15 Jan 2015

ജ്ഞാനമാർഗ്ഗത്തിൽ


എം.തോമസ്‌ മാത്യു
കേരളത്തിലെ സർവ്വകലാശാല വൈസ്‌ ചാൻസലർന്മാർ ചാൻസലർ കൂടിയായ ഗവർണറോട്‌ തങ്ങൾക്ക്‌ അംഗരക്ഷകരെ നിയമിച്ചു നൽകണമെന്ന്‌ ആവശ്യപ്പെട്ടിരിക്കുന്നു പോൽ! കാക്കിക്കുപ്പായമണിഞ്ഞ്‌, ബയണറ്റു പിടിപ്പിച്ച തോക്കുമേന്തി ഓരോരോ രൂപങ്ങൾ വൈസ്‌ ചാൻസലർമാരുടെ പിന്നാലെ നടക്കുന്ന  ചിത്രം ആലോചിച്ചു നോക്കൂ. കേരളത്തിലെ വൈജ്ഞാനികാന്വേഷണരംഗത്തിന്റെ ആന്തരഗൗരവം വിളിച്ചോതുന്ന നല്ല പ്രതീകമായിരിക്കും ആ ആയുധധാരികൾ. എന്തുകൊണ്ട്‌ വൈശ്ചാൻസലർമാരെല്ലാം ഐ.പി.എസ്‌ കേഡറിലുള്ളവരായിരിക്കണമെന്ന്‌ ആലോചിച്ചു കൂടാ. വിദ്യാഭ്യാസ ധുരണ്ഠരന്മാരുടെയെല്ലാം പിന്നാലെ നിഴൽപോലെ ഒരു തോക്കുധാരി സഞ്ചരിക്കുന്നതിനേക്കാൾ നല്ലത്‌ അതായിരിക്കുകയില്ലേ? എല്ലാ സർവ്വകലാശാലാ ക്യാമ്പസിലും ക്രമസമാധാനപാലനത്തിന്‌ ഒരു കുപ്പിണിപ്പട്ടാളത്തെ നിർത്തുന്നതിനെക്കുറിച്ചും ആലോചിക്കാവുന്നതാണ്‌. അവർക്ക്‌ ഇടയ്ക്കിടെ ക്യാമ്പസ്‌ നിരത്തുകളിലൂടെ കവാത്തു നടത്തി സത്യാന്വേഷണവും തത്ത്വനിർദ്ധാരണവും അഭംഗുരം നിർവ്വഹിക്കപ്പെടുന്നുണ്ട്‌ എന്ന്‌ ഉറപ്പുവരുത്താവുന്നതാണ്‌. എല്ലാവർക്കും വിദ്യാഭ്യാസം എന്നതിനു പകരം എല്ലാവർക്കും സുരക്ഷിത വിദ്യാഭ്യാസം എന്നൊരു പുതിയ മുദ്രാവാക്യം മന്ദ്രസ്ഥായിയിൽ വിളിച്ച്‌ രോമാഞ്ചം കൊള്ളുകയും ആകാം!
    ഈ പരിഷ്കാരങ്ങളെ എന്തിന്‌ സർവ്വകലാശാലകളിൽ മാത്രമായി ഒതുക്കി നിർത്തുന്നു? എന്തുകൊണ്ട്‌ കോളേജുകളിലേക്കും ഹയർ സെക്കന്ററി സ്കൂളുകളിലേക്കും ഇത്‌ വ്യാപിപ്പിച്ചു കൂടാ. പ്രിൻസിപ്പൽമാരുടെ ജീവനും ആരോഗ്യവും വൈശ്ചാൻസലർമാരുടേതിനേക്കാൾ വിലകുറഞ്ഞതാണോ? എല്ലാവർക്കും ഒരേ പദവി പാടില്ലെന്നാണെങ്കിൽ വൈസ്‌ ചാൻസലർമാർക്ക്‌ എ.കെ.47 ഏന്തിയ വീരഭടൻ, പ്രിൻസിപ്പൽമാർക്ക്‌ വെറും തോക്കുകാരൻ, ഹയർസെക്കന്ററി തലത്തിൽ ലാത്തി ചുഴറ്റുന്ന ഒരു സദാവേഷം എന്ന്‌ നിശ്ചയിക്കാം. എന്തായാലും വിദ്യാഭ്യാസം സുരക്ഷിതമായിരിക്കണം. എല്ലാ വിദ്യാഭ്യാസ സ്ഥാപനത്തിന്റെയും സമീപത്ത്‌ ഏത്‌ നിമിഷവും പാഞ്ഞെത്തി സമാധാനപാലനം നിർവഹിക്കാൻ പാകത്തിൽ സദാസന്നദ്ധമായ സേനയെ ഒരുക്കി നിർത്തുന്നതും അഭികാമ്യമായിരിക്കും!!
    ജ്ഞാനാന്വേഷണ നിരതമായ ജാഗ്രദ്‌ മനസ്സുകളുടെ വിഹാരരംഗമായിരുന്നു, ആകണം, സർവ്വകലാശാലകൾ എന്നാണ്‌ സങ്കൽപം. രാജ്യത്തെ മുഴുവൻ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കും ദിശാബോധം നൽകുകയും അവയുടെ നിലവാരത്തിന്‌ ഉറപ്പുവരുത്തുകയും ചെയ്യേണ്ടത്‌ സർവ്വകലാശാലയുടെ ധർമ്മവും ഉത്തരവാദിത്വവുമാണ്‌. ഇങ്ങനെയൊക്കെയാണ്‌ നമ്മൾ സങ്കൽപിച്ചിരുന്നത്‌; ഇങ്ങനെയൊക്കെയാണ്‌ പണ്ട്‌, രാജ്യത്തിന്റെയും ലോകത്തിന്റെയും ഭാവിഭാഗധേയത്തെക്കുറിച്ച്‌ സ്വപ്നങ്ങൾ കണ്ടിരുന്നവർ സങ്കൽപിച്ചിരുന്നത്‌. അതൊക്കെ പഴഞ്ചൻ സങ്കൽപങ്ങൾ, എന്നേ കാലഹരണപ്പെട്ടവ, എന്നല്ലേ പുതിയ കാലം തെളിയിക്കുന്നത്‌. പണ്ടൊക്കെ കുട്ടികൾ ഒരു ശൈലിയായി പറഞ്ഞിരുന്നു- 'അതങ്ങ്‌ പള്ളിയിൽ പറഞ്ഞാൽ മതി' നടപ്പില്ലാത്ത കാര്യങ്ങൾ പറയാനുള്ള ഇടമാണ്‌ പള്ളി എന്ന അർത്ഥം. ഇന്ന്‌ പള്ളിയിൽ പറയേണ്ട, പറയാവുന്ന കാര്യങ്ങളുടെ എണ്ണം കൂടി; ഏത്‌ ആദർശവും, ഏതു സ്വപ്നവും അനാഥമായി. താത്കാലികമായ ലാഭവും പ്രയോജനവുമല്ലാതെ മറ്റൊന്നിനെക്കുറിച്ചും ആലോചിക്കുകയേ വേണ്ടാ എന്ന്‌ വന്നിരിക്കുന്നു; പ്രയോജനവാദികളുടെ സുവർണ്ണയുഗം പിറന്നിരിക്കുന്നു. സ്വർണ്ണത്തിനു സുഗന്ധം എന്ന്‌ പണ്ട്‌ കവികൾ സങ്കൽപിച്ചിരുന്നു; ഈ സ്വർണ്ണത്തിനു ദുർഗന്ധമാണല്ലോ പടച്ചവനേ എന്ന്‌ ഖേദം തോന്നുന്നു. ഒരു പഴമനസ്സിന്റെ വെറും തോന്നലാവാം. അഥവാ, ഈ ലോകത്തിൽ മണക്കാനുള്ള കഴിവു നിലനിൽക്കുന്നതിൽപരം ഒരു ദുര്യോഗമുണ്ടോ?
    സർവ്വകലാശാലയിലെ വിവിധ സ്ഥാനങ്ങളെ അതതുകാലത്തെ ഭരണക്കാർ വീതിച്ചെടുക്കുന്ന രീതി വന്നതാണ്‌ ഇതിനുള്ള കാരണങ്ങളിൽ പ്രധാനം. ഇതു പറഞ്ഞാലുടനെ വരും അരാഷ്ട്രീയവാദി എന്ന പരിഹാസം! രാഷ്ട്രീയക്കാരെയും ആൾക്കൂട്ട നായകന്മാരെയും തിരിച്ചറിയാൻ കഴിയാത്ത സുഖകരമായ അവസ്ഥയിൽ നിന്നാണ്‌ ഈ പരിഹാസത്തിന്റെ വരവേന്ന്‌ അവരൊന്നും അറിയുന്നേയില്ല. ഒരു സിവിൾ സമൂഹത്തിന്റെ ഘടനയെക്കുറിച്ചും ആ ഘടന ഏതേതു ലക്ഷ്യങ്ങൾ പ്രാപിക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌, ആ ലക്ഷ്യത്തിലെത്താൻ എന്തു കർമ്മപരിപാടിയാണ്‌ നടപ്പിലാക്കേണ്ടത്‌ എന്ന്‌ സങ്കൽപിക്കുകയും വലിയ ലക്ഷ്യസ്ഥാനങ്ങളെ കിനാവുകണ്ട്‌ ആ കിനാവുകളാൽ ജനതയെ മുഴുവൻ പ്രചോദിപ്പിക്കുകയും ചെയ്യുന്നവനാണ്‌ രാഷ്ട്രീയക്കാരൻ. അധികാരം പിടിച്ചടക്കാനും പിടിച്ചടക്കിയ അധികാരത്തിൽ പിടിച്ചു തൂങ്ങാനും ഓരോരോ കളികൾ കളിക്കുകയും ആ കളികളെല്ലാം ജനങ്ങൾക്കുവേണ്ടിയാണെന്ന്‌ അവരെ തെറ്റിദ്ധരിപ്പിച്ച്‌ കൂടെ നിർത്തുകയും ചെയ്യുന്നവർ ആൾക്കൂട്ട നായകന്മാർ മാത്രം. അവരുടെ കളിക്കളങ്ങളായി മാറി വിദ്യാലയങ്ങളും സർവ്വകലാശാലകളും. അവരുടെ തുച്ഛ താത്പര്യങ്ങൾ സംരക്ഷിക്കുക മാത്രമാണ്‌ സർവ്വകലാശാലകളുടെ ധർമ്മം.
    ഈ സാഹചര്യത്തിൽ സർവ്വകലാശാലകളിൽ കയ്യാങ്കളിക്ക്‌ അവസരമുണ്ടാകുന്നതിൽ അത്ഭുതമുണ്ടോ? എന്തെങ്കിലും അക്കാദമിക്‌ മേന്മ നോക്കിയല്ല വൈസ്‌ ചാൻസലർമാരെ നിയമിക്കുക. ഇയാൾ നമ്മുടെ ആളാണോ നമ്മൾ പറയുന്നത്‌ കേൾക്കുന്ന ആളാണോ എന്നേ നോക്കുന്നുള്ളൂ. ഇത്തരം ആളുകൾ സർവ്വകലാശാലാ സമിതികളിൽ നിറയുന്നു. അവരുടെ അജ്ഞാനുവർത്തികളാകാൻ തന്നെ പഠന വകുപ്പുകളിൽ വരണമെന്ന്‌ അവർ ശാഠ്യം പിടിക്കുന്നു. അങ്ങനെ അരങ്ങിൽ നിന്ന്‌ വിടചൊല്ലി ഇറങ്ങുന്നത്‌ അക്കാദമിക്‌ താത്പര്യങ്ങൾ മാത്രമാകുന്നു. ബാക്കിയെല്ലാം അവശേഷിക്കും. കക്ഷിപ്പോരുകൾ, ജാതി താത്പര്യങ്ങൾ, ഇതിനിടയിൽ മിടുക്കന്മാരുടെ ചില്ലറ സ്വാർത്ഥതകൾ. എല്ലാം അവരവർക്ക്‌ അർഹതപ്പെട്ട വിഹിതം പറ്റാൻ ഒരുങ്ങി നിൽക്കും. അർഹതപ്പെട്ടതെന്ന്‌ തങ്ങൾ കരുതുന്നത്‌ കിട്ടുന്നില്ലെങ്കിൽ എന്തുചെയ്യാനും അവർ മടിക്കുകയുമില്ല. അൽപം സുരക്ഷിതത്വം ഉണ്ടായാൽ കൊള്ളാമെന്ന്‌ ഒരു വൈസ്‌ ചാൻസലർ ആഗ്രഹിക്കുന്നതിൽ അപാകത കാണാമോ?
    ഞങ്ങൾ ഭരിക്കുമ്പോൾ ഞങ്ങളുടെ ആളിനെയല്ലേ വൈസ്‌ ചാൻസലറായി നിയമിക്കേണ്ടത്‌ എന്ന്‌ പച്ചയായി ചോദിക്കാവുന്ന അവസ്ഥയിലേക്ക്‌ കേരളത്തിലെ സർവ്വകലാശാലാ രംഗം അധഃപതിച്ചിരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ്‌ കോളേജുകളുടെ സ്വയംഭരണാവകാശത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നത്‌ - കഷ്ടം!

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...