15 Jan 2015

ദത്തെടുത്ത കുട്ടികൾ


പി.ആർ.നാഥൻ
    ജീവിതത്തിൽ ഒരു പ്രത്യേക സന്ദർഭത്തിലാണ്‌ ഞാൻ ദത്തുപുത്രി എന്ന ആശയത്തെക്കുറിച്ച്‌ ആദ്യമായി ചിന്തിക്കുന്നത്‌. വിവാഹാലോചനയുമായി വന്ന ദല്ലാൾ ഒരു പെൺകുട്ടിയുടെ ഫോട്ടോ കാണിച്ചുകൊണ്ട്‌ ഇങ്ങിനെ പറയുകയുണ്ടായി. ഇത്‌ അച്ഛനമ്മമാരുടെ സ്വന്തം മകളല്ല. ഇവൾ ദത്തുപുത്രിയാണ്‌.
     ഒരു യഥാർത്ഥപുത്രിയും ദത്തുപുത്രിയും നിയമത്തിന്റെ ദൃഷ്ടിയിൽ ഒരുപോലെയാണ്‌. ദത്തെടുത്ത കുട്ടികൾക്ക്‌ സ്വന്തം അച്ഛനമ്മമാരിൽ നിന്നെന്ന പോലെ എല്ലാ അവകാശങ്ങളും ഉണ്ട്‌. നേരത്തെസൂചിപ്പിച്ച പെൺകുട്ടിയെ അച്ഛനമ്മമാർ ദത്തെടുത്തത്‌ ആറു മാസം പ്രായമുള്ളപ്പോൾ ബന്ധത്തിൽ പെട്ട ഒരു പെൺകുട്ടിയെതന്നെയാണ്‌ അവർ ദത്തെടുത്തത്‌. വിവാഹ ബന്ധത്തിന്‌ അതൊരു തടസ്സമായില്ല. ആ പെൺകുട്ടിയെ തന്നെയാണ്‌ ഞാൻ വിവാഹം കഴിച്ചതു. അവളുടെ മാതാപിതാക്കളെ ഞാൻ സ്നേഹിക്കുകയും അംഗീകരിക്കുകയും ചെയ്തു. യഥാർത്ഥത്തിൽ ദത്തെടുക്കുക എന്ന കർമ്മം പവിത്രമാണ്‌. പക്ഷെ എത്രയോ ദമ്പതിമാർ സന്താനരഹിതരായി ജീവിതം ഉന്തിനീക്കുമ്പോഴും ദത്തെടുക്കാൻ പ്രക്രിയ താരതമ്യേന അപൂർവ്വമാണ്‌. നിയമപരമായ നൂലാമാലകളാണൊ അതിന്റെ പിറകിലുള്ളത്‌ എന്നറിഞ്ഞു കൂട. ദത്തെടുക്കുന്ന കുട്ടി തങ്ങളെ സ്നേഹിക്കുമോ എന്ന്‌ എല്ലാവരും ഭയപ്പെടുന്നു. മുതിർന്ന്‌ കഴിഞ്ഞാൽ സ്വഭാവം എങ്ങനെയായിരിക്കും ? വഴക്കിനുവന്നാൽ എന്തു ചെയ്യും? സ്വാഭാവികമായും ഇത്തരം സംശയങ്ങൾ ഉണ്ടാകും. സ്വന്തം മക്കളും തിരിഞ്ഞു കടിക്കാറുണ്ടല്ലോ. അത്തരം കേസ്സുകളിൽ അത്‌ സ്വന്തം മക്കളാണെന്ന്‌ കരുതി സഹിക്കാം. ദത്തെടുത്ത കുട്ടികളെക്കൊണ്ട്‌  പ്രശ്നമുണ്ടായാൽ നാട്ടുകാർ പരിഹസിച്ചാലോ? വേലിയിൽ കിടക്കുന്ന പാമ്പിനെയെടുത്ത്‌ കഴുത്തിലിട്ടാൽ ആരു പറഞ്ഞു എന്ന്‌ ചോദിച്ചാലോ?
    വാസ്തവത്തിൽ ഇത്തരം പ്രശ്നങ്ങൾ സമൂഹത്തിൽ അധികം ഉണ്ടാകാറില്ല. ദത്തെടുത്ത കുട്ടികളുമായി സുഖജീവിതം നയിക്കുന്നവരാണ്‌ ഭൂരിപക്ഷവും. താൻ അച്ഛനമ്മമാരുടെ സ്വന്തം സന്തതിയല്ല എന്ന്‌ ആ കുട്ടി അറിയുന്ന നിമിഷത്തിൽ എന്തൊക്കെയാണ്‌ സംഭവിക്കുക? ഇതാണ്‌ പലരുടേയും ഭയം. ഈ അവസരത്തിൽ അവർ തേടി പോയാലോ? ദത്തെടുത്ത മക്കൾ അറിയാതെ ഇക്കാര്യം രഹസ്യമായി വെയ്ക്കണമെന്ന്‌ ചിലർ കരുതുന്നു. തുറന്നു പറയുന്നതാണ്‌ നല്ലതെന്ന്‌ വേറെ ചിലർ അഭിപ്രായപ്പെടുന്നു. വിവാഹിതനാകുന്ന അവസരത്തിൽ എനിയ്ക്കും ഒരു സംശയമുണ്ടായിരുന്നു. ഭാര്യയായിവരുന്ന കുട്ടി ഒരു ദത്തുപുത്രിയാണെന്ന്‌ അവർ അറിഞ്ഞിട്ടുണ്ടാകുമോ? അറിഞ്ഞാൽ എന്തൊക്കെയാണ്‌ സംഭവിക്കുക? മാനസികസമ്മർദ്ദം മൂലം അവൾ ബോധരഹിതയാകുമോ? എന്തായാലും നവവധുവിനോട്‌ ഇക്കാര്യംചോദിക്കേണ്ട എന്നുതന്നെ ഞാൻ കരുതി. ഇത്തരം പ്രശ്നങ്ങൾ ചർച്ച ചെയ്ത്‌ മധുവിധുവിന്റെ മധുരം കളയേണ്ട എന്നുതന്നെ ഞാൻ തീരുമാനിച്ചു. വിവാഹിതനായതിന്റെ പിറ്റേന്നു തന്നെ അവൾ പറഞ്ഞു. ഞാൻ ഒരു ദത്തു പുത്രിയാണ്‌. സംഭവം കേട്ടതും ഞാൻ അത്ഭുതപ്പെടുകയും ചിരിക്കുകയും ചെയ്തു. അവൾ പറഞ്ഞു.
    "മക്കളില്ലാത്ത എന്റെ അച്ഛനും അമ്മയും എന്നെ ആറാമത്തെ മാസത്തിൽ ദത്തെടുത്തത്താണ്‌."
    'ഇതെങ്ങിനെ അറിഞ്ഞു'
    'എനിയ്ക്ക്‌ ഓർമ്മവച്ച നാൾ മുതൽ നാട്ടുകാർ പറയുന്നത്‌ ഞാൻ കേൾക്കാറുണ്ടല്ലോ. തൊട്ടുവീട്ടുകാരും കൂട്ടുകാരികളുമൊക്കെ അതു പറയാറുണ്ട്‌"
    "ഈ വിവരം അച്ഛനും അമ്മയ്ക്കും അറിയുമോ?"
    "അറിയില്ല എന്ന്‌ തോന്നുന്നു. എന്തായാലും ഒരു ദിവസം ഞാൻ അവരോട്‌ ചോദിച്ചു. ആളുകൾ വെറുതെ പറയുന്നതാണെന്ന്‌ അവർ പറഞ്ഞു. എനിയ്ക്ക്‌ അതൊന്നും ഇതേവരെ പ്രശ്നമായിട്ടില്ല"
    ദത്തെടുത്ത കുട്ടികളിൽ നിന്നും സത്യം ഒളിപ്പിച്ചു വെക്കുക എന്നത്‌ പ്രാവർത്തികമല്ല. ഇതറിയാവുന്ന ബന്ധുക്കളും സുഹൃത്തുക്കളും (ശത്രുക്കളും) അവരോട്‌ അക്കാര്യം പറയുക തന്നെ ചെയ്യും. അങ്ങിനെ പറഞ്ഞാലും ആകാശം ഇടിഞ്ഞു വീഴുകയൊന്നുമില്ല. എന്റെയും ഭാര്യയുടേയും ജീവിതത്തിൽ ഈ ഘടകങ്ങളൊന്നും യാതൊരു സ്വാധീനവും ഉണ്ടാക്കിയിട്ടില്ല. ദത്തെടുക്കുക എന്നത്‌ മനസുകൊണ്ട്‌ ഉണ്ടാക്കുന്ന ഒരു ഉടമ്പടി ബന്ധമാണ്‌. അത്‌ അതീവശക്തമാണ്‌. അതിന്‌ രക്തബന്ധത്തേക്കാൾ ശക്തിയുണ്ട്‌. മുതിർന്നു കഴിഞ്ഞ ശേഷം ദത്തുമക്കൾ ഇക്കാര്യം അറിയുകയാണ്‌ വേണ്ടത്‌. അത്‌ അറിഞ്ഞുകൊണ്ട്‌ ഇന്നേവരെ എവിടെയെങ്കിലും കുഴപ്പങ്ങൾ ഉണ്ടായതായി കേട്ടിട്ടില്ല. പരമപവിത്രമായദത്തെടുക്കൽ കർമ്മത്തെക്കുറിച്ച്‌ നാം കുറെക്കൂടി ബോധവാന്മാരാകേണ്ടതുണ്ട്‌. ഈ ബോധത്തെക്കുറിച്ച്‌ ദത്തെടുത്ത കുട്ടികൾ മാത്രമല്ല ചിന്തിക്കേണ്ടത്‌. അച്ഛനമ്മമാരുടെ യഥാർത്ഥമക്കളും ഇതെക്കുറിച്ച്‌ മനസ്സിലാക്കേണ്ടതുണ്ട്‌. ഇതെക്കുറിച്ച്‌ പറഞ്ഞുകേട്ട ഒരു അനുഭവം ഞാൻ കുത്തിക്കുറിക്കുകയാണ്‌.
    ദത്തുപുത്രിയായ മകൾ യുപി സ്കൂളിൽ പഠിക്കുന്നു. ഒരിക്കൽ മറ്റു കുട്ടികൾ അവളെ കളിയാക്കി നിന്റെ യഥാർത്ഥ അച്ഛനമ്മമാർ അവരല്ല. നീ വേറെ എവിടെയോ ജനിച്ചകുട്ടിയാണ്‌. ഇതുകേട്ടതും ദത്തു പുത്രിക്ക്‌ വിഷമമായി. അവളുടെ അച്ഛനമ്മമാരുടെ അസൂയാലുക്കളിൽ നിന്നാണ്‌ ഈ വിവരം പുറത്തു വന്നിരിക്കുന്നത്‌. അന്നത്തെ ദിവസം അവൾ നിറകണ്ണുകളുമായി വീട്ടിൽ വന്നു. കാര്യമെന്താണെന്ന്‌ അവൾ തുടക്കത്തിൽ പറഞ്ഞില്ല. അവളുടെ അമ്മ അന്വേഷിച്ചു.
    "നീ എന്തിനാണ്‌ മോളെ സങ്കടപെടുന്നത്‌?"
    "ഞാൻ അമ്മയുടെ ആരാ"
    അവൾ ചോദിച്ചു.
    "നീ എന്റെ മകൾ, എന്താണിത്ര സംശയം."
    "ഞാൻ വളർത്തു മകളാണെന്ന്‌ എന്റെ കൂടെ പഠിക്കുന്ന മറ്റു കുട്ടികൾ പറഞ്ഞല്ലോ"
    "എല്ലാ കുട്ടികളേയും വളർത്തുന്നത്‌ അച്ഛനമ്മമാരെല്ല മോളെ? അവരും വളർത്തുപുത്രികളാണല്ലോ. അതു പോലെ നീയും വളർത്തുപുത്രിയാണ്‌".
    ഈ മറുപടികൊണ്ട്‌ തൽക്കാലം അവൾക്ക്‌ തൃപ്തിയായി. ദിവസങ്ങൾക്കു ശേഷം വീണ്ടും സഹപാഠികളിലാരോ ഇതേ വിഷയം അവളോട്‌ പറഞ്ഞു. അന്നു വൈകുന്നേരം അവൾ അമ്മയോട്‌ ചോദിച്ചു.
    "അമ്മയാണൊ എന്നെ പ്രസവിച്ചതു""അതെ" എന്നു പറഞ്ഞ്‌ അമ്മ അവളെ അരുകിലേക്ക്‌ വിളിച്ചു അമ്മ അവൾക്ക്‌ ആഹാരം കൊടുത്തശേഷം കവിളിൽ തുരുതുരാ ഉമ്മവച്ചു. അമ്മ അവളെ മടിയിൽ കിടത്തി.
    'ദത്തെടുത്ത മകൾ എന്നു പറഞ്ഞാൽ എന്താണെന്ന്‌ മോൾക്ക്‌ അറിയാമോ?"
    "ഇല്ല"
    "പറഞ്ഞുതരാം അമ്മയുടെ വയറിനകത്താണ്‌ സാധാരണഗതിയിൽ മക്കൾ ഉണ്ടാകുക. അതുനീ  കേട്ടിട്ടില്ലേ?"
അറിയാമെന്ന ഭാവത്തിൽ അവൾ തലയാട്ടി. തുടർന്ന്‌ അമ്മ ചോദിച്ചു.
"മോളോട്‌ അമ്മ ഒരു സംശയം ചോദിക്കട്ടെ, തല, കൈകൾ, കാലുകൾ, വയറ്‌, ഹൃദയം ഇവയിൽ ഏറ്റവും ഉത്തമമായ അവയവം എന്താണ്‌? മോള്‌ പറ"
ഏതാനും നിമിഷം ചിന്തിച്ച ശേഷം മകൾ പറഞ്ഞു.
"ഹൃദയം"
വയറിനേക്കാൾ വലുതാണോ ഹൃദയം.
"അതെ അത്‌ നിന്നുപോയാൽ മനുഷ്യൻ മരിക്കുമല്ലോ"
"ഹൃദയം തന്നെയാണ്‌ വലുത്‌ മോളെ.
ഹൃദയത്തിൽ നിന്നും ജനിക്കുന്നതിനെയാണ്‌ ദത്തെടുക്കുക എന്നു പറയുന്നത്‌. മോൾ ജനിച്ചതു എന്റെ ഹൃദയത്തിൽ നിന്നാണ്‌.
ആ മറുപടി അവൾക്ക്‌ തൃപ്തികരമായിരുന്നു. അവൾ പഠിച്ചു വലുതായപ്പോൾ ഒരിക്കൽ ചിന്തിച്ചു. മക്കളെല്ലാം രൂപമെടുക്കുന്നത്‌ അച്ഛനമ്മമാരുടെ ഹൃദയത്തിലാണ്‌. അതിനാൽ മുതിർന്ന്‌ കഴിഞ്ഞാൽ അവർ അച്ഛനമ്മമാരുടെ ഹൃദയത്തിൽ സ്ഥാനം നേടാൻ ശ്രമിക്കണം. ഇന്ന്‌ എത്ര മക്കൾ മാതാപിതാക്കളുടെ ഹൃദയത്തിൽ സ്ഥാനം നേടാൻശ്രമിക്കുന്നുണ്ട്‌. കുട്ടികളെ ദത്തെടുക്കുന്നവർ ഈ ബന്ധത്തിന്റെ ദൈവികശക്തിയെക്കുറിച്ച്‌ മനസ്സിലാക്കണം. കുട്ടികൾക്കും ഈ വിഷയംപറഞ്ഞു കൊടുക്കണം. ഹൃദയത്തിൽ നിന്നും വന്നവർ അച്ഛനമ്മമാരുടെ ഹൃദയത്തിലേക്കുതന്നെ മടങ്ങിച്ചെല്ലണം. ദത്തെടുക്കുക എന്നത്‌ ഒരു സാങ്കേതിക നാമമല്ല. അത്‌ ഹൃദയദ്രുവീകരണശക്തിയുള്ള ഒരു അനുഭവമാണ്‌.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...