സ്വത്വം, സ്വത്ത്‌, സത്ത്‌


സി.രാധാകൃഷ്ണൻ

സമസ്ത കേരള സാഹിത്യപരിഷത്തിന്റെ ഈയാണ്ടത്തെ മലയാള ഭാഷാവാരാഘോഷം സമാപിച്ചതു സാഹിത്യവിമർശനത്തിൽ സ്വത്വപ്രഭാവം എന്ന വിഷയത്തെപ്പറ്റിയുള്ള കാര്യപ്പെട്ട ചർച്ചയോടെയായിരുന്നു. എം.തോമസ്‌ മാത്യു, ബാലചന്ദ്രൻ വടക്കേടത്ത്‌, എം.കെ.ഹരികുമാർ, ഷാജി ജേക്കബ്‌, രഘുനാഥ്‌ പറളി എന്നിവർ പ്രബന്ധം അവതരിപ്പിച്ച വേദിയിൽ വിമർശകനല്ലാത്ത ഒരാൾ മധ്യസ്ഥനായി വേണം എന്നുവെച്ചാകാം ഈയുള്ളവൻ അധ്യക്ഷണായി. ആ ഭാഗ്യംകൊണ്ട്‌ രണ്ടു നേട്ടമുണ്ടായി. ഒന്ന്‌, ലോകത്താകമാനം വിമർശനരംഗത്ത്‌ സ്വത്വം (Identity) എങ്ങനെയൊക്കെയാണ്‌ ചർച്ചാവിഷയമാകുന്നത്‌ എന്നു മനസ്സിലായി. അത്രയേറെ ആഴവും പറപ്പുമുണ്ടായിരുന്നു പ്രബന്ധങ്ങൾക്ക്‌. രണ്ട്‌, ഈ വിഷയത്തെക്കുറിച്ച്‌ ആലോചിക്കാൻ പ്രേരണ കിട്ടി.
    ജന്മംകൊണ്ടും കർമ്മം കൊണ്ടും പഠന മനനങ്ങൾകൊണ്ടും ഞാൻ ആർജ്ജിച്ച വ്യക്തിത്വമാണല്ലോ എന്റെ സ്വത്വം. ഇതെന്റെ ബോധപരമായ സ്വത്താണ്‌. ഭൗതിക സ്വത്തുമായി ഇതിന്‌ ബന്ധം ഉണ്ടാകാമെങ്കിലും അതിൽ നിന്നിത്‌ ഭിന്നമാണ്‌.
    എന്റെ സ്വത്വത്തെക്കുറിച്ച്‌ എനിക്ക്‌ ശരിക്കും പൂർണ്ണവുമായ അറിവുണ്ടാവുക സ്വാഭാവികമാണോ? ഒരു ചെയ്തിയോ വാക്കോ നമ്മിൽനിന്ന്‌ ഉണ്ടായിക്കഴിഞ്ഞതിനു ശേഷമാണ്‌ പലപ്പോഴും നമുക്ക്‌ മനസ്സിലാകുന്നത്‌, അതിനുള്ള പ്രേരണ നമ്മുടെ സ്വത്വത്തിൽ നാം അറിയാതെ കിടപ്പുണ്ടായിരുന്നെന്ന്‌. ഉപബോധ-അബോധതലങ്ങളിലെ സ്വത്വസ്വരൂപം മഞ്ഞുകട്ടയുടെ ജലത്തിലാണ്ടുപോയ മുക്കൻ സ്രാവുപോലെ അപ്രത്യക്ഷമാണ്‌.
    ഞാൻ ആരെന്നും എന്തെന്നും എങ്ങനെയെന്നും അറിയാൻ എന്റെ സ്വത്വത്തെ അറിയണമെന്നു സാരം. ഈ അറിവു നേടാൻ എന്തുവഴി? പാഠപുസ്തകങ്ങൾ ഒന്നും ഇല്ല. ഈ പന്തയത്തിൽ പണ്ടു ജയിച്ചവരുടെ അനുഭവരേഖകളുണ്ട്‌ എങ്കിലും അവരെല്ലാം പറയുന്ന പൊതുവായ കാര്യങ്ങളിൽ ഒന്ന്‌, ഈ ശ്രമത്തിൽ ജയിക്കാനുള്ള വഴിക്ക്‌ മാനകീകരണം (Standardisation)സാധിക്കില്ല എന്നതാണ്‌. കാരണം, ഓരോ ആൾക്കും ഉള്ള സ്വത്വം വേറെയാണ്‌. പ്രപഞ്ചസൃഷ്ടി അത്രയ്ക്ക്‌ ബഹുസ്വരമാണ്‌. വൈവിധ്യങ്ങളുടെ ചേരുവയിൽ നിന്നുയിർക്കുന്ന സൗന്ദര്യം കൊണ്ട്‌ പ്രപഞ്ചത്തെ വിസ്മയകരവും ആകർഷകവുമാക്കുന്നത്‌ ഈ ബഹുസ്വരതയാണ്‌. അവനവന്റെ വഴി അവനവൻതന്നെ കണ്ടെത്തണം.
    അപ്പോൾ, സ്വത്വത്തിന്റെ അടിസ്ഥാനത്തിലെന്ന മട്ടിൽ അവതരിപ്പിക്കപ്പെടുന്ന വിഭാഗീയതകളും അതിർത്തികളും ഒക്കെ? ശുദ്ധഭോഷ്ക്‌! ഏതാനും പൊതുസ്വഭാവങ്ങൾ പലരിലും കണ്ടേക്കാമെങ്കിലും ഒരാളെപ്പോലെ വേറൊരാൾ സത്യത്തിൽ ഇല്ല. ഉണ്ടായാൽ, ഇവരിൽ ഒരാൾക്ക്‌ പ്രപഞ്ചത്തിൽ സാംഗത്യം ഇല്ലാതാവുന്നു! ആളുകളുടെ കാര്യം പോകട്ടെ, ഒരു മൺതരിപോലും സൂക്ഷ്മപരിശോധനയിൽ മറ്റൊന്നുപോലെ അല്ല എന്ന്‌ മോഡേൺ ശയൻസും പറയുന്നു.
    വർഗ്ഗമായോ, ജാതിയായോ, മതമായോ, ഗോത്രമായോ ക്രമീകരിക്കാവുന്നതല്ല മനുഷ്യസ്വത്വം. ഈ തരംതിരിവുകളൊക്കെ വെറും ഉപരിപ്ലവമാണ്‌. ഇഞ്ചിക്കും മുളകിനും ഗ്രാമ്പുവിനും കുരുമുളകിനും എരിവുള്ളതിനാൽ ഇവയുടെയെല്ലാം അസ്തിത്വമോ സ്വത്വമോ ഒന്നുതന്നെ എന്ന്‌ നാം തീരുമാനിക്കാറില്ല. ഒരുപോലെ പുളിയുള്ള മാങ്ങയുടെയും പുളിങ്ങയുടേയും ഇരിമ്പംപുളിയുടെയുമൊക്കെ സ്വത്വങ്ങളും ഭിന്നതകൾതന്നെ. അത്രയുമല്ല, ഒരേ മാവിലേയെന്നാൽ പോലും എല്ലാ മാങ്ങയ്ക്കും ഒരേ അളവിലും തരത്തിലുമല്ല പുളി! ഒരേ തൊടിയിലെ കുരുമുളകിനെന്നല്ല, ഒരേ ചെടിയിലെ രണ്ടു തിരികളിലെ കുരുമുളകിനെന്നല്ല, ഒരേ തൊടിയിലെ ഒരേ ചെടിയിലെ ഒരേ തിരിയിലെ രണ്ടു മണി കുരുമുളകിനുപോലും എരിവിന്റെ തരവും അളവും സൂക്ഷ്മതലത്തിൽ ഒന്നല്ല.
    പ്രത്യേകതകളുടെ നിലനിൽപ്പിനും വളർച്ചയ്ക്കും കടകവിരുദ്ധമായ നിരപ്പാക്കലുകൾ സ്വത്വനാശത്തിലേക്കും അതുവഴി സർഗശേഷിയുടെ ഉന്മൂലനത്തിലേക്കുമാണ്‌ നയിക്കുക.
    എങ്കിൽപ്പിന്നെ സ്വത്വമെന്ന ആശയത്തെ എന്തർത്ഥത്തിലാണ്‌ മനസ്സിലാക്കേണ്ടത്‌? എങ്ങനെ അറിയാം! എവ്വിധം പ്രയോജനപ്പെടുത്താം?
    മനുഷ്യന്റെ സ്വത്വത്തിന്‌ അഥവാ മനുഷ്യത്വത്തിന്‌ മൂന്നു തലങ്ങളുണ്ടെന്ന്‌ ഉപനിഷത്തുകൾ പറയുന്നു. ഒന്ന്‌ ജാഗ്രത്ത്‌, സ്വപ്നം എന്നീ അവസ്ഥകളിൽ വെളിവാകുന്ന പ്രാപഞ്ചിക സ്വത്വം. രണ്ട്‌, സുഷുപ്തിയിൽ ആധിപത്യമുള്ള അക്ഷതസ്വത്വം. മൂന്ന്‌, അക്ഷതത്താൽ, അതായത്‌, പരമാത്മസ്വരൂപത്തിൽ നിലനിൽക്കുന്ന തുരീയസ്വത്വം. ആദ്യത്തേത്‌ രണ്ടാമത്തതിലേക്കും രണ്ടാമത്തേത്‌ മൂന്നാമത്തേതിലേക്കുമുള്ള പടിവാതിലുകളാണ്‌. ഓരോ പടി കടക്കുമ്പോഴും സുഖവും സമാധാനവും വർദ്ധിക്കുന്നു.
    മൂന്നു തലങ്ങളിലും ഒരുമിച്ച്‌ (ഒരേസമയം) നിലനിൽക്കുകയും തുരീയാവസ്ഥയിലെ പരമമായ ആനന്ദം നിതാന്തം അനുഭവിക്കുകയും ചെയ്യാനുള്ള അനുശീലനമാണ്‌ സാഹിത്യം. സാധിക്കേണ്ടതും സാധിക്കുന്നതും ആത്യന്തികമായ ഹിതമായത്‌ എന്തോ അതാണ്‌ സാഹിത്യം (സ ഹിതം). ഇവിടെ 'ഹിതം' 'ഇഷ്ട' മല്ല 'പത്ഥ്യ'മാണ്‌.
    ഇതിനാലാണ്‌ വാല്മീകിയോ വ്യാസനോ കാളിദാസനോ ഒന്നും തങ്ങളുടെ പ്രാപഞ്ചിക സ്വത്വത്തെപ്പറ്റി ഒരു അടയാളവും തരാതിരുന്നതും തങ്ങളെയല്ല, തങ്ങൾ പോയ വഴികൾ മാത്രമാണ്‌ പിന്നാലെ വരുന്നവർ കാണേണ്ടത്‌ എന്ന്‌ നിശ്ചയിച്ചതും. ഞാനെന്ന ഭാവം (പ്രാപഞ്ചികാസ്തിത്വം അഥവാ പ്രാഥമികസ്വത്വം) ഉറച്ചുപോകരുതെന്നും ഏതെങ്കിലും സ്വത്വബോധം ഉറയ്ക്കുന്നെങ്കിലത്‌ അഖിലം ഞാനെന്ന തുരീയസ്വത്വമാകണമെന്നും ഭാഷാപിതാവ്‌ ഹരിനാമകീർത്തനത്തിലൂടെ പ്രാർത്ഥിക്കുന്നതും ഇതിന്റെ ചുവടുപിടിച്ചാണ്‌. ഹിറ്റ്ലറോ സ്റ്റാലിനോ ബിൽഗേയ്റ്റ്സോ അല്ല നല്ല മാതൃക, രമണ മഹർഷിയാണ്‌. സത്തായ സ്വത്വത്തിനേ സത്യമായ ആനന്ദമുള്ളൂ.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ