15 Jan 2015

ആഗോളീകരണ കാലത്തെ നാളികേര മേഖല


എം. എ സെബാസ്റ്റ്യൻ
സൂപ്രണ്ട്‌, നാളികേര വികസന ബോർഡ്‌, കൊച്ചി - 11

നാളികേരത്തിന്റെയും നാളികേര ഉത്പ്പന്നങ്ങളുടെയും ഗുണനിലവാരം നിശ്ചയിക്കലാണ്‌ നാളികേര വികസന ബോർഡിന്റെ സുപ്രധാനമായ ഉത്തരവാദിത്വം. ഇത്‌ ആഗോളവത്ക്കരണത്തിന്റെയും വ്യാപാര കരാറുകളുടെയും കാലമാണ്‌. നാളികേര കർഷകർ ലോക വിപണി പിടിച്ചെടുക്കേണ്ട സമയം. കണക്കറ്റ ഗ്യാലൻ എണ്ണ സ്വന്തം രാജ്യത്ത്‌ ഭൂമിക്കടിയിൽ നിക്ഷേപമായി കിടക്കെ അറബികൾ ഈ ലോകം മുഴുവൻ അലഞ്ഞ ഒരു കാലമുണ്ടായിരുന്നു. അന്ന്‌ എണ്ണയുടെ, കറുത്ത സ്വർണ്ണത്തിന്റെ - മൂല്യം അവർക്ക്‌ അറിയില്ലായിരുന്നു. പിന്നീട്‌ ഗൾഫ്‌ രാജ്യങ്ങൾ ലോകത്തിലെ ഏറ്റവും സമ്പന്നരായി എന്നത്‌ ചരിത്രം.
ഇന്നിതാ ലോകജനത മുഴുവൻ നാളികേരത്തിന്റെയും നാളികേര ഉത്പ്പന്നങ്ങളുടെയും സാധ്യതകൾ തിരിച്ചറിഞ്ഞിരിക്കുന്നു. ആരോഗ്യത്തിന്റെ പ്രതീകമായി നാളികേരം മാറിയിരിക്കുന്നു. അതുകൊണ്ട്‌ ആഗോളീകരണ കാലത്ത്‌ നാളികേര വികസന ബോർഡും നാളികേര ഉത്പാദക കമ്പനികളും ഉത്പ്പന്നങ്ങളുടെ ഗുണമേന്മയിലും നിലവാരത്തിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിയിരിക്കുന്നു.
അടുത്ത കാലത്തായി ഇന്ത്യയിൽ നാളികേര കൃഷി മേഖലകൾ കേന്ദ്രീകരിച്ച്‌
രൂപീകൃതമായ നാളികേര ഉത്പാദക കമ്പനികൾ നാളികേരത്തിൽ നിന്ന്‌ വൈവിധ്യമാർന്ന മൂല്യവർധിത ഉത്പ്പന്നങ്ങൾ നിർമ്മിച്ചു തുടങ്ങിയിട്ടുണ്ട്‌. ആഗോളവത്ക്കരണത്തിന്റെ ഫലമായി ലോക കമ്പോളം
ചുരുങ്ങി ചെറുതായിരിക്കുന്നു. തന്മൂലം
എല്ലാ മേഖലകളിലും എല്ലാ ഉത്പ്പന്നങ്ങളും മത്സരം നേരിടുകയാണ്‌. മെച്ചപ്പെട്ട
നിലവാരമുള്ള ഉത്പ്പന്നങ്ങൾ കുറഞ്ഞ വിലയ്ക്ക്‌ ലഭ്യമാക്കുക എന്നതാണ്‌ ആഗോളവത്ക്കരണത്തിന്റെ ലക്ഷ്യം. ഇത്‌ കടുത്ത മത്സരത്തിന്‌ വഴിയൊരുക്കുന്നു.
ഫലമോ ഉപഭോക്താക്കൾക്ക്‌ തെരഞ്ഞെടുക്കാൻ വിപണിയിൽ വേണ്ടത്ര ഉത്പ്പന്നങ്ങൾ ഉണ്ടാകുന്നു. അപ്പോൾ ഉത്പ്പന്നങ്ങളും സേവനങ്ങളും മുൻപ്‌ ലഭിച്ചിരുന്നതിനെക്കാൾ ചുരുങ്ങിയ സമയത്തിനുള്ളിൽ, എന്നാൽ ഏറ്റവും കാര്യക്ഷമമായി ലഭിക്കാൻ അവർ ആഗ്രഹിക്കും. മികച്ച നിലവാരവും കുറഞ്ഞ വിലയുമാണ്‌ അവരും പ്രതീക്ഷിക്കുന്നത്‌.
നാളികേര ഉത്പാദക കമ്പനികളുടെ
ലക്ഷ്യവും ലോക വിപണി തന്നെ ആയിരിക്കണം. അതിന്‌ കർശനമായ അന്താരാഷ്ട്ര ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കേണ്ടിയിരിക്കുന്നു. യൂറോപ്യൻ യൂണിയന്റെ രൂപീകരണം ഒന്നിച്ചു നിൽക്കാനും സ്വന്തം വിപണി വിശാലമാക്കാനും പല രാജ്യങ്ങളെയും പ്രേരിപ്പിച്ചു തുടങ്ങിയിട്ടുണ്ട്‌. അതുകൊണ്ട്‌ ആഗോളതലത്തിൽ ചിന്തിക്കാനും ആനുകൂല്യങ്ങൾ നേടാനും നാളികേര സമൂഹം അടിയന്തരമായി മുന്നോട്ടു വരണം. എല്ലാത്തരം നാളികേര
ഉത്പ്പന്നങ്ങൾക്കും ആഗോള വിപണിയിലെ അംഗീകൃത ഗുണനിലവാരം, ഇനം, യോഗ്യതകൾ എന്നിവ നാളികേര വികസന ബോർഡ്‌ തന്നെ പരിശോധിച്ച്‌ ഉറപ്പു വരുത്തണം. സുരക്ഷിതമായ ഭക്ഷ്യസാധനങ്ങളുടെ വരവും വിതരണവും ലോകവിപണിയിൽ ഏക്കാളത്തേയും അപേക്ഷിച്ച്‌
ഇന്ന്‌ വളരെ വർധിച്ചിട്ടുണ്ട്‌. കർഷകരുടെ
സംഘങ്ങളും ഫെഡറേഷനുകളും കമ്പനികളും രൂപീകരിക്കാൻ നേതൃത്വം നൽകി കൊണ്ട്‌ നാളികേര വികസന ബോർഡ്‌ കർഷ സമൂഹത്തിലേയ്ക്ക്‌ ഇറങ്ങി കഴിഞ്ഞു. കൂട്ടായ്മകൾ രൂപീകരിച്ചുകൊണ്ട്‌ ഒന്നിച്ചു നിന്നുകൊണ്ട്‌ നേട്ടങ്ങൾ കൊയ്യാൻ, ഇടനിലക്കാരെ ഒഴിവാക്കാൻ, കാർഷിക ഉത്പ്പന്നങ്ങൾക്ക്‌ മാന്യമായ വില നേടാൻ ബോർഡ്‌ കർഷകരെ ശാക്തീകരിക്കുന്നു. ആഗ്മാർക്ക്‌ മുദ്ര, ഐഎസ്‌ഐ മുദ്ര
എന്നിവ പോലെ നാളികേര ഉത്പ്പന്നങ്ങൾക്ക്‌ കേരമാർക്കു എന്നോ മറ്റോ ഉള്ള, ആഗോളവിപണിയിൽ അംഗീകാരമുള്ള, ഒരു ഗുണമേന്മാ സാക്ഷ്യപത്രം നൽകുക എന്ന നവീന ആശയത്തെ കുറിച്ച്‌ നാളികേര വികസന ബോർഡ്‌ ചിന്തിക്കാൻ സമയമായിരിക്കുന്നു.
ബോർഡിന്റെ ഇതപര്യന്തമുള്ള പ്രവർത്തനങ്ങളെ കുറിച്ചും, ഉത്തരവാദിത്വങ്ങളെ കുറിച്ചും പുനരവലോകനം നടക്കേണ്ടതുണ്ട്‌. അതിനുള്ള ചുവടുവയ്പ്പുകൾ ബോർഡ്‌ തുടങ്ങി കഴിഞ്ഞു. തെങ്ങിന്റെ ചങ്ങാതിക്കൂട്ടം, നീര ടെക്നീഷ്യന്മാർ, എന്നീ
പരിശീന പരിപാടികൾ, കർഷക കൂട്ടായ്മകളുടെ രൂപീകരണം എന്നിവയിലൂടെ ബോർഡ്‌ കർഷക സമൂഹത്തിൽ സാന്നിദ്ധ്യം രേഖപ്പെടുത്തിയിരിക്കുന്നു. ഇവയെല്ലാം ഇപ്പോൾ ഇന്ത്യൻ നാളികേര മേഖലയുടെ മുഖഛായ തന്നെ മാറ്റിയിട്ടുണ്ട്‌. നാളികേര ഉത്പ്പന്നങ്ങൾക്ക്‌ നിലവാര സാക്ഷ്യപത്രം നൽകുന്നതിനുള്ള ആധികാരിക യൂണിറ്റും, അനുബന്ധ സംവിധാനങ്ങളും കൂടി ബോർഡിന്റെ ആഭിമുഖ്യത്തിൽ സ്ഥാപിക്കപ്പെട്ടാൽ അത്‌ മേഖലയുടെ വികസനപാതയിലെ മറ്റൊരു നാഴികക്കല്ലാകും. നളികേര കയറ്റുമതിക്കുള്ള എക്സ്പോർട്ട്‌ പ്രമോഷൻ കൗൺസിലായി ബോർഡാണ്‌ പ്രവർത്തിക്കുന്നത്‌. അതുകൊണ്ടു തന്നെയാണ്‌ മേൽപ്പറഞ്ഞ മേഖലകളിൽ കൂടി ബോർഡ്‌ നടപടികൾ സ്വീകരിക്കേണ്ടത്‌. ഈ സാക്ഷ്യപത്രമുള്ള കർഷക കമ്പനികളുടെ ഉത്പ്പന്നങ്ങൾക്ക്‌ അപ്പോൾ ആഗോള വിപണിയിൽ മത്സരിക്കാൻ സാധിക്കും. എതിരാളികൾ എത്ര ശക്തരായാലും.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...