എം.കെ.ഹരികുമാർ
നമ്മുടെ നാട്ടിൽ സിനിമ വളരെ ഉത്സാഹത്തോടെ നിർമ്മിക്കപ്പെടുന്നു. മുമ്പെങ്ങുമില്ലാത്തവിധം തീയേറ്റർ പൈന്തുണയുമുണ്ട്. പുതിയ പ്രമേയങ്ങൾ വരുന്നു; അഭിനേതാക്കളും സാങ്കേതിക വിദഗ്ദ്ധരും പ്രത്യക്ഷപ്പെടുന്നു. എന്നാൽ ഒരു വിചാരപരമായ നവതരംഗം ഉണ്ടായിട്ടില്ല. എന്തിനെയും കോമഡിയായ കണ്ടാലേ തീയേറ്ററിൽ രക്ഷപ്പെടാനോക്കൂ. മലയാളി സൈക്ക്, ഇപ്പോൾ ഒരു കോമഡി കെ പഴഞ്ചൻ തത്ത്വശാസ്ത്രമായിക്കഴിഞ്ഞു. എന്താണോ തോന്നുന്നത്, അതാണ് കല. ഒരു ക്രാഫ്റ്റിന്റെ സ്കൂൾ, ചിന്തയുടെ സംഘം എന്നിവയൊന്നും ഇന്ന് സിനിമയിൽ പ്രതീക്ഷിക്കുന്നത്.
എന്നാൽ സിനിമയുടെ ഈ സാർവത്രിക യുഗത്തിൽ ചലച്ചിത്ര നിരൂപകന് യാതൊരു റോളുമില്ല. എന്നതാണ് ദുരന്തം. ഫിലിം ക്രിട്ടിക്ക് എന്ന വർഗം തന്നെ ചോദ്യചിഹ്നമാവുകയാണ്. ഒരു സംവിധായകനോ, നിർമ്മാതാവോ, അഭിനേതാവോ, പ്രസിദ്ധീകരണമോ ചലച്ചിത്ര നിരൂപകനുമായി സഹകരിക്കുന്ന ഒരു നിമിഷവും ഇല്ലാതായി. അതേസമയം സിനിമയുടെ സൗന്ദര്യശാസ്ത്രത്തെപ്പറ്റി അന്വേഷണം നടത്തുന്ന ഒരു നിരൂപകനും ഇന്നില്ല. അവന്റെ ആവശ്യമില്ലാതായതാണ് കാരണം. നല്ല സിനിമയ്ക്ക് വേണ്ടി ഒരു പ്രസിദ്ധീകരണം സ്വപ്നം മാത്രമായി അവശേഷിക്കുകയാണ്. ഏതാണ്ട്, എല്ലാവരും തന്നെ ഗ്ലാമറിന്റെ പിൻതുടർച്ചാവകാശമാണ് തേടുന്നത്.
ഈ വസ്തുത ചലച്ചിത്രത്തെപ്പറ്റി ഗൗരവത്തോടെ ആലോചിക്കുന്നവരെ ഭയാശങ്കയിലേക്ക് തള്ളിവിടാതിരിക്കില്ല. ഒരു സിനിമയെ വിലയിരുത്തേണ്ടത് അതിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ടവർ മാത്രമാണോ? അതിന് ഒരു സൗന്ദര്യശാസ്ത്രസിദ്ധാന്തവും ആവശ്യമില്ലെന്നാണോ? തർക്കോവ്സ്കിയുടെ സിനിമകളെപ്പറ്റി ജർമ്മൻ നിരൂപകനായ അബ്ദ്-റു-ഷിൻ എഴുതിയ In the light of Truth:The Grail Messageഎന്ന പുസ്തകത്തിൽ അദ്ദേഹം പറയാൻ ശ്രമിക്കുന്നത്. ചലച്ചിത്രലോകത്ത് തർക്കോവ്സ്കി സ്വന്തമായ ഒരാത്മീയത സൃഷ്ടിച്ചു എന്നാണ്. മനുഷ്യന്റെ ഭാഗധേയത്തെ നിർണ്ണയിക്കുന്നതിന്റെ ആന്തരികമായ പൊരുൾ അറിയാൻ സഹായിക്കുന്ന ചില ഇടപെടലുകൾ ആ ചലച്ചിത്രകാരന്റെ ഭാഗത്ത് നിന്നുണ്ടായി. ക്യാമറയേന്തി കാണികളെ രസിപ്പിക്കുന്നതിലുപരി, തർക്കോവ്സ്കി മനുഷ്യപ്രകൃതിയിലേക്ക് കാഴ്ചയുടെ രശ്മികളെ കടത്തിവിടുകയായിരുന്നു. അബ്ദ്-റുൻ-ഷാൻ, തർക്കോവിസ്കിയുടെ ചില വരികൾ ഉദ്ധരിക്കുന്നുണ്ട്. "ശരിയായ ഒരാത്മീയ പാത വളരെ ക്ലേശകരമാണ്. അവനവനിലേക്ക് ചുഴിഞ്ഞുനോക്കാൻ ആരും ഇഷ്ടപ്പെടുന്നില്ല; തന്റെ പ്രവൃത്തികൾക്ക് താനാണ് ഉത്തരവാദിയെന്ന് തിരിച്ചറിയാനുള്ള മനസ്സില്ല. മറ്റൊരിടത്ത്, റഷ്യൻ തത്ത്വചിന്തകനായ പാവൽ ഫ്ലോറൻസികി (Pavel Florensky)യുടെ ഒരു വാചകം ഉദ്ധരിക്കുന്നു: സത്യം ഉണ്ടോയെന്ന് എനിക്കറിയില്ല. എന്നാൽ ഒരു കാര്യം ഞാനറിയുന്നു; എനിക്ക് ആ ചിന്തയില്ലാതെ ജീവിക്കാൻ കഴിയില്ല. നിലനിൽക്കുന്ന എന്തിനേക്കാൾ പ്രധാനമാണ് സ്നേഹം. സ്നേഹം നിലനിൽക്കുന്നു. എല്ലാ സകല അണുക്കളിലും, ഞാൻ സ്നേഹത്തെ തേടുന്നു, അതിനുവേണ്ടി ഞാനെന്തും ത്യജിക്കും. എന്റെ ചോദ്യങ്ങളും സംശയങ്ങളുമെല്ലാം. സിനിമയെക്കുറിച്ച് ഇങ്ങനെ ആലോചിക്കുന്നവർ നമുക്ക് ഇല്ലാതായി. നമ്മുടെ സിനിമകളുടെ വിജയം അതിന്റെ വർണ്ണങ്ങളിലും തമാശകളിലും മാത്രമാണ്. ഏകാന്തവിചാരങ്ങൾക്ക് ഇടം കൊടുക്കാൻ പറ്റാത്തവിധം സിനിമയുടെ സൗന്ദര്യം ഏകപക്ഷിയമാവുകയാണ്.
ചലച്ചിത്രവുമായി ബന്ധമുള്ള ഒരിടത്തും ഇന്ന് നിരൂപകനില്ല. ലാവണ്യാത്മകമായ ചർച്ചകൾ പ്രത്യയശാസ്ത്രപരമായ തലങ്ങളിലേക്ക് വഴിമാറിയിരിക്കുകയാണ്. ചില ചിത്രമെഴുത്തുകാർ താരങ്ങൾക്ക് വേണ്ടിയാണ് പേനയുന്തുന്നത്. കഴിഞ്ഞ വർഷം സെല്ലുലോയ്ഡ് എന്ന ചിത്രത്തെപ്പറ്റി ഉണ്ടായ വിമർശനം അതിലെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയായിരുന്നു. സ്ത്രീയുടെ പ്രശ്നം, ആദിവാസി വിഷയം, ദളിത് വർത്തമാനം തുടങ്ങിയ പ്രത്യയശാസ്ത്ര പ്രശ്നങ്ങളെ സിനിമാറ്റിക് ആക്കി മാറ്റുകയാണ് പലതും ചെയ്യുന്നത്. ചില എഴുത്തുകാർ എന്തിനെയും പ്രത്യയശാസ്ത്രമായാണ് കാണുന്നത്. അരികുകളിൽ ജീവിക്കുന്നവർക്ക് വേണ്ടി പ്രവർത്തിക്കുന്ന രാഷ്ട്രീയക്കാർ പരാജയപ്പെട്ടതുകൊണ്ടാവാം സിനിമാ നിരൂപകർ ആ വഴിക്ക് നീങ്ങിയതെന്ന് തോന്നുന്നു.
ഇന്റർനെറ്റിൽ വരുന്ന ചലച്ചിത്ര കുറിപ്പുകൾ ഒന്നും തന്നെ നിരൂപണമല്ല. പല ലക്ഷ്യത്തോടെയുള്ള വിളിച്ചു പറയലുകളാണ്. ഒരു സിനിമയുടെ അണിയറ പ്രവർത്തകർക്ക് വേണ്ടി, അവരുടെ സന്തോഷത്തിനു വേണ്ടി എന്തെങ്കിലും എഴുതുന്നവരാണുള്ളത്. ഇന്റർനെറ്റിൽ എഴുതുന്ന പുതിയ കുട്ടികൾ വിചാരിച്ചാൽ ആരെയും തോൽപിക്കാൻ കഴിയും-കാരണം അവിടെ എഴുത്തുകാരൻ സംഘടിത ശക്തിയാണ്. അവന്റെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിന് ധാരാളം വോളണ്ടിയർമാരെ കിട്ടും. മിക്ക സിനിമാനീരൂപകരും സിനിമയുടെ ചരിത്രമെഴുത്തുകാരായി. മറ്റു ചിലർ പാർട്ടിക്കു വേണ്ടിയാണ് എഴുതുന്നത്. ചലച്ചിത്രാനുഭവത്തിന്റെ സൗന്ദര്യശാസ്ത്രത്തെ രേഖപ്പെടുത്തുന്നതിനായി ഒരു ചെറു പത്രിക (ഇന്റർനെറ്റിലെങ്കിലും) തുടങ്ങാൻ മലയാള ചലച്ചിത്ര നിരൂപകർക്ക് കഴിയുന്നില്ല. ഇരുപതോ, മുപ്പതോ പേജുള്ള ഒരു പത്രിക പി.ഡി.എഫിൽ തയ്യാറാക്കി പതിനായിരം പേർക്കെങ്കിലും ഇ-മെയിലിലും അയയ്ക്കാൻ കഴിയുമെന്നിരിക്കെ നമ്മുടെ നാട്ടിൽ ചലച്ചിത്രത്തെക്കുറിച്ച് ആധികാരികമായി, കലാപരമായി ചിന്തിക്കാൻ ആരും തന്നെ മുന്നോട്ടുവരാത്തതെന്താണ്? ഇതിൽ നിന്ന് മനസിലാക്കാൻ കഴിയുന്ന വസ്തുത ലളിതമാണ്. ഇവിടെ സിനിമയുടെ സൗന്ദര്യാത്മകമായ അകംലോകത്തെക്കുറിച്ച് സംസാരിക്കുന്നതുപോലും പാപമാണ്. ചലച്ചിത്രം ഒരു വിമർശനവും ആഗ്രഹിക്കുന്നില്ല. സിനിമയിൽ കാണുന്നതെല്ലാം ശരിയാണ്.
ഈ നവ സിനിമ, അതിന്റെ സമൂലതലങ്ങളിൽ വിമർശിക്കപ്പെടേണ്ടതാണ്. അങ്ങനെയാണ് സചേതനമായ ഒരു പ്രേക്ഷക സമൂഹം ഉണ്ടാകുന്നത്. സാഹിത്യസൃഷ്ടികൾ സിനിമയാക്കുന്നതുപോലും എത്രയോ അപക്വമായ രീതിയിലാണ് പ്രത്യക്ഷപ്പെടുന്നത്. ഇന്നത്തെ ജീവിതത്തെ ഒരു തരത്തിലും സ്വാധീനിക്കാൻ കഴിയാത്ത കൃതികൾ ചലച്ചിത്രമാക്കേണ്ടതുണ്ടോ? പുരാതനമായതുകൊണ്ട് എന്തും ഏക്കാളവും പ്രസക്തമായിത്തീരുന്നില്ല. ചിലർ ക്ലാസിക്കുകളുടെ പിന്നാലെയാണ്. ക്ലാസിക്കുകൾക്ക് ഇന്ന് എന്താണ് പ്രസക്തി? ചിലർ സ്വാതന്ത്ര്യം കിട്ടുന്നതിനുമുമ്പുള്ള കഥകൾ പറയുന്നു? പക്ഷേ, സിനിമയെന്ന കലാരൂപത്തിലേക്ക് സ്വന്തമായി ഒന്നും കൂട്ടിച്ചേർക്കാൻ കഴിയുന്നില്ല. അതേസമയം ടി.ഡി. ദാസൻ സ്റ്റാൻഡേർഡ് VI B ഒരു ചലച്ചിത്രകാരനെ നിർമ്മിക്കാൻ പോന്ന സിനിമയായിരുന്നു. നമ്മുടെ പശ്ചാത്തലത്തിൽ അങ്ങനെയൊരു സിനിമയിലേക്ക് ഒരാൾക്ക് എത്താൻ കഴിയുന്നത് എത്രയോ വലിയ കാര്യമാണ്.
ഈയിടെ Dissent മാഗസിനിൽ ചാൾസ് ടെയ്‌ലർ എഴുതിയ ലേഖനത്തിൽ പറയുന്നത് ആഗോളതലത്തിൽ തന്നെ നിരൂപകർക്ക് വംശനാശം സംഭവിക്കുന്നു എന്നാണ്. അമേരിക്കയെ സ്വാധീനിച്ച ചലച്ചിത്ര നിരൂപകരായ Paulinekael, Andrew Sarris തുടങ്ങിയവർക്ക് തുല്യപദവിയുള്ള ഒരാളും, ഇന്നില്ല എന്ന് സൂചിപ്പിക്കുന്നു. എന്നാൽ വിമർശകർക്ക്, സിനിമയ്ക്ക് സമാന്തരമായി ഒരു ജീവിതമുണ്ട്. മഹാനായ സത്യജിത് റായി ഒറ്റയ്ക്ക് ഒരു കളി മത്സരിച്ച് ജയിക്കുകയല്ല ചെയ്യുന്നത്? ആശയാനുവാദങ്ങളുടെ ചരിത്രത്തിലേക്ക് ചെന്നാൽ ഒരു സംവിധായകനെ പലർചേർന്നാണ് ഫോക്കസിലേക്ക് കൊണ്ടുവരുന്നത്. റായിയ്ക്ക് സമാന്തരമായി വിമർശക ജീവിതം സൃഷ്ടിച്ച എത്രയോ പേരുണ്ട്. ചിദാനന്ദദാസ് ഗുപ്തയെ പ്പോലുള്ളവർ സിനിമയുടെ സൈക്ക് ആരായുമ്പോൾ, അതിലൂടെ സംവിധായകർക്കും ജീവൻവയ്ക്കുന്നു.
ഒരു സംവിധായകൻ കൊണ്ടുവരുന്ന ഭാഷ, പ്രേക്ഷകൻ കൂട്ടത്തോടെ സിനിമ കാണുമ്പോൾ തന്നെ തിരിച്ചറിയപ്പെടുന്നില്ല. അത് വിമർശകന്റെ മേശയിലാണ് പൂപ്പ ഘട്ടം വിട്ട് ശലഭമായി രൂപാന്തരം പ്രാപിക്കുന്നത്. ചാപ്ലിന്റെ സിനിമകളിലെ അധികാരത്തോടുള്ള പ്രതിഷേധം എത്രയോ വട്ടം വിശകലനം ചെയ്യപ്പെട്ടു? ഒരു ഫിലിം ഷോട്ടും അന്തിമ ദൃശ്യമല്ല. ഒരു വസ്തുതയുടെ ആയിരം സാധ്യതകളുടെ ഒരു കണം മാത്രമാണ് സംവിധായകർ അവതരിപ്പിക്കുന്നത്. ആ കണത്തിൽ അസ്തിത്വത്തിന്റെ ഒരാറ്റമെങ്കിലും നിഴലിക്കണം. 'ബൈസിക്കിൾ തീവ്സി'ൽ സൈക്കിൾ അന്വേഷിച്ചു അച്ഛനും മകനും നടക്കുന്നതു തന്നെ മനുഷ്യാസ്തിത്വത്തിന്റെ സ്വാഭാവികതയെ സമസ്യയുടെ തലത്തിലേക്ക് ഉയർത്തുന്നു. ഒരു ദൃശ്യത്തിന് എന്താണ് പറയാനുള്ളതെന്ന് പലവട്ടം ആലോചിക്കേണ്ടതായി വരും. തർക്കോവ്സ്കിയുടെ സിനിമയിൽ വളരെ ദൂരെ നിന്ന് ഒരു ട്രെയിൻ വരുന്ന ശബ്ദം കേൾക്കുന്നതോടെ, നാം നമ്മുടെ ഭൂതകാലത്തെ പിന്നിലുപേക്ഷിച്ച് പുതിയൊരു ജീവിതത്തിനായി കാതോർക്കണമെന്ന സന്ദേശമെത്തുന്നതായി നിരൂപകൻ നിരീക്ഷിക്കുമ്പോൾ, ആ സിനിമ ഒരിക്കൽക്കൂടി ജനിക്കുകയാണ്, കാഴ്ചകൾ ചലച്ചിത്രകാരനു മാത്രമല്ല; അത് കാണുന്ന പ്രേക്ഷകനുമുണ്ട്. പ്രേക്ഷകന്റെ കാഴ്ചകൾ അവന്റെ ഭാവനയ്ക്കൊത്താണ് ഫലവത്താകുന്നത്.
നമ്മുടെ ഭാവനയെ, പരമ്പരാഗതമായ ജീവിത സങ്കൽപത്തെ തകിടം മറിക്കുന്ന ദൃശ്യവിന്യാസം ഇപ്പോൾ ഉണ്ടാകുന്നുപോലുമില്ല. കഥ പറയുന്നതിനപ്പുറം മറ്റൊന്നും സിനിമകളിൽ ഉയർന്നുവരുന്നില്ല. രേഖീയമായ കഥാഖ്യാനരീതി തന്നെ നാം ഉപേക്ഷിക്കേണ്ട സമയമായിരിക്കുന്നു. ക്രിസ്റ്റഫ് കീസിലോവ്സ്ക (Krzysztof Kieslowski) സംവിധാനം ചെയ്ത The Double & Life of Veronique'എന്ന സിനിമ (പോളിഷ്) കഴിഞ്ഞ കാൽനൂറ്റാണ്ടിനിടയിലുണ്ടായ മഹാവിസ്മയമാണ്. പോളണ്ടുകാരിയായ പാട്ടുകാരി വെറോണിക്ക മരണമടയുന്നു. പാരീസിൽ താമസിക്കുന്ന വെറുണിക്ക എന്ന സംഗീതാദ്ധ്യാപകയാണ് മറ്റൊരു കഥാപാത്രം. ഇവർക്ക് രണ്ടു പേർക്കും പരസ്പരമറിയില്ല. എന്നാൽ പോളണ്ടുകാരിയായ വെറോണിക്ക മരിച്ചതോടെ, പാരീസുകാരിയായ അധ്യാപിക അവളുടെ സാന്നിദ്ധ്യം അനുഭവിക്കാൻ തുടങ്ങുന്നു. ഐഡന്റിറ്റിയെയും പ്രേമത്തെയും കലാപരമായി വിളക്കിച്ചേർക്കുന്ന ഈ സിനിമാ ആധുനിക കലാതത്ത്വവിചാരണൾക്കുള്ള വസ്തുവാണ്.
ഈ സിനിമയെക്കുറിച്ച് പ്രമുഖ ചിന്തകനായ സ്ലവേജ് സിസേക്ക് (Slavoj Zizek) എഴുതിയ നിരൂപണം ചലച്ചിത്ര നിരൂപണശാഖയുടെ ചരിത്രത്തിലെ മഹത്തായ ഒരു നിമിഷമാണ്. (The Double Life of Veronique : The Forced Choice of Freedom) സിസേക്ക് എഴുതുന്നു: കീസ്ലോവ്സ്കിയുടെ പ്രപഞ്ചം ജ്ഞാനാധിഷ്ഠിതമാണ്. അതിനിയും പൂർണത പ്രാപിച്ചിട്ടില്ല. അതുണ്ടാക്കിയതാകട്ടെ ഒരു കുഴപ്പം പിടിച്ച തലതിരിഞ്ഞ ദൈവമാണ്. ആ ദൈവം സൃഷ്ടി നടത്തിയെങ്കിലും, അത് അപൂർണമായി ശേഷിക്കുന്നു. അതേസമയം ആവർത്തിച്ചുള്ള പരിശ്രമങ്ങളിലൂടെ നമ്മെ നിരന്തരം രക്ഷിക്കുകയും ചെയ്യുന്നു. നമ്മൾ ആ ചെറിയ ദൈവത്തിന്റെ കുട്ടികളാണ്. (Children of a Lesser God).
~~ഒരു നിരൂപകന് സിനിമയെ നന്നാക്കാനാവില്ല. എന്നാൽ കാഴ്ചയെപ്പറ്റിയുള്ള അവബോധത്തെ വിപുലീകരിക്കാനും വ്യക്തിപരമായി പരിവർത്തിപ്പിക്കാനും കഴിയും. കൂട്ടമായിരുന്ന് സിനിമ കാണുമ്പോൾ, അവിടെ വ്യക്തി ഇല്ല. വ്യക്തിഗതമായ ഭൂതകാലത്തെ അറിയപ്പെടാത്ത കടലുകളിലേക്ക് ആഴ്ത്തിവിട്ടശേഷമാണ്, തീയേറ്ററിൽ നാം സ്വതന്ത്രരാവുന്നത്. അവിടെ വ്യക്തിഗതമായ ദുഃഖങ്ങളിൽ നിന്ന് മോചനം നേടുന്ന നാം, ഒരു സാങ്കൽപിക മാനുഷിക ഇടമാണ് പൂരിപ്പിക്കുന്നത്. വിമർശകൻ ആ സങ്കൽപിക മാനുഷിക ഇടത്തെ അപനിർമ്മിച്ച് ഭൗമമാക്കുകയാണ് ചെയ്യുന്നത്. കൺമുന്നിൽ നിന്ന് മറഞ്ഞുപോയ സിനിമയെ വിമർശകൻ, ആശയപരമായി നിലനിർത്തുന്നു. ഭൂരിപക്ഷം കാണികളും ദൃശ്യങ്ങളുടെ തൂണുകളായി മാത്രം ഓർമ്മയിൽ സൂക്ഷിക്കുമ്പോൾ, വിമർശകൻ അതിനെ അനുഭൂതി സാന്ദ്രമാക്കി വ്യക്തിപരമായി പുനർനിർമ്മിക്കുന്നു. മനുഷ്യന്റെ അതീന്ദ്രിയമായ, അപരമായ ജീവിതത്തെ വാക്കുകളിൽ പുനരാവിഷ്കരിക്കുന്നതിൽ അയാൾ വിജയിക്കുന്നു. ദൃശ്യങ്ങളുടെ വ്യാപ്തി അതിലൂടെ പുറത്തുവരുന്നു. ഓരോ സിനിമയും അനുഭവം മാത്രമല്ല, തർക്കവും ആലോചനയുമാണ്. അവിടെയാണ് നിരൂപകന്റെ റോൾ.
http://newsmk-harikumar.blogspot.in/
http://mkharikumar.com/