ദീപു കാട്ടൂർ
ഉണ്ണീശോയെ എടുത്തുകൊണ്ട് നിൽക്കുന്ന ഔസേപ്പിതാവിന്റെ ഫോട്ടോയുടെ താഴെ, കമ്പ്യൂട്ടർ മോണിറ്ററിനടുത്തായിരിക്കുന്ന മൊബെയിൽ ഫോൺ നീട്ടിപ്പാടി.
"ബാവായ്ക്കും പുത്രനും പരിശുദ്ധ റൂഹായ്ക്കും സ്തുതിയായിരിക്കട്ടെ!"
അത് സൂരജിനുള്ള അറിയിപ്പാണ്. അവന്റെ വലതു കൈയുടെ ചൂണ്ടുവിരൽ തുടരെത്തുടരെ മൗസിൽ താളെ പിടിച്ചു. സ്ക്രീനിലെ അമ്പ് ചെന്നു തറയ്ക്കുന്ന സ്ഥലങ്ങളിലെല്ലാം ഒന്നിനു പിറകെ ഒന്നായി പുതിയ പുതിയ വാതിലുകൾ തുറന്നുകൊണ്ടേയിരുന്നു. മത്തായിച്ചൻ കമ്പ്യൂട്ടറിനു മുന്നിലായുള്ള തന്റെ കസേരയിൽ നന്നായി അമർന്നിരുന്നു. സ്ക്രീനിൽ ജോണിക്കുട്ടിയുടെ മുഖം തെളിയുകയായി. അച്ഛനും മകനുമിടയിൽ വെറും ജോലിക്കാരനായ സൂരജിന് ഇനി സ്ഥാനമില്ല. കുമ്പളങ്ങാപോലെ തോന്നിച്ച മകന്റെ മുഖം അവൻ പുറകിലേക്ക് ചാരിയിരുന്നപ്പോൾ സുന്ദരമായി. മത്തായിച്ചൻ മകനെ നോക്കിച്ചിരിച്ചു.
"അപ്പച്ചന്റെ കണ്ണിനുതാഴെ ചെറിയ തടിപ്പുണ്ട്."
"എട ജോണിയേ, നീയുമങ്ങു തടിച്ച് വരുകയാണല്ലോ?"
ജോണിക്കുട്ടിയും ചിരിച്ചു.
ഇത്തിരി കപ്പയും ഉണക്കമീനും കഴിക്കണമെന്ന് മത്തായിച്ചന്റെ കുറെ നാളായുള്ള ആഗ്രഹമാ. ഷുഗറുള്ളതുകൊണ്ട് കപ്പയും പ്രഷറുള്ളതുകൊണ്ട് ഉണക്കമീനും കഴിക്കാൻപാടില്ലെന്നാ ജോണിക്കുട്ടിയുടെ കൽപന. അൽപനേരത്തെ കുശലത്തിനൊടുവിൽ മത്തായിച്ചൻ ചോദിച്ചു.
"എടാ ജോണിയേ, അപ്പച്ചൻ ഒരാഗ്രഹം പറയട്ടോ?"
"ഉം", ജോണിക്കുട്ടി മൂളി.
"ഒരിത്തിരികപ്പയും, ഉണക്കമീനും കഴിക്കാൻ വല്ലാത്ത മോഹം".
"അതങ്ങു മനസ്സീവെച്ചാമതി.... ഈയാഴ്ചത്തെ ബ്ലഡിന്റെ റിസൾട്ട് ഡോക്ടർ മെയിൽ ചെയ്തിരുന്നു. മൊത്തം കുഴപ്പമാ.. അപ്പച്ചൻ, ഞാൻ പറയുന്നതങ്ങ് കേട്ടാമതി. പണിക്കാരോട് വെറുതേ കോർക്കാൻ നിക്കണ്ട. ഞാൻ പറയാതെ അവര് മെനു ചെയ്ഞ്ച് ചെയ്യില്ല. പിന്നെ, ശനിയാഴ്ച വൈകിട്ടത്തെ കലാപരിപാടി ഞാൻ കണ്ടില്ലെന്നു കരുതേണ്ട. ശങ്കരേട്ടനേയും ജബ്ബാറിക്കയേയും ഞാൻ വിളിക്കുന്നുണ്ട്."
"എന്നാ ശരിയടേ കൂവേ, അവിടിപ്പ രാത്രിയല്ലേ നീ കെടന്നുറങ്ങാൻ നോക്ക്."
"ശരി അപ്പച്ചാ, പറഞ്ഞത് മറക്കണ്ടാ... ഗുഡ്നൈറ്റ"്
"ഓ..." മത്തായിച്ചൻ അലസമായി മൂളി.
സ്ക്രീനിലെ വെളിച്ചം മങ്ങി.
മത്തായിച്ചൻ പതിയെ ഏണീറ്റ് ചെന്ന് സിറ്റൗട്ടിലെ ചാരുകസേരയിൽ മലന്നങ്ങ് കിടന്നു. വെയിലിന് കനം വെച്ചുവരുന്നു.
എന്നാലും ശനിയാഴ്ച വൈകിട്ടത്തെ കാര്യം അവനെങ്ങനെ കണ്ടു. ആഴ്ചമൂക്കുന്ന ദിവസമായതിനാൽ പണിക്കാരെല്ലാം നേരത്തെ പോയി.. അതു കഴിഞ്ഞാണല്ലോ ശങ്കരനും ജബ്ബാറും വന്നത്. ഞാൻ എത്രനാളായി നിർബ്ബന്ധിച്ചിട്ടാണ് അവ?ാർ കുറച്ച് കള്ളുകൊണ്ട് വന്നത്.
ആദ്യത്തെ ഗ്ലാസ് ഒഴിച്ചപ്പോൾതന്നെ ശങ്കരൻ ചോദിച്ചതാണ്.
"എടോ മത്തായീ...... തന്റെ മകൻ ഈ മാഞ്ചോട്ടിലെങ്ങാനും ക്യാമറ വെച്ചിട്ടുണ്ടോ?"
"ഏയ്... വീടിനകത്ത് എല്ലാ മുറിയിലും പുറത്തുമൊക്കെ ഉണ്ടെന്നറിയാം. ഈ മൂലയ്ക്കെങ്ങും കാണില്ലെന്നേ..." ചിറിതുടച്ച് ഗ്ലാസ് താഴെ വെച്ചുകൊണ്ട് മത്തായി പറഞ്ഞു.
?:എടോ ശങ്കരാ... മുറിക്കകത്ത് മാത്രമല്ലടോ, കക്കൂസിനകത്തും ആ പഹയൻ ക്യാമറ വെച്ചിട്ടുണ്ട്".
"നേരോ...?" ശങ്കരൻ അത്ഭുതപ്പെട്ടു.
"എടോ.. അത് ക്യമറയല്ല. അവനത്ര വൃത്തികെട്ടവനൊന്നുമല്ല. അത് സേൻസറെന്നു പറയുന്ന ഒരു കുന്ത്രാണ്ടാ. രക്തം കണ്ടാൽ കമ്പ്യൂട്ടററിയും. അപ്പച്ചന്റെ ആരോഗ്യത്തിൽ ഇത്ര ശ്രദ്ധയുള്ളൊരു മകനുണ്ടാകുവാടോ. ലാബിന്റെ വണ്ടി വന്നപ്പോഴല്ലേ ഞാനറിയുന്നത്. കക്കൂസിൽ പോയപ്പോൾ വയറ്റീന്ന് അൽപ്പം രക്തം പോയിട്ടുണ്ടെന്നവര് പറഞ്ഞു. സായിപ്പിന്റെ നാട്ടിലിരിക്കുന്ന ജോണിക്കുട്ടിയുമറിഞ്ഞു. ഞാൻ ഉടുമുണ്ടിന്റെ പുറകിൽ നോക്കിയപ്പോൾ സംഗതി സത്യാ. പുറകിൽ അൽപം ചോരക്കറ".
"എന്റെ ദൈവമേ... കാലം പോയൊരു പോക്കേ......."?
ശങ്കരൻ പാതികുടിച്ച ഗ്ലാസുമായിരുന്ന് കണ്ണുമിഴിച്ചു.
"ദൈവത്തിനെ വിളിച്ചിട്ടൊന്നും കാര്യമില്ലടോ....."
രണ്ടാമത്തെ ഗ്ലാസ് കാലിയാക്കി ചിറിതുടച്ചുകൊണ്ട് മത്തായി പറഞ്ഞു.
" പണ്ട് ദൈവങ്ങൾക്കുപോലും ഇല്ലാത്ത സൗകര്യങ്ങളല്ലേടോ സാധാരണ മനുഷ്യർക്കിന്നുള്ളത്. അവരൊക്കെ ഒറ്റക്കാലെ നിന്നും, കഷ്ടപ്പെട്ട് ധ്യാനിച്ചുമൊക്കെ ദിവ്യദൃഷ്ടിയിൽ കാണുന്ന പോലെയാണിന്ന് കൈയിലിരിക്കുന്ന മൊബെയിലിൽ ഗൾഫിലിരിക്കുന്ന ഭർത്താവിനെ നാട്ടിലിരിക്കുന്ന ഭാര്യകാണുന്നത്."
"സംഗതി എന്തായ്‌ലും ജോറാണ്?കേട്ടോ... "ജബ്ബാറിന്റെയും കണ്ണുമിഴിഞ്ഞു.
"എടോ..... ഈ ലോകം മുഴുവൻ ഒരു വലയിലാണ്. ഉലകവല - ഇന്റർനെറ്റ് - കേട്ടിട്ടില്ലേ.....". മത്തായി തന്റെ പാണ്ഡിത്യം വിളമ്പി.
"ഞാനെങ്ങോട്ടു തിരിഞ്ഞാലും ജോണിക്കുട്ടി അറിയും. പത്തിരുപത് ക്യമറകൾ പലയിടത്തായുണ്ട്. അതെല്ലാം സായിപ്പിന്റെ നാട്ടിലിരിക്കുന്ന അവന്റെ കമ്പ്യൂട്ടറിൽ ശേഖരിക്കും. അവൻ സൗകര്യം പോലെ ഇട്ട് കാണും. ഇടയ്ക്കിടയ്ക്ക് കഴുത്തിൽ കോണകം കെട്ടിയവ?ാർ വന്ന് എന്തെക്കൊയോ ചെയ്യുന്നത് കാണാം."
"എന്തായാലും പണ്ട് ഞാൻ കടപ്പുറത്ത് വലപ്പണിക്ക് പോകുമ്പോൾ കരുത്തിയതാണോ ഒരിക്കൽ തന്റെ മകൻ തന്നെ വലയ്ക്കുള്ളിലാക്കുമെന്ന്." ശങ്കരൻ ചിരിച്ചു.
"നിങ്ങൾക്കറിയാല്ലോ... എന്റെ ശോശാമ്മ പോയേപ്പിന്നെ ഞാനും ജോണിക്കുട്ടീം എങ്ങനാ കഴിഞ്ഞതെന്ന്. മഴയുള്ള രാത്രികളിൽ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ എന്റെ വരവും കാത്തിരിക്കുന്ന എന്റെ ജോണിക്കുട്ടി... പലപ്പോഴും പട്ടിണിയായിരുന്നെടോ...."
മത്തായിച്ചന്റേതൊണ്ടയിടറി. കള്ള് തലക്ക് പിടിച്ച് തുടങ്ങിയിരുന്നു.
"കഷ്ടപ്പെട്ട് പഠിപ്പിച്ച് .... അവൻ വല്യ കമ്പ്യൂട്ടർ എഞ്ചിനീയറായി. അമേരിക്കയിൽ ജോലിയുമായി. ഇന്ന് എന്നാത്തിന്റെ കുറവാടോ എനിക്ക്. എന്നെ ഈ വയസുകാലത്ത് അങ്ങോട്ടു കെട്ടിയെടുക്കാൻ അവൻ നോക്കിയതാ.. ഞാൻ പോയില്ല. എന്നെ നോക്കാൻ തന്നെ എത്ര പേർക്കാ അവൻ ശമ്പളം കൊടുക്കുന്നത്. അധികം താമസിയാതെ എന്റെ കുഞ്ഞിങ്ങ് വരും. അവിടെ വല്ല മദാമ്മമാരേയും കെട്ടും മുമ്പേ അവനെ കെട്ടിക്കണം. ഉള്ള സമ്പാദ്യോം കൊണ്ടിനി ഇവിടെ കഴിയാമെന്നും ഞാൻ പറഞ്ഞിട്ടുണ്ട്."
"എന്നാ ശരി, താൻ പോയിക്കിടക്ക്. ഞങ്ങളിറങ്ങുന്നു...."
"അടുത്താഴ്ച വരുമ്പോ ഇത്തിരി കപ്പേം ഉണക്കമീനുംകൂടി കൊണ്ടുവരണം കേട്ടോ ജബ്ബാറേ...." മത്തായി പോർച്ചിലേക്ക് കയറുന്നതിനിടയിൽ വിളിച്ച് പറയുന്നുണ്ടായിരുന്നു.
മത്തായി ചാരുകസേരയിലേക്ക് ഒന്നുകൂടി മലർന്നു.
അപ്പോൾ വീടിന്റെ പിന്നാമ്പുറത്തും മാഞ്ചോട്ടിലുമെല്ലാം ക്യാമറാക്കണ്ണുകളുണ്ട്. ശങ്കരനന്ന് പറഞ്ഞപോലെ ഞാൻ ഒരു വലയിലാണ്. തന്റെ ഓരോ ചലനവും ലോകത്തിന്റെ മറ്റൊരു കോണിലിരുന്ന് ജോണിക്കുട്ടികാണും.
ജോണിക്കുട്ടി കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു. ആകെയൊരു അസ്വസ്ഥത. ഉറക്കം വരുന്നില്ല. എണീറ്റ് ഒരു ഗ്ലാസ് വെള്ളം കുടിച്ച് മേശമേലിരുന്ന ഡിജിറ്റൽ ക്ലോക്കിൽ നോക്കി. സമയം രാത്രി രണ്ടു മണി. അപ്പച്ചനെ കാണണമെന്നൊരു തോന്നൽ. കമ്പ്യൂട്ടർ ഓൺ ചെയ്ത് കസേരയിലേക്ക് ചാഞ്ഞിരുന്നു. സ്ക്രീനിൽ
തെളിഞ്ഞ ലൈവ്ക്യമറകൾ ഓരോന്നായി ക്ലിക്ക് ചെയ്തു.
ക്യാമറ നമ്പർ - ഒന്ന് - ഡ്രായിംഗ് ർറൂം - അവിടെ അപ്പച്ചനില്ല.
ക്യാമറ നമ്പർ - രണ്ട് - സിറ്റൗട്ടും പോർച്ചും - അവിടെയും കാണുന്നില്ല.
ക്യാമറ നമ്പർ - എട്ട് -സൂം ചെയ്തു. ലോണും, വിശാലമായ ഗാർഡനും കാണാം.
ക്യാമറ നമ്പർ - പതിനഞ്ച് - വടക്കുപടിഞ്ഞാറെ മൂലയിലെ മാഞ്ചോട് - അവിടെയുമില്ല.
അപ്പച്ചൻ പിന്നെവിടെ. ഈ ഉച്ചസമയത്ത് കിടപ്പ് പതിവുള്ളതല്ല. എന്നാലും നോക്കാം.
ക്യാമറ നമ്പർ നാലിൽ ക്ലിക്ക് ചെയ്തു.
ബെഡ്‌ർറൂം. അതാ അപ്പച്ചൻ നെഞ്ചമർത്തിപ്പിടിച്ച് കട്ടിലിൽ കിടന്നുരുളുന്നു. വലയ്ക്കുള്ളിലെ മീനിനെപ്പോലെ. മേശമേലിരിക്കുന്ന ജഗ്ഗെടുക്കുവാൻ ശ്രമിക്കുന്നതിനിടയിൽ കട്ടിലിൽ നിന്നും താഴേയ്ക്ക്, , ജോണിക്കുട്ടിയുടെ കണ്ണുകളിൽ ഇരുട്ട് കയറി. തലയ്ക്കുള്ളിൽ മണിക്കിലുക്കങ്ങൾ, ചൂളം വിളകൾ .....
തറയിൽ ചരിഞ്ഞ് കിടക്കുന്ന അപ്പന്റെ വായുടെ കോണിൽനിന്നും കൊഴുത്തരക്തം ഒലിച്ചിറങ്ങുന്നു. അത് തറയിലേക്ക് പടരുന്നു. ഉപഗ്രഹങ്ങളിലൂടെ... അനന്തവിഹായസിലൂടെ... വലക്കണ്ണികളിലൂടെ... അത് ജോണിക്കുട്ടിയുടെ കമ്പ്യൂട്ടർ സ്ക്രീനിൽ പരന്നൊഴുകി. സ്ക്രീനിൽ നിന്നും ഒഴുകിനിറഞ്ഞ രക്തത്തിൽ മുങ്ങി ജോണിക്കുട്ടി പ്രാണവായുവിനായ് നിലവിളിച്ചു.