ഹേമാ പോറ്റി
ദേവഭൂമി ഉത്തരാഖണ്ഡിലെ മിക്ക പുരാതനക്ഷേത്രങ്ങളിലേയും ആചാരരീതികൾ കേരളത്തിലെ ക്ഷേത്രങ്ങളുടേതിൽ നിന്നും തികച്ചും വിഭിന്നമാണ്. അതുകൊണ്ടുതന്നെ മലയാളികളായ തീർത്ഥാടകർക്ക് ഹിമാലയത്തിന്റെ ഗാംഭീര്യവും നിഗോൂഢതകളും പ്രദാനം ചെയ്യുന്ന വിസ്മയമായിരിക്കും ഭക്തിയെക്കാൾ മുന്നിൽ നിൽക്കുക. എന്നാൽ ചാതുർധാമങ്ങളിൽ ഒന്നായ ബദരീനാഥിൽ എത്തുമ്പോൾ ഹിമാലയത്തിന്റെ മനോഹാരിതയ്ക്കപ്പുറം നമ്മൾ കേരളത്തിൽ തിരിച്ചെത്തിയതുപോലെ തോന്നും. ഏതാണ്ടെല്ലാം നമ്മുടെ ചിട്ടവട്ടത്തിൽ. മുഖ്യപൂജാരിയും (റാവൽ) മലയാളി.
ബദരീനാഥിൽ നിന്നുള്ള മടക്കത്തിൽ 48 കി.മീ പിന്നിടുമ്പോൾ ജോഷിമഠിൽ എത്തിച്ചേരും. സമുദ്രനിരപ്പിൽ നിന്ന് 6000 അടി ഉയരത്തിലാണ് ജോഷിമഠ്. പർവതത്തിന്റെ ഉന്നതങ്ങളിലൂടെ ഇടുങ്ങിയ പാതയിൽ യാത്ര തുടരുമ്പോൾ വളഞ്ഞ് പുളഞ്ഞ് മടക്കുകളായി താഴേക്ക് ഒഴുകിയിറങ്ങുന്ന റോഡുകൾ കാണാം. അവിടെനിന്ന് ചമോളി വഴിയിൽ ഏഴു കി.മീ. പിന്നിടുമ്പോൾ ആനിമഠ് എന്ന സ്ഥലമാകും. ഇവിടെയാണ് ബദരീനാഥന്റെ വിഗ്രഹം ആദ്യം പ്രതിഷ്ഠിച്ചിരുന്നത് എന്ന് കരുതപ്പെടുന്ന വൃദ്ധബദരി ക്ഷേത്രം.
റോഡിൽ നിന്നുതന്നെ അമ്പലത്തിന്റെ കമാനം കാണാം. വളരെ ഇടുങ്ങിയ നടപ്പാത. കുത്തനെയുള്ള ഇറക്കം. നിറയെ കുറ്റിച്ചെടികളും വിവിധതരം പഴങ്ങളും. ഏറെ അടുത്തല്ലാതെ ചെറിയ ചെറിയ വീടുകൾ. 10 മിനിറ്റ് സാവധാനം നടക്കുമ്പോൾ ചെറിയ ഒരമ്പലത്തിന് മുന്നിലെത്തും. ഇതാണ് വൃദ്ധബദരി. നരനാരായണ പർവതങ്ങളുടെ തലയെടുപ്പിൽ തിളങ്ങി നിൽക്കുന്ന ബദരിവിശാലിന്റെ (ബലരീനാഥിന്റെ) ഗാഭീര്യം ഇതിനില്ല. എന്നാൽ ഗതകാലപ്രൗഢി വിളിച്ചോതുന്ന പഴമയുടെ ഗന്ധമുള്ള സൗമ്യമായ ഒരിടം.
ക്ഷേത്രത്തിന്റെ മുറ്റത്ത് ഒരുപാടു പൂക്കൾ. കടുനിറത്തിലുള്ളവ. അരമതിൽ ചാണയും ചന്ദനമുട്ടിയും- ഉത്തരാഖണ്ഡിൽ അത്യപൂർവമായ കാഴ്ച. ശ്രീകോവിലിന്റെ പടിയിൽ വഴിതെറ്റി വരുന്ന തീർഥാടകർക്കായി പ്രസാദവും തീർത്ഥവും ഉള്ളിൽ കറുത്ത സാളഗ്രാമശിലയിൽ തീർത്ത മനോഹര വിഗ്രഹം. സാക്ഷാൽ ബദരീനാഥൻ.
ക്ഷേത്രമുറ്റത്തോട് ചേർന്നു തന്നെ ചെറിയ ഒരു വീട് കാണാം. പൂജാരിയായ ത്രിപാഠിയുടേത്. യു.പി.ബ്രാഹ്മണരാണ് ത്രിപാഠിമാർ. കാലങ്ങൾക്കു മുമ്പ് ബദരീവിശാലിൽ ശൈത്യകാലം കഴിഞ്ഞ് നടതുറക്കുമ്പോൾ മലയാളക്കരിയിൽ നിന്ന് റാവൽ എത്തുന്ന ഒപ്പംതന്നെ മലയാളിയായ ഒരു പൂജാരി ഇവിടെയും എത്തിയിരുന്നു. എന്നാൽ ഇപ്പോൾ ബദരീവിശാലിൽ തീർഥാടകർ ഏറെ എത്തുന്ന മേയ്-ജൂൺ മാസങ്ങളിൽപ്പോലും ഇവിടെ ആരുംതന്നെ ഉണ്ടാകാറില്ല. വരുമാനവും വളരെ തുച്ഛം. അതുകൊണ്ടുതന്നെയാവും പഴയ ആ പതിവ് ഇപ്പോഴില്ല. ത്രിപാഠി തന്നെ മുഖ്യ പൂജാരി. "വൃദ്ധനല്ലേ, അതാവും അവഗണന" ത്രിപാഠിയുടെ വാക്കുകൾ.
ഞങ്ങൾ കേരളത്തിൽ നിന്നുള്ളവരാണെന്നു പറഞ്ഞപ്പോൾ ശങ്കരാചാര്യരെക്കുറിച്ചും അദ്ദേഹം ചിട്ടപ്പെടുത്തിയ അവിടുത്തെ പൂജാവിധികളെക്കുറിച്ചുമൊക്കെ അദ്ദേഹം വാചാലനായി. നമ്മൾ മലയാളികൾ ശങ്കരാചാര്യരെ ഇനിയും എത്രയോ മനസ്സിലാക്കാനുണ്ടെന്ന് ആ വാചാലതയിൽ മനസ്സു പറഞ്ഞു. ഒപ്പം മലയാളിയായതിൽ അഭിമാനവും.
"ഇവർ ശങ്കരാചാര്യരുടെ നാടായ കേരളത്തിൽ നിന്നാണ്. ഇവർക്ക് അവിടെ സമുദ്രമുണ്ട്, കേരളത്തിലെ കാലാവസ്ഥയിൽ ഒരു സമയത്തും കമ്പിളിവസ്ത്രങ്ങളുടെ ആവശ്യം ഇല്ല" തുടങ്ങി ഒരുപാട് കാര്യങ്ങൾ അദ്ദേഹം ഭാര്യയെ പറഞ്ഞു മനസ്സിലാക്കുന്നുണ്ടായിരുന്നു. അവരുടെ കണ്ണുകളിൽ നമ്മൾ ഹിമാലയം കാണുന്നത്ര അത്ഭുതം. ദക്ഷിണ നൽകി, പ്രസാദം വാങ്ങി പടിയിറങ്ങുമ്പോൾ വൃദ്ധബദരിക്കൊപ്പം ആ ത്രിപാഠി കുടുംബത്തേയും മനസ്സിലേറ്റി.
യാത്ര വീണ്ടും കുത്തനെയുള്ള നടപ്പാതയിലൂടെ താഴേക്ക്. വളഞ്ഞ് പുളഞ്ഞ് പോകുന്ന റോഡിന്റെ മറ്റൊരു ഭാഗത്തേക്ക്, വൃദ്ധബദരി ദർശനത്തിനായി മുകളിൽ ഞങ്ങളെ ഇറക്കിയ ഞങ്ങളുടെ ഡ്രൈവർ വാഹനവുമായി താഴെ കാത്തുനിൽക്കുന്നുണ്ടായിരുന്നു.
പഞ്ചബദരി സങ്കൽപ്പത്തിൽ ആദ്യത്തെയാണ് വൃദ്ധബദരി. കർണ്ണപ്രയാഗിനടുത്തുള്ള ആദിബദരി, പാണ്ഡുകേശ്വറിലുള്ള യോഗദ്ധ്യാൻ ബദരി, വിശാൽ ബദരി (ബദരിനാഥക്ഷേത്രം), ജോഷിമഠിൽ നിന്ന് 15 കി.മീ. അകലെയുള്ള ഭവിഷ്യബദരി ഇവയാണ് മറ്റുള്ളവ. ലോകത്തിൽ അക്രമങ്ങളും അനീതികളും വർദ്ധിക്കുമ്പോൾ ബദരീനാഥക്ഷേത്രത്തിലേക്കുള്ള യാത്ര അപ്രാപ്യമാകുമെന്നും അപ്പോൾ ബദരീനാഥൻ ഭവിഷ്യബദരിൽ പ്രത്യക്ഷണാകുമെന്നും വിശ്വസിക്കപ്പെടുന്നു. ഈയിടെയുണ്ടായ ഹിമാലയൻ സുനാമിയുടെ പശ്ചാത്തലത്തിൽ ഭാവിയിൽ ഇത് സംഭവ്യമാകുമെന്നുതന്നെ വിശ്വസിക്കേണ്ടിയിരിക്കുന്നു.