22 Nov 2014

കൃഷിയിലെ പുതുസംരംഭങ്ങളോട്‌ കൂട്ടുചേരാം


ടി. കെ. ജോസ്‌ ഐ എ എസ്

ചെയർമാൻ ,നാളികേര വികസന ബോർഡ്

കേരളത്തിൽ പുതിയൊരു നാളികേരോത്പാദക കമ്പനി കൂടി സ്ഥാപിതമായിരിക്കുന്നു. ആലപ്പുഴ ജില്ലയുടെ തെക്ക്‌ ഭാഗം കേന്ദ്രീകരിച്ചാണ്‌ ഓണാട്ടുകര നാളികേരോത്പാദക കമ്പനി ലിമിറ്റഡ്‌ എന്ന പേരിൽ കേരളത്തിലെ 13-​‍ാമത്തെ നാളികേരോത്പാദക കമ്പനി രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത്‌. കേരളത്തിൽ ഒരു ജില്ലയിൽ ഒന്നിലേറെ നാളികേരോത്പാദക കമ്പനികൾ ഇതുവരെ കോഴിക്കോട്‌ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോഴിതാ ആലപ്പുഴയിലും രണ്ടാമത്തെ നാളികേരോത്പാദക കമ്പനി രൂപീകൃതമായിരിക്കുന്നു. 50,000 ഹെക്ടറിൽ കൂടുതൽ നാളികേര കൃഷിയുള്ള വലിയ ജില്ലകളിലെല്ലാം ഒന്നിലേറെ കമ്പനികൾക്ക്‌ സാധ്യതയും അവസരവുമുണ്ട്‌. വടക്കൻ കേരളത്തിൽ മലപ്പുറം, കോഴിക്കോട്‌ ജില്ലകളിലും പുതിയ നാളികേരോത്പാദക കമ്പനികളുടെ രജിസട്രേഷൻ നടപടികൾ അവസാനഘട്ടത്തിലാണ്‌. കാസർഗോഡ്‌, കണ്ണൂർ, കോഴിക്കോട്‌, മലപ്പുറം, പാലക്കാട്‌, തൃശ്ശൂർ, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലും കൂടുതൽ നാളികേരോത്പാദക കമ്പനികൾ രൂപീകരിക്കുവാൻ ആവശ്യമായ കൃഷിസ്ഥലവും, കർഷകരും, ആവശ്യത്തിന്‌ ഉത്പാദക സംഘങ്ങളും ഫെഡറേഷനുകളും ഇതിനോടകം തന്നെ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. 2014 മാർച്ച്‌ 2-​‍ാം തീയതി 173 നാളികേരോത്പാദക ഫെഡറേഷനുകളായിരുന്നു കേരളത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ടിരുന്നതെങ്കിൽ ഇപ്പോഴത്‌ 275 ആയി വർദ്ധിച്ചിരിക്കുന്നു. അടുത്ത കാലത്തായി നാളികേര കർഷക കൂട്ടായ്മകൾ രൂപീകരിക്കുവാൻ ആളുകൾ കൂടുതൽ താൽപര്യം കാണിച്ചുതുടങ്ങിയിട്ടുണ്ട്‌.
കായ്ഫലമുള്ള പത്ത്‌ തെങ്ങെങ്കിലും സ്വന്തമായുള്ള സമീപസ്ഥരായ കേരകർഷകരെ ജാതി,മത, കക്ഷി രാഷ്ട്രീയ ഭേദമെന്യേ അംഗങ്ങളായി ചേർത്തുകൊണ്ട്‌ നിലവിലുള്ള ഉത്പാദക സംഘങ്ങളുടെ ഭൂമിശാസ്ത്ര അതിർത്തികൾ ഉല്ലംഘിക്കാതെ ആയിരിക്കണം പുതിയ സി.പി.എസ്സുകൾ രജിസ്റ്റർ ചെയ്യേണ്ടത്‌. നാൽപതുമുതൽ നൂറ്‌ വരെ കേരകർഷകരും 4000 മുതൽ 6000 വരെ കായ്ക്കുന്ന തെങ്ങുകളുമാണ്‌ ഒരു ഉത്പാദക സംഘം പരിധിയിൽ ഉണ്ടാകേണ്ടത്‌. ഓരോ കർഷകനേയും കാര്യങ്ങൾ പറഞ്ഞ്‌ മനസ്സിലാക്കി, അവരുടെ ഉത്തരവാദിത്വങ്ങളും ചുമതലകളും മനസ്സിലാക്കി കൊടുത്ത്‌ വേണം സിപിഎസ്‌ രൂപീകരിക്കുവാൻ. എന്തെങ്കിലും ആനുകൂല്യങ്ങളോ, ഔദാര്യങ്ങളോ, ഗ്രാന്റോ, സബ്സിഡിയോ ലഭിക്കാൻ വേണ്ടി മാത്രമാവരുത്ത്‌. കേരകർഷക മേഖലയിൽ ദീർഘകാലം നിലനിൽക്കുകയും വളരുകയും മേൽഘടകങ്ങളായ ഫെഡറേഷനുകളിലേക്കും ഉത്പാദക കമ്പനികളിലേക്കും പങ്കാളിത്തമെടുക്കുന്നതിനു സന്നദ്ധതയും ഒരു തെങ്ങിന്‌ ഒരു വിളവെടുപ്പിന്‌ ഒരു നാളികേരം വീതം എന്ന കണക്കിൽ ഒരു വർഷം കൊണ്ട്‌ എട്ടു നാളികേരം ഓഹരിയായി നൽകാൻ സന്നദ്ധതയും, മനസ്ഥിതിയും, ഉത്തരവാദിത്വവും ഉണ്ടെങ്കിൽ മാത്രമേ സംഘങ്ങൾ രൂപീകരിച്ച്‌ തുടങ്ങാവൂ. തന്നെയുമല്ല നേതൃത്ത്വത്തിലേക്ക്‌ വരുന്നവർ ഇതിന്റെ നിരവധി ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുവാനും ഓരോന്നിന്റെയും മുകളിലേക്കുള്ള തലങ്ങളിലേക്ക്‌ പങ്കെടുക്കുവാനും എല്ലാകർഷകരേയും കൂട്ടിയോജിപ്പിച്ച്‌ കൊണ്ടുപോകുവാനും കഴിവും മനസ്സും കുറെ ത്യാഗ സന്നദ്ധതയും ഉള്ളവരായിരിക്കണം.

നാളികേര വികസന ബോർഡ്‌ കഴിഞ്ഞ മൂന്നരവർഷത്തിലേറെയായി കേരളത്തിലെ എല്ലാ ജില്ലകളിലും നാളികേരോത്പാദക സംഘങ്ങളും ഫെഡറേഷനുകളും രൂപീകരിക്കുന്നതിന്‌ തീവ്രമായ പരിശ്രമം നടത്തിവരുകയായിരുന്നു. ഇപ്പോൾ പ്രത്യേകിച്ച്‌ പരിശ്രമങ്ങളൊന്നും കൂടാതെ തന്നെ കർഷകർ നാളികേരോത്പാദക സംഘങ്ങൾ രൂപീകരിക്കുന്നുണ്ട്‌. ചിലരെങ്കിലും അതിൽ കക്ഷി രാഷ്ട്രീയത്തിന്റെ മസാലകൾ അൽപസ്വൽപം കലർത്താൻ ശ്രമിക്കുന്നുമുണ്ട്‌. വ്യക്തികളുടെ രാഷ്ട്രീയ ചിന്തയ്ക്കും പ്രവർത്തനത്തിനും സ്വാതന്ത്ര്യം നൽകിക്കൊണ്ട്‌ തന്നെ കക്ഷി രാഷ്ട്രീയത്തിന്‌ അതീതമായി പ്രവർത്തിക്കാൻ കഴിയുന്ന കൂട്ടായ്മകളായിട്ടാണ്‌ നാളികേരോത്പാദക സംഘങ്ങൾ വിഭാവനം ചെയ്തിട്ടുള്ളത്‌. കേവലം രാഷ്ട്രീയ ലക്ഷ്യങ്ങൾ മാത്രം വച്ച്‌ കർഷകരെ സംഘടിപ്പിക്കുന്നുവേങ്കിൽ അത്‌ തെറ്റാണ്‌ എന്നും,  അത്‌ നിലനിൽക്കില്ലായെന്നും മനസ്സിലാക്കാൻ നമ്മുടെ മുൻകാലാനുഭവങ്ങളുണ്ട്‌. നാളികേര കർഷകർ തങ്ങളുടെ തീക്ഷ്ണമായ ദൈന്യതയുടെ കാലഘട്ടത്തിലൂടെ കടന്നുപോയപ്പോൾ ഇത്തരത്തിലുള്ള ആരെയും കണ്ടിരുന്നുമില്ല. അല്ലെങ്കിൽ തന്നെ നമ്മൾ മലയാളികൾ പ്രബുദ്ധതയുടേയും സാക്ഷരതയുടേയും കാര്യത്തിൽ മുന്നിലാണെന്ന്‌ അഭിമാനിക്കുമ്പോഴും പുതിയ ആശയങ്ങളെ സംശയത്തോടെ കാണുകയും കഴിയുമെങ്കിൽ എതിർക്കുകയും, തളർത്താൻ ശ്രമിക്കുകയും ചെയ്യുക എന്നത്‌ നമ്മുടെ പൊതുസ്വഭാവമായി മാറിയിരിക്കുന്നു. പലപ്പോഴും മറ്റുള്ളവർ മുൻപിലെത്തിക്കഴിയുമ്പോഴാണ്‌ പലരും ആലസ്യത്തിൽ നിന്നും ഉണർന്നെഴുന്നേൽക്കുന്നതും വൈകി ബുദ്ധിയും വിവേകവും ഉദിക്കുന്നതും. അത്തരത്തിൽ വൈകിയാണെങ്കിലും ബുദ്ധിയും വിവേകവും ഉദിച്ചതാണ്‌ എങ്കിൽ നല്ലത്‌ തന്നെ. യല​‍േൽ ഹമലേ വേമി ​‍ില്ലൃ അൽപം വൈകിയെങ്കിലും സാരമില്ല, കൂട്ടായ പ്രവർത്തനത്തിലൂടെ മുന്നോട്ട്‌ പോകുവാൻ കഴിയും.
പുതുതായി ധാരാളം ഉത്പാദക സംഘങ്ങൾ രൂപീകരിക്കുന്നതിനായി പലരും അരയും തലയും മുറുക്കി രംഗത്തിറങ്ങിയതിനെക്കുറിച്ച്‌ ചില  ഫെഡറേഷനുകൾ പ്രകടിപ്പിച്ച അഭിപ്രായങ്ങളിങ്ങനെയാണ്‌. "അടുത്ത വർഷത്തെ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ്‌ മുന്നിൽ എത്തിയപ്പോഴാണ്‌ പല ഗ്രാമപഞ്ചായത്തുകളും മെമ്പർമാരും ഉത്പാദക സംഘങ്ങളുടെ സാധ്യതകളും പ്രസക്തിയും മനസ്സിലാക്കിയത്‌. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പിനെ ലക്ഷ്യം വെച്ചുകൊണ്ട്‌ ഉയർന്ന്‌ വരുന്ന ഉത്പാദക സംഘങ്ങളുണ്ട്‌. അയൽപഞ്ചായത്തിലെ ഉത്പാദക സംഘങ്ങളും ഫെഡറേഷനുകളും വഴി കർഷകർ കേടുവന്നതും പ്രായാധിക്യമുള്ളതുമായ തെങ്ങുകൾ വെട്ടിമാറ്റി; അവർക്ക്‌ തെങ്ങുകൾക്കുള്ള വളം കിട്ടുന്നത്‌ കണ്ടുകഴിഞ്ഞപ്പോൾ അത്‌ ഞങ്ങൾക്കും വേണം എന്ന ആവശ്യവുമായി ഉത്പാദക സംഘങ്ങൾ രൂപീകരിച്ചവരുണ്ട്‌. നാളികേരത്തിന്‌ വില ഭേദപ്പെട്ട്‌ തുടങ്ങിയപ്പോൾ ഇനി നാളികേരത്തെ ശ്രദ്ധിക്കാം എന്ന്‌ കരുതിയിറങ്ങിയവരുമുണ്ട്‌. നീരയെക്കുറിച്ച്‌ മാധ്യമങ്ങളിൽ വരുന്ന വാർത്തകണ്ടുകൊണ്ട്‌ നീരയുടെ സാധ്യതകൾ മനസ്സിലാക്കി ഉത്പാദക സംഘങ്ങൾ രൂപീകരിക്കുന്നവരുണ്ട്‌." അതുകൊണ്ട്‌ തന്നെയാണല്ലോ 'നീരസംഘങ്ങൾ' ഉണ്ടാക്കുവാൻ കാൽനൂറ്റാണ്ടുകാലം മൃതമായി കിടന്നിരുന്ന കോർപ്പറേഷനും  ഉയർന്ന്‌ വന്നിരിക്കുന്നതും. കഴിഞ്ഞ 25 വർഷങ്ങളിൽ കേരളത്തിലെ കേരകർഷകർ കഷ്ടപ്പാടിലൂടെയും ക്ലേശങ്ങളിലൂടെയും വിലയിടിവിന്റെ തിക്തഫലങ്ങൾ അനുഭവിച്ചപ്പോൾ അന്ന്‌ ധൃതരാഷ്ട്രന്മാരായിരുന്നവർ, കേവലം കാഴ്ചശക്തി മാത്രമല്ല, കേൾവിശക്തിയും ഗ്രഹണശക്തിയും സംവേദനശക്തിയും ഇല്ലാതെയിരുന്നവർ പെട്ടെന്നൊരു സുപ്രഭാതത്തിൽ 'നീര സോസൈറ്റി'കൾ ഉണ്ടാക്കുവാൻ നെട്ടോട്ടമോടുന്ന കാഴ്ചയും നാം കാണുന്നു. പുച്ഛത്തോടെ കേരളത്തിലെ കേരകർഷകർ അവരെ തള്ളിക്കളയും എന്നകാര്യത്തിൽ സംശയംവേണ്ട. 2012ൽ നാളികേരത്തിന്‌ വിലയിടിഞ്ഞ സമയത്ത്‌  സംഭരണത്തിന്‌ നാഫെഡ്‌ ഇറങ്ങിപ്പുറപ്പെട്ടപ്പോൾ കർഷകരുടെ ശത്രുപക്ഷത്ത്‌ നിലയുറപ്പിച്ചവർ തന്നെയാണ്‌ ഇന്ന്‌ "നീര സോസൈറ്റിക്ക്‌" ചുക്കാൻ പിടിക്കാൻ പോകുന്നത്‌. നീരയുടെ സാമ്പത്തിക ശാസ്ത്രം മാത്രം കണ്ടുകൊണ്ട്‌ അതിന്റെ സാമൂഹിക ശാസ്ത്രവും കാർഷിക ശാസ്ത്രവും സാങ്കേതിക ജ്ഞാനവുമാർജിക്കാതെയുമുള്ള എടുത്തുചാട്ടം. വിദേശ രാജ്യങ്ങളിൽ ഓഹരി വിപണി കുതിയ്ക്കുമ്പോൾ "നിങ്ങളുടെ ചെരുപ്പുകുത്തി പോലും നിങ്ങളോട്‌ ഓഹരികളെക്കുറിച്ചു സംസാരിച്ചു തുടങ്ങിയാൽ ആ മാർക്കറ്റിൽ തകർച്ച തുടങ്ങാറായി"  എന്ന്‌ സാമ്പത്തിക ശാസ്ത്രജ്ഞർ പറയുന്നു. മുമ്പെങ്ങും കണ്ടിട്ടില്ലാത്തവരും കേട്ടിട്ടില്ലാത്തവരും മാളങ്ങളിൽ നിന്നും നീരയെക്കുറിച്ച്‌  സംസാരിച്ചുകൊണ്ട്‌ തലയുയർത്തി വരുമ്പോൾ  കർഷകർ ഇതിൽ നിന്ന്‌ പിൻമാറണമെന്നല്ല, ഇത്തരം ക്ഷുദ്രജീവികളേയും ഛിദ്രശക്തികളേയും തിരിച്ചറിയുന്നതിനും "നീര കേരകർഷകരുടേതും കേരകർഷക കൂട്ടായ്മകളുടേതും മാത്രം ആണ്‌" എന്നു പറയുവാനുള്ള അറിവും കഴിവും പക്വതയും ആർജ്ജിക്കുകയാണ്‌ വേണ്ടത്‌.
ഈ അടുത്തകാലത്ത്‌ ഒരു ജില്ലയിലെ മുഴുവൻ ഉത്പാദക ഫെഡറേഷനുകളുടേയും കൂട്ടായ്മയുടെ പ്രതിമാസ അവലോകന യോഗത്തിൽ അവർ പറഞ്ഞ അഭിപ്രായം ശ്രദ്ധേയമാണ്‌. "ഒരു വീട്ടിൽ, അതിനുമുൻപ്‌ അവിടെയെങ്ങും കാണാത്തവരെ സംശയാസ്പദമായ സാഹചര്യത്തിൽ അസമയത്ത്‌ കണ്ടാൽ അവരെ മോഷ്ടാക്കൾ എന്നാണ്‌ വിളിക്കേണ്ടത്‌.  ഏതെങ്കിലും പ്രസ്ഥാനത്തിലേക്ക്‌ നുഴഞ്ഞുകയറുന്നവർ, ആ പ്രസ്ഥാനത്തോടുള്ള സ്നേഹം കൊണ്ടല്ല,  മറിച്ച്‌ അതിനെ ഭിന്നിപ്പിക്കാനും തകർക്കാനും ലക്ഷ്യം വെച്ച്‌ അസൂയാലുക്കളോ ശത്രുക്കളോ പറഞ്ഞുവിടുന്ന ചാരന്മാർ ആയിരിക്കാം". ഇതുപറഞ്ഞപ്പോൾ അടുത്തയാൾ പ്രതികരിച്ചതിങ്ങനെയാണ്‌. "അതിർത്തിയിലൂടെ നുഴഞ്ഞുകയറുന്നവരെ, എങ്ങനെ വിളിക്കണം സാർ? അവർ ഒന്നുകിൽ ശത്രുരാജ്യത്തിന്റെ ചാരന്മാരോ, അല്ലെങ്കിൽ തീവ്രവാദികളോ ആണ്‌". ഇത്രകാലം കാണാതിരുന്ന ചില കോർപ്പറേഷനുകളെയും മറ്റും ഇതിൽ ഏതുപേരിട്ടാണ്‌ വിളിക്കേണ്ടത്‌ എന്ന്‌ കേരകർഷകർ തീരുമാനിച്ചാൽ മതി! പുതിയ ആശങ്ങളെയും പുതിയ ചിന്തകളെയും നൂതനമായ പ്രവർത്തനങ്ങളെയും അറിയുന്നതിനും പഠിക്കുന്നതിനും വേണ്ടി തന്നെയാണ്‌ ഈ ലക്കം നാളികേര ജേണലിൽ  വ്യത്യസ്തമായ രീതിയിൽ കാർഷിക, ഭക്ഷ്യ സംസ്ക്കരണ, ഉത്പാദന, വ്യവസായ മേഖലയിൽ സംരംഭങ്ങൾ നടത്തുന്ന കർഷകകൂട്ടായ്മകളേയും സംരംഭകരെയും പരിചയപ്പെടുത്തുന്നത്‌. സ്റ്റാർട്ട്‌ അപ്‌ സംരംഭങ്ങൾ എന്നുപറഞ്ഞാൽ അത്‌ ഐടിയും മൊബെയിൽ ആപ്ലിക്കേഷനുകളും മാത്രമാണ്‌ എന്ന്‌ ധരിച്ചുവശായവർ കാർഷിക മേഖലയിലുള്ള ഇത്തരം നൂതനസംരംഭങ്ങൾക്ക്‌  വേണ്ടത്ര പ്രാധാന്യവും പ്രാമുഖ്യവും കൊടുക്കുന്നില്ലായെന്നത്‌ ഖേദകരമാണ്‌. തിരുവനന്തപുരം ജില്ലയിൽ സംഘമൈത്രി എന്ന പേരിൽ കർഷകരുടെ ആത്മാഭിമാനം ഉയർത്തിക്കൊണ്ട്‌ പ്രവർത്തിക്കുന്ന ഉത്പാദക കമ്പനി മികച്ച പ്രവർത്തനത്തിലൂടെ ഉന്നതമായ നേട്ടങ്ങൾ കർഷകർക്ക്‌ ഉണ്ടാക്കിക്കൊടുക്കുന്ന വലിയൊരു കർഷക കൂട്ടായ്മയാണ്‌. അവരുടെ ഒത്തൊരുമയും ഐക്യവും കൂട്ടായ പ്രവർത്തനവും കേരളത്തിലെ കാർഷിക സമൂഹത്തിന്‌ പ്രത്യേകിച്ച്‌ നാളികേര മേഖലയിലെ ഉത്പാദക കൂട്ടായ്മകൾക്ക്‌ ഉത്തമ മാതൃകയാകേണ്ടതാണ്‌.  സംഘമൈത്രി, ഫ്രേഷ്‌ കേവ്‌, ഗ്രീൻ ഹാർട്ട്സ്‌ തുടങ്ങിയ പുതിയ ആശയങ്ങൾ, നമ്മുടെ ഉത്പാദക സംഘങ്ങൾക്കും ഫെഡറേഷനുകൾക്കും മാറിച്ചിന്തിക്കാനും പുതുവഴികൾ തേടാനും ശക്തിയും ശേഷിയും നൽകട്ടെയെന്ന്‌ ആശംസിക്കുന്നു. 

സർക്കാർ നൽകുന്ന പണം മാത്രമുപയോഗിച്ച്‌ മുതൽ മുടക്കുന്ന മാതൃകയാണോ, കർഷകരും കർഷക കൂട്ടായ്മകളും സംരംഭകരും ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന്‌ പണം സമാഹരിച്ച്‌ ഇത്തരം കാർഷിക, ഭക്ഷ്യസംസ്ക്കരണ മേഖലയിൽ നിക്ഷേപം നടത്തുമ്പോൾ അവയ്ക്ക്‌ 25 ശതമാനമെങ്കിലും സബ്സിഡി നൽകുന്ന മാതൃകയാണോ നല്ലത്‌ എന്ന്‌ ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു. പ്രത്യേകിച്ച്‌ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന ഒരു സംസ്ഥാനത്ത്‌ മുഴുവൻ ഗവണ്‍മന്റ്‌ പണവും ഉപയോഗിച്ചു ധൂർത്തിനും ധാരാളിത്തത്തിനും ഉത്തരവാദിത്വമില്ലായ്മയ്ക്കും കൊടി പിടിക്കുന്നതിന്റെ ഉദ്ദേശ്യമെന്താണ്‌? ഏതായാലും സദുദ്ദേശ്യമല്ല എന്ന്‌വ്യക്തം. അവയിലെ ഉദ്ദേശ്യശുദ്ധിയില്ലായ്മയെ തിരിച്ചറിയാനും അതിനെതിരെ ശബ്ദിക്കുവാനും പൊതു ഖജനാവിലെ പണം അതിന്റെ യഥാർത്ഥമൂല്യത്തോടെ ചെലവഴിക്കുന്നുവേന്ന്‌ ഉറപ്പ്‌ വരുത്തുവാനും കർഷകർക്കും ഉത്തരവാദിത്വമുണ്ട്‌. താൽക്കാലികമായി എന്തെങ്കിലും ലാഭം ഇത്തരം പ്രസ്ഥാനങ്ങൾ നിങ്ങൾക്ക്‌ വാഗ്ദാനം ചെയ്യുന്നുവേങ്കിൽ തിരിച്ചറിയുക, മുൻകാലത്ത്‌ ആട്‌, തേക്ക്‌,മാഞ്ചിയം തുടങ്ങി ടോട്ടൽഫോർ യുവും സോളാറുകാരും ഇത്തരം മോഹന വാഗ്ദാനങ്ങളുമായി വന്നവരാണ്‌. ഈ വാഗ്ദാന കുമിളകൾ പൊട്ടാൻ അധികനേരം വേണ്ട. അദ്ധ്വാനിക്കാതെ, വിയർപ്പൊഴുക്കാതെ, സാമ്പത്തികളാഭം വാഗ്ദാനം ചെയ്യുന്നവരെ സൂക്ഷിക്കുക അവർ കാർഷിക മേഖലയ്ക്ക്‌ ഗുണം ചെയ്യാൻ ഉദ്ദേശിക്കുന്നവരല്ല. വെള്ളപ്പൊക്കകാലത്ത്‌ മാത്രം മീൻപിടിക്കാൻ ഇറങ്ങുന്ന ഇത്തരം കാപട്യക്കാരുടെ തനിനിറം കേരകർഷകർ തിരിച്ചറിയും എന്നുറപ്പുണ്ട്‌.
കർഷകരുടെ നേതൃത്വവും പ്രോഫഷണലിസവും ഒത്തുചേർന്നാണ്‌ നാളികേരോത്പാദക കൂട്ടായ്മകളെ മുന്നോട്ട്‌ നയിക്കേണ്ടത്‌.
  സാധാരണക്കാരായ എല്ലാ കർഷകർക്കും സാങ്കേതിക, മാനേജ്‌മന്റ്‌ വൈദഗ്ദ്ധ്യങ്ങൾ ഉണ്ടാകണമെന്നില്ല. അത്തരം വൈദഗ്ദ്ധ്യമുള്ളവരിൽ കർഷകരുണ്ട്‌ എന്നത്‌ വിസ്മരിക്കുന്നുമില്ല. എല്ലാവരെയും ഉൾക്കൊണ്ടുകൊണ്ട്‌ പ്രവർത്തിക്കാനും സാങ്കേതിക - മാനേജ്‌മന്റ്‌ വൈദഗ്ദ്ധ്യം ഉള്ളവരെ തങ്ങളുടെ ടീമിലെടുക്കാനും അവരെ നയിക്കുവാനുമുള്ള ഉത്തരവാദിത്വമാണ്‌ കമ്പനികളുടെ നേതൃത്വത്തിലേക്ക്‌ വരുന്നവർക്ക്‌ ഉള്ളത്‌.  കമ്പനിയെ മുമ്പോട്ടു നയിക്കുക, യഥാസമയം ഡയറക്ടർ ബോർഡ്‌ ചേരുക. ടെക്നോളജി, ധനകാര്യം, മാർക്കറ്റിംഗ്‌, ഹ്യൂമൻ റിസോഴ്സ്‌ തുടങ്ങിയ എല്ലാ മാനേജ്‌മന്റ്‌ പ്രവർത്തനങ്ങൾക്കും നേതൃത്വം കൊടുക്കുക എന്നീ ഉത്തരവാദിത്വങ്ങളും ഡയറക്ടർ ബോർഡ്‌ അംഗങ്ങൾക്ക്‌ തന്നെയാണ്‌. നാളികേരം കഴിഞ്ഞാൽ കേരളത്തിൽ കൂടുതൽ കർഷകരുള്ള  റബ്ബർ മേഖല വലിയൊരു ദുരിതത്തിന്റെ വക്കിലാണ്‌. റബ്ബറിന്റെ വിലയിടിവിൽ നിന്നും നാളികേര കർഷകർ പഠിക്കേണ്ട പാഠങ്ങൾ എന്താണ്‌? 2500-ഓളം റബ്ബർ ഉത്പാദക സംഘങ്ങളും  12 ഉത്പാദകകമ്പനികളും കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്‌. പക്ഷേ രൂക്ഷമായ വിലയിടിവിന്റെ പശ്ചാത്തലത്തിലും അവർ നിസ്സഹായരായി നിൽക്കുകയാണ്‌. അതുകൊണ്ട്‌ വിലയിടിവിനെ മുൻകൂട്ടി കണ്ട്‌ പ്രതിരോധിക്കാനും വിലയിടിവിന്റെ സമയത്തിനു മുമ്പേ തന്നെ മൂല്യവർദ്ധിത ഉൽപന്നങ്ങളിലേക്ക്‌ മാറുന്നതിനുമുള്ള പ്രവർത്തന തന്ത്രം തയ്യാറാക്കേണ്ടിയിരിക്കുന്നു. റബ്ബറിന്റെ മേഖലയിൽ ഇപ്പോഴും ഉത്പാദക കമ്പനികളുടെ ശബ്ദം സജീവമായിട്ടില്ല. നാളികേരത്തിന്റെ മേഖലയിൽ അങ്ങനെ ആകാതിരിക്കട്ടെ എന്ന്‌ ആഗ്രഹിക്കുന്നു. നമ്മുടെ ഉത്പാദക കമ്പനികളുടെ നേതൃത്വം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, കൊട്ടും കുരവയുമായി നടത്തുന്ന ഉദ്ഘാടനങ്ങളും ശിലാസ്ഥാപനങ്ങളുമല്ല മറിച്ച്‌ വാഗ്ദാനം ചെയ്യുന്ന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയുക എന്നതാണ്‌ നമ്മുടെ പ്രവർത്തനത്തിന്റെ മുഖമുദ്രയാവേണ്ടത്‌. പ്രവർത്തന പന്ഥാവിൽ അതിവേഗം മുന്നേറുക. നൂതനമായ അറിവുകളെയും ആശയങ്ങളെയും ഇരുകൈകളും നീട്ടി സ്വീകരിക്കുകയും പഠിച്ച്‌ പ്രയോജനപ്പെടുത്തുകയും ചെയ്യുക. അതിനാവട്ടെ ഈ സാമ്പത്തിക വർഷത്തെ വരും മാസങ്ങളിലുള്ള നിങ്ങളുടെ കൂട്ടായ ലക്ഷ്യവും, തീവ്രമായ പരിശ്രമവും.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...