22 Feb 2015

നിശ്ചലം


ഷിബു കൂത്താട്ടുകുളം

പുകച്ചുരുൾ മറയാക്കി നീലച്ചവാനം
അകലെനിന്നെന്തിനോ എത്തിനോക്കി
വർണ്ണപ്രഭാപുരസംഗമം പോലൊരു
മഴവില്ലുവാനിൽ തെളിഞ്ഞിരുന്നു
ഒരുമന്ദമാരുതൻ കുളിരായ്‌ വളർന്നപ്പോ
മഴവന്നു ഭൂമിയിൽ പേമാരിയായ്‌
ഹരിതം വിളമ്പുന്ന സസ്യവൃക്ഷാദികൾ
ഉരുമോദമുത്സാഹ ചിത്തരായി
ഏതോ ഓരോർമ്മയിൽ അകലേക്ക്‌ നോക്കി ഞാൻ
ഹൃദയം നുറുങ്ങുന്ന കാഴ്ച കണ്ടു
തോരാതെ പെയ്യുന്ന പേമാരി കണ്ടില്ല
കണ്ടതാം കാഴ്ചയിൽ കൺനിറഞ്ഞു
ശയ്യാവലംബനായ്‌ കീറത്തുണിത്തുണ്ടിൽ
വിറയാർന്നൊരാൾ വീണുകേണീടുന്നു
വീഴുന്ന വെള്ളം തുടച്ചുനീക്കീടുവാൻ
പാടുപെട്ടുഴലുന്ന സാധു വൃദ്ധൻ
അരികത്തണഞ്ഞു ഞാൻ എന്തു ചെയ്തീടും
ഈ പ്രാണന്റെ കാവലിന്നാരുമില്ല
ഒരുനോക്കു നോക്കിയെൻ മുഖദാവിലാ
സാധു ജന്മത്തിനവസാന കാഴ്ചകാണാൻ
ചുറ്റും തിരിഞ്ഞു ഞാൻ നോക്കിയാ നേരത്തും
കണ്ടില്ല ഞാനൊരു സഹജീവിയേം
സഹധർമ്മിണിയില്ല മക്കൾ മരുമക്കൾ
ആരുമേയില്ല ഈ പാവത്തിന്‌
ഞാനടുത്തെത്തിയ നേരത്ത്‌ പാവമെൻ
കൈപിടിച്ചെന്തിനോ കേണുപോയി
നീർച്ചാലു കണ്ണീന്നടർന്നുവീണെന്തി
നെന്നൊരുവാക്കു ചൊല്ലാതെ കണ്ണടച്ചു
ആരോരുമില്ലാതെ ജീവിക്കും പാവങ്ങൾക്ക്‌
ആരേലുമുണ്ടെങ്കിൽ വന്നു കാണു
തെരുവിന്റെ നൊമ്പരം കാണുവാനിവിടൊരു
മനുഷ്യ സ്നേഹത്തിന്റെ കൈകളുണ്ടൊ

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...