അക്കിത്തം
കവിതയുടെ മൂലകന്ദം വാക്കല്ല, അതിലൂടെ പ്രകാശിക്കുന്ന അർത്ഥമാണ്-ഋക്കാണ്-ഋജുവായ സത്യമാണ്, കൂടുതൽ നിഷ്കൃഷ്ടമായ പഠനത്തിൽ അതു കവിതയുടെ സ്വകാര്യജീവിതത്തിന്റെ സമഗ്രപരിശുദ്ധിവരെ എത്തുകയും ചെയ്യും.
കവിത വാക്കല്ല എന്നതു സത്യം തന്നെ എങ്കിലും, കവിതയിൽ വാക്കുകൾക്കുള്ള പ്രാധാന്യം അനിതരസാധാരണമാണെന്ന തോന്നൽ നിലനിൽക്കുന്നു. ഇതറിഞ്ഞിട്ടല്ലയോ നമ്മുടെ മുൻഗാമികൾ വാഗ്ദേവീ പൂജ ചെയ്തത്? ഉപനിഷത്തു പറയുന്നു. "ഏഷാം ഭൂതാനാം പൃഥി വീരസഃ, പൃഥിവ്യാ ആപോരസാഃ, അപാം ഔഷധയോരസഃ, ഔഷധീനാം പുരുഷോ രസഃ, പുരുഷസ്യ വാഗ്രസഃ, വാച ഋഗ്രസഃ, ഋചസ്സാമരസഃ സാംന ഉൽഗീഥോ രസഃ സ ഏഷ രസാനാം രസതമഃ പരമഃ പരാർദ്ധ അഷ്ടമോ യ ഉൽഗീഥഃ" പൗരുഷത്തിന്റെ സത്ത വാക്കാണ് എന്ന് ഇതിൽ നിന്നു സിദ്ധിക്കുന്നുണ്ടല്ലോ.
കാളിദാസനെപ്പറ്റി ഒരു കഥയുണ്ടല്ലോ, 'കുമാരസംഭവ'ത്തിൽ, ത്ര്യംബകം എന്ന പദം എഴുതേണ്ട ഘട്ടത്തിൽ അദ്ദേഹത്തിനു തോന്നി, 'പോര, ഇവിടെ ത്രിയംബകം എന്നുതന്നെ എഴുതണം.' അദ്ദേഹമെഴുതി.
"സ ദേവദാരുദ്രുമവേദികായാം
ശാർദ്ദൂലചർമ്മവ്യവധാനവത്യം
ആസീനമാസന്നശരീരപാത-
സ്ത്രിയംബകം സംയമിനം ദദർശ"
ആദ്യം പ്രയോഗിച്ച 'വേദിക' എന്ന പദമാവാം ഒരു പക്ഷേ, 'ത്രിയംബകം' എന്ന പദംതന്നെ വേണം, 'ത്ര്യംബകം' പോര എന്നു തോന്നിച്ചതു. കാരണം, യാഗശാലയിൽ ഒരുകുറിയെങ്കിലും കടന്നുനോക്കിയിട്ടുള്ളവർക്കു വേദിക എന്ന വാക്കിന്റെ സാരം, പറക്കുന്ന പക്ഷിയുടെ രൂപത്തിൽ ഭൂമിയിൽ ഇഷ്ടിക പതിച്ചുണ്ടാക്കിയ ഒരു മണ്ഡപമെന്നാണ് യാഗശാലയുടെ ചിത്രം മനസ്സിലേക്കു കടന്നുവന്നപ്പോൾ കവി വിചാരിച്ചിരിക്കാം: "ശിവനെയോ, ശിവന്റെ കൈയിലുള്ള വില്ലിനെയോ മാത്രം ഓർമിപ്പിച്ചാൽ പോര ആ വാക്ക്. ശിവന്റെ തപസ്സിലെ സമർപ്പണബുദ്ധിക്ക് ഒരു യജ്ജത്തിലെ സമർപ്പണബുദ്ധിയുടെ നീളവും വീതിയും ആഴവുമുണ്ട്. അത് അനുവാചകനു ബോധപ്പെടണമെങ്കിൽ 'ത്ര്യംബകം' പോര; 'ത്രിയംബകം വേണം" കാരണം, 'ത്രൃംബകം' ഋഗ്വേദത്തിലെ ഉച്ചാരണമാണ്; 'ത്രിയംബക'മാണ് യജുർവ്വേദോച്ചാരണം. യാഗക്രിയകളെല്ലാം യാജ്ജുഷമാണ്.
കാളിദാസനുതന്നെ വാക്കുകൾ തിരഞ്ഞെടുക്കേണ്ട ഘട്ടത്തിൽ ഇത്രയധികം ക്ലേശം നേരിടുന്നുവേങ്കിൽ, ആധുനികമായ ഒരവിദഗ്ധനും അപണ്ഡിതനുമായ കവിക്ക് ഇതിലും അധികം, എത്രയോ അധികം, ക്ലേശം നേരിടുമെന്നകാര്യത്തിൽ ശങ്കവേണ്ട. ഇന്നത്തെ മനസ്സിൽ ഭൂമിയുടെ ഏതു കോണിലെ ജീവിതസത്യത്തിന്റെയും നേരിയ നേരിയ നിഴലുകൾ വന്നു വീണുകൊണ്ടിരിക്കുകയാണ്. കൂടാതെ കാളിദാസനുശേഷമുള്ള ചരിത്രത്തിൽനിന്നു വന്നു വീഴുന്ന നിഴലുകളുമുണ്ട്. ഇതെല്ലാം പാടെ അത്യന്തബീഭത്സമായ ഒരു അനുഭൂതി ശേഖരമാണ് അയാളുടേത്. വാക്കുകൾ തിരഞ്ഞെടുക്കാനുള്ള അവധാനസാദ്ധ്യതയാകട്ടെ, നന്നെ കുറയുകയും ചെയ്തിരിക്കുന്നു-ജീവിതചലനത്തി
'കുട്ടപ്പനെന്ന കോമരം' എഴുതിയപ്പോഴുണ്ടായ ഒരു നിസ്സാരസംഗതിയാണ് ഇപ്പോൾ ഓർമയിലേക്കു കടന്നു വരുന്നത്.
"കോവിലിലുണ്ടൊരൊരുമ്പെട്ടവൾ; അവൾ
തൂവിടുമെന്നിൽ കാരുണ്യം
എന്നു ധരിച്ചു; കണ്ണുമിഴിച്ചീ-
ലെന്നുടെനേരെക്കൂത്തിച്ചി"
അതെഴുതിക്കഴിഞ്ഞപ്പോൾ തോന്നി, 'കൂത്തിച്ചി' കുറച്ചധികമല്ലേ? തെറ്റുമല്ലേ? 'കൂത്തച്ചി'യല്ലേ ശരി? പെട്ടെന്നു മനസ്സിൽ തെളിഞ്ഞത് 'കൂത്തസ്ത്രീ'യുടെ, ദേവദാസിയുടെ, നൃത്ത്യഭാവമാണ്. ഒരു ഭരതനാട്യക്കാരിയുടെ മൂക്കുത്തി മുന്നിൽ തൂങ്ങിക്കിടന്നു തിളങ്ങുന്നു. ആ ചിത്രം പ്രകൃതത്തിലെ വെളിച്ചപ്പാടിന്റെ മനസ്സിലിരിക്കുന്ന ഭദ്രകാളിക്ക് ഒട്ടും ചേരുകയില്ല. ചേരുമെങ്കിൽ തന്നെ 'കൂത്തിച്ചി' കുറച്ചധികം പച്ചയാവുന്നില്ലേ?
പക്ഷേ, ഒരു പോംവഴി കണ്ടുപിടിക്കാൻ പെട്ടെന്നു കഴിഞ്ഞില്ല. കവിത പ്രസ്സിലേക്കയക്കുമ്പോൾ 'കൂത്തിച്ചി'യെ 'കൂത്തച്ചി'യാക്കി. പക്ഷേ, അതച്ചടിച്ചു വന്നപ്പോൾ കണ്ടത്, പ്രോൂഫ് വായിച്ച ആൾ 'കൂത്തച്ചി'യെ വിവേകപൂർവ്വം 'കൂത്തിച്ചി'യാക്കിയിരിക്കുന്നു എന്ന വസ്തുതയാണ്. സമാധാനമാവുകയും ചെയ്തു.
സാധാരണജീവിതത്തിൽ വാക്കുകൾ ഒറ്റപ്പരിപ്പുള്ള ചെടികളാണ്; കവിതയിലവ ഇരട്ടപ്പരിപ്പുള്ളവയായിത്തീരുന്
ആ പണി വളരെയധികം ബുദ്ധിവ്യായാമവിധേയമാണെങ്കിലും മൗലികവീക്ഷണത്തിൽ ഒട്ടും ബുദ്ധിപരമല്ല. കുഴിയാന എന്നൊരു ജീവിയുണ്ടല്ലോ. മണലിൽ തലകീഴാക്കി അമിഴ്ത്തിവച്ച ഒരേറുപമ്പരം മെല്ലെ എടുത്തു നീക്കിയാലുണ്ടാവുന്നമാതിരി കുഴികളുടെ അന്തർഭാഗത്താണു കുഴിയാനയുടെ താമസം. കനമുള്ള ഒരു കരടോ, കൽത്തരിയോ ആ കുഴിയിലേക്കു തട്ടിയിടുക. ഒന്നും സംഭവിക്കില്ല. എന്നാൽ അത്രയൊന്നും കനമില്ലാത്ത ഒരുറുമ്പോ ഈച്ചയോ മറ്റെന്തെങ്കിലും ചെറുപ്രാണിയോ ആ കുഴിയുടെ വക്കത്തുകൂടി കടന്നുപോകുന്നുവേന്നും കരുതുക. കുഴിയാന മണലിലൂടെ പൊടുന്നനെ പൊന്തിവരും. ഇരയെ ചടുന്നനെ മണലിൽ പൂഴ്ത്തിക്കളയുകയും ചെയ്യും. ഏതാണ്ടിതുപോലെയല്ലേ മനസ്സ് തക്കതായ പദത്തെ കണ്ടെത്തുമ്പോഴും പ്രവർത്തിക്കുന്നതെന്നു തോന്നിപ്പോകും. മനസ്സിന്റെ ഈ സവിശേഷ സ്വഭാവത്തെയല്ലേ മുൻഗാമികൾ ഔചിത്യമെന്നു പറഞ്ഞത്? ചെറുപ്പത്തിൽ കാരണവന്മാർ പറഞ്ഞുതന്നിരുന്നതോർക്കുന്നു-
ഇനി നമുക്ക് മെല്ലെ മുഖ്യമായ പ്രശ്നത്തിലേക്കു നീങ്ങാമെന്നു തോന്നുന്നു; ഔചിത്യം നിയാമകമായ കവിതയ്ക്കു പ്രജ്ഞയുടെ മണ്ഡലത്തിൽ നിന്നു മോചനം നേടാനാവുമോ? കവിത സംഗീതം രചിക്കുന്നത് അർഥം കൊണ്ടാണെങ്കിൽ അതു നൽകുന്ന ലയം സംഗീതം നൽകുന്ന ലയംപോലെ സദ്യഃഫലമാകുമോ? ഉവ്വേങ്കിൽ അന്യദാലോചനാമൃതം എന്നു പറഞ്ഞവൻ ഒന്നും ആലോചിക്കാത്തവനാവണ്ടേ?
അല്ലെങ്കിൽ, എന്താണീ കവിതത്തന്നെ?ജീവിതത്തിന്റെ സത്ത് എന്നു വിളിച്ചുപറയാനാണു പെട്ടെന്നു തോന്നുന്നത്. ഇപ്പോൾ രണ്ടായി സംശയം ജീവിതമെന്തെന്നും സത്തയെന്തെന്നും ആദ്യത്തേതിനു ഞാനെന്ന ബോധത്തിന്റെ ഉണ്മ എന്നു മറുപടിപറയാം. സത്ത എന്നതിന്, വ്യക്തിബോധത്തിന്റെ ഉണ്മയിൽ ഇടവിടാതെ ബിംബിക്കുന്ന പ്രപഞ്ചമെന്നും. അപ്പോൾ ബാഹ്യസത്യത്തിന്റെ പ്രതിബിംബമായി ആത്മാവിലുളവാകുന്നതെന്തോ അതാണു കവിത എന്നല്ലേ വന്നു കൂടുന്നത്? അല്ല, സത്ത എന്നല്ലേ നാം പറഞ്ഞത്? അതിനു കാരണം, അഖണ്ഡമായ പ്രപഞ്ചത്തെ ഒരിക്കലും ഖണ്ഡമായ നമ്മുടെ വ്യക്തിബോധം മുഴുരൂപത്തിൽ അനുഭവിക്കുന്നില്ല എന്നതാണ്. വ്യക്തിബോധത്തെ സംബന്ധിച്ചിടത്തോളം ഏതൊക്കെയാണോ മൗലികം അവ മാത്രമേ അവിടെ തങ്ങിനിൽക്കുന്നുള്ളൂ. അതായത്, അബോധപൂർവമായിട്ടെങ്കിലും ഒരു വിവേചനത്തിന്റെ അംശം ആ സംഭവത്തിലുണ്ട്. അതും അതു സംഭവിക്കുമ്പോഴുണ്ടാവുന്ന ആനന്ദവും വേർപിരിക്കാനാവാത്തപോലെ ലയിക്കുമ്പോഴാണ് ഒരു പുതിയ അനുഭൂതിചിത്രം ഉദയംകൊള്ളുന്നത്. അത് ഒരു കരിങ്കല്ലിന്മേലുള്ള വാസ്തുശിൽപത്തിന്റെ രൂപത്തിലാവാം. മഴയ്ക്കു ശേഷം വന്ന ഇളവെയിൽക്കൊമ്പത്തിരുന്നു വാൽ കടയുന്ന വർണക്കിളിയുടെ കൂജനംപോലെയാവാം. ഒരു നിമിഷത്തിന്റെ അഖണ്ഡമായ ലയാനുഭൂതിയേ പിടിച്ചെടുക്കുന്നുള്ളുവേങ്കിലു
എങ്കിൽ ഇപ്പറഞ്ഞ വിവേചനാംശമല്ലേ കാവ്യയജ്ഞത്തിലെ അധ്വര്യു? ആണെങ്കിൽ അർഥത്തെ കവിതയിൽനിന്നു പിച്ചിത്തുറിപ്പിച്ചുകളയാമെന്ന വ്യാമോഹത്തിലൂടെ കവി ചെന്നെത്തുന്നത് ആത്മഹത്യയിൽ മാത്രമായിരിക്കും. ഭൂതങ്ങളില്ലാത്ത ഉൽഗീഥമില്ല; ഭൂതങ്ങളുണ്ടെങ്കിൽ അതിന്റെ രസം ഉൽഗീതമാണ്.