15 Jan 2015

നാളികേര മേഖലയും കാർബൺ ക്രെഡിറ്റും ഭാവിയിൽ


മനു പ്രേം

പ്രോജക്ട്‌ മാനേജർ, നാളികേര വികസന ബോർഡ്‌, കൊച്ചി -11

ഇവിടെ നാം നമ്മോട്‌ ചോദിക്കേണ്ട ചോദ്യം ഇതാണ്‌. കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കാനും ഈ ഭൂമിയെ രക്ഷിക്കാനുമുള്ള യത്നത്തിൽ എങ്ങനെ നമുക്ക്‌, ഇന്ത്യയിലെ നാളികേര കർഷക സമൂഹത്തിന്‌ പങ്കാളികളാകാൻ സാധിക്കും. യഥാർത്ഥത്തിൽ നമ്മുടെ ഭാഗത്തു നിന്നുള്ള ചെറിയ ചില പ്രവർത്തനങ്ങളിലൂടെ ഈ ദൗത്യവുമായി വലിയ രീതിയിൽ നമുക്ക്‌ സഹകരിക്കാൻ സാധിക്കും.
എന്താണ്‌ കാലാവസ്ഥാ വ്യതിയാനം
ഇന്ന്‌ എവിടെയും വലിയ ചർച്ചാവിഷയമാണ്‌ കാലാവസ്ഥാവ്യതിയാനം. തർക്കമില്ല, അത്‌ അങ്ങനെ ആയിരിക്കണം. 1997 -ഡിസംബർ 11 ന്‌ കാലാവസ്ഥാ വ്യതിയാനത്തെകുറിച്ച്‌ ക്യോട്ടോയിൽ ചേർന്ന യൂണൈറ്റഡ്‌ നേഷൻസ്‌ ഫ്രെയിംവർക്ക്‌ കൺവൻഷനിൽ രൂപീകരിച്ച മാർഗ്ഗനിർദ്ദേശങ്ങൾ അംഗീകരിച്ചതു മുതലാണ്‌ ഈ വിഷയത്തെ കുറിച്ച്‌ ലോക രാഷ്ട്രങ്ങൾ ഗൗരവമായി ചിന്തിച്ചു തുടങ്ങിയത്‌. എന്നിട്ടും പരിസ്ഥിതിവാദികളും കാലാവസ്ഥാ വ്യതിയാന പ്രവർത്തകരും ചേർന്ന്‌ നടത്തിവന്ന ശക്തമായ സമ്മർദ്ദങ്ങളെ തുടർന്ന്‌ 2005 ഫെബ്രുവരി 6 ന്‌ മാത്രമാണ്‌ ഈ മാർഗ്ഗ നിർദ്ദേശങ്ങൾ പ്രാബല്യത്തിലാക്കാൻ നയരൂപീകരണ വിദഗ്ധർ തീരുമാനിച്ചതു.
ഏകദേശം 150 വർഷങ്ങൾക്കും മുമ്പ്‌ നമ്മുടെ ഗ്രഹത്തിൽ ആരംഭിച്ച ഊർജ്ജിത വ്യാവസായിക പ്രവർത്തനങ്ങളെ തുടർന്നാണ്‌ പ്രധാനമായും വനനശീകരണം മൂലമാണ്‌, അന്തരീക്ഷത്തിൽ ഹരിതഗൃഹ വാതകത്തിന്റെ അളവ്‌ ഇന്നത്തെ നിലയിൽ ഉയർന്നു തുടങ്ങിയത്‌. അങ്ങനെയാണ്‌ ക്യോട്ടോയിൽ ചേർന്ന ഉച്ചകോടി അംഗരാജ്യങ്ങളെ കൊണ്ട്‌ ഹരിതഗൃഹ വാതക ബഹിർഗമനം നിയന്ത്രിക്കുന്നതിന്‌ ഉടമ്പടിയിൽ ഉപ്പു വയ്പ്പിച്ചതു. ഇത്‌ പക്ഷെ വികസ്വര രാജ്യങ്ങളുടെ മേലാണ്‌ കൂടുതൽ ഭാരം ഏൽപ്പിച്ചതു.
എങ്ങനെ കാർബൺ ഇത്ര പ്രാധാന്യം
കാർബൺ ഡയോക്സൈഡ്‌, മീഥെയിൻ, നൈട്രസ്‌ ഓക്സൈഡ്‌, ഓസോൺ, നീരാവി എന്നിവ ചേർന്നാണ്‌ പ്രാഥമിക ഹരിതഗൃഹ വാതകം രൂപപ്പെടുന്നത്‌. ഈ വാതകം ഭൂഗോളത്തിനു തന്നെ ഭീഷണിയാണ്‌. കാലാവസ്ഥയുടെ വ്യതിയാനങ്ങൾക്കു കാരണമാകുകയും അതു ജൈവ വൈവിധ്യത്തെയും ജീവജാലങ്ങളുടെ നിലനിൽപിനെ തന്നെയും പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. എന്നാൽ ഈ ആഗോള കാർബൺ അപകടത്തെ നിയന്ത്രിക്കാനുള്ള പരിഹാരമാർഗ്ഗം നാം കണ്ടെത്തിയിട്ടുണ്ട്‌. ഇതിന്‌ കാർബൺ ക്രെഡിറ്റ്‌ എന്ന സംജ്ഞയാണ്‌ ഉപയോഗിക്കുക. ഏതെങ്കിലും തരത്തിൽ അന്തരീക്ഷത്തിലെ ഒരു ടൺ കാർബൺ ഡയോക്സൈഡ്‌ നീക്കം ചെയ്യാൻ കഴിയുന്ന ഏതെങ്കിലും ബഹിർഗമന ലഘൂകരണ പദ്ധതിയുടെ സാക്ഷ്യപത്രം അഥവാ അനുമതി പത്രം ആണ്‌ കാർബൺ ക്രഡിറ്റ്‌. കമ്പനികളോ രാഷ്ട്രങ്ങളോ, സ്വകാര്യ വ്യക്തികളോ ഇത്തരത്തിൽ കാർബൺ ബഹിർഗമനം ലഘൂകരിക്കാനുള്ള നടപടികൾ സ്വീകരിക്കുമ്പോൾ അവർക്ക്‌ ആനുകൂല്യങ്ങളും പ്രോത്സാഹനവും നൽകുന്നുണ്ട്‌. അവർക്ക്‌ അനുവദനീയമായ കാർബൺ ബഹിർഗമന അളവിൽ നിന്ന്‌ അവർ കുറയ്ക്കുന്ന വാതകത്തിന്റെ അളവ്‌ ഒഴിവാക്കുകയും ചെയ്യും. ഇത്തരത്തിൽ കാർബൺ അളവ്‌ കുറയ്ക്കാൻ സാധിക്കാത്ത രാജ്യങ്ങളും കമ്പനികളും മറ്റു രാജ്യങ്ങളിൽ നിന്നോ കമ്പനികളിൽ നിന്നോ കാർബൺ ക്രഡിറ്റ്‌ വില നൽകി വാങ്ങണം. പല രാജ്യങ്ങളുടെയും കമ്പനികളുടെയും പക്കൽ ഇത്തരത്തിൽ കാർബൺ ക്രെഡിറ്റ്‌ അധികമായി ഉണ്ട്‌. കാരണം വിവിധ നടപടികളിലൂടെ വിവിധ രാജ്യങ്ങളും കമ്പനികളും,സ്വകാര്യ വ്യക്തികളും അവർക്ക്‌ നിശ്ചയിക്കപ്പെട്ടതിലും കൂടുതൽ അളവ്‌ കാർബൺ ബഹിർഗമനം ലഘൂകരിച്ച്‌ കൂടുതൽ ക്രെഡിറ്റ്‌ ശേഖരിച്ച്‌ വയ്ക്കാറുണ്ട്‌. അവർ അത്‌ ആവശ്യക്കാർക്ക്‌ വിൽക്കാറുണ്ട്‌. കാർബൺ ഇത്തരത്തിലാണ്‌ വിപണിയിൽ ക്രയവിക്രയ വസ്തുഎന്ന നിലയിൽ എത്തിയത്‌. അധികമുള്ളവർക്ക്‌ അത്‌ വിൽക്കാം, കൈമാറ്റം ചെയ്യാം, ആവശ്യമുള്ളവർക്ക്‌ വാങ്ങാം. അതിന്‌ അന്താരാഷ്ട്രതലത്തിൽ വിലയും വിപണിയും ഉണ്ട്‌.
ഇന്ത്യയിലും മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച്‌ വഴി കാർബൺ ക്രെഡിറ്റ്‌ വിൽപന തുടങ്ങിയിട്ടുണ്ട്‌. ഏഷ്യയിൽ ആദ്യമായാണ്‌ കാർബൺ ക്രെഡിറ്റുകൾ ഇപ്രകാരം വിപണിയിൽ എത്തുന്നത്‌.
2008 ൽ ആഗോള വിപണിയിൽ അഞ്ച്‌ ബില്യൺ ഡോളറിന്റെ കാർബൺ വ്യവസായമാണ്‌ നടന്നത്‌. ഇതിൽ അഞ്ചിൽ ഒന്ന്‌ ഇന്ത്യയുടെ വിഹിതമായിരുന്നു. അധിക കാർബൺ ക്രെഡിറ്റ്‌ കൈവശമുള്ള രണ്ടു രാജ്യങ്ങളാണ്‌ ഇന്ത്യയും ചൈനയും. യൂറോപ്യൻ രാജ്യങ്ങളാണ്‌ ഇവ വാങ്ങാനെത്തുന്നത്‌. ഈ വർഷം ആഗോള കാർബൺ ക്രെഡിറ്റ്‌ വിപണി 63 ബില്യൺ ഡോളർ കടക്കുമെന്നാണ്‌ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്‌. ഭാവിയിൽ വളരെ പ്രതീക്ഷയുള്ള ഒരു വിപണിയാണ്‌ കാർബൺ ക്രെഡിറ്റിന്റേത്‌. അതുപോലെ തന്നെ നാം ജീവിക്കുന്ന ഈ ഗ്രഹത്തിന്റെ ഭാവിയ്ക്കും ഇത്‌ വളരെ പ്രതീക്ഷയുണർത്തുന്നു.
നാളികേര ഉത്പാദന കമ്പനികളും
കാർബൺ ക്രെഡിറ്റും
വിദേശരാജ്യങ്ങളിലുള്ള മിക്ക തോട്ടവിളകളും കാർബൺ ക്രെഡിറ്റിനനുസരിച്ച്‌ മികച്ച വരുമാനം നേടുന്നവയാണ്‌. ഷിക്കാഗോ ആസ്ഥാനമായുള്ള എക്കോപ്ലാനെറ്റ്‌ ബാംബു ഇത്തരത്തിലൊരു കമ്പനിയാണ്‌. ലോക ദരിദ്ര രാജ്യങ്ങളിൽ ഉപയോഗ ശൂന്യമായി കിടക്കുന്ന ലക്ഷക്കണക്കിന്‌ ഹെക്ടർ സ്ഥലങ്ങൾ തുഛവിലയ്ക്ക്‌ പാട്ടത്തിനെടുത്ത്‌ അവർ മുളകൾ നട്ടു വളർത്തുകയാണ്‌. ഇത്തരം വലിയ പ്ലാന്റഷനുകളിലൂടെ കാർബൺ ബഹിർഗമനം തടഞ്ഞ്‌ അവർ കാർബൺ ക്രെഡിറ്റ്‌ സമ്പാദിക്കുന്നു.
ഇത്തരത്തിൽ നാളികേര തോട്ടങ്ങൾ
പരിപാലിച്ചുകൊണ്ട്‌ കാർബൺ ബഹിർഗമനം തടയുന്ന ഒരു രാജ്യമാണ്‌ ഫിലിപ്പീൻസ്‌. എങ്ങിനെ നാളികേര തോട്ടങ്ങൾ പരിപാലിച്ചുകൊണ്ട്‌ കാർബൺ ക്രെഡിറ്റ്‌ നേടാം എന്ന്‌ ഫിലിപ്പീൻസ്‌ കോക്കനട്‌
അതോറിറ്റിയിലെ ഡോ.സെവറിനോ മഗാട്ട്‌ ബ്യൂറോ ഓഫ്‌ അഗ്രിക്കൾച്ചർ റിസേർച്ചിൽ വിവിധ സന്ദർഭങ്ങളിൽ നടത്തിയ പ്രോഡക്ടീവ്‌ ആൻഡ്‌ സസ്റ്റെയിനബിൾ കോക്കനട്‌ ഫാമിംങ്ങ്‌ ഇക്കോസിസ്റ്റംസ്‌ ആസ്‌ പൊട്ടെൻഷ്യൽ കാർബൺ സിങ്ക്സ്‌ ഇൻ ക്ലൈമറ്റ്‌ ചെയിഞ്ച്‌ മിനിമൈസേഷൻ എന്ന പ്രഭാഷണ പരമ്പരയിൽ ചൂണ്ടിക്കാണിട്ടുണ്ട്‌. ഒരു ഹെക്ടർ നാളികേര തോട്ടത്തിന്‌ പ്രതിവർഷം 24.1 ടൺ കാർബൺ വാതകം ശേഖരിച്ചു നിർത്താൻ സാധിക്കും. മറ്റ്‌ കാർഷിക വിളകളെ അപേക്ഷിച്ച്‌ നാളികേരം സ്ഥിര വിളയാണ്‌. മാത്രമല്ല, വളരെ സ്ഥായിയായ കാർബൺ ശേഖരണ ശേഷിയും അതിനുണ്ട്‌. അത്‌ അന്തരീക്ഷത്തിൽ നിന്ന കാർബൺ ശേഖരിച്ച്‌ തോട്ടങ്ങളിൽ സൂക്ഷിക്കുന്നു. ഇങ്ങനെ നോക്കുമ്പോൾ നമ്മുടെ നാളികേര ഉത്പാദക കമ്പനികളുടെ കൈവശമുള്ള തെങ്ങിൻ തോപ്പുകൾ ഇത്തരത്തിലും വലിയ ഒരു വരുമാന സ്രോതസാകുന്നു. മൾട്ടി കമ്മോഡിറ്റി എക്സചേഞ്ച്‌ വഴി നമുക്ക്‌ രാജ്യത്തിനകത്തും പുറത്തും ഇത്‌ വ്യാപാരം നടത്താം.
ദക്ഷിണ പസഫിക്ക്‌ സമുദ്രത്തിൽ സ്ഥിതിചെയ്യുന്ന ഒരു ദ്വീപ്‌ രാഷ്ട്രമാണ്‌ വനാട്ടു. അവർക്ക്‌ നാളികേരം ഊർജ്ജ വനമേഖലകളെ തമ്മിൽ കൂട്ടിയോജിപ്പിക്കുന്ന
ഒരു കണ്ണിയാണ്‌. ഡീസൽ ഉപയോഗിച്ചാണ്‌ രാജ്യത്ത്‌ വൈദ്യുതി ഉത്പാദിപ്പിക്കുന്നതും വാഹനങ്ങൾ ഓട്ടിക്കുന്നതും.
ഇപ്പോൾ വെളിച്ചെണ്ണയിൽ നിന്ന്‌ അവർ ജൈവഡീസൽ ഉത്പാദിപ്പിക്കുന്നു. ബയോഡീസൽ ഉത്പാദനം ക്യോട്ടോ നിർദ്ദേശങ്ങൾ അനുസരിച്ച്‌ ഭൂവികസന പ്രവർത്തനവും ഒപ്പം കാർബൺ ക്രെഡിറ്റ്‌ സമ്പാദനവുമാണ്‌. അങ്ങനെ വനാഡു വെളിച്ചെണ്ണയിൽ നിന്ന്‌ ഒരേസമയം കാർബൺ ക്രെഡിറ്റും ജൈവ ഡീസലും സമ്പാദിക്കുന്നു. ലോകത്തിൽ വിവിധ രാജ്യങ്ങൾ നാളികേരത്തിൽ നിന്ന്‌ ഇത്തരത്തിലുള്ള നേട്ടങ്ങൾ കൊയ്യുന്നുണ്ട്‌. ഇവരിൽ നിന്ന്‌ നമുക്കും ധാരാളം പാഠങ്ങൾ പഠിക്കാനുണ്ട്‌. ഇന്ന്‌ ഗവണ്‍മന്റും ജനങ്ങളും കാലാവസ്ഥാ വ്യതിയാനത്തെ വളർന്നു വരുന്ന ഒരു ഭീഷണിയായി ഉൾക്കൊള്ളാൻ ശ്രമിക്കുന്നു.
ഇതു നേരിടാനുള്ള ഏക മാർഗ്ഗം വൃക്ഷങ്ങൾ വച്ചു പിടിപ്പിക്കലാണ്‌.
ഉപസംഹാരം
യഥാർത്ഥത്തിൽ നാം നട്ടു പരിപാലിക്കുന്ന നാളികേര തോട്ടങ്ങൾ വെറും നാളികേര തോപ്പുകൾ മാത്രമല്ല. നാം അതിൽ ഇടവിളകളായ കൊക്കോ, ജാതി, വാഴ,
കുരുമുളക്‌, കാപ്പി, പൈനാപ്പിൾ, തുടങ്ങി നിരവധി കൃഷികൾ നടത്തുന്നുണ്ട്‌. ഇത്തരത്തിൽ മികച്ച രീതിയിൽ പരിപാലിക്കപ്പെടുന്ന നാളികേര തോപ്പുകൾ കാർബൺ ക്രെഡിറ്റിന്‌ വളരെ സാധ്യതയുള്ള സ്രോതസുകളാണ്‌. ഈ സാധ്യത നമ്മുടെ
കമ്പനികൾ തിരിച്ചറിയണം. ഇവിടെ നിന്ന്‌ കമ്പനികൾക്ക്‌ ആവശ്യമായ പണം
കണ്ടെത്താനും സാധിക്കും വിലിയ മുടക്കുമുതൽ കൂടാതെ. മികച്ച ഇനം നടീൽ വസ്തുക്കൾ ശേഖരിച്ച്‌ കൃഷിയിടങ്ങളിൽ നട്ട്‌ പരിപാലിച്ച്‌ നല്ല തെങ്ങിൻ തോപ്പുകളാക്കി അവയെ മാറ്റുന്നതിലൂടെ, അതിനിടയിൽ പച്ചക്കറികളും വിവിധ ഇടവിള
കളും കൃഷി ചെയ്യുന്നതിലൂടെ കമ്പനികളുടെ കൈവശം ഇത്‌ ഇരുതലമൂർഛയുള്ള വാൾ പോലെയായിരിക്കും. രണ്ടു തരത്തിൽ വരുമാനം നേടാൻ ഇത്‌ ഉപകരിക്കും.
ഇന്ത്യയിലെ കാപ്പിത്തോട്ടങ്ങൾക്ക്‌ കാർബൺ ക്രെഡിറ്റ്‌ നിക്ഷേപം സ്വരൂപിക്കാനുള്ള അനുമതി ആവശ്യപ്പെട്ട്‌ കോഫി ബോർഡു വഴി ഇന്ത്യയിലെ കാപ്പി കർഷകർ ഇന്റർനാഷണൽ കോഫി ഓർഗനൈസേഷന്‌ ഒരു പദ്ധതി സമർപ്പിച്ചിരിക്കുകയാണ്‌. രാജ്യത്തുടനീളമുള്ള നാളികേര കർഷകർക്കും ഉത്പാദക കമ്പനികൾക്കും നാളികേര വികസന ബോർഡും ഏഷ്യൻ പസഫിക്‌ നാളികേര സമൂഹം വഴിയായും ഇത്തരത്തിൽ ഒരു നിർദ്ദേശം വച്ച്‌ കാർബൺ ക്രെഡിറ്റ്‌ നിക്ഷേപത്തിനു ശ്രമിക്കാവുന്നതാണ്‌.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...