കാനായി കുഞ്ഞുരാമൻ
അനന്തശയനം
സ്കലിച്ചുവിട്ട,
പ്രപഞ്ചമഹാവിസ്ഫോടനത്തിൽ,
പൊട്ടിത്തെറിച്ച,
ഓങ്കാര അഗ്നിസ്പുടനങ്ങൾ,
നക്ഷത്രങ്ങളായി
ഗ്രഹങ്ങളായി
ആകാശഗംഗയായി,
അനന്തവിഹായസിൽ,
വികാസം വിഷ്ണുവായി,
സങ്കോചം ശിവനായി,
സന്ദേശം കരുത്തായി,
ഗുരുത്വം ശക്തിയായി,
പരാശക്തി.
ഗുരുത്വമില്ലാ അധികാരി
ഞാൻ ആരാണ്?
ഞാനോരണു, പരമാണു,
പരമാർഥൻ.
പരമയോഗ്യൻ,
യോഗിയായി ജനിച്ചു.
ഭോഗിയായി ജീവിച്ചു.
രോഗിയായി ശയിക്കുന്നു.
പുഴുവായി മരിക്കുന്നു.
മലമായി, ചലമായി, ചീഞ്ഞളിഞ്ഞ്,
ഭൂമിക്ക്, വളമായി
ഒരു രാസവളക്കൂട്ട്
ജീവിച്ചപ്പോൾ 'ഞാനു'ണ്ടായി
മരിച്ചപ്പോൾ ഞാനെവിടെ?
ഞാനൊരു അണുപുരാണം.
അണു ഞാൻ സൂക്ഷ്മാണു,
സൂക്ഷ്മത്തിൽ ജീവിക്കുന്നു.
മരണമില്ലാ ജീവിതം,
ജീവിതമില്ലാ ജനനം.
ആശയില്ലാ ആശയം,
മുഖമില്ലാ മുഖക്കണ്ണാടി,
അണു ഞാൻ പരമാണു,
ആരാണ്?
'നാനാ' ശാസ്ത്രമേ,
നാനാ ശാസ്ത്രമേ,
ഈ തീവ്ര, കേസന്വേഷണയത്നം,
ആർക്കുവേണ്ടി?