15 Jan 2015

വാല്മീകി



ഡോ കെ ജി ബാലകൃഷ്ണൻ
----------------------------------------------

1.
എൻറെ ഉള്ളിനുള്ളിൽ
ഒരിഴപ്പെരുക്കം;
നിർന്നിമേഷതയുടെ
ഒരീണക്കറക്കം.

2.
ഒരില നിലം പതിക്കുന്ന
നേരച്ചുരുക്കം;
ഒരു കണ്‍പീലിത്തിളക്കം ;
ഒരിഷ്ടത്തിൻറെ
മുറുമുറുക്കം.

3.
ആകാശത്തിന്റെ മറുകരനിന്ന്
ആരുടെ പൂവമ്പെയ്ത്ത് ?
പ്രേമത്തിൻറെ ഉൽസവപ്പെയ്ത്ത്?
വീരാളിപ്പട്ടുനെയ്ത്ത്?

4.
അകലെനിന്ന്
നാടൻപാട്ട് മൂളിയെത്തുന്ന
ഇളംകാറ്റിന്
അനുരാഗപ്പൊലിമയുടെ
നറുമണം;
നിനവിന്
പച്ചപ്പട്ടാടയുടെ
നാട്ടുചന്തം;
- നിലാവിനും.
മഴ വരുന്നെന്ന്
തെക്കുപടിഞ്ഞാറൻ
കുളുർകാറ്റ്.
പാട്ട് പഠിപ്പ് കഴിഞ്ഞ്
കുരുവിക്കുഞ്ഞിന്റെ
അരങ്ങേറ്റം
പുത്തിലഞ്ഞിച്ചില്ലയു്ടെ
പച്ചത്തഴപ്പിൽ.

5.
അന്തിമയങ്ങും നേരം
കൂടണയുവാൻ
പറവകളുടെ
കൂട്ടപ്പറക്കൽ.

6.
ഇവിടെ
ഞാൻ മാത്രം
ഒരു കുഞ്ഞുവീർപ്പിന്,
ഒരിറ്റ് കുടിനീരിന്,
ഒരു വറ്റ് കനിവിന്,
ഇരന്ന്.

7.
കീശ തപ്പുന്നു ഭോഷൻ;
കാലി -
ഓട്ടക്കൈകളിൽ
നിരാശയുടെ
ഇരുൾനിഴൽ -
ഒന്നുമില്ലായ്മ.

8.
ഇനിയുടെ നേരെ
ഒരിരവ് നോട്ടം;
തള്ളവിരലും
ചൂണ്ടാണി വിരലും
ഒത്തൊരുമിച്ച്,
തിടുക്കത്തിൽ,
ന്യൂനമുദ്രയായി
അവതരിച്ച്.

9.
മരണത്തിന്റെ ക്ഷണം;
അകലെ
എവിടെയോ,
കാലൻകോഴി കൂവുന്നെന്ന
നെഞ്ഞിടിപ്പ്-
പൊടുന്നനെ
നചികേതസ്സിന്റെ
ഉയിർപ്പ്.

നീയാരെന്ന് മൃത്യു;
കവിയെന്ന്
ഉള്ളുണർവിന്റെ
ഉത്തരം;
ശരവേഗമാർന്ന്.

10.
അതെ,
വാല്മീകിയുടെ
പുതുപ്പിറവി.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...