Skip to main content

ജൈവകൃഷിയുടെ മൂല്യം മലയാളി മനസിലാക്കണം: ശ്രീനിവാസൻ


ആബെ ജേക്കബ്‌
നാളികേര വികസനബോർഡ്‌, കൊച്ചി -11


മലയാള സിനിമയിൽ നിർമ്മാതാവ്‌, നടൻ, തിരക്കഥാകൃത്ത്‌ തുടങ്ങി വിവിധ റോളുകളിൽ ശക്തമായ സ്വാധീനമുള്ള ബഹുമുഖവ്യക്തിത്വമാണ്‌ ശ്രീനിവാസൻ. കാമ്പുള്ള തിരക്കഥകൾ, ശക്തമായ കഥാപാത്രങ്ങൾ, ഹിറ്റായ ചിത്രങ്ങൾ ഇവയൊക്കെയാണ്‌  ചലച്ചിത്ര ലോകത്ത്‌ ശ്രീനിയുടെ മുഖമുദ്ര. മോഹൻലാൽ നായകനായി ഇവിടം സ്വർഗ്ഗമാണ്‌ എന്ന ചിത്രത്തിൽ അഡ്വ. പ്രബലന്റെ റോളിൽ, അമിക്കസ്‌ ക്യൂറിയായി ശ്രീനിവാസൻ കോടതി മുമ്പാകെ നടത്തുന്ന ഒരു തകർപ്പൻ  നിരീക്ഷണമുണ്ട്‌. വാസ്തവത്തിൽ അതു തന്നെയാണ്‌ കൃഷിയേയും കാർഷിക സങ്കൽപ്പത്തെയും സംബന്ധിച്ച ശ്രീനിവാസന്റെ കാഴ്ച്ചപ്പാട്‌.
ശ്രീനിവാസൻ തിരക്കഥയെഴുതിയ നഗരവാതിലിൻ നടുവിൽ എന്ന പുതിയ സിനിമയുടെ കൊച്ചിയിലെ ഷൂട്ടിംങ്ങ്‌ ലൊക്കേഷനിൽ നിന്ന്‌ വളരെ തിടുക്കപ്പെട്ടാണ്‌ ശ്രീനി ഞങ്ങൾക്ക്‌ അഭിമുഖം നൽകാൻ എത്തിയത്‌. കണ്ടനാട്ടെ വീട്ടിലിരുന്ന്‌  ജൈവകൃഷിയെക്കുറിച്ച്‌ അദ്ദേഹം ദീർഘമായി സംസാരിച്ചു. സത്യത്തിൽ ഒരു അഭിമുഖത്തിന്‌ അദ്ദേഹം ആദ്യമൊന്നും വലിയ താൽപര്യം കാണിച്ചിരുന്നില്ല. ഒടുവിൽ ജൈവകൃഷി എന്ന ദൗർബല്യത്തിലാണ്‌ ശ്രീനി വീണത്‌. അതു തന്നെയായിരുന്നു അദ്ദേഹത്തിൽ നിന്ന്‌ ഞങ്ങൾ ആഗ്രഹിച്ചതും.
സംസാരം തുടങ്ങിയത്‌  ശ്രീനിയുടെ ഗ്രീൻ റേറ്റിംങ്ങുള്ള വീടിനെ കുറിച്ചായിരുന്നു. വാസ്തവത്തിൽ ഇത്തരത്തിലൊരു വീടും കൃഷിയും തന്റെ സങ്കൽപത്തിലേ ഇല്ലായിരുന്നു എന്ന്‌ ശ്രീനിവാസൻ. എപ്പോഴാണ്‌ എന്നിൽ  കൃഷി എന്ന ആഗ്രഹം രൂപപ്പെട്ടത്‌ എന്ന്‌ ഇപ്പോഴും എനിക്ക്‌ ഓർമ്മയില്ല. നിമിത്തമായത്‌ ഒരിക്കൽ തമിഴ്‌നാട്ടിലെ ഒട്ടൻഛത്രം എന്ന സ്ഥലത്ത്‌ സിനിമ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട്‌ പോയ യാത്രയാണ്‌. അന്ന്‌ അവിടത്തെ കൃഷിക്കാർ അന്യസംസ്ഥാനങ്ങളിലേയ്ക്ക്‌ കയറ്റി വിടാനുള്ള പച്ചക്കറികൾ മുഴുവൻ വിഷം അടിച്ച്‌  കൃഷി ചെയ്യുന്നത്‌ കാണുകയുണ്ടായി. എന്നാൽ തമിഴ്‌നാട്ടിൽ പ്രാദേശിക മാർക്കറ്റിൽ വിൽപനയ്ക്കുള്ളവയിൽ കർഷകർ ഈ വിഷപ്രയോഗം നടത്തുന്നില്ല താനും. ഞാൻ അതും വാങ്ങി പാകം ചെയ്തു കഴിച്ചു നോക്കി. നമുക്കു കിട്ടുന്ന പച്ചക്കറികളിൽ നിന്നു വളരെ വ്യത്യസ്തമായിരുന്നു അതിന്റെ സ്വാദ്‌.  അന്നു ഞാൻ മനസിൽ ഉറപ്പിച്ചതാണ്‌ ഇനി മേലിൽ തമിഴന്റെ പച്ചക്കറി വാങ്ങില്ല എന്ന്‌.
അക്കാലത്ത്‌ ഞാൻ കടവന്തറയിൽ ഒരു ഫ്ലാറ്റിലാണ്‌ താമസം. എറണാകുളത്തെ മാർക്കറ്റിൽ നിന്ന്‌ പച്ചക്കറി വാങ്ങാതിരിക്കാൻ എന്തു മാർഗ്ഗം എന്നു ഞാൻ ആലോചിച്ചു. അങ്ങനെ വളരെ സാഹസികമായ ഒരു തീരുമാനത്തിലെത്തി. നഗരത്തിൽ നിന്ന്‌ അധികം അകലെയല്ലാതെ അൽപം സ്ഥലം വാങ്ങി രാസവളവും കീടനാശിനിയും പ്രയോഗിക്കാതെ വീട്ടിലേയ്ക്ക്‌ ആവശ്യമായ പച്ചക്കറി കൃഷി ചെയ്ത്‌ ഉണ്ടാക്കുക. കൃഷി എന്നെ കൊണ്ട്‌ പറ്റില്ല എന്ന്‌ അറിയാമായിരുന്നു. എങ്കിലും ആരെയെങ്കിലും കണ്ടു പിടിക്കണം. അങ്ങനെയാണ്‌ പത്തു വർഷം മുമ്പ്‌ ഈ സ്ഥലം ഞാൻ വാങ്ങിച്ചതു. പിന്നെ കൃഷിക്കു പറ്റിയ ഒരാളെ അന്വേഷിക്കലായി. അതു നീണ്ടു പോയി.
അതിനിടെ ഈ എൺപതു സെന്റിനു ചുറ്റും മതിൽ നിർമ്മിച്ച്‌ ഭദ്രമാക്കി. അപ്പോഴാണ്‌ ഇവിടെ വല്ലപ്പോഴും വരുമ്പോൾ ഒന്നു വിശ്രമിക്കാൻ ഒരു ഔട്ട്‌ ഹൗസ്‌ നിർമ്മിച്ചാലോ എന്നു തോന്നിയത്‌. അതിനായി മഹേഷ്‌ എന്ന ഒരു എൻജിനിയറുടെ സഹായം തേടി. പണിയാൻ നിർദ്ദേശവും കൊടുത്തു. എന്തിനു പറയുന്നു, അതോടെ ഞാൻ പുറത്തായി. ഔട്ട്‌ ഹൗസ്‌ നിർമ്മാണം കൈവിട്ടു പോയി. പിന്നെ എല്ലാ കാര്യങ്ങളും എൻജിനിയറുടെ കൈയിലായി എന്നു പറഞ്ഞാൽ മതിയല്ലോ. ഒടുവിൽ ഇതാ അത്‌ ഈ തരത്തിലായി, ഇമ്മാതിരി ഒരു വീട്‌ എന്റെ സങ്കൽപത്തിലെങ്ങും ഉണ്ടായിരുന്നില്ല. കാരണം നാട്ടിൽ ഞാൻ വലിയ തെറ്റില്ലാത്ത രീതിയിൽ ഒരു വീട്‌ ഉണ്ടാക്കിയിട്ടുണ്ടായിരുന്നു. - ശ്രീനിവാസൻ ചിരിച്ചു.
നാടും വീടും.....?
എന്റെ നാട്‌ തലശേരിക്ക്‌ സമീപമുള്ള ഒരു ഗ്രാമമാണ്‌. പാട്യം എന്നു പറയും. അഛൻ അധ്യാപകനായിരുന്നു. ഒപ്പം കൃഷിക്കാരനും. നെല്ലും തെങ്ങുമായിരുന്നു, പ്രധാന കൃഷികൾ. വീടിനു ചുറ്റും എല്ലാ ഇനം പച്ചക്കറികളും നട്ടു വളർത്തിയിരുന്നു. എല്ലാം നല്ല സ്വാദുള്ള നാടൻ പച്ചക്കറികൾ. തൊഴുത്തിൽ നിറയെ പശുക്കൾ ഉണ്ടായിരുന്നു. വീട്ടിലെ ഉപയോഗത്തിനുള്ള പാലും വയലിലേയും പുരയിടത്തിലേയും  കൃഷിക്കുള്ള ചാണക വളവും തൊഴുത്തിൽ നിന്ന്‌ യഥേഷ്ടം ലഭിച്ചിരുന്നു. നെൽകൃഷി പിന്നീട്‌ നടത്തിക്കൊണ്ടു പോകാൻ നിവൃത്തിയില്ലാത്ത ഘട്ടത്തിൽ അച്ഛൻ തന്നെ വയൽ വിറ്റുകളഞ്ഞു.  തറവാട്‌ വീട്‌ പഴയ രീതിയിലുള്ളതായിരുന്നു. അതും താമസക്കാരില്ലാതെ വന്നപ്പോൾ പൊളിച്ചു കളഞ്ഞു, സഹോദരങ്ങളെല്ലാം അന്യ ദേശങ്ങളിലായി പോയി. ഞാൻ ഇങ്ങനെയും.
കൃഷി തുടങ്ങിയതോ..?
അതു ഞാൻ പറഞ്ഞില്ലേ,  കൃഷി ചെയ്യാൻ പറ്റിയ ആളിനു വേണ്ടിയുള്ള അന്വേഷണം നീണ്ടു. പലരും വന്നു. പക്ഷെ, അവർക്കൊന്നും കൃഷിയിലായിരുന്നില്ല താൽപര്യം. ഒടുവിൽ  മൂന്നു വർഷം മുമ്പാണ്‌ എന്റെ ആശയങ്ങൾക്കു പറ്റിയ ഒരാളെ കണ്ടെത്താൻ സാധിച്ചതു. അന്നു മുതൽ ഞാൻ കൃഷിയും തുടങ്ങി. അതിനു മുന്നോടിയായി ഞാൻ കാസർഗോഡ്‌ ഇനം ചെറിയ നാടൻ പശുവിനെയും വാങ്ങിയിരുന്നു.  ഇപ്പോൾ ഇവിടെ വരുമ്പോൾ എനിക്കു വലിയ സന്തോഷമാണ്‌. വല്ലപ്പോഴുമേ വരാറുള്ളു എങ്കിലും.
സാധാരണ സിനിമാ താരങ്ങൾ ഒരിക്കലും സഞ്ചരിക്കാത്ത വേറിട്ട ജൈവകൃഷിയുടെ വഴിയിലൂടെ സഞ്ചരിക്കാനുണ്ടായ കാരണം എന്താണ്‌?
ആര്‌ എന്തു പറഞ്ഞാലും നമ്മുടെ അടിസ്ഥാന മേഖല കൃഷി തന്നെയാണ്‌. സിനിമയുമായി ബന്ധപ്പെട്ട്‌ ചെന്നൈയിൽ താമസമാക്കിയപ്പോഴാണ്‌ നാട്ടിലെ കുടുംബവീടും അവിടുത്തെ കൃഷിയും അതു നൽകുന്ന സുരക്ഷിതത്വവും ഞാൻ തിരിച്ചറിഞ്ഞത്‌. അപ്പോഴേയ്ക്കും എന്റെ തൊഴിൽ മേഖലയിൽ ഞാൻ ഏതാണ്ട്‌ സ്ഥിരപ്പെട്ടു കഴിഞ്ഞിരുന്നു. ഒരു തിരിച്ചു പോക്ക്‌ അസാധ്യമാണ്‌ എന്ന്‌ എനിക്കും മനസിലായി. ഇക്കാണുന്നതൊക്കെ എന്റെ   ആഗ്രഹങ്ങളാണ്‌. അഛന്റെ കൃഷി അനുകരിക്കാനുള്ള ആഗ്രഹങ്ങൾ.  അന്നത്തെ വിഷം തളിക്കാത്ത പച്ചക്കറികളും നെല്ലും ഇന്നും എന്റെ ആഗ്രഹമാണ്‌.
കൃഷി നഷ്ടമല്ലേ..?
നഷ്ടം എന്നു പറയുന്നത്‌ ആപേക്ഷികമാണ്‌. അളവിൽ കവിഞ്ഞ കീടനാശിനികൾ ഉപയോഗിച്ച്‌ കൃഷി ചെയ്യുന്ന പച്ചക്കറികൾ ഭക്ഷിച്ച്‌ കാലാന്തരത്തിൽ രോഗികളായി ആശുപത്രികളിൽ ഡോക്ടറെ കാണാനും മരുന്നുകൾ വാങ്ങാനുമായി ചെലവഴിക്കുന്ന തുകയുമായി തട്ടിച്ചു നോക്കുമ്പോൾ സ്വന്തം കൃഷി തന്നെയാണ്‌ ലാഭം. എന്താണ്‌ നമുക്ക്‌ നഷ്ടപ്പെടുന്നത്‌ എന്നതിന്റെ യഥാർത്ഥ മൂല്യം നാം മനസിലാക്കണം. എന്റെ ഭാര്യ സ്കൂൾ അധ്യാപികയാണ്‌. കുറെ നാൾ മുമ്പ്‌ ഞാൻ തിരുവനന്തപുരത്ത്‌ വെള്ളായണി കാർഷിക കോളജിൽ നിന്ന്‌ കുറെ ചീര വിത്ത്‌ കൊണ്ടു വന്ന്‌ അവരെ ഏലിപ്പിച്ചു. ഏതാനും ആഴ്ച കഴിഞ്ഞ്‌ ഒരു ദിവസം ഞാൻ ചോദിച്ചു:  എന്തായി നമ്മുടെ ചീര? എന്തു ചീര? അത്‌ നട്ട്‌ ബുദ്ധിമുട്ടുന്നതിനെ ക്കാൾ എത്രയോ ലാഭത്തിന്‌ കടയിൽ നിന്ന്‌ വാങ്ങാൻ കിട്ടും. ഭാര്യയുടെ മറുപടി. എനിക്ക്‌ ഉത്തരം മുട്ടി. ശരിയാണ്‌ എല്ലാം കടയിൽ നിന്നു കിട്ടും. ഇതാണ്‌ ഇപ്പോഴത്തെ സാമാന്യക്കാരുടെ ചിന്താഗതി. താൽപര്യമില്ലാത്തവന്‌ കൃഷിയുടെ പ്രാധാന്യം മനസിലാവില്ല. എത്ര വിദ്യാഭ്യാസം ഉണ്ടായിട്ടും കാര്യമില്ല. നമുക്ക്‌ എന്താണ്‌ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്‌ എന്നോ, അതിന്റെ മൂല്യം എന്ത്‌ എന്നോ തിരിച്ചറിയാൻ ഇപ്പോഴത്തെ ആളുകൾക്ക്‌ സാധിക്കുന്നില്ല. അതാണ്‌ പ്രശ്നം.  ഈ മനോഭാവമാണ്‌ മാറേണ്ടത്‌.
കേരളത്തിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്‌ മൾട്ടി സൂപ്പർ സ്പേഷാലിറ്റി  ആശുപത്രികളാണ്‌. പണമുണ്ടെങ്കിൽ അവിടെ മികച്ച ചികിത്സയും ലഭിക്കും. നമ്മുടെയൊക്കെ ചിന്താഗതി രോഗം സ്വാഭാവികമായ അവസ്ഥയാണ്‌ എന്നാണ്‌. അങ്ങനെയല്ല. രോഗം വരാത്ത ഒരു അവസ്ഥ മനുഷ്യനുണ്ട്‌. വിരുദ്ധാഹാരങ്ങൾ കഴിച്ചാണ്‌ മനുഷ്യൻ രോഗിയാകുന്നത്‌.കേരളത്തിൽ വർഷം തോറും 35000 ക്യാൻസർ രോഗികൾ ഉണ്ടാകുന്നു എന്നാണ്‌ കണക്ക്‌. ഇതിനു പ്രധാന കാരണം നമ്മുടെ ഭക്ഷ്യശീലങ്ങളാണ്‌. പഞ്ചാബിൽ  ഭാട്ടിണ്ട എന്ന ഒരു സ്ഥലമുണ്ട്‌. പരുത്തി കൃഷി ചെയ്യുന്ന മേഖലയാണ്‌. കൂടാതെ കൂറ്റൻ എണ്ണശുദ്ധീകരണ ശാല, തെർമൽ പവർ പ്ലാന്റ്‌, രണ്ട്‌ കൽക്കരി പവർ പ്ലാന്റ്‌, വളം നിർമ്മാണ ഫാക്ടറികൾ, പിന്നെ എണ്ണമറ്റ ക്യാൻസർ രോഗികളും. ഇതാണ്‌ ഭാട്ടിണ്ട. ഭാട്ടിണ്ട  സ്റ്റേഷനിൽ നിന്ന്‌ രാത്രി 9.15 ന്‌ രാജസ്ഥാനിലെ ബിക്കാനീറിലേയ്ക്ക്‌ ഒരു ട്രെയിനുണ്ട്‌: 339 -​‍ാം നമ്പർ ട്രെയിൻ. ഒരു രാത്രികൊണ്ട്‌ അത്‌ ബിക്കാനീറിൽ എത്തും.  അതിന്റെ പേരു തന്നെ ക്യാൻസർ വണ്ടി എന്നാണ്‌. കാരണം നൂറുകണക്കിനു ക്യാൻസർ രോഗികളാണ്‌ ആ വണ്ടിയിൽ ഓരോ ദിവസവും ബിക്കാനീറിലേയ്ക്കു പോകുന്നത്‌. സാധാരണക്കാരനു ചികിത്സ ലഭിക്കുന്ന ക്യാൻസർ ആശുപത്രി ഭാട്ടിണ്ടയിലോ സമീപ പ്രദേശങ്ങളിലോ ഇല്ലാത്തതുകൊണ്ടാണ്‌ ഈ രോഗികളത്രയും ബിക്കാനീറിലേയ്ക്കു പോകുന്നത്‌.
ഒരുകാലത്ത്‌ ഇന്ത്യയുടെ ഭക്ഷ്യഅക്ഷയപാത്രം എന്ന്‌ അറിയപ്പെട്ടിരുന്ന പഞ്ചാബിലെ മാൾവാ മേഖലയിൽ നിന്നാണ്‌ ഇത്രമാത്രം ക്യാൻസർ രോഗികൾ വരുന്നത്‌ എന്നുകൂടി ഓർമ്മിക്കണം.  കീടനാശിനികളുടെയും രാസവളങ്ങളുടെയും ആവശ്യാധിഷ്ഠിത ഉപയോഗത്തിൽ നിന്നു കർഷകർ വ്യതിചലിച്ചു പോയി. മണ്ണും ജലവും വായുമടക്കം സർവതും വിഷലിപ്തമായി. അമേരിക്കയാണ്‌ മറ്റു രാജ്യങ്ങളിൽ കാർഷിക പരീക്ഷണങ്ങൾ നടത്തുന്നത്‌. ഇത്‌ സ്പോൺസർ ചെയ്യുന്നത്‌ റോക്ക്ഫെല്ലർ ഫൗണ്ടേഷൻ പോലുള്ള ഏജൻസികൾ. നാം അവരുടെ പരീക്ഷണങ്ങൾക്ക്‌ അറിയാതെ ബലിയാടുകളാവുകയായിരുന്നു. പക്ഷെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ലാൽ ബഹദൂർ ശാസ്ത്രി മാത്രം ഇത്തരം നുഴഞ്ഞു കയറ്റക്കാരെ ഇങ്ങോട്ട്‌ അടുപ്പിച്ചില്ല. എതിരാളികൾ പ്രതികരിച്ചു.  ഇവിടേയ്ക്ക്‌ സൗജന്യമായി അയച്ചിരുന്ന ഭക്ഷ്യധാന്യം നിറുത്തിക്കളയും എന്ന്‌ അമേരിക്ക ഭീഷണിപ്പെടുത്തി. അപ്പോൾ, ഇന്ത്യക്കാർ ഒരു നേരത്തെ ഭക്ഷണം ഉപേക്ഷിക്കാൻ ശാസ്ത്രി ആഹ്വാനം ചെയ്തു. മാത്രമല്ല ജീവിതത്തിലുടനീളം ആ മനുഷ്യൻ അതു പ്രാവർത്തികമാക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ  ഈ നിലപാടാണോ താഷ്ക്കന്റിൽ വച്ചുള്ള അകാല മരണത്തിനു പോലും കാരണം എന്നു സംശയിക്കപ്പെടുന്നു. അതിനു ശേഷമായിരുന്നു പാക്കിസ്ഥാന്റെ ആക്രമണം. അതു ശ്രദ്ധ തിരിച്ചു വിടാനുള്ള തന്ത്രമായിരുന്നു.
പിന്നീട്‌ ഒരു ഭരണാധികാരിയും അവരെ എതിർത്തിട്ടില്ല. എല്ലാവർക്കും കച്ചവട താൽപര്യങ്ങൾ മാത്രമായിരുന്നു. ക്യൂബയിലേയ്ക്കു നോക്കുക. ഏറ്റവും കൂടുതൽ പച്ചക്കറികൾ കൃഷി ചെയ്യുന്ന രാജ്യമാണ്‌ .   നേരത്തെ പഞ്ചസാരമാത്രമായിരുന്നു അവിടെ ഉത്പ്പാദിപ്പിച്ചിരുന്നത്‌. ബാക്കി എല്ലാം റഷ്യയിൽ നിന്ന്‌ കൊണ്ടുവന്നിരുന്നു. എന്നാൽ റഷ്യയുടെ പതനത്തോടെയാണ്‌ മറ്റ്‌ മാർഗ്ഗമൊന്നും ഇല്ലാതായപ്പോൾ അവർ കൃഷിയിലേയ്ക്കു തിരിഞ്ഞത്‌. ഹവാനയാണ്‌ തലസ്ഥാനം. 8000 ത്തോളം ജൈവ പച്ചക്കറി തോട്ടങ്ങൾ അതിനു പരിസരത്തു തന്നെയുണ്ട്‌.  ജോലിയിൽ നിന്നു വരമിച്ച ആളുകളെ ഉപയോഗിച്ചാണ്‌ അവിടെ പച്ചക്കറി കൃഷി ചെയ്യുന്നത്‌. തെക്കേ അമേരിക്കയിലെ രണ്ടു ശതമാനം മാത്രം ജനസംഖ്യയുള്ള ക്യൂബയിലാണ്‌ അവിടത്തെ 11 ശതമാനം കാർഷിക ശാസ്ത്രജ്ഞരും ജോലി ചെയ്യുന്നത്‌ എന്ന്‌ നാം അറിയണം. അവർ ജൈവ കീടനാശിനികൾ കണ്ടു പിടിച്ചിട്ടുണ്ട്‌. 89 മുതലാണ്‌ അവർ ജൈവ കൃഷിയെക്കുറിച്ച്‌ ആലോചന തുടങ്ങിയത്‌. 96 ൽ അത്‌ പ്രാവർത്തികമാക്കി. ശരിക്കു പറഞ്ഞാൻ നമ്മുടെ ഗവണ്‍മന്റ്‌ താൽപര്യമുള്ള കർഷകരെ ഇങ്ങനെയുള്ള സ്ഥലങ്ങളിൽ അയച്ച്‌ അവരുടെ കൃഷി മാതൃകകൾ പഠിപ്പിക്കണം.
അപ്പോൾ നിത്യേന നാം കഴിക്കുന്ന ഭക്ഷണസാധനങ്ങളിൽ എത്രമാത്രം വിഷം അടങ്ങിയിരിക്കുന്നു എന്ന ചോദ്യത്തിൽ നിന്ന്‌ പഴമയിലേയ്ക്കു മടങ്ങാനുള്ള ഉത്തരം കിട്ടുന്നു. ഇവിടെ ലാഭ ചേത കണക്കുകളല്ല നോക്കേണ്ടത്‌. വിഷരഹിതമായ ആഹാരസാധനങ്ങൾ, സുരക്ഷിതമായ ഭക്ഷണം അതാണ്‌ നമുക്ക്‌ വേണ്ടത്‌. ആശുപത്രികൾക്കു മുമ്പിൽ ക്യൂ നിൽക്കാതിരിക്കാനുള്ള അവസരം ഒരുക്കുക. അതാണ്‌ ലാഭം. ആന്ധ്രയിൽ നിന്നും മറ്റും കൊണ്ടു വരുന്ന അരി രണ്ടും മൂന്നും രൂപയ്ക്ക്‌ നൽകി, കൃഷി ചെയ്യാനുള്ള ഇവിടുത്തെ മനുഷ്യന്റെ താൽപര്യത്തെ ഇല്ലാതാക്കുകയാണ്‌ സർക്കാർ ചെയ്യുന്നത്‌. ഇതെല്ലാം വോട്ടു കിട്ടാനുള്ള ചില തരികട ഏർപ്പാടുകൾ മാത്രമാണ്‌.
അതുകൊണ്ട്‌ ആളുകളെ ബോധവത്ക്കരിക്കണം. എല്ലാ തരത്തിലുമുള്ള ആളുകളെ കാര്യങ്ങൾ പറഞ്ഞ്‌ ബോധ്യപ്പെടുത്തണം. സിനിമാക്കാർ പറഞ്ഞാൽ ആളുകൾ കേൾക്കും എന്നൊരു ധാരണയുണ്ട്‌. അത്‌ അങ്ങനെ തന്നെ ഇരിക്കട്ടെ. ഞാൻ എന്നാൽ കഴിയുന്നത്ര ഇക്കാര്യത്തിൽ ചെയ്യാൻ ശ്രമിക്കുന്നു. 20 വർഷമായി കൃഷി ചെയ്യാതെ തരിശിട്ടിരുന്ന കണ്ടനാട്‌ പാടശേഖരത്തിലെ 35 ഏക്കർ ഇവിടുത്തെ ഏതാനും ചെറുപ്പക്കാരുടെ സഹായത്തോടെ ഞാൻ പാട്ടത്തിനെടുത്ത്‌ കൃഷിയിറക്കിയിരിക്കുകയാണ്‌. വലിയ ലാഭമൊന്നും പ്രതീക്ഷിച്ചല്ല. എന്നാൽ ഇപ്പോൾ ആ ചെറുപ്പക്കാർ വലിയ ആത്മവിശ്വാസത്തിലാണ്‌. ലാഭം ഉണ്ടായില്ലെങ്കിലും നഷ്ടം ഉണ്ടാവില്ല എന്ന്‌ അവർ ഉറപ്പു പറയുന്നു. ലാഭ -നഷ്ടക്കണക്ക്‌ പറയാൻ പാടില്ല. കാരണം ഭക്ഷണമാണ്‌ നാം ഉത്പാദിപ്പിക്കുന്നത്‌.


ജൈവ കൃഷി വലിയ കാഴ്ച്ചപ്പാടാണ്‌. ഇതാണ്‌ അടുത്ത തലമുറയെ നാം പഠിപ്പിക്കേണ്ടത്‌. പാഠ പുസ്തകങ്ങളിൽ ഉൾപ്പെടുത്തേണ്ടത്‌. അല്ലാതെ ലോക മഹായുദ്ധ ചരിത്രങ്ങളോ, മരിച്ച്‌ മണ്ണടിഞ്ഞ മഹാന്മാരുടെ അപദാനങ്ങളോ അല്ല സിലബസിൽ വേണ്ടത്‌, മറിച്ച്‌ മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങൾ എന്താണ്‌ അത്‌ എങ്ങനെ നേടാം എന്ന പ്രായോഗിക പാഠങ്ങളാണ്‌ നാം  അടുത്ത തലമുറയെ പഠിപ്പിക്കേണ്ടത്‌. അല്ലെങ്കിൽ കൃഷി തന്നെ ഇവിട നിന്ന്‌ അപ്രത്യക്ഷമാകാം - ശ്രീനി പറഞ്ഞു നിർത്തി. അന്തരീക്ഷത്തിൽ മഴപെയ്തു തോർന്ന പ്രതീതിയായിരുന്നു. യാത്രപറഞ്ഞ്‌ ഇറങ്ങുമ്പാൾ ആതിഥേയൻ ക്ഷണിച്ചു, ഭക്ഷണം കഴിച്ചിട്ടു പോകാം. നല്ല പച്ചക്കറികൾ ഉണ്ട്‌. ഇനിയൊരിക്കലാവാം എന്നു പറഞ്ഞ്‌ ആ ക്ഷണം  സ്നേഹപൂർവം നിരസിച്ച്‌ ഞങ്ങൾ പുറത്ത്‌ ഇറങ്ങുമ്പോൾ ഗ്രാമം രാത്രിയുടെ നിശബ്ദതയിലേയ്ക്ക്‌  മെല്ലെ ചാഞ്ഞിരുന്നു.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ആർ. ജ്ഞാനദേവൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി - 11

ചുരുങ്ങിയത്‌ 50 വർഷത്തെയെങ്കിലും വിളവ്‌ പ്രതീക്ഷിച്ച്‌ വേണം  ഇനി തെങ്ങുകൾ നടാൻ. കൂടുതൽ ഉത്പാദനം നൽകുന്ന മികച്ച ഗുണമേന്മ തെങ്ങിൻ തൈകൾ മാത്രം തെരഞ്ഞെടുത്ത്‌ നടണം. എങ്കിൽ മാത്രമെ അത്‌ രണ്ടു മൂന്നു വർഷങ്ങൾക്കുള്ളിൽ ആദായം നൽകുകയുള്ളു. തെങ്ങുകൾ നേരത്തെ  കായ്ച്ചു തുടങ്ങിയാലെ കർഷകന്‌ അതുകൊണ്ട്‌ സാമ്പത്തിക നേട്ടം ഉണ്ടാവുകയുള്ളു.

വേനൽ മഴ യഥാസമയം എത്തിയതിനാൽ തെങ്ങിൻ തൈ വയ്ക്കാൻ പറ്റിയ സമയമാണിത്‌. ഈ സമയത്ത്‌ ഗുണമേ?യുള്ള തെങ്ങിൻ തൈകൾ വാങ്ങി നട്ടാൽ മഴക്കാലത്തോടെ തൈകൾ വേരു പിടിക്കുകയും വെയ്ക്കുന്ന എല്ലാ തൈകളും പിടിച്ചു കിട്ടുകയും ചെയ്യും. തേങ്ങയ്ക്ക്‌ ഒരു കാലത്തും ലഭിക്കാതിരുന്ന ഏറ്റവും ഉയർന്ന വില ലഭിക്കുന്നതിനാൽ തെങ്ങിൻ തൈ വെച്ചുപിടിപ്പിക്കാൻ പൊതുവേ ജനങ്ങൾ താൽപര്യം കാണിക്കുന്ന കാലമാണിത്‌. എന്നാൽ ഏത്‌ ഇനം തൈ വയ്ക്കണം, ഗുണമേ?യുള്ള തൈ എവിടെ കിട്ടും, എത്രയും പെട്ടെന്ന്‌ കായ്ക്കുന്ന തൈ നടണം, ഉയരം കുറഞ്ഞ ഇനമായിരിക്കണം, ഇവതൊക്കെയാണ്‌ തെങ്ങിൻ തൈ നടാനായി ഉദ്ദേശിക്കുമ്പോൾ കർഷകരുടെ മനസ്സിലെ ചിന്തകൾ.  നടുന്ന തൈകൾ തോട്ടത്തിൽ പ്രക…

ജൈവവളം മാത്രം പോരേ?

ആർ. ജ്ഞാനദേവൻ
അസി. ഡയറക്ടർ (ഡെപ്യൂട്ടേഷനിൽ), നാളികേര വികസന ബോർഡ്‌

കഴിഞ്ഞ 28 വർഷമായി ഈ ലേഖകൻ പങ്കെടുത്ത കാർഷിക സെമിനാറുകളിൽ കേരകർഷകർ സ്ഥിരമായി ചോദിക്കുന്ന ഒരു ചോദ്യമാണ്‌ തെങ്ങിന്‌ ജൈവവളം മാത്രം ചേർത്താൽ പോരെയെന്ന്‌. തെങ്ങിന്‌ വളം ചെയ്യുമ്പോൾ നാം ആദ്യം ഓർക്കേണ്ടത്‌ ജൈവവളപ്രയോഗം തന്നെയെന്നതിൽ സംശയമില്ല. കാരണം ഇന്ന്‌ നമ്മുടെ ഭൂരിഭാഗം തെങ്ങിൻ തടങ്ങളിലും വർഷം തോറും വേണ്ടത്ര ജൈവവളം ചേർത്ത്‌ കൊടുക്കാത്തതിനാൽ ഫലഭൂയിഷ്ഠത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. വേണ്ടത്ര ജൈവാംശം ചേർത്ത്‌ തെങ്ങിൻ തടത്തിലെ മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കുകയാണ്‌ നാം ആദ്യം ചെയ്യേണ്ടത്‌. രാസവളം ശുപാർശ ചെയ്ത അളവിൽ നൽകിയാലും തെങ്ങിൻ തടത്തിൽ വേണ്ടത്ര ജൈവാംശം ഇല്ലെങ്കിൽ അതുകൊണ്ടുള്ള ഗുണം തെങ്ങിന്‌ ലഭിക്കില്ല എന്നതാണ്‌ വാസ്തവം. ഉദാഹരണമായി യൂറിയ എന്ന രാസവളം തെങ്ങിൻ തടത്തിൽ വിതറിയാൽ തടത്തിലെ മണ്ണിൽ ജൈവാംശം ഉണ്ടെങ്കിൽ മാത്രമേ ഈ വളത്തിലെ പോഷകങ്ങൾ തെങ്ങിന്‌ വലിച്ചെടുക്കാൻ സാധിക്കുകയുള്ളൂ. അതായത്‌ ഈ വളത്തിൽ അടങ്ങിയിരിക്കുന്ന പാക്യജനകത്തെ വലിച്ചെടുക്കാൻ പാകത്തിലാക്കുന്ന രാസപ്രവർത്തനത്തെ സഹായിക്കുന്ന ചില എൻസൈമുകൾ പുറപ്പെടുവിക്ക…

കാർട്ടൂൺ കവിതകൾ

ജി.ഹരിനീലഗിരി

1) അയ്യപ്പൻ
അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു.
കാക്കകൊത്തി കടലിലിട്ടീല.
മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തീല.
തട്ടാപ്പിള്ളേരു തട്ടിപ്പറിച്ചീല.
വാണിയപ്പിള്ളേരു വായിലുമിട്ടീല.
അയ്യപ്പൻ തന്നെ നെയ്യപ്പം തിന്നു!
2) നിരൂപഹയൻ
മണ്ഡൂകം കൂപത്തിൽ നിന്നിറങ്ങി.
കൂപത്തിനാശ്വാസമായി.
മണ്ഡൂകത്തിനും.
ഇരുവർക്കുമിവ്വിധമാശ്വാസമാകീടിലും
മണ്ഡൂകം മണ്ഡൂകമല്ലാതായീടുമോ?!
കൂപം കൂപവും?!
സർ?
3) കല്യാണരാമൻ
കല്യാണരാമൻ ജമീലയോടു പറഞ്ഞു;
ആഴ്ചപ്പതിപ്പിലോട്ടു കയറിക്കിടക്കെടീ,
ഞാൻ നിന്നെ ഒന്നു ...........!
4) ഫെമിനിഷം
ഇതെൻ വക്ഷോജങ്ങൾ.
ഇതെൻ യോനി.
ഇതെൻ ജഘനങ്ങൾ.
ഇതെൻ കാർക്കൂന്തൽ.
ഇതെല്ലാ-
മെല്ലാ മെല്ലാ-
മെന്റേതെന്റേതെന്റേതു മാത്രം!
5) 40+
പ്രണയമേ,
എന്റെ വഴികളിൽ
എന്നും നീയുണ്ടായിരുന്നു..
7ലും,
17ലും,
37ലും.
ഇപ്പോൾ
40+ ന്റെ നരപ്പിലും.
കന്യകയുടെ നെഞ്ചിലെ പ്രാവിൻകൂടുപോൽ
എന്നുള്ളിലെഫ്ഫെം സംഗീതമായ്‌
പ്രണയമേ,
നീ കിടന്നു
പിട പിടിയ്ക്കുകയാണ്‌...
6)ചുള്ളൻ
വയലാർ കവിയല്ലെന്നു
(പണ്ടൊരിക്കൽ)
ഗുണ്ടൊരെണ്ണം പൊട്ടിച്ചൂ.
ചുള്ളിയും കാടുമെല്ലാം പോയ്‌
ഗൗതമസുധാംശുവായ്ത്തീർന്നു! 7) A.M എന്റെ റേഡിയോ.
പൊന്നു റേഡിയോ.
എന്റെ കൗമാരദിനങ്ങളെ
പാടിയുണർ…