18 Dec 2014

അറിയാ വഴികൾ


പീതൻ കെ വയനാട്
--------------------------------
പകൽ ചൂടിൽ പൊള്ളിയോ-
രുടൽ നിനക്കു നീട്ടുമ്പോ-
ളടുക്കള ചൂളയിൽ വെന്ത ഹൃദയം  
നീയെനിക്കു കാഴ്ച വച്ചതു ഞാൻ 
പ്രിയം നുള്ളി ഭക്ഷിക്കെ,
പേരു നാമന്യോന്യം തേനിൽ ചാലിച്ച 
വയമ്പായ് നാവിൽ തൊട്ടു വച്ചേതു 
രസച്ചുഴിയിലകപ്പെട്ടിതോമനേ.....
കരയേറെ ദൂരെയാണപ്പോൾ,വഞ്ചി 
വരുതിയിലല്ലലകൾക്കു മേൽ 
കാറ്റപഹരിച്ചന്യമായൊരു തുരുത്തി-
ന്നോരത്തു നങ്കൂരമിടുവാൻ വിധിക്കുന്നി-
തോർമ്മ തടാകത്തിലിനിയും പച്ചകൾ 
മുളക്കാത്തോരിടമീറൻ പുതക്കുമ്പോ -
ളലിയുന്നൊരു ലവണ ശിലയതിൽ 
ശീലങ്ങൾ മൂർച്ചിച്ചിരുൾ കാട്ടിൽ 
പത്തി വിടർത്താടും സർപ്പം നിന്നെ 
ദംശിക്കെ,നീ വിവശമർദ്ധ ബോധത്തിൽ 
പുലമ്പുന്നതെന്റെ പേരെന്നുന്മാദിയായ് 
ഞാനഹങ്കരിക്കുന്നൂ:പിന്നെ ചന്നം പിന്നം 
രാത്രി മഴയായ് പെയ്തിറങ്ങുന്നൂ,
പേരുകൾ മാഞ്ഞ പേരേടുക-
ളക്കങ്ങളലിഞ്ഞില്ലാതായീടു-
മാവർത്തനങ്ങളടിവരയിട്ട കുറിപ്പു-
കളിലർത്ഥം തെറ്റിയ വാക്കുകൾ,
വർണ്ണങ്ങൾ മാഞ്ഞവ്യക്തമാം ചിത്രങ്ങൾ 
ചിലമ്പിന്നുള്ളിലെ രത്ന കിലുക്കമ്പോൽ
ചിരിയിക്കിളി തോറ്റങ്ങൾ,തോല്ക്കില്ല 
നീയെങ്കിലും തോറ്റെന്ന നാട്യങ്ങൾ,
കാവ്യാനു ഭൂതിയിലിളകിയാടുമുടൽ ഭാഷക-
ളുന്മത്ത  നർത്തനം,നവ്യമാമേടുകൾ 
നര നാരീശ്വര വിസ്മയമുല്പത്തി തന്നഗ്നി 
ഗർഭ വിസ്പോടനം,വിരൽ പൊള്ളി പതിയെ 
മണൽ ചാലിലെഴുത്തുകൾ നിലക്കുന്നു,നീ 
നിദ്രയെ പുൽകുന്നു,ഞാനനാദിയിൽ ശൂന്യ 
നഭസ്സിന്നിരുൾ താഴ്വരകളിൽ തളരും 
പഥികനായ് പഞ്ചേന്ദ്രിയങ്ങളടക്കി 
പതിവു പോൽ,പാതി മെയ്യിൽ നിന്നേറെ 
പണിപ്പെട്ടു ഗാണ്ഡീവം  വലിച്ചിഴക്കുന്നു ,
വഴിയോ വിജനം വില്ലാളി ക്ഷീണിതൻ,
ക്ഷണിക സുഖമെങ്കിലും സുനിദ്രക്കു 
സുഭാഗേ സുരതം കല്പിതം, കാറ്റലക്കുന്നു 
വാതായനങ്ങൾ ക്കപ്പുറമെല്ലാം 
ബാക്കിയുണ്ടെന്നോർമ്മ പെടുത്തുന്നു,
ബധിരനല്ലിപ്പോൾ,മൂകനുമന്ധനുമല്ല ഞാൻ,
പുലരൊളി ജനാലയിളകി
യാട്ടങ്ങൾക്കിടയിലീറനുടുത്തു  നീ-
യിഷ്ട ദേവാർച്ചന കഴിഞ്ഞു കുറിയിട്ടു 
തുളസിക്കതിർ ചൂടിയെന്നത്തെയും
പോലെയൊന്നുമറിയാത്തൊരു 
നൈർമ്മല്യ സ്വത്വം,നിറ ചിരിയോടെ,
നീയെനിക്കിപ്പോഴുമത്ഭുതമോമനേ....
അർക്കനോരോ മണൽ തരിയിലു-
മില തുമ്പിലുമീറൻ തുടിപ്പിലുമേറെ
വെളിച്ചം വിതച്ചാത്മായനം തുടരുക-
യാണെപ്പോഴുമുറങ്ങാതുണരാതെ,
നാം നമ്മുടെ യിഷ്ടഭോഗങ്ങളിലിഷ്ട 
ഭോജ്യങ്ങളിലിത്തിരിപ്പോന്നൊരീ ജന്മ 
ഭാഗ്യങ്ങളിലല്പ മാത്രാഹ്ലാദങ്ങളിൽ,
ആരു നീ-ഞാനുമാരെന്നറിയാത്തൊരീ-
യറിയാ വഴികളിലോമനേയെത്ര ദൂരം,
നമുക്കിടയിലിനി വീണ്ടുമടുത്തറിയാ-
നെത്ര ജന്മ ജന്മാന്തരങ്ങളെന്നോമനേ.....  
-------------------------------------------------------------- 

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...