15 Jan 2015

നമുക്കു പ്രയത്നിക്കാം നാളികേര മേഖലയുടെ സുരക്ഷിത ഭാവിയ്ക്കായ്‌


ടി.കെ.ജോസ് ഐ എ എസ്
ചെയർമാൻ , നാളികേര വികസന ബോർഡ്


കേരളത്തിലെ ദീർഘകാല കാർഷിക വിളകളെപ്പറ്റി സാധാരണക്കാരായ കർഷകർ എപ്പോഴും ചോദിക്കുന്ന  ചോദ്യമാണ്‌ എന്താണ്‌ ഈ കൃഷിയുടെ ഭാവി എന്ന്‌. സാധാരണ വാർഷിക വിളകളെ അപേക്ഷിച്ച്‌ ദീർഘകാല വിളയുടെ വിലയേക്കുറിച്ചും ആവശ്യകതയേക്കുറിച്ചും നിരവധി ആശങ്കകൾ കർഷകർക്കുണ്ട്‌. പ്രത്യേകിച്ച്‌ ലോകവ്യാപാര കരാറിലും ആസിയൻ രാജ്യങ്ങളുമായിട്ടുള്ള വ്യാപാര കരാറിലും പങ്കെടുക്കുന്ന ഇന്ത്യയിൽ കാർഷിക വിളകളുടെ വില ഇവിടത്തെ ഉൽപ്പാദനത്തേയോ ഡിമാന്റിനെയോ മാത്രം ആശ്രയിച്ചല്ല നിശ്ചയിക്കപ്പെടുന്നത്‌. ആഗോള വൽക്കരണത്തിന്റെ കാലഘട്ടത്തിനു മുൻപുണ്ടായിരുന്ന ഇറക്കുമതി ചുങ്കവും കേവലം ചരിത്രമായി മാറി. കുറഞ്ഞ ചുങ്കത്തിൽ മിക്കവാറും എല്ലാം ഇറക്കുമതി ചെയ്യപ്പെടുന്ന രാജ്യത്ത്‌ ഉയർന്ന വില, ഒരു വിളയ്ക്കും ഒരു കൃഷിക്കും നിലനിർത്തുക എന്നത്‌ സ്വാഭാവികമായും ബുദ്ധിമുട്ടാണ്‌. കേരളത്തിൽ കൃഷി ചെയ്യുന്ന നാളികേരം, റബർ, തേയില, കാപ്പി, ഏലം, കശുമാവ്‌, കൊക്കോ, തുടങ്ങിയ ദീർഘകാല വിളകളിലെല്ലാം കർഷകരുടെ മനസ്സിനെ ആശങ്കപ്പെടുത്തുന്ന ചോദ്യമിതാണ്‌. എന്താണ്‌ ഞാൻ കൃഷി ചെയ്യുന്ന വിളയുടെ ഭാവി? റബറിലുണ്ടായ വലിയ വിലയിടിവ്‌ ഈ മേഖലയിലെ കർഷകരെ വലിയ സാമ്പത്തിക ദുരിതത്തിലേക്കു തള്ളിയിടുകയുണ്ടായി. നാളികേരത്തിന്റെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. ഒരുവർഷം ഭേദപ്പെട്ട വിലയുണ്ടായാൽ അടുത്ത രണ്ടു വർഷക്കാലം നാളികേരത്തിന്റേയും വില താഴ്‌ന്നു കിടക്കുന്ന അവസ്ഥയാണ്‌. ഇങ്ങനെ നോക്കുമ്പോൾ നാളികേര കൃഷിയുടെ ഭാവി എന്നത്‌ കേവലം ഒരു വിളയുടെ ഭാവി എന്നതിനേക്കാൾ നാളികേര കർഷകരുടെ ഭാവി എന്നു കൂട്ടി വായിക്കേണ്ടതുണ്ട്‌. നാളികേര കർഷകരുടെ സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തുന്നതിന്‌ നാളികേരം എന്ന വിളയ്ക്ക്‌ എന്തു ഭാവിയാണ്‌ വാഗ്ദാനം ചെയ്യാൻ കഴിയുന്നത്‌. എല്ലാ കർഷകരും ഉറ്റു നോക്കുന്ന പ്രധാനപ്പെട്ട കാര്യം, മുടക്കുന്ന മുതലിനേക്കാൾ മികച്ച വരുമാനം ആ വിളയിൽ നിന്നു ഉണ്ടാക്കാൻ  കഴിയുമോ എന്നുള്ളതാണ്‌. ആറേഴു വർഷം കാത്തിരുന്ന ഉൽപാദനം ആരംഭിക്കുന്ന ഒരു ദീർഘകാല വിളയിൽ പിന്നീട്‌ വിലയിടിവുണ്ടായാൽ ആ ചെയ്ത കൃഷി നശിപ്പിച്ചു കളഞ്ഞു വേറൊരു കൃഷിയിലേക്കു മാറാൻ കഴിയില്ല. ഇതു തന്നെയാണ്‌ ദീർഘകാല വിളകൾക്ക്‌ ന്യായവും ലാഭകരവും സ്ഥിരവുമായ വില കർഷകർക്ക്‌ ഉറപ്പുവരുത്താൻ കഴിയേണ്ടതിന്റെ ആവശ്യകത.
നാളികേരത്തിന്റെ ഭാവിയെക്കുറിച്ച്‌ ചിന്തിക്കുമ്പോൾ ചർച്ച ചെയ്യേണ്ടത്‌, നാളികേര കൃഷിയുടെ ഭാവി എന്നത്‌ കേരളത്തിലെ കർഷകരുടെമാത്രം പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയല്ല നിലനിൽക്കുന്നത്‌ എന്ന വസ്തുതയാണ്‌. അയൽസംസ്ഥാനങ്ങളിലേയും ഇന്ത്യയിലെ മൊത്തവുവുമുള്ള നാളികേര കൃഷിയുടെ ഭാവിയുമായി കേരളത്തിലെ നാളികേര കർഷകരുടെ ഭാവി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യയിലെ നാളികേര കൃഷിയുടെ ഭാവിയാവട്ടെ ലോക നാളികേര കൃഷിയുമായ ഗാഢമായി ബന്ധപ്പെട്ടിരിക്കുന്നു. നിലവിൽ ലോകരാഷട്രങ്ങൾക്കിടയിൽ നാളികേര ഉൽപാദനത്തിൽ ഇന്ത്യ ഒന്നാം സ്ഥാനത്താണെങ്കിലും മുൻപ്‌ പല തവണ സൂചിപ്പിച്ചപോലെ നാളികേരത്തിന്റെ സംസ്ക്കരണത്തിലും മൂല്യ വർദ്ധനവിലും കയറ്റുമതി ഉൾപ്പെടെയുള്ള വ്യാപാര മേഖലയിലും നാം ഇപ്പോഴും വളരെ പിന്നിലാണ്‌. സ്വാഭാവികമായും ഈ മേഖലയിൽ കേരളത്തിലേയും ഇന്ത്യയിലേയും നാളികേരത്തിനും കേരകർഷകർക്കും വലിയ അവസരവും സാധ്യതകളും മുൻപിലുണ്ട്‌. അപ്പോൾ ഇന്ത്യയിലെ തന്നെ നാളികേര കൃഷിയുടെ ഭാവി സുരക്ഷിതമാക്കണമെങ്കിൽ നമുക്ക്‌ എന്തു ചെയ്യാൻ കഴിയും? ഗവണ്‍മന്റുകൾക്ക്‌ എന്തു ചെയ്യാൻ കഴിയും?സംരംഭകർക്കും വ്യവസായ മേഖലയിലുള്ളവർക്കും എന്തു ചെയ്യാൻ കഴിയും? ഈ ചോദ്യങ്ങൾക്ക്‌ ഉത്തരം തേടിക്കൊണ്ടായിരിക്കണം നാം ചിന്തിക്കേണ്ടത്‌.


മെച്ചപ്പെട്ട സ്ഥിര വില ദീർഘകാലാടിസ്ഥാനത്തിൽ ഉറപ്പു വരുത്തുക, അതിനു വേണ്ട കാര്യങ്ങൾ ചെയ്യുക, എന്നിവയായിരിക്കണം നാളികേര കൃഷിയുടെ ഭാവി ഭദ്രമാക്കാൻ ചിന്തിക്കേണ്ട ആദ്യ കാര്യങ്ങൾ. ഇതിൽ നിരവധി മേഖലകളിലേക്ക്‌ കടന്നു പോകുന്ന ആധുനിക ഗവേഷണങ്ങൾ ആവശ്യമുണ്ട്‌. നാളികേര കൃഷിയുടെ രംഗത്ത്‌ ഉൽപാദനം വർദ്ധിപ്പിക്കുന്നതിനും, ഉൽപാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും, പുതിയ നടീൽ വസ്തുക്കൾ വികസിപ്പിച്ചെടുക്കുന്നതിനും നിലവിലുള്ളതും ഉയർന്നു വരുന്നതുമായ നിരവധി രോഗങ്ങൾക്കും കീടങ്ങൾക്കുമെതിരെ ഫലപ്രദമായ പ്രതിവിധികൾ കണ്ടെത്തുന്നതിനും അത്‌ നിർമ്മിക്കുന്നതിനും ഗവേഷണം ഇന്നുള്ളതോതിൽ നിന്ന്‌ എത്രയോ വർദ്ധിക്കേണ്ടിയിരിക്കുന്നു. നിലവിൽ പലപ്പോഴും നാളികേരത്തിന്റെ മേഖലയിലെ ഗവേഷണങ്ങളും കൃഷിപോലെ ദീർഘ ദീർഘങ്ങളാണ്‌. കാറ്റു വീഴ്ച രോഗം കണ്ടെത്തിയിട്ട്‌ ഒരു നൂറ്റാണ്ട്‌ കഴിഞ്ഞു. കാറ്റു വീഴ്ച രോഗപ്രതിരോധ ഗവേഷണവും വജ്ര ജൂബിലി ആഘോഷിച്ചു കഴിഞ്ഞു. എന്നിട്ടും ഗുണപരമായ പ്രതിവിധി ഇതുവരെ കണ്ടെത്തിയിട്ടില്ല. ത്വരിതഗതിയിൽ ഗവേഷണം നടത്തി കർഷകരുടെ കാലാകാലങ്ങളിലുള്ള പ്രശ്നങ്ങൾക്ക്‌ പരിഹാരം കാണാൻ കഴിയുന്ന ഗവേഷണ സംവിധാനം നമുക്ക്‌ വികസിപ്പിച്ചെടുക്കാൻ എങ്ങനെ കഴിയും എന്ന ചോദ്യത്തിലേക്കും നാം പോകേണ്ടതുണ്ട്‌. മൂല്യവർദ്ധനവിന്റെ മേഖലയിലും പുതിയ ഗവേഷണങ്ങളും പഠനങ്ങളും, നടക്കണം. നിലവിലുള്ള ഉൽപ്പന്നങ്ങൾക്ക്‌ പുതിയ പുതിയ സാധ്യതകൾ കണ്ടെത്തുന്നതിനും ഗവേഷണം ആവശ്യമുണ്ട്‌. നൂതനവും നവീനവുമായ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ഗവേഷണത്തിലൂടെയല്ലാതെ എങ്ങനെ കണ്ടെത്താനാവും?
നിലവിൽ ഇന്ത്യയുടെ ഉൽപാദനരംഗത്തുള്ള മേൽക്കോയ്മ നിലനിർത്തണമെങ്കിൽതന്നെ ഗവേഷണ മേഖലയിൽ ശക്തമായ ഇടപെടലുകൾ ആവശ്യമുണ്ട്‌. മുഖ്യ നാളികേര ഉൽപാദകസംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ ശരാശരി ഉൽപാദന ക്ഷമതയുള്ള സംസ്ഥാനം തമിഴ്‌നാടാണ്‌. ഇന്ത്യയുടെ ശരാശരി ഉൽപ്പാദനം തമിഴ്‌നാടിന്റെ ശരാശരി ഉൽപാദനത്തിനു തുല്യമായി ഉയർത്തിക്കൊണ്ടുവന്നാൽ തീർച്ചയായും ഇന്ത്യയുടെ നാളികേര മേഖലയിൽ നിന്ന്‌ ലോകത്തിനു കൂടുതൽ സംഭാവന നൽകാൻ കഴിയും. അപ്പോൾ എപ്രകാരമാണ്‌ നിലവിലുള്ള പ്രദേശങ്ങളിലും പുതിയതായി കൃഷി ചെയ്യുന്ന പ്രദേശങ്ങളിലും മികച്ചതും ഉയർന്നതുമായ ഉൽപാദനക്ഷമത കൈവരിക്കാൻ കഴിയുക എന്നതിനേക്കുറിച്ചും നമുക്ക്‌ ഗൗരവമായി പഠിക്കേണ്ടതുണ്ട്‌.
താങ്ങു വില സംഭരണവും വില നിയന്ത്രണ സംവിധാനങ്ങളും സർക്കാർ തലത്തിൽ  മാത്രം പൂർണ്ണവിജയത്തിലേക്കെത്തിക്കാൻ കഴിയില്ല എന്നത്‌ കാലം തെളിയിച്ച വസ്തുതയാണ്‌. ഇവിടെയാണ്‌ നമ്മുടെ നാളികേര കർഷകരുടെ കൂട്ടായ്മകൾക്കെന്തു ചെയ്യാൻ കഴിയും, ആ കൂട്ടായ്മകൾ വഴി ഏറ്റെടുക്കേണ്ട മേഖലകൾ എന്തൊക്കെയാണ്‌ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും നാം ഗൗരവമായി പഠിക്കേണ്ടത്‌. കർഷക കൂട്ടായ്മകളുടെ പോലും മുൻപോട്ടുള്ള പ്രയാണത്തിൽ ഗവണ്‍മന്റുകളുടെ പങ്ക്‌ എപ്രകാരമായിരിക്കണം എന്നതും നാം ഗൗരവമായി ചിന്തിക്കണം. കാലഹരണപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങൾ വഴി എല്ലാം ചെയ്യാമെന്നുള്ള അഹന്തയും അജ്ഞതയും കൂട്ടുചേരുമ്പോൾ കർഷക കൂട്ടായ്മകളെ പടിക്കുപുറത്തു നിർത്തുന്നതാണ്‌ നയമെങ്കിൽ, കർഷകരുടെ പങ്കാളിത്തമില്ലാതെ പൊതുമേഖലാ സ്ഥാപനങ്ങൾക്കു തനിയെ ഏതെങ്കിലുമൊരു വിളയിൽ അതിന്റെ ഭാവി നിർണ്ണയിക്കാമെന്നു ചിന്തിക്കുന്നവർ വിഢ്ഢികളുടെ സ്വർഗ്ഗത്തിൽതന്നെയാണ്‌. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതും അതുതന്നെയാണല്ലോ.
അടുത്തത്‌ സംരംഭകത്വ മേഖലയാണ്‌. സംരംഭകത്വത്തിന്റെ മേഖലയിലും ഗവണ്‍മന്റുകൾ, വ്യാപാര വാണിജ്യ വ്യവസായ മേഖലകളിൽ പ്രവർത്തിച്ചിരുന്ന അര നൂറ്റാണ്ടു പഴക്കമുള്ള നയങ്ങളിൽ നിന്ന്‌ 1990 കളിൽ തന്നെ വ്യതിചലിച്ചു തുടങ്ങിയതാണ്‌. എങ്ങനെയാണ്‌ കൂടുതൽ സ്വകാര്യ നിക്ഷേപകരെയും സ്വകാര്യ സംരംഭകരെയും നാളികേരത്തിന്റെ മേഖലയിലേയ്ക്ക്‌ ആകർഷിക്കാൻ കഴിയുക. ഇത്തരം നിരവധി മേഖലകളിൽ നമുക്ക്‌ ഇടപെടാൻ കഴിയും. പക്ഷേ ഇതിന്‌ സംസ്ഥാന - കേന്ദ്ര സർക്കാരുകളും കർഷകകൂട്ടായ്മകളും കൂടി ഏകമനസ്സോടെ പ്രവർത്തിക്കേണ്ടതുണ്ട്‌.
സ്വകാര്യ മേഖലയിലെ മൂലധന നിക്ഷേപം നാളികേര മേഖലയിലേയ്ക്കു വരാൻ വൈകുന്നു എങ്കിൽ നമ്മുടെ കർഷക കൂട്ടായ്മകൾക്ക്‌ എന്തുചെയ്യാൻ കഴിയുമെന്ന്‌ പരിശോധിക്കേണ്ടതുണ്ട്‌. ഭാഗ്യവശാൽ നാളികേര മേഖലയിലെങ്കിലും കർഷകരുടെ കൂട്ടായ്മകളായ ഉത്പാദക സംഘങ്ങൾക്കും ഫെഡറേഷനുകൾക്കും അവരുടെ മേൽത്തട്ടിലുള്ള കമ്പനികൾക്കും ലോകത്തിൽ ഇന്ന്‌ ലഭിക്കുന്ന മിക്കവാറും ഏത്‌ സംസ്ക്കരിച്ച നാളികേര ഉൽപന്നവും നിർമ്മിക്കാനാവശ്യമായ കഴിവും കാര്യപ്രാപ്തിയും ഇന്ത്യയിലുണ്ട്‌. ഇന്ത്യയാകട്ടെ 126 കോടി ജനങ്ങളുടെ വലിയൊരു വിപണിയാണ്‌. ലോകത്തിന്റെ എല്ലാ ഭൂഖണ്ഡത്തിലും നാളികേരത്തിന്റെയും നാളികേരോൽപന്നങ്ങളുടെയും ഡിമാന്റ്‌ വർദ്ധിച്ചു വരികയും ചെയ്യുന്നുണ്ട്‌. അപ്പോൾ നാളികേരത്തിന്റെയും കർഷകരുടെയും ഭാവി സുരക്ഷിതമാക്കണമെങ്കിൽ ഗവണ്‍മന്റുകളെ മാത്രമോ, വരാൻ പോകുന്ന സ്വകാര്യ വ്യവസായികളെ മാത്രമോ പ്രതീക്ഷിച്ച്‌ വേഴാമ്പലിനെപ്പോലെ കാത്തിരുന്നിട്ടു കാര്യമില്ല. നമ്മുടെ കർഷക കൂട്ടായ്മകൾ ഈ രംഗത്തേക്ക്‌ അടിയന്തിരമായ കാൽവെയ്പുകൾ നടത്തേണ്ടതുണ്ട്‌. നാളികേരത്തിൽ നിന്നു വികസിപ്പിച്ചെടുക്കാവുന്ന എല്ലാ ഉൽപന്നങ്ങളുടെയും ആ ഉൽപന്നങ്ങളിൽ നിന്നു നേടാവുന്ന പരമാവധി മൂല്യ വർദ്ധനനവിന്റെയും അവ ഉപയോഗിച്ച്‌ നേടാവുന്ന വിപണിയുടെയും കാര്യത്തിൽ നമുക്ക്‌ കൂട്ടായി ചിന്തിക്കുവാനുള്ള സമയം അതിക്രമിച്ചു കഴിഞ്ഞു. വരും കാലങ്ങളിൽ നാളികേര വിലയെ നിശ്ചയിക്കുന്നതും നിയന്ത്രിക്കുന്നതും വെളിച്ചെണ്ണയുടെ വിലയോ കൊപ്രായുടെ വിലയോ മാത്രമല്ലാത്ത ഒരു കാലഘട്ടത്തിലേക്ക്‌ നമുക്ക്‌ എത്തിച്ചേരണം. വെളിച്ചെണ്ണയുടെയും കൊപ്രയുടെയും വിലയ്ക്കപ്പുറത്ത്‌ നാളികേരത്തിൽ നിന്ന്‌ ഉണ്ടാക്കാൻ കഴിയുന്ന മൂല്യ വർദ്ധിത ഉൽപന്നങ്ങളുടെയും അവയുടെ വിപണി വിലയെയും അടിസ്ഥാനപ്പെടുത്തി നാളികേരത്തിന്റെ വില നിശ്ചയിക്കുന്ന ഒരു ഘട്ടം വരണം. അവിടെയാണ്‌ കരിക്കും ഡേശിക്കേറ്റഡ്‌ കോക്കനട്ടും കോക്കനട്ട്‌ മിൽക്കും മിൽക്ക്‌ പൗഡറും വെർജിൻ കോക്കനട്ട്‌ ഓയിലും നീരയും, നീരയുൽപന്നങ്ങളും കോക്കോസീനും ഹസ്റ്റോറിയവും (പൊങ്ങ്‌) വെളിച്ചെണ്ണയിൽ നിന്നുള്ള ജൈവ ഇന്ധനവും അനുബന്ധ ഉപോൽപന്നങ്ങളായ ചകിരി, ചിരട്ട തുടങ്ങിയവയിൽ നിന്നും, തേങ്ങാവെള്ളത്തിൽ നിന്നുള്ള ഉൽപന്നങ്ങളും നിർമ്മിച്ച്‌, വിപണിയിലെത്തിച്ചു മാത്രമേ നമുക്ക്‌ ഈ രംഗത്ത്‌ മുമ്പോട്ട്‌ പോകാൻ കഴിയൂ.
ഇന്ത്യയിലെ മുന്തിരി കർഷകരുടെ കൂട്ടായ്മയായ 'ഗ്രേപ്‌ ഗ്രോവേഴ്സ്‌ അസോസിയേഷ'ന്റെ പ്രവർത്തനങ്ങൾ മാതൃകയാണ്‌. സർക്കാരിനെയും സർക്കാർ ഏജൻസികളെയും മാത്രം കാത്തിരിക്കാതെ അവരുടെ കൂട്ടായ്മകൾ മൂലധനം സമാഹരിച്ച്‌, ഗവണ്‍മന്റ്‌ മുമ്പ്‌ ചെയ്തിരുന്ന പല പ്രവർത്തനങ്ങളും ഏറ്റെടുക്കുകയും അത്‌ കാലാനുസൃതമായും സമയ ബന്ധിതമായും പൂർത്തിയാക്കുകയും ചെയ്യുന്ന ഒരു പ്രക്രിയയാണ്‌ 'ഗ്രേപ്​‍്‌ ഗ്രോവേഴ്സ്‌ അസോസിയേഷൻ' ഇന്ത്യയിൽ ഇന്ന്‌ ചെയ്തുകൊണ്ടിരിക്കുന്നത്‌. കാർഷിക ഗവേഷണ കേന്ദ്രത്തിൽ നിന്നുള്ള പ്രഗത്ഭരായ ശാസ്ത്രജ്ഞന്മാരെ അവർക്ക്‌ അവിടെ ലഭിക്കുമായിരുന്ന വേതനത്തിനേക്കാൾ അധിക വേതനം നൽകി അസോസിയേഷൻ നിയമിച്ച്‌ നിലനിർത്തുകയും അവർക്കാവശ്യമുള്ള ഗവേഷണങ്ങൾ അടിയന്തിരമായി നടത്തുകയും ചെയ്യുന്നു. നമ്മുടെ നാളികേര ഉത്പാദക കമ്പനികളുടെ കൂട്ടായ്മയായ കൺസോർഷ്യത്തിനും ഈ രീതിയിൽ ചിന്തിക്കാൻ കഴിയില്ലേ? അങ്ങനെ ചിന്തിച്ച്‌, പ്രവർത്തിച്ച്‌ തുടങ്ങേണ്ടേ?
എന്തെങ്കിലും ചെറിയ ഒരു രോഗം വരുമ്പോൾ സർക്കാരിന്റെ മുന്നിലേക്ക്‌ നിവേദനപത്രവുമായി പോകുന്നതിന്‌ അപ്പുറത്ത്‌ നമ്മുടെ തന്നെ ഗവേഷണ ശക്തി മെച്ചപ്പെടുത്തുകയും വിജ്ഞാനവ്യാപനം വേഗത്തിലാക്കുകയും ചെയ്യേണ്ട്‌ ആവശ്യമുണ്ട്. ഇന്ന്‌ ഈ മേഖലയിൽ ചെയ്യേണ്ട പല കാര്യങ്ങളും വളരെ സാവധാനത്തിലാണ്‌ നടക്കുന്നത്‌ എന്ന ഖേദകരമായ സത്യം നാം ഓർക്കുക. വിജ്ഞാനവ്യാപനം പോലും കൂടുതൽ വേഗത്തിലാക്കുന്നതിന്‌ കർഷക കൂട്ടായ്മകൾക്ക്‌ എന്തെല്ലാം ചെയ്യാൻ കഴിയും? ഇത്തരം കാര്യങ്ങളെക്കുറിച്ച്‌ ഗൗരവമായി മറ്റുള്ളവരിൽ നിന്ന്‌ കേൾക്കുകയും ചിന്തിക്കുകയും അത്തരം അഭിപ്രായങ്ങൾ വായനക്കാരായ കേരകർഷകരുടെ മുമ്പിൽ അവതരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ്‌ ഈ ലക്കം മാസിക നാളികേര കർഷകരുടെ സുരക്ഷിതമായ ഭാവിയെപ്പറ്റി ചിന്തിക്കുന്നത്‌. നാളികേര കർഷകരുടെ ഭാവി എന്നത്‌ നാളികേര കൃഷിയുടെ ഭാവിയുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നു. മാന്യവും നീതിപൂർവ്വവും സ്ഥിരവുമായ വില ഉറപ്പുവരുത്തുന്ന ഒരു കാലഘട്ടത്തിലൂടെ മാത്രമേ കർഷകരുടെയും നാളികേരത്തിന്റെയും ഭാവി ഭദ്രമാക്കാൻ കഴിയൂ. പ്രത്യേകിച്ച്‌ ഒരു കാർഷിക - ഭക്ഷ്യ വിളയായും മനുഷ്യജീവിതത്തിന്റെ സമസ്ത മേഖലകളിലും ഉപയോഗിക്കപ്പെടാൻ കഴിയുന്ന ഉൽപന്നങ്ങളുണ്ടാക്കാവുന്ന വാണിജ്യ വിളയായും തെങ്ങിനെ പരിഗണിക്കുമ്പോൾ തീർച്ചയായും നമുക്ക്‌ അതിന്റെ സുരക്ഷിതമായ ഭാവി മുമ്പിൽ കാണാൻ കഴിയും. പക്ഷേ, അവിടെ എത്തണമെങ്കിൽ കൂട്ടായ പ്രവർത്തനവും ഏകമനസ്സോടെ, സങ്കുചിതത്താൽപര്യങ്ങളും സ്വാർത്ഥതയും മാറ്റി വച്ചുകൊണ്ടുള്ള കർഷക കൂട്ടായ്മകളും ആവശ്യമുണ്ട്‌. അങ്ങിനെയായാൽ കേവലം സർക്കാർ ബഡ്ജറ്റിലെ പണം ചെലവഴിക്കലും, ലാപ്സാക്കലും കൊണ്ട്‌ കർഷകർക്കു ഗുണമുണ്ടായില്ലെങ്കിലും പ്രശ്നമുണ്ടാവില്ല. പണം ചെലവഴിക്കുന്നത്‌ ശരിയായ കാര്യങ്ങൾക്കാണെന്നും യഥാസമയത്ത്‌ ആണെന്നും അത്‌ കർഷക പങ്കാളിത്തത്തോടെ ആണെന്നും ഉറപ്പുവരുത്തുക എന്നുള്ളതിലാണ്‌ നമ്മുടെ ഭാവിയുടെ താക്കോൽ സ്ഥിതിചെയ്യുന്നത്‌. ഇക്കാര്യം കേരകർഷകർ മനസ്സിലാക്കി പ്രവർത്തിക്കാനുള്ള ശക്തി കർഷക കൂട്ടായ്മകൾ വഴി നേടാൻ ചിന്തിക്കുന്നതിനു പ്രേരിപ്പിക്കുക എന്നതാണ്‌ ഈ ലക്കത്തിന്റെ ലക്ഷ്യം.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...