. എം. സുകുമാരൻ
പ്രസിഡന്റ്‌, പെരുമ്പളം നാളികേര ഉത്പാദക ഫെഡറേഷൻ, പെരുമ്പളം, കൊച്ചി

ആലപ്പുഴ ജില്ലയുടെ വടക്ക്‌ കോട്ടയം  - എറണാകുളം ജില്ലകളുടെ സംഗമസ്ഥാനത്ത്‌ സ്ഥിതിചെയ്യുന്ന പെരുമ്പളംദ്വീപ്‌ നാളെ കേരള സമൂഹത്തിന്‌ ചൂണ്ടിക്കാണിക്കുവാൻ ഒരു മാതൃകയാവുകയാണ്‌.
പെരുമ്പളത്തിന്റെ കാർഷിക മേഖലയിൽ ഏറ്റവും വലിയ നവോത്ഥാനത്തിന്‌ തുടക്കമിട്ട പെരുമ്പളം നാളികേരോത്പാദക സംഘം കാർഷിക മേഖലയിൽ പുത്തൻ ഉണർവ്വേകി കാലോചിതമായ മറ്റൊരു ചുവടുവയ്പിന്‌ ഒരുങ്ങുകയാണ്‌. ദ്വീപ്‌ ഗ്രാമമായ പെരുമ്പളം പഞ്ചായത്തിനെ ഒരു സമ്പൂർണ്ണ ജൈവപച്ചക്കറി ഗ്രാമമായി മാറ്റിയെടുക്കുകയെന്നതാണ്‌ ഫെഡറേഷൻ ലക്ഷ്യമിടുന്നത്‌. തെങ്ങിന്‌ ഇടവിളയായി പച്ചക്കറി, വാഴ, മറ്റ്‌ കിഴങ്ങ്‌ വർഗ്ഗങ്ങൾ, എന്നിവ കൃഷി ചെയ്യിക്കുകയും പൂർണ്ണമായും ജൈവരീതിയിൽ ഉത്പാദിപ്പിക്കുന്ന ഈ ഭക്ഷ്യവസ്തുക്കൾക്ക്‌ പ്രത്യേക വിപണിയുണ്ടാക്കുകയും അതോടൊപ്പം ഇതിലൂടെ നാളികേരത്തിന്റെ ഉത്പാദനം പതിൻമടങ്ങ്‌ വർദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണ്‌ ഫെഡറേഷൻ ലക്ഷ്യമിടുന്നത്‌. ഇതോടൊപ്പം ജൈവരീതിയിൽ ആകർഷകങ്ങളായ പ്രദർശന തോട്ടങ്ങൾ നിർമ്മിച്ച്‌ അനുബന്ധ സൗകര്യങ്ങളൊരുക്കി ഫാം ടൂറിസത്തിന്റെ സാദ്ധ്യതകളും ഫെഡറേഷൻ മുന്നിൽ കാണുന്നുണ്ട്‌.
പെരുമ്പളം നാളികേരോത്പാദക ഫെഡറേഷൻ പ്രസിഡന്റ്‌ ആയ ലേഖകൻ നേതൃത്വം നൽകുന്ന ഈ തീവ്രയജ്ഞ പരിപാടിയിൽ കൈത്താങ്ങായി പെരുമ്പളം കൃഷി ഭവൻ, അരൂക്കുറ്റി ആസ്ഥാനമായി പ്രവർത്തിക്കുന്ന പീകേ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ക്ലൈമറ്റ്‌ റിസീലിയന്റ്‌ അഗ്രികൾച്ചർ എന്നിവരും പങ്കാളികളാകുന്നു.
ഇക്കഴിഞ്ഞ ചിങ്ങം ഒന്നാം തീയതി പെരുമ്പളം നാളികേര ഉത്പാദക സംഘം നടത്തിയ കർഷക ദിനാഘോഷങ്ങളുടെ ഭാഗമായി 17 സി.പി.എസ്സുകളിലേയും 17 തിരഞ്ഞെടുത്ത കർഷകരെ ആദരിക്കുന്ന ചടങ്ങിലാണ്‌ ഈ പദ്ധതിയുടെ 1-​‍ാം ഘട്ടം തുടങ്ങിയത്‌. അത്യുത്പാദനശേഷിയുള്ള വിവിധഇനം 12000 -ത്തോളം ആരോഗ്യമുള്ള മുളപ്പിച്ച പച്ചക്കറി തൈകളാണ്‌ 17 സി.പി.എസ്സുകളിൽ നിന്നും തിരഞ്ഞെടുത്ത 200 കർഷകർക്കായി അന്ന്‌ വിതരണം നടത്തിയത്‌. അതിജീവനത്തിന്റെ ആവശ്യകത തിരിച്ചറിഞ്ഞ ദ്വീപ്‌ നിവാസികൾ ഈ സംരംഭത്തെ അത്യാവേശത്തോടെയാണ്‌ സ്വീകരിച്ചതു.
പ്രതികൂല കാലാവസ്ഥയിലും ഈ സംരംഭം ഒരു വെല്ലുവിളിയായി ഏറ്റെടുത്തു നടത്തുന്നതിന്‌ മുന്നിട്ടിറങ്ങിയത്‌ പെരുമ്പളം ഫെഡറേഷൻ സെക്രട്ടറിയും മികച്ച ജൈവകർഷകനുമായ ശ്രീകുമാർ കൂപ്പുള്ളിയുടെ നേതൃത്വമാണ്‌. സ്വന്തമായി മഴമറകൾ നിർമ്മിക്കുകയും പോട്‌ ട്രേകളിൽ അത്യുത്പാദന ശേഷിയുള്ള തൈകൾ മുളപ്പിച്ച്‌ നൽകുകയും ചെയ്യുന്നതിലൂടെ ഈ രംഗത്തേക്ക്‌ കൂടുതൽ ആളുകളെ ആകർഷിക്കുവാൻ കഴിയുന്നതായി ശ്രീകുമാർ കൂപ്പിള്ളിൽ ചൂണ്ടിക്കാട്ടി. ആദ്യഘട്ടം വിജയകരമായി പൂർത്തിയാകുന്ന വേളയിൽ പദ്ധതിയുടെ രണ്ടാംഘട്ടത്തിലേയ്ക്ക്‌ അംഗങ്ങളാകാൻ ധാരാളം കർഷകർ തയ്യാറായി വന്നു കൊണ്ടിരിക്കുകയാണ്‌. രണ്ടാംഘട്ടത്തിൽ 17 സി.പി.എസുകളിൽ നിന്നു ഏകദേശം 25 - 30 കർഷകരെയാണ്‌ ഫെഡറേഷൻ ലക്ഷ്യമിടുന്നത്‌. ഇതിനോടനുബന്ധമായി ജൈവ ഉൽപന്നങ്ങൾ മാത്രം സംഭരിക്കുകയും വിപണനം നടത്തുകയും ചെയ്യുന്ന എറണാകുളം ആസ്ഥാനമായുള്ള നൈബർ ഹുഡ്‌ സൊല്യൂഷൻസ്‌ എന്ന സ്ഥാപനത്തിന്റെ ഒരു ശാഖ പെരുമ്പളം മാർക്കറ്റിനോട്‌ ചേർന്ന്‌ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു.
അതുപോലെ തന്നെ കൃഷി ആഫീസർ ശ്രീമതി. ഇ. വി. ലതയുടെ ആത്മാർത്ഥമായ പ്രവർത്തനങ്ങളും എടുത്തുപറയേണ്ടതായുണ്ട്‌. ജൈവകൃഷിയെന്നാൽ പരമ്പരാഗത മാർഗ്ഗങ്ങളായ പുകയില, വേപ്പെണ്ണ, സോപ്പ്‌, വെളുത്തുള്ളി എന്നിവ മാത്രമല്ലെന്നും, ഡ്യൂഡോമോണോസ്‌, വെർട്ടിസീലിയ, ബിവേറിയ, ഫിറമോൺ കെണി തുടങ്ങിയ നൂതന ജൈവ മാർഗ്ഗങ്ങൾക്ക്‌ മറ്റ്‌ മാരക കീടനാശിനികളെ വെല്ലാൻ കഴിയുമെന്നും കർഷകരെ ഉപയോഗത്തിലൂടെ ബോദ്ധ്യപ്പെടുത്താൻ ശ്രീമതി. ലതയുടെ പ്രവർത്തനത്തിലൂടെ സാധിച്ചിട്ടുണ്ട്‌.
വനിതകൾക്കുമാത്രമായി ഒരു അടുക്കളത്തോട്ടം പരിപാടിയും തുടങ്ങിക്കഴിഞ്ഞു. പെരുമ്പളം ഫെഡറേഷൻ നാളികേര ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 17 സി.പി.എസ്സുകളിലെ കർഷകരെ അണിനിരത്തി പുതിയ കാർഷിക വിപ്ലവത്തിന്‌ നാന്ദി കുറിച്ചിരിക്കുകയാണ്‌. എന്തായാലും, ദ്വീപ്‌ നിവാസികൾ ആശ്വാസത്തിലാണ്‌. കാർഷികവും ഇതരങ്ങളുമായ മേഖലകളിൽ എന്നും ഒരു കൈത്താങ്ങായി പെരുമ്പളം നാളികേര ഉത്പാദക ഫെഡറേഷൻ ഉണ്ടാവുമെന്നതിനാൽ.
ഫോൺ: 9446122740

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...