ഡോ കെ ജി ബാലകൃഷ്ണൻ*
------------------------------
1.
അമ്മേ,
നിൻ
അടിമലർ
വണങ്ങാൻ
വെള്ളപ്പട;
വെള്ളമടിപ്പട;
ചൊടിയിലെപ്പൊഴും
ജനഗണമന.
2.
ഏഴ് നിറങ്ങളുമിണങ്ങി
വാഴുവത് നിന്നിൽ-
നൂറുനിറമാർന്ന് തിളങ്ങി
പൂവാക പൂത്തരുണ-
രാഗം വിളങ്ങി.
3.
അമ്മേ,
"തങ്ങളെത്തങ്ങളാൽ
തങ്ങൾ ഭരിക്കുന്ന
മംഗല്യമാർന്ന
ഭരണകൂടം"
തങ്ങളുടെ കൈ-
വെള്ളയിലൊതുക്കി
വെള്ളപ്പട;
ഞങ്ങളെ വെള്ളം
കുടിപ്പിച്ചിടും പട.
4.
അമ്മേ,
നിൻ
കണ്‍കളിലെപ്പൊഴും
വെണ്മ പടർത്തുമെ-
ന്നാണയിടും പട;
കാതുകളിൽ
"മഥുര"-
വന്ദേമാതരമുണർത്തും
മന്ത്രിപ്പട.
5.
ഉള്ളവും വെള്ളവും
മണ്ണും മലയും
വിളയും
സകലവും
വിറ്റുതുലയ്ക്കും
കൊള്ളപ്പട.
6.
അമ്മേ,
നാട്ടിലും റോട്ടിലും
മേട്ടിലും കാട്ടിലും
വീട്ടിലും
മാമരച്ചോട്ടിലും
തുള്ളിച്ചാടിക്കളിക്കും
മർക്കടപ്പട.
7.
അറിവുകേടും
നെറിവുകേടും
വാരിക്കോരിച്ചൊരിയും
വിതറും
ഓരിപ്പട;
അമ്മേ,
നിന്നടിമലർ പണിയും
തൂ-
വെള്ളപ്പട.
*കവി ഡോ കെ ജി ബാലകൃഷ്ണൻ എഴുപതിന്റെ നിറവിൽ
------------------------------ കാവിൽ രാജ് ------------------------------ പ്രശസ്ത കവി ഡോ കെ ജി ബാലകൃഷ്ണന്റെ സപ്തതി 24-11-2014ന്. കവിയുടെ എഴുത്തിന്റെ അൻപതാം വാര്‍ഷികം.(2014). 11 മലയാള കവിതാസമാഹാരങ്ങൾ. അഗ്നിഗീതം(രണ്ട് ഭാഗങ്ങൾ), ആന്ദോലനം, ത്രയം, ലയം, ലബ് ഡബ്, കുറുക്കൻ @ കുറുക്കൻ. കോം തുടങ്ങിയവ പ്രസിദ്ധം. സര്ഗസ്വരം കവിതാ അവാർഡ്, ശ്രീനാരായണ സാഹിത്യ പരിഷത്ത് അവാർഡ്, ബാംഗ്ലൂർ വിജ്ഞാനവർദ്ധിനി അവാർഡ്, പോയട്രി .കോം (യു.എസ്. എ) ടോപ്മോസ്റ്റ് പോയറ്റ് അവാർഡ്,Distinguished Poet Pin Award(Poetry.com) തുടങ്ങിയ അംഗീകാരങ്ങൾ. മാത്രുഭൂമി വാരിക,അന്വേഷണം(1969,അന്നത്തെ മദ്രാസ് - പത്രാധിപർ വയലാർ) ഭാഷാപോഷിണി, കലാകൌമുദി, മലയാളം, ദേശാഭിമാനി തുടങ്ങി എല്ലാ ആനുകാലികങ്ങളിലും കവിത പ്രസിദ്ധീകരിച്ചുവന്നു. മലയാളസമീക്ഷ(ഓണ്‍ലൈൻ ) സ്ഥിരമായി എഴുതുന്നു. കവിയുടെ ഇംഗ്ലീഷ് കവിതാസമാഹാരങ്ങൾ(ആമസോണ്‍) ------------------------------ ആഗോള വിപണിയിൽ ലഭ്യമായ അഞ്ച് കാവ്യ സമാഹാരങ്ങൾ ആമസോണ്‍ ക്രിയേറ്റിവ് സ്പേസ് പ്രസിദ്ധീകരിച്ചു. ആസ്ത്രേലിയയിൽ റിലീസ് ചെയ്തു. 1.The Waves of the Ganga 2.The Hues of the Himalaya 3.My Muses 4.The Australian Plant and Other Poems 5.Nascent Poetry ഇവ. ഭാരതീയചിന്തയും സയൻസും ഇഴചേർന്ന അറിവിൻറെ പാൽക്കടൽ കടഞ്ഞ് കവി അമൃതം അനുവാചകന് തരുന്നു. സി.രാധാകൃഷ്ണൻ " The Flow of the Eternal" എന്ന് ഈ കവിതകളെ വിശേഷിപ്പിക്കുന്നു. "ഉത്തരാധുനിക സാമഗാനം " എന്നും. ------------------------------ പുതിയ കൃതി "Next Moment Poetry" ഉടൻ ആമസോണ്‍ പ്രസിദ്ധീ കരിക്കുന്നു. "ത്രയം"(കാവ്യം ) കവി സ്വയം മ്യൂസിക് ചെയ്ത് ആലപിച്ച് സിഡി ഇറക്കി.(2009) തൃശൂർ "സർഗസ്വര" (എഴുത്തുകാരുടെ കൂട്ടായ്മ)ത്തിന്റെ സാരഥികളിൽ ഒരാൾ കൂടിയായ മലയാളത്തിന്റെ പ്രിയകവിക്ക് സപ്തതി ആശംസകൾ. ------------------------------ kavil raj Thrissur. Mob-9995783806 ------------------------------ |