ജോൺ മുഴുത്തേറ്റ്
സന്ദീപും, രാജുവുമാണ് ആദ്യം ആ നിർദ്ദേശം വച്ചതു. ശനിയാഴ്ച എല്ലാവർക്കും കൂടി ഔട്ടിംഗിന് പോകാം. 'തൊമ്മൻകുത്ത് ' അതിനുപറ്റിയസ്ഥലമാണ്. പ്രകൃതിരമണീയമായ ആ സ്ഥലം ടൂറിസ്റ്റ് കേന്ദ്രമായി വളർന്നുകൊണ്ടിരിക്കുന്നു അവിടത്തെ പാറകെട്ടുകളും നീരൊഴുക്കുകളും വെള്ളച്ചാട്ടങ്ങളും, കാടും കാട്ടരുവിയുമെല്ലാം വശ്യസുന്ദരമാണ്, ഹൃദയഹാരിയാണ്. രാജു വാചാലനായി. രഞ്ജിത്തിനും, സുധാകരനും ആ നിർദേശം ഇഷ്ടമായി. അവരെല്ലാം ഐ. ടി. മേഖലയിൽ ജോലി ചെയ്യുന്ന എൻജിനിയർമാരാണ്, സഹപ്രവർത്തകരും. ജോലിയുടെ വൈരസ്യത്തിൽ നിന്നും മോചനം നേടാൻ ഇത്തരം ട്രിപ്പുകൾ അനിവാര്യമാണെന്ന് എല്ലാവരും സമ്മതിക്കും. പട്ടണത്തിന്റെ തിരക്കിൽ നിന്നൊഴിഞ്ഞു പ്രകൃതിയുമായി സല്ലപിക്കാൻ ലഭിക്കുന്ന ഈ അവസരം ആഹ്ലാദഭരിതമായിരിക്കുമെന്ന് അവർക്കുറപ്പായിരുന്നു.
സന്ദീപിന്റെ കാറിൽ നാലുപേരും യാത്രതിരിച്ചു. പത്തുമണിയോടെ തൊമ്മൻകുത്തിലെത്തി. ഭക്ഷണവുംമറ്റും അവർ കരുതിയിരുന്നു. നല്ല കാലാവസ്ഥ അവരെ കൂടുതൽ ആഹ്ലാദഭരിതരാക്കി. പാറക്കെട്ടുകളിൽ കൂടി ചിതറിയൊഴുകുന്ന കാട്ടരുവിയും വളർന്നുപൊങ്ങിയ വൻമരങ്ങളും മരച്ചില്ലകളിൽ ഒച്ചവെക്കുന്ന പക്ഷിക്കൂട്ടങ്ങളും, ഉയരത്തിൽനിന്നും ശക്തിയിൽ താഴോട്ടുപതിക്കുന്ന വെള്ളച്ചാട്ടങ്ങളും എല്ലാം അവരെ ഏറെ ആകർഷിച്ചു. എല്ലാം മറന്ന് അവർ ഒച്ചവച്ച് പാറക്കെട്ടുകളിലും അരുവിയിലേക്ക് ചാഞ്ഞുകിടക്കുന്ന മരച്ചില്ലകളിലും ഓടിക്കയറി. ചിരിയും അട്ടഹാസവുമായി അവർ അവിടെയെല്ലാം ഓടിനടന്നു. മറ്റു ടൂറിസ്റ്റ് സംഘങ്ങളും അവിടെ എത്തിയിരുന്നു.
ഉയർന്ന് നിൽക്കുന്ന പാറക്കെട്ടിന്റെ മുകളിൽകയറാൻ പോകയാണെന്ന് രാജു ഉറക്കെ വിളിച്ചു പറഞ്ഞു. ആ പാറക്കെട്ടിന്റെ ഇരുവശങ്ങളിലൂടെയും വെള്ളം ശക്തിയായി ഒഴുകി താഴോട്ടുപതിക്കുന്നുണ്ട്. വെള്ളത്തിന്റെ ഒഴുക്കിൽപെടാതെ പാറക്കെട്ടിലെത്താനാണ് രാജു ശ്രമിച്ചതു. 'സൂക്ഷിക്കണം' എന്ന് സന്ദീപ് വിളിച്ചുപറയുന്നുണ്ടായിരുന്നു. പക്ഷെ അയാൾ അതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്
മറ്റൊരു സംഭവം. അന്നുകോളേജ് നേരത്തെ വിട്ടതുകൊണ്ട് ഫൈനൽ ഇയർ വിദ്യാർത്ഥിനിയായ രജനി മൂന്നുമണിക്ക് മുൻപ് ബസ് സ്റ്റോപ്പിൽ എത്തി. വീടിന്റെ പടിക്കലൂടെ പോകുന്ന ഒരു പ്രൈവറ്റ് ബസ് ആ സമയത്ത് ഉണ്ട്. അതുകിട്ടിയാൽ ഒട്ടും നടക്കാതെ വീട്ടിലെത്താം, ബസ് കൃത്യസമയത്തുതന്നെ വന്നു. ഡ്രൈവറെ കണ്ടപ്പോൾ അവൾക്ക് കൂടുതൽ സന്തോഷമായി. അവളുടെ അയൽവാസിയായ മോഹനനാണ് ഡ്രൈവർ. അവൾ തിക്കിതിരക്കി മുൻവശത്തേക്ക് ചെന്നു. ഇരിക്കാൻ സീറ്റു കിട്ടിയില്ല ഡ്രൈവറുടെ ഇടത്ത് ഭാഗത്ത് അവൾ നിലയുറപ്പിച്ചു. അയാൾ നോക്കിയപ്പോൾ അവൾ പുഞ്ചിരിച്ചു. അയാൾ അവളോട് കുശലംചോദിച്ചു. ബസ്സ് ഓടിക്കുന്നതിനിടയിൽ അയാൾ ഇടക്കിടയ്ക്ക് അവളോട് പലതും ചോദിച്ചുകൊണ്ടിരുന്നു. അവൾ ഉത്സാഹത്തോടെ മറുപടിയും പറഞ്ഞു. ബസ്സ് ഓടിക്കുന്നതിനിടയിലുള്ള ഈ സംസാരം സീറ്റിലിരുന്ന പ്രായമായ സ്ത്രീകൾക്ക് ഇഷ്ടപ്പെട്ടില്ല. അവർ രജനിയെ നോക്കി പിറുപിറുത്തു. മോഹനൻ എന്താൺചോദിച്ചതെന്ന് രജനി ശരിക്കുകേട്ടില്ല. അവൾ മുന്നോട്ടാഞ്ഞ് എന്താണ് പറഞ്ഞതെന്ന് ചോദിച്ചു. അയാൾ തിരിഞ്ഞു രജനിയെ നോക്കി മറുപടി പറയുമ്പോഴാണ് എതിർ വശത്തുനിന്നും ഒരു ലോറി പാഞ്ഞുവന്നത്. ഡ്രൈവർ ഞെട്ടിപ്പോയി അയാൾ പെട്ടെന്ന് ബസ്സ് ഇടതുവശത്തേക്ക് വെട്ടിച്ചു. പക്ഷെ ബസ് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് ഇടതുവശത്തെ പാടത്തേക്ക് മറിഞ്ഞു. ആകെ കരച്ചിലും ബഹളവും! നാട്ടുകാർ ഓടിക്കൂടി രക്ഷാപ്രവർത്തനങ്ങൾ നടത്തി. ഏതാനും യാത്രക്കാർക്കും ഡ്രൈവർക്കും ഗുരുതരമായ പരുക്ക് പറ്റി. നാട്ടുകാർ അവരെ ആശുപത്രിയിൽ എത്തിച്ചു. രജനിയുടെ നെറ്റിയിൽ ഒരുചെറിയ പരുക്ക് മാത്രമെ ഉണ്ടായിരുന്നുള്ളൂ. അപകടത്തിൽ പരുക്ക് പറ്റിയ ഒരാൾ ആശുപത്രിയിൽ വച്ച് മരിച്ചു എന്ന് പിന്നീട് കേട്ടു. രജനിക്ക് അതിയായ കുറ്റബോധം തോന്നി. താൻ മൂലമാണല്ലോ ഡ്രൈവർ അശ്രദ്ധനായതും അപകടം സംഭവിച്ചതും.
ഇത്തരം നിരവധി ദുരന്തങ്ങൾ നിത്യേന സംഭവിച്ചു കൊണ്ടിരിക്കുന്നു. അപകടങ്ങൾ ഉണ്ടാവുന്നതിന്റെ മുഖ്യകാരണം അശ്രദ്ധയാണ് ഭൂരിഭാഗം റോഡപകടങ്ങളും ഉണ്ടാവുന്നത് അശ്രദ്ധമായി വാഹനമോടിക്കുന്നതു കൊണ്ടാണ് എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഒരു നിമിഷനേരത്തെ അശ്രദ്ധ ദുരവ്യാപകമായ ദുരന്തങ്ങൾക്ക് ഹേതുവാകുന്നു.
തിരക്കേറിയ റോഡ് അശ്രദ്ധമായി ക്രോസ് ചെയ്യുന്ന കാൽനടക്കാരൻ തന്റെ ജീവൻ അപകടത്തിലാക്കുന്നു. സമയമില്ലാതെ പരക്കം പായുന്നആധുനിക മനുഷ്യൻ അശ്രദ്ധനായി മാറുന്നു. അവന്റെ മാനസികവ്യഥകളും സംഘർഷങ്ങളും അവനെ ശ്രദ്ധാലുവാകാൻ കഴിയാത്തവനാക്കുന്നു. തന്റെ മനസിന്റെ നിയന്ത്രണം നഷ്ടമാവുമ്പോൾ അവൻ സ്വാഭാവികമായും അസ്വസ്ഥനും അശ്രദ്ധനുമായിത്തീരുന്നു. ആധുനിക ജീവിതത്തിന്റെ അപകടകരമായ ഈ പ്രവണത വർദ്ധിച്ചു വരുന്നു. അശ്രദ്ധ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നു.
അശ്രദ്ധ പലപ്പോഴും സ്വയംഹത്യക്കും പരഹത്യക്കും കാരണമാകുന്നു. വിമാനമോടിക്കുന്ന പെയിലററിന്റെ അശ്രദ്ധമൂലം എത്രയോ വിമാനാപകടങ്ങൾ ഉണ്ടാവുന്നു. എത്രയോ പേർക്ക് ജീവഹാനി സംഭവിച്ചുട്ടുണ്ട് ഒരു ഡോക്ടറുടെ അശ്രദ്ധ രോഗിയുടെ മരണത്തിൽ കലാശിച്ചേക്കാം. ഒരു എൻജിനിയറുടെ അശ്രദ്ധ അനേകം കെട്ടിടങ്ങളുടെ, റെയിൽപാളങ്ങളുടെ തകർച്ചക്കും, അനേകം ജീവഹാനിക്കും കാരണമായേക്കാം, വൈദ്യുതി ലൈനിൽ ജോലിചെയ്യുന്ന തൊഴിലാളിയുടെ അശ്രദ്ധ തന്റെയും സഹപ്രവർത്തകരുടെയും ജീവഹാനിക്കിടയാക്കിയേക്കാം. അടുക്കളയിലെ അശ്രദ്ധമൂലം എത്രയോ അപകടങ്ങൾ സംഭവിച്ചിരിക്കുന്നു. കുക്കിങ്ങ് ഗ്യാസ് ഓഫ്ചെയ്യാൻ മറന്നതുമൂലം പലഅപകടങ്ങളും ഉണ്ടായതായി പത്രത്തിൽ വായിച്ചിട്ടുണ്ട്. അശ്രദ്ധ എത്ര ചെറുതാണെങ്കിലും വലിയ ദുരന്തങ്ങൾക്കു കാരണമായേക്കാം പുകവലിക്കാർ അശ്രദ്ധമായി ഉപേക്ഷിച്ച സിഗരറ്റ് കുറ്റിയിൽ നിന്നും എത്രയോ അപകടകരമായ തീപിടിത്തങ്ങൾ ഉണ്ടായിരിക്കുന്നു.
'അശ്രദ്ധ അഹന്തയേക്കാൾ ദോഷം ചെയ്യുന്നു' എന്ന് ബഞ്ചമിൻ പ്രാക്മിൻ വ്യക്തമാക്കുന്നു. 'ആരെല്ലാം ചെറിയ കാര്യങ്ങളിലെ സത്യത്തിൽ അശ്രദ്ധരാണോ, അവരെ പ്രധാന കാര്യങ്ങളിൽവിശ്വസിക്കുവാൻ കഴിയുകയില്ല' എന്ന് ആൽബർട്ട് ഐൻസ്റ്റീൻ മൂന്നാര്റിയിപ്പു നൽകുന്നു.
അശ്രദ്ധ ആരിലും ഉടലെടുക്കാം. എപ്പോഴും അത് സംഭവിക്കാം. അശ്രദ്ധയകറ്റാൻ നാം ബോധപൂർവ്വം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അതിനുളള ചില വഴികൾവ്യക്തമാക്കാം.
അശ്രദ്ധയകറ്റാൻ
1. സ്വയാവബോധംവളർത്തുക.
തനിക്ക് അശ്രദ്ധയുണ്ട് എന്ന് സ്വയം ബോധവാനാകുമ്പോഴാണ് അത് പരിഹരിക്കുവാനുളള പോംവഴികൾ തോന്നുന്നത്. സ്ഥലകാലബോധത്തോടെ, സ്വയാവബോധത്തോടെ ഓരോ പ്രവൃത്തിയും ചെയ്യുമ്പോൾ അശ്രദ്ധ അകന്നു പോകുന്നു.
2. അശ്രദ്ധയുടെ അപകടങ്ങളെപ്പറ്റി ബോധവാനാവുക.
അശ്രദ്ധകൊണ്ടുണ്ടായ എണ്ണമറ്റ അപകടങ്ങളുടെയും ദുരിതങ്ങളുടെയും വ്യാപ്തിയും ഗൗരവവും മനസ്സിലാക്കുക.
3. ചെയ്യുന്ന ജോലിയിൽ താൽപര്യം പുലർത്തുക.
ചെയ്യുന്ന പ്രവൃത്തിയിലുളള താൽപര്യമില്ലായ്മയും ഉത്സാഹരാഹിത്യവും പലപ്പോഴും അശ്രദ്ധയ്ക്ക് കാരണമായിത്തീരുന്നു. അതുകൊണ്ട് ജോലിയിൽ താൽപര്യം പുലർത്തുകയും അതിൽനിന്ന് സംതൃപ്തിയും സന്തോഷവും കണ്ടെത്തുകയും ചെയ്യുക.
4. ക്ഷീണമകറ്റുക
ശാരീരികവും മാനസികവുമായ ക്ഷീണവും ഉന്മേഷരാഹിത്യവും അലസതയ്ക്കും അശ്രദ്ധയ്ക്കും കാരണമായിത്തീരുന്നു. ശരിയായ ഉറക്കമോ വിശ്രമമോ ലഭിക്കാതെ വരുമ്പോഴും, സംഘർഷങ്ങളും പ്രശ്നങ്ങളും അമിതമാകുമ്പോഴും ക്ഷീണം അനുഭവപ്പെടുക സാധാരണമാണ്. മിതവും ഹിതവുമായ ആഹാരം ആവശ്യമായ ജലപാനം, പതിവായ വ്യായാമം, ശരിയായ വിശ്രമം എന്നിവ ക്ഷീണവും അതുമൂലമുണ്ടാകുന്ന അശ്രദ്ധയും അകറ്റാൻ സഹായിക്കുന്നു. പതിവായി ധ്യാനം പരിശീലിക്കുന്നത് സംഘർഷങ്ങൾ അകറ്റുന്നതിനും മാനസികോന്മേഷം നിലനിർത്തുന്നതിനും സഹായിക്കുന്നു എന്ന് കണ്ടിട്ടുണ്ട്.
5. അമിതമായ ആത്മവിശ്വാസം പുലർത്താതിരിക്കുക
ഈ ജോലി തനിക്ക് തീരെ നിസ്സാരമാണെന്ന് കരുതി യാതൊരു തയ്യാറെടുപ്പും ആസൂത്രണവും കൂടാതെ തികഞ്ഞ അശ്രദ്ധയോടെ പ്രവർത്തിക്കുന്നവരുണ്ട്. അത് അപകടം വരുത്തും. അമിതമായ ആത്മവിശ്വാസം അഹങ്കാരത്തിലേക്കും അശ്രദ്ധയിലേക്കും നയിക്കുമെന്ന് മനസ്സിലാക്കുക.
6. കുട്ടികൾക്ക് ശ്രദ്ധയോടെ പ്രവർത്തിക്കുവാൻ പരിശീലനം നൽകുക
അശ്രദ്ധ കുട്ടികൾക്ക് ഒരു ശീലമായിത്തീരുന്നു പലപ്പോഴും അശ്രദ്ധരായ മാതാപിതാക്കളുടെ ചെയ്തികൾ അവർ കണ്ടുപഠിക്കുന്നു. ശ്രദ്ധയോടെ പ്രവർത്തിക്കുന്നതിനുളള പരിശീലനവും പ്രോത്സഹനവും കുട്ടികൾക്ക് നൽകുക. മാതാപിതാക്കൾ അവർക്ക് മാതൃകയായിരിക്കുക.
വിക്ടർ ഹ്യൂഗോ ഒരിക്കൽ പറഞ്ഞു "ജീവിതം വളരെ ഹ്രസ്വമാണ്. അശ്രദ്ധയോടെ സമയം ദുർവിനിയോഗം ചെയ്തുകൊണ്ട് നാം അത് കൂടുതൽ ഹ്രസ്വമാക്കുന്നു."