ദീപുശശി തത്തപ്പിള്ളി
ജാലകപ്പഴുതിലൂടെ അരിച്ചെത്തിയ നിലാവ് അവളുടെ
കാതിൽ മന്ത്രിച്ചു"നമുക്ക് ഒളിച്ചോടാം. വിലക്കുകളും
എതിർപ്പുകളുമില്ലാത്ത ഒരു ലോകത്തേക്ക്"
താൻ ഓമനിച്ചുകൊണ്ടു നടന്ന സ്വപ്‌നങ്ങളും പ്രതീക്ഷകളും
നിറച്ചുവെച്ച മണിച്ചെപ്പിനൊപ്പം ,വീട്ടുകാർ തനിക്കായി
സ്വരുക്കൂട്ടിയ രൂപയും സ്വർണ്ണാഭരണങ്ങളുമെല്ലാം കൈക്കലാക്കി.
നിലാവിനോടൊപ്പം അവൾ വീടിന്റെ പടിയിറങ്ങി.
കാടുകളും, പുഴകളും ,കുന്നുകളും താണ്ടി അവർ യാത്ര തുടർന്നു.
ഒടുവിൽ ഏതോ മഹാനഗരത്തിന്റെ ഇരുണ്ട് വിജനമായ ഒരു കോണിൽ
അവരെത്തിച്ചേർന്നു
അപരിചിതമായ സ്ഥലം അവളിലുണർത്തിയ വിഭ്രാന്തി കണ്ട് നിലാവ്
അവളെ ചുംബിച്ച് ആശ്വസിപിച്ചു.
നിറഞ്ഞ സുരക്ഷിതബോധത്തോടെ അവൾ നിലാവിന്റെ മാറിലേക്ക്
ചാഞ്ഞു.
മലക്കം വിട്ടുണർന്ന അവൾക്ക് മുന്നിൽ പകല്‍വെളിച്ചത്തിന്റെ
ചിരിക്കുന്ന നഗരം.
നിലാവ് അപ്രത്യക്ഷമായിക്കഴിഞ്ഞിരുന്നു
നഗ്നമായ കാതുകളും ,കൈത്തണ്ടകളും, കഴുത്തും.
സ്ഥാനം തെറ്റിയ വസ്ത്രങ്ങൾ.
പിന്നീടൊരിക്കലേപ്പോഴോ ,നിലാവ് ഉദിക്കുമ്പോൾ ,ഒരു നേരത്തെ
ആഹാരത്തിന് വേണ്ടി പണയം വെച്ച ശരീരത്തിൽ നിന്നും മുഷിഞ്ഞ
വസ്ത്രങ്ങളഴിച്ച് മാറ്റുന്ന തിരക്കിലായിരുന്നു അവൾ.......