ഡോ. ജേക്കബ് ജോർജ്
പ്രോഫസർ, സെന്റ്ഗിറ്റ്സ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മന്റ്, കോട്ടയം
2014 മാർച്ച് രണ്ടിനാണ് സംസ്ഥാനത്ത് നീര എന്ന ആരോഗ്യ പാനീയം ഔദ്യോഗികമായി കോട്ടയത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തത്. തുടർന്ന് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നീര വിതരണം ആരംഭിക്കുകയും ചെയ്തു. പക്ഷെ വിപണിയിലെത്തും മുമ്പെ മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന നീരയ്ക്ക് പൊതു സമൂഹത്തിൽ ലഭിച്ച ആവശ്യകത കർഷകരുടെ യും ഉപഭോക്താക്കളുടെയും പ്രതീക്ഷകൾക്കും അപ്പുറത്തായി.
ഇതോടെ നീര ടാപ്പിങ്ങിനും സംസ്കരണത്തിനും വിപണനത്തിനും അനുമതി ലഭിച്ചിരിക്കുന്ന നാളികേര ഉത്പാദക ഫെഡറേഷനുകൾക്ക് വലിയ വ്യാപാര അവസരമാണ് കേരളത്തിൽ ഒരുങ്ങിയിരിക്കുന്നത്. എന്നാൽ നിലവിൽ കേരളത്തിലെ മുഴുവൻ നാളികേര കമ്പനികളും നീര ഉത്പാദനത്തിലേയ്ക്ക് കടന്നിട്ടില്ല. ഉത്പാദനം ആരംഭിച്ച കമ്പനികളാകട്ടെ അവരവരുടേതായ സ്വന്തം വിപണന ശൃംഖല രൂപീകരിച്ചാൽ അത് പൊതു താൽപര്യങ്ങളെ ഹനിക്കും എന്നതിൽ തർക്കമില്ല. മാത്രവുമല്ല ഭാവിയിൽ വൻ പ്രതീക്ഷ നൽകുന്ന നീരവിപണനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.
ഇവിടെയാണ് എല്ലാ നാളികേര ഉത്പാദക കമ്പനികൾക്കും കൂടി മാർക്കറ്റിംങ്ങ് കൺസോർഷ്യം പോലുള്ള ഒരു പൊതു വേദി ആവശ്യമായി വരുന്നത്. വേണമെങ്കിൽ ഇതിനെ നീര മാർക്കറ്റിംങ്ങ് കൺസോർഷ്യം എന്നു വിളിക്കാവുന്നതാണ്.
കൺസോർഷ്യത്തിന്റെ ലക്ഷ്യങ്ങൾ
മാർക്കറ്റിംങ്ങ് കൺസോർഷ്യത്തിന്റെ ലക്ഷ്യങ്ങൾ മുൻഗണനാ ക്രമത്തിൽ താഴെ വിവരിക്കുന്ന പ്രകാരം നിശ്ചയിക്കാവുന്നതാണ്. മാർക്കറ്റിംങ്ങ് കൺസോർഷ്യത്തിന്റെ അഭാവത്തിൽ പ്രോഡ്യൂസർ കമ്പനികളിൽ സംഭവിക്കാവുന്ന പിഴവുകളുടെ സൊാചകങ്ങൾ കൂടിയാവാം ഈ ലക്ഷ്യങ്ങൾ.
1. ശീതളപാനീയ വിപണിയിലെ നീര, നീര ഉത്പ്പന്നങ്ങൾ എന്നിവയുടെ വിപണന തന്ത്ര ആസൂത്രണം, നടത്തിപ്പ്, ഏകോപനം. ഇതുവഴി നീര ഉത്പ്പന്നങ്ങൾക്ക് അർഹമായ വിപണി വിഹിതം കണ്ടെത്തൽ. കർഷകർക്ക് ഉയർന്ന ലാഭം നേടൽ.
2. നീരയ്ക്കും നീര ഉത്പ്പന്നങ്ങൾക്കും പൊതുവായ ബ്രാൻഡിംങ്ങ് ഉറപ്പാക്കുക. അങ്ങനെ ഉത്പാദക കമ്പനികൾ തമ്മിലുള്ള മത്സരം ഒഴിവാക്കുക.
3. മണം, രുചി, സൂക്ഷിപ്പുകാലം തുടങ്ങിയ കാര്യങ്ങളിൽ എല്ലാ കമ്പനികളിലേയും നീരയ്ക്കും നീര ഉത്പ്പന്നങ്ങൾക്കും നിലവാര മാനദണ്ഡങ്ങൾ വയ്ക്കുക.
4. ആസൂത്രണം, ഏകോപനം, നടത്തിപ്പ്, വിതരണം തുടങ്ങിയ പ്രവർത്തനങ്ങൾക്കൊപ്പം നീരയുടെയും ഇതര ഉത്പ്പന്നങ്ങലുടെയും സംഭരണം, മൊത്ത, ചില്ലറ വിതരണം എന്നിവ വഴി വലിയ മൂല്യം നേടുകയും അത് കർഷകരിൽ എത്തിക്കുകയും ചെയ്യുക.
5. സപ്ലൈ ചെയിനിലെ ഓരോ അംഗത്തിനും അവർ നടത്തുന്ന മൂല്യ വർധനവിനാനുപാതികമായി പ്രയോജനം ലഭിക്കത്തക്കവിധം വിലയിൽ മാറ്റങ്ങൾ വരുത്തുകയും അവ സംബന്ധിച്ച് പരസ്പരം ധാരണയിൽ എത്തുകയും ചെയ്യുക.
6. പൊതു ഫണ്ടിന്റെ പ്രാഥമിക ശേഖരണം, വിതരണം എന്നിവയിലൂടെ മൂല്യ ശ്രേണിയിലെ സാമ്പത്തിക പ്രശ്നങ്ങൾ ഗുണഭോക്താക്കളുടെ താൽപര്യങ്ങൾക്കനുസരിച്ച് വിദഗ്ധമായി പരിഹരിക്കുക.
7. ഉപഭോക്താക്കളുടെ മാറുന്ന അഭിരുചികളനുസരിച്ച് ഉത്പ്പന്ന ഗവേഷണത്തിലും വികസനത്തിലും സാങ്കേതിക നവീകരണത്തിലും ഉത്പാദക കമ്പനികളെ സഹായിക്കുക.
8. സംഘത്തിലെ അംഗങ്ങൾക്ക് വിതരണ ശൃംഘലയുടെ വിവിധ ഘട്ടങ്ങളെ കുറിച്ച് പരിശീലനം നൽകുക. അതുവഴി വിതരണ ശൃംഖലയുടെ പരമാവധി പ്രയോജനം ലഭ്യമാക്കാൻ പരിശ്രമിക്കുക.
9. കേന്ദ്ര സംസ്ഥാന ഗവണ്‍മന്റുകളിലും മറ്റ് ബാഹ്യ ഏജൻസികളിലും നയങ്ങളുടെ രൂപീകരണം, നീരയുമായി ബന്ധപ്പെട്ട നടപടികളുടെ നിർവഹണം എന്നിവയിൽ നീര വ്യവസായത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുക.
ആസൂത്രണം
കർഷകരുടെ ഉത്പാദക സംഘങ്ങളും ഫെഡറേഷനുകളും ജൈവപരമായി വളർച്ച നേടുമ്പോൾ എല്ലാ കമ്പനികളും വൻ വളർച്ച നേടും എന്ന് നമുക്ക് പ്രവചിക്കാനാവില്ല. എന്നാൽ നീര മാതിരി വൻ വിൽപനയുള്ള ഉത്പ്പന്നങ്ങളുടെ പ്രാദേശിക സ്രോതസ് ഭാഗ്യവശാൽ അതിന്റെ വിപണി മേഖല പോലെ അത്രയ്ക്കും പ്രാധാന്യമുള്ളതല്ല. നീരയുടെ വിൽപന മുൻകൂട്ടി പ്രവചിക്കാൻ കേരളത്തിലെ തിരുവന്തപുരം, കൊച്ചി എന്നീ മൂന്നു മഹാനഗരങ്ങൾ മാത്രം മതി. ഈ മൂന്നു നഗരങ്ങളുടെയും പ്രാന്തപ്രദേശങ്ങളിൽ നീര മാർക്കറ്റിംങ്ങ് കൺസോർഷ്യം സംഭരണ കേന്ദ്രങ്ങൾ തുറക്കണം. നീര തണുപ്പിച്ച് വിൽക്കുന്ന ഒരു പാനീയമാകയാൽ അതിനുള്ള സൗകര്യങ്ങൾ കൂടി ഈ സംഭരണ ശാലകളിൽ ക്രമീകരിക്കണം. കേരളത്തിലെ പ്രധാന വ്യവസായ ഐടി ഹബ് എന്ന നിലയിൽ കൊച്ചിയ്ക്കുള്ള പ്രാധാന്യം കൂടി കണക്കിലെടുത്തു വേണം നീരയുടെ കൊച്ചി സംഭരണ കേന്ദ്രം നിർമ്മിക്കുവാൻ. ബാഹ്യകേരള വിപണി കൊച്ചിയിലൂടെയാണല്ലോ സംസ്ഥാനത്തേയ്ക്ക് എളുപ്പത്തിൽ എത്തുന്നതും.
ഈ സംഭരണ ശാലകളിൽ നീര തണുപ്പിച്ച് കൊണ്ടുപോകുന്നതിനുള്ള സംവിധാനത്തോടുകൂടിയ വാഹനങ്ങളുടെ വ്യൂഹം ഉണ്ടാവണം. ഇവ ഉത്പാദക കമ്പനികൾക്കും സംഭരണകേന്ദ്രങ്ങൾക്കും മധ്യേ നിരന്തരം സഞ്ചരിക്കുകയും വിവിധ കേന്ദ്രങ്ങളിൽ ഉത്പ്പന്നം വിതരണക്കാർക്ക് എത്തിച്ചുകൊടുക്കുകയും വേണം. ചില സന്ദർഭങ്ങളിൽ വിതരണക്കാർക്ക് സംഭരണ കേന്ദ്രങ്ങളിൽ നേരിട്ട് വന്ന് ഉത്പ്പന്നം ശേഖരിക്കാനുള്ള സൗകര്യങ്ങളും ഉണ്ടാക്കേണ്ടതുണ്ട്.
തുടക്കത്തിൽ കൺസോർഷ്യത്തിനും നീര തണുപ്പിച്ച് വിതരണം ചെയ്യുന്നതിനുള്ള സംവിധാനമുള്ള വാഹനവ്യൂഹം (കോൾഡ് ചെയിൻ) ഉണ്ടായിരിക്കണം. ഈ വാഹനങ്ങൾ സംഭരണ കേന്ദ്രങ്ങളിൽ നിന്ന് മെട്രോ നഗരങ്ങളിലേയ്ക്കും, മാളുകളിലേയ്ക്കും, സൂപ്പർമാർക്കറ്റുകളിലേയ്ക്കും, ഹോട്ടലുകളിലേയ്ക്കും, റസ്റ്ററന്റുകളിലേയ്ക്കും, ബേക്കറികളിലേയ്ക്കും, ആശുപത്രി കാന്റീനുകളിലേയ്ക്കും, സ്കൂളുകളിലേയ്ക്കും, കോളജുകളിലേയ്ക്കും നീരയുമായി സഞ്ചരിച്ചുകൊണ്ടിരിക്കണം.
സംസ്ഥാനത്തെ ഏറ്റവും ശക്തമായ വിതരണ ശൃംഖലയുള്ള കേരള കോ ഓപ്പറേറ്റിവ് മിൽക്ക് മാർക്കറ്റിംങ്ങ് ഫെഡറേഷനുമായി ഒരു വ്യാപര കരാറിലെത്തുകയും ചാനൽ പാർട്ട്ണർമാരായി അവരുടെ സഹകരണം തേടുകയും ചെയ്യണം. അവരുടെ പാൽ വണ്ടികൾ വഴിയും നീര ഉപഭോക്താക്കളിൽ എത്തിക്കാവുന്നതാണ്. നീരയുടെ വിപണന മേഖലയിൽ ഇത്തരം തന്ത്രങ്ങൾ വലിയ മുന്നേറ്റങ്ങൾ സൃഷ്ടിക്കും. നീര മാർക്കറ്റിംങ്ങ് കൺസോർഷ്യത്തിന് ഇതുകൊണ്ടുള്ള മെച്ചം കൂടുതൽ ഉപഭോക്താക്കളെ ലഭിക്കും എന്നതാണ്. മാത്രവുമല്ല വളരെ ലാഭകരമായ ഒരു വിതരണ ശൃംഖലയും. മിൽമയ്ക്ക് ഇതുകൊണ്ടുള്ള നേട്ടം മുതൽ മുടക്കില്ലാതെ ലഭിക്കുന്ന ഒരു അധിക വരുമാനമാണ്.
അടുത്തത്, നഗരങ്ങളിലും ചെറു പട്ടണങ്ങളിലുമുള്ള സ്വകാര്യ വിതരണക്കാരെ പ്രോത്സാഹിപ്പിക്കുക എന്നതാണ്. അതോടൊപ്പം കരിക്കു വിൽപന കൂടി വ്യാപകമാക്കാൻ ഉത്പാദക കമ്പനികൾക്ക് അവരുടെ ആളുകളെ നിയോഗിച്ച് ഇളനീർ കിയോസ്കുകളും പ്രവർത്തിപ്പിക്കാവുന്നതാണ്. നീരയുടെ വിൽപന ശൃംഖല വികസിക്കുന്നതനുസരിച്ച് ഈ കിയോസ്കുകൾ വഴിയും നീര വിതരണം ചെയ്യാവുന്നതാണ്.
ഇന്ത്യൻ റെയിൽവെയ്ക്ക് നീരയുടെ ഗുഡ്‌വിൽ അംബാസിഡറാകൻ സാധിക്കും. കാലക്രമേണ റെയിൽവെ ശൃംഖല മുഴുവൻ വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തുടക്കത്തിൽ കേരളത്തിൽ നിന്ന് സർവീസ് ആരംഭിക്കുന്ന കേറ്ററിംഗ് വാനുള്ള ട്രെയിനുകളിൽ നീരയുടെ വിതരണം ആരംഭിക്കുക.
കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിൽ നിന്ന് ഫ്ലൈറ്റുകൾ വഴി നീര ഇന്ത്യയിലേയും ഗൾഫ് രാജ്യങ്ങളിലേയും പ്രധാന നഗരങ്ങളിലേയ്ക്ക് എത്തിക്കാനുള്ള അവസരങ്ങളും നമുക്ക് ഉണ്ട്. ഇതിനുള്ള കുപ്പികൾ പ്രത്യേക ലേബലുകൾ പതിച്ച് കൂടുതലായി വരുന്ന ചെലവുകൾ നികത്തുന്നതിനുള്ള അധിക വിലയും രേഖപ്പെടുത്തി തയാറാക്കേണ്ടതാണ്.
ഏതു പ്രായക്കാർക്കും ഉപയോഗിക്കാൻ സാധിക്കുന്ന പോഷകസമ്പുഷ്ടമായ ആരോഗ്യ പാനീയം എന്ന നിലയിലാണ് നീരയുടെ വിൽപന തന്ത്രം മെനയേണ്ടത്. എന്നാൽ ബ്രാൻഡിങ്ങിൽ പരസ്യങ്ങൾ പ്രധാനമായും ലക്ഷ്യം വയ്ക്കേണ്ടത് കുട്ടികളെയും യുവാക്കളെയുമാണ്. അപ്പോൾ പരസ്യപ്രചാരണത്തിന്റെ തന്ത്രം മാറ്റണം. നീര ഒരു ഉന്മേഷപാനീയം അല്ലെങ്കിൽ ഫൺഡ്രിങ്ക് തുടങ്ങിയ രീതികളിലാവണം അവതരണം. എങ്ങിനെയായാലും യുവ തലമുറയാണ് ഭാവിയിൽ നീരയ്ക്ക് വിപണിഡിമാന്റ് സൃഷ്ടിക്കേണ്ടവർ. അതിനാൽ പായ്ക്കിങ്ങ്, ലേബലിംങ്ങ് മുതലായ പ്രവർത്തനങ്ങൾ അവരെ ആകർഷിക്കാൻ പര്യാപ്തമായിരിക്കണം. നീര പായ്ക്കറ്റ് അത്യാകർഷകമായി രൂപകൽപന ചെയ്യണം. പായ്ക്കിങ്ങിനുപയോഗിക്കുന്ന പദാർത്ഥം നീരയുടെ രുചിയേയോ അതിന്റെ ഘടനയെയോ ബാധിക്കുന്നതാകരുത്. ലേബൽ യുവാക്കളെ ആകർഷിക്കണം. ശ്രദ്ധിക്കേണ്ട ഒരു കാര്യം പ്ലാസ്റ്റിക് ബാഗുകൾ ഒരു കാരണവശാലും പായ്ക്കിങ്ങിന് ഉപയോഗിക്കരുത് എന്നതാണ്. ബ്രാൻഡിങ്ങിൽ ഇപ്പോൾ വിപണിയിലുള്ള റിയൽ , ട്രോപ്പിക്കാന തുടങ്ങിയവ പോലെ ശുദ്ധമായ പഴച്ചാറുകളുടെ മാതൃക പൈന്തുടരാവുന്നതാണ്. ഫ്രൂട്ടി അല്ലെങ്കിൽ ആപ്പി പോലെ ഫ്രൂട്ട് പൾപ്പുകളിൽ നിന്നുള്ള ഉത്പ്പന്നങ്ങളെ മാതൃകയാക്കരുത്. നൽകുന്ന പരസ്യങ്ങൾ ഏറ്റവും അടിസ്ഥാന തലങ്ങളിൽ എത്തുന്നു എന്ന് ഉറപ്പുവരുത്തണം. ഏതാനും കമ്പനികളും അവയുടെ ഫെഡറേഷനുകളും ഉത്പ്പന്നവുമായി വിപണിയിൽ എത്തുമ്പോൾ, മറ്റുള്ള ഫെഡറേഷനുകൾക്ക് കിയോസ്കുകൾ പോലുള്ള മാർഗ്ഗങ്ങളിലൂടെ ഇതുമായി സഹകരിക്കാവുന്നതും ഇതിന്റെ ഗുണഫലങ്ങളിൽ പങ്കു ചേരാവുന്നതുമാണ്. ഗൗരവമായി ചിന്തിക്കേണ്ട മറ്റൊരു കാര്യം ഉത്പ്പന്നത്തിന്റെ ഗുണ നിലവാരമാണ്. ഉത്പ്പാദനത്തിന്റെയും സംസ്കരണത്തിന്റെയും ഓരോ ഘട്ടങ്ങളിലും മാർക്കറ്റിംങ്ങ് കൺസോർഷ്യം നിയോഗിക്കുന്ന ഒരു വിദഗ്ദ്ധ സംഘം ഉത്പ്പന്നത്തിന്റെ ഗുണനിലവാര പരിശോധന നടത്തേണ്ടതാണ്.
കൺസോർഷ്യത്തിന്റെ പ്രവർത്തനം
കൺസോർഷ്യത്തിന്റെ പ്രവർത്തനം അതിന്റെ ലക്ഷ്യങ്ങളോട് യോജിച്ചു പോകുന്നതാകണം. ഉത്പ്പന്നത്തിന്റെ കർശനമായ ഗുണമേന്മ ഉറപ്പു വരുത്തുന്നതിന് കഴിവുള്ള ഉദ്യോഗസ്ഥരുടെ നിര കൺസോർഷ്യത്തിന്റെ പ്രവർത്തനത്തിന് ആവശ്യമാണ്. സെയിൽൽസ് ടീം വേണം വിൽപനയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ. സംഭരണകേന്ദ്രങ്ങൾ വിതരണ വാഹനങ്ങൾ തുടങ്ങിയവയെ നിയന്ത്രിക്കേണ്ടത് ലൊജിസ്റ്റിക്സ് വിഭാഗമാണ്. കൺസോർഷ്യത്തിന് ഒരു ഗവേഷണ - വികസന വിഭാഗം ഉണ്ടായിരിക്കണം. ഇവരാണ് നീരയുമായി ബന്ധപ്പെട്ട ഗവേഷണ സംരംഭങ്ങൾക്ക് നേതൃത്വം നൽകേണ്ടത്. സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സാങ്കേതിക വിദഗ്ധരുടെ ഒരു സംഘവും കൺസോർഷ്യത്തോടനുബന്ധിച്ച് പ്രവർത്തിക്കണം. ഒരു പരിശീലന വിഭാഗത്തിന്റെ സേവനവും കൺസോർഷ്യത്തിൽ ഒഴിവാക്കാനാവാത്തത്താണ്. ഉത്പാദക മേഖലയിലെ തൊഴിലാളികൾക്കു മാത്രമല്ല, ഉയർന്ന തലത്തിൽ പ്രവർത്തിക്കുന്ന ഉത്പാദക കമ്പനി ഡയറക്ടർ ബോർഡ് അംഗങ്ങൾക്കുള്ള മാനേജ്‌മന്റ് പരിശീലനവും ഇടയ്ക്കിടെ സംഘടിപ്പിക്കേണ്ടതുണ്ട്. മികച്ച ധനകാര്യ വിഭാഗമായിരിക്കണം കൺസോർഷ്യത്തിന്റേത്. ഇതിനായി ഇന്റേണൽ ഓഡിറ്റർമാർ എല്ലാ പ്രോഡ്യൂസർ കമ്പനികളുടെയും കണക്കുകൾ പരിശോധിച്ച് വേണ്ട നിർദ്ദേശങ്ങൾ നൽകേണ്ടതാണ്. എല്ലാറ്റിനുമുപരി ചീഫ് എക്സിക്കുട്ടീവ് ഓഫീസർമാരും അദ്ദേഹത്തിന്റെ സഹായികളും വിപണിയിലെ കാര്യങ്ങളും തന്ത്രങ്ങളും ചർച്ച ചെയ്യുകയും പ്രശ്നങ്ങൾ പഠിക്കുകയും ചെയ്യണം.
ശ്രദ്ധിക്കേണ്ട വിഷയങ്ങൾ
കൺസോർഷ്യവും കമ്പനികളും പരസ്പര ധാരണയോടെ ഉത്പാദന വിപണന ഉത്തരവാദിത്വങ്ങൾ സഹകരിച്ച് ഏറ്റെടുക്കണം. ഏൽപിച്ചിരിക്കുന്ന ഉത്തരവാദിത്വങ്ങൾ പൂർണമായി പൂർത്തിയാക്കുക, മറ്റുള്ളവരുടെ ഉത്തരവാദിത്വങ്ങളിൽ തലയിടാതിരിക്കുക - ഇത് എല്ലാവരും പ്രത്യേകമായി ശ്രദ്ധിക്കണം. എന്നുകരുതി കമ്പനികൾ തമ്മിൽ പരസ്പര സഹകരണം പാടില്ല എന്നല്ല. ഗവേഷണവും വികസനവും മാറ്റി നിർത്തിയാൽ ഏറ്റവും ആവശ്യം വരുന്ന മേഖലകളാണ് സാങ്കേതിക വിദ്യ, പരിശീലനം എന്നിവ. എന്നാൽ കമ്പനികൾ ഒന്നിച്ചുള്ള ഉത്പാദനം അപകടസാധ്യതയുള്ളതാണ്. ആവശ്യത്തിലധികം ശേഷിയുള്ള യന്ത്രസാമഗ്രികൾ വരുത്തി സ്ഥാപിക്കുന്നതിലൂടെ അവ നിർജ്ജീവ മൂലധനമായി മാറാം. ഉത്പാദന ശേഷിക്ക് ആവശ്യമായതിനു പുറമെയുള്ള സാമഗ്രികൾ സ്ഥാപിക്കുന്നത് കമ്പനിയെ നഷ്ടത്തിലേയ്ക്ക് തള്ളിവിട്ടേക്കാം. ഇത് വിതരണ ശൃംഖലയെ ദുർബലപ്പെടുത്തും. മിൽമയുടെ വിതരണ ശൃംഖലയുമായി ബന്ധപ്പെടുന്നതിനു മുമ്പെ ഈ വിഷയത്തിന്റെ വിവിധ വശങ്ങൾ പഠിക്കാൻ ക്ഷീര കർഷകർക്ക് അവസരം നൽകണം. നമുക്കറിയാം നാളികേര കൃഷിയും, പശുവളർത്തലും നമ്മുടെ പരമ്പരാഗത കാർഷിക മേഖലയിലെ പരസ്പര പൂരകങ്ങളായ രണ്ടു കണികകളാണ്. ചാണകം തെങ്ങിനുള്ള ഉത്തമ ജൈവ വളമാണ്. തേങ്ങാപിണ്ണാക്കാകട്ടെ കറക്കുന്ന പശുക്കൾക്കുള്ള പഥ്യാഹാരവും. പാലും നീരയുമാകട്ടെ വിപണിയിൽ പരസ്പരം മത്സരിക്കുന്ന ബദൽ ഉത്പ്പന്നങ്ങളുമല്ല. അതിനാൽ ഇവ രണ്ടും വിപണിയിൽ സഹകരിക്കുന്നതിൽ അപാകതയുമില്ല. ഉത്പാദക കമ്പനികൾ സംസ്കരിച്ച് വിതരണത്തിന് എത്തിക്കുന്ന നീര, കൺസോർഷ്യമാണ് വാങ്ങേണ്ടത്. ഇതിനുള്ള ന്യായമായ വില കൃഷിക്കാർക്ക് കൃത്യസമയത്തു നൽകണം. ഈ സാമ്പത്തിക ബാധ്യ ഏറ്റെടുക്കുന്ന കൺസോർഷ്യം അതു നേരിടുന്നതിനായി നീരയുടെ വിൽപന വഴി അതിന് ആവശ്യമായ ലാഭം കണ്ടെത്തണം. ഇതൊരു വെല്ലുവിളിയാണ്. അതുകൊണ്ട് നീരയുടെ വിപണനത്തിലും വിതരണത്തിലും ഒരു വിധ പിഴവുകളും സംഭവിക്കാൻ പാടില്ല.
ഉപസംഹാരം
നീരയുടെ വിപണനത്തിലൂടെ കേരളത്തിന്റെ സമ്പട്‌വ്യവസ്ഥയ്ക്ക് വലിയ ഒരു ഉണർവ്വ് നൽകാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. 2017 ഓടെ ഇന്ത്യയിലെ പായ്ക്ക് ചെയ്ത പഴച്ചാറുകളുടെ വിപണിയിൽ വലിയ വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. അതായത് 20 ശതമാനം വളർച്ച - 120 കോടി ലിറ്റർ. ഇതിന്റെ പത്തു ശതമാനം പിടിക്കാൻ നീരയ്ക്ക് സാധിച്ചാൽ തന്നെ 12 കോടി ലിറ്റർ ആകും. ഇതിന് ഓരോ മലയാളിയും പ്രതി വർഷം നാലു ലിറ്റർ നീര ഉപയോഗിച്ചാൽ മതി. ഇത് നമുക്ക് നേടാൻ സാധിക്കുന്ന ലക്ഷ്യമാണ്. ഒരു ശരാശരി മലയാളി പ്രതിവർഷം ഉപയോഗിക്കുന്ന മദ്യത്തിന്റെ കണക്കുമായി ( എട്ടു ലിറ്റർ) താരതമ്യപ്പെടുത്തുമ്പോൾ ഇത് ഒന്നുമല്ല. അതുകൊണ്ട് നമ്മുടെ സമ്പട് വ്യവസ്ഥയ്ക്ക് കരുത്തേകാൻ നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്താൻ നീര ശീലമാക്കാൻ ഓരോ മലയാളിയേയും പ്രേരിപ്പിക്കണം. ശീലങ്ങൾ മാറ്റാൻ മലയാളികൾക്കാവും. ഒരു സംസ്കാരം തന്നെ മാറ്റാൻ ഇതുവഴി നമുക്ക് സാധിക്കും.
നമ്മുടെ കാർഷിക മേഖലയിൽ വലിയ ഒരു മാറ്റമാണ് ഇതളൂടെ സംഭവിക്കാൻ പോകുന്നത്. നീര എന്ന ഉത്പ്പന്നത്തിലൂടെ മാത്രം പ്രതിവർഷം 1800 കോടിയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. കർഷകർക്ക് അവരുടെ സ്വാഭാവിക ജീവിത ശൈലിയിലേയ്ക്ക് തിരിച്ചു വരാൻ ഇത് പ്രേരണയാകും. അതോടെ കേരളത്തിന്റെ കാർഷിക മേഖല ഉണരും, സജീവമാകും. അപ്പോൾ തെങ്ങിൻ തോപ്പുകളിലെ ഇടവിളകൃഷികൾ, കന്നുകാലി വളർത്തൽ, കോഴിവളർത്തൽ തുടങ്ങി കേരളത്തിലെ പരമ്പരാഗത കാർഷിക മേഖലകൾ സജീവവും ഉത്പാദന ക്ഷമവും ആകും. നമ്മുടെ കൃഷിഭൂമിയിൽ നിന്ന് നമുക്ക് ആവശ്യമായ ഭക്ഷ്യസാധനങ്ങൾ വിഷരഹിതമായി വിളയിക്കാൻ നമുക്കു സാധിക്കും. അതിലൂടെ സംസ്ഥാനത്ത് പുതിയ വരുമാന സ്രോതസ് വികസിക്കും. ഇത് തീരപ്രദേശത്തെ സമ്പട് വ്യവസ്ഥയെയും പരിവർത്തനത്തിനു വിധേയമാക്കും. ഇടനാട്ടിൽ റബർ എന്ന വ്യവസ്ഥാപിത വിള ഇന്ന് വലിയ വെല്ലുവിളികൾ നേരിടുകയാണ്. പ്രത്യേകിച്ച് ചെറുകിട റബർ കർഷകർ. ഇടവിളകളിലൂടെയല്ലാതെ അവർക്ക് സ്ഥിരവരുമാനത്തിന് മറ്റ് മാർഗ്ഗങ്ങൾ ഇപ്പോൾ ഇല്ല.
അതിനാൽ മാറി ചിന്തിക്കാൻ കാലമായിരിക്കുന്നു. ഭാവിയെ മുന്നിൽ കണ്ട്, പുത്തൻ കാഴ്ച്ചപ്പാടുകൾ നാം വികസിപ്പിക്കണം. നീരയിലൂടെ നാളികേര കർഷകരുടെ സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കാൻ, മാർക്കറ്റിംങ്ങ് കൺസോർഷ്യം മാത്രമാണ് വിവേകപൂർണമായ ദീർഘകാല പരിഹാരം. ഈ വെല്ലുവിളി ഏറ്റെടുക്കേണ്ടത് നാളികേര മേഖലയിൽ നിന്ന് നിന്നു തന്നെ ഉയർന്നു വരുന്ന കർഷകരുടെ നേതൃത്വമാണ്. അവർക്കു മാത്രമെ ഇതിനു സാധിക്കുകയുള്ളു.
ഫോൺ: 9995207900