ശ്രീകല ചിങ്ങോലി
ആവണിപ്പൂക്കൾക്ക് വൈഡൂര്യമൂക്കുത്തി
ആരോപതിക്കുന്നു പൊന്നോണമായ്
ഓണനിലാപ്പക്ഷി പാടുന്നു തരളമായ്
പൂച്ചെടികാടുമീ, മേടുമെല്ലാം
മധുമൊഴിച്ചാലിച്ചു പഞ്ചമം പാടുന്നു
മധുരതരളങ്ങളാം കോകിലങ്ങൾ
നിത്യസമൃദ്ധിതൻ നിർമാല്യതാലവും
മുഗ്ധസൗന്ദര്യവുമായി നിൽക്കും
മാമലനാടിന്റെ നന്മയ്ക്കു കണിയായി
മാവേലിയെത്തുന്ന നേരമായി
കുളിരേകിപ്പൂനിലാപ്പുടവചുറ്റി പ്പൊന്നിൻ-
കസവാട ചാർത്തുന്ന കൈരളിക്ക്
തിരുവാതിരശ്ശീലിൽ ശ്രുതിയായി വഞ്ചികൾ
തുഴയുന്ന പാട്ടിന്റെയീണമായി
ഓണക്കനവുകൾ ലയലാസ്യഭംഗികൾ
മോടിയിലെത്തുന്നു പൊന്നോണമായ്
മനതാരിലാർദ്രമാം സ്മൃതികൾ തൻ പൂക്കളം
അണിയിച്ചൊരുക്കുന്ന പൊന്നോണമേ
വരിക നീ വരിക നീ നിൻ വരവിൽ ഞാനെൻ
ഹൃദയമേ കാണിക്ക വച്ചു നിൽപൂ.