നടരാജഗുരു
ഞാനിതെഴുതുന്ന അവസരം-ആഗസ്റ്റ് അവസാനം-ശിശിര ഋതുവിനെ സൂചിപ്പിച്ചുകൊണ്ട് വീണ്ടും മൂടൽമഞ്ഞ് വീണിരിക്കുകയാണ്. മഞ്ഞുകാലത്തുമാത്രം വന്നെത്തുന്ന പക്ഷികളുടെ കളഗാനം ആകാശത്തെങ്ങും മുഴങ്ങിക്കേട്ടു കഴിഞ്ഞു!
നിങ്ങൾക്ക് അവിടെ മഴ നന്നെ കുറവാണെന്നും യുദ്ധം(കൊറിയ) നിമിത്തം ജീവിതവൈഷ്യമ്യങ്ങൾ വർദ്ധിച്ചിട്ടുണ്ടെന്നും ഞാൻ അറിയുന്നു. ഇങ്ങനെയെല്ലാമുള്ള പ്രതികൂലാവസ്ഥ ഒഴിഞ്ഞ ഒരു കാലം ഒരിക്കലും ഉണ്ടായിരുന്നിട്ടുമില്ല. മഹത്തായ വിഷസംഭവങ്ങൾ നമ്മെ വലയം ചെയ്തു നിൽക്കുമ്പോൾ എങ്ങോട്ട് പോകേണ്ടതെന്നറിയാതെ നാം എപ്പോഴും അമ്പരന്നുനിന്നുപോകുന്നു. മനുഷ്യനു അറിവുണ്ടായ കാലത്തോളം പിന്നോട്ടു പോയി നോക്കുക; സംഭ്രമജനകമോ അവ്യക്തമോ ആയ ഒരവസ്ഥയാണവിടെ ദൃശ്യമാകുന്നത്. ഓരോ ഋതുവിലും മാറി മാറി പൂക്കൾ വിരിയുകയും പക്ഷികൾ വന്നു പാടുകയും ചെയ്യുന്നുണ്ട്. എന്നാൽ മനുഷ്യജീവിതം മാത്രം ആന്തരികമായി നോക്കിയാൽ പ്രായേണ പഴയപടി നിൽക്കുന്നതായിട്ടാണ് കാണപ്പെടുന്നത്. സോക്രട്ടീസോ ക്രിസ്തുവോ ആധുനിക ലോകജീവിതത്തെ സന്ദർശിക്കുവാൻ നമ്മുടെ ഇടയിലേക്കൊന്നു വരികയാണെന്ന് വയ്ക്കുക. പുതിയ സമരായുധങ്ങളും വാർത്താ വിതരണ സമ്പ്രദായവുമൊഴിച്ച് മനുഷ്യന്റെ പരസ്പരധാരണയെ സംബന്ധിച്ചിടത്തോളം വലുതായ ഒരു പുരോഗതിയുമുണ്ടായിട്ടുള്ളതായി അവർക്ക് കാണുവാൻ ഉണ്ടായിരിക്കില്ല. ഇവിടെ ജീവിക്കുകയും മൺമറഞ്ഞുപോവുകയും ചെയ്ത തത്വജ്ഞാനികൾ നിരവധിയാണ്. എന്നാൽ മനുഷ്യരാശിയാകട്ടെ അതിന്റെ സ്വന്തം ബുദ്ധിയുടെ നേരിയ വെളിച്ചത്തിൽക്കൂടി പൊതുവായ ഏതോ നിഗോൂഢാവസ്ഥാന്തരത്തിലേക്കു അവ്യക്തമായ ഒരു സാർവത്രികതയിലേക്ക് പൊയ്ക്കൊണ്ടേ ഇരിക്കുന്നതായിട്ടാണ് തോന്നുക. നമ്മുടെ ഈ ക്ഷുദ്രമായ മർത്യജീവിതങ്ങൾ നാം ജീവിച്ചവസാനിപ്പിക്കുന്നത് ഏതൊന്നിന്റെ മഹാഗർഭത്തിലാണോ ആ സന്നിധാനത്തിന്റെ പേരിൽ ഞാൻ നിങ്ങൾക്ക് അഭിവാദനങ്ങൾ അർപ്പിച്ചുകൊള്ളുന്നു.
കഴിഞ്ഞയാണ്ടത്തെ മഞ്ഞുകാലമെല്ലാം ഞാൻ ശാന്തമായൊരിടത്തിരുന്നുകൊണ്ട് ഗുരുവിന്റെ വിവിധ കൃതികൾക്ക് എഴുതിത്തുടങ്ങിയിരുന്ന ഭാഷ്യങ്ങളെ സംബന്ധിച്ചു വേണ്ടുന്ന ഗവേഷണങ്ങളും പ്രാരംഭജോലികളും നടത്തുകയായിരുന്നു. ആധുനികമായ ആംഗല ഫ്രഞ്ചു ഭാഷകളിലേക്കു വിവർത്തനം ചെയ്യാനുള്ള ശ്രമത്തിൽ ഞാൻ ഗുരുവിന്റെ കൃതികളിലെ ഓരോ പദ്യശകലവും കടന്നുപോയപ്പോൾ എനിക്കുണ്ടായ മനോവികാരം ആശ്ചര്യഭൂതമായ ഒന്നുതന്നെയായിരുന്നു. ഗുരുവിന്റെ കവനാവലിയിലും പ്രധാനകൃതികളായ ആത്മോപദേശശതകം, ദർശനമാല എന്നിവയിലും പ്രാചീനവിജ്ഞാനത്തിന്റെ ഒരു തനി സുവർണ്ണഖനി, ഇതുവരെ അറിയപ്പെട്ടിട്ടുള്ള ഏത് ജ്ഞാനിക്കും കിടനിൽക്കുന്ന ഒരു വിനയാന്വിതമായ ജ്ഞാനി കരുതി സൂക്ഷിച്ചുവച്ചിരിക്കുന്നു എന്നുള്ള ഒരു ദൃഢബോധമായിരുന്നു അത്.
ചരിത്രകാലത്തേയും ചരിത്രത്തേയും പുതുക്കി വില നിർണ്ണയിച്ചും സംരക്ഷിച്ചും പ്രതിനിധാനം ചെയ്യുന്ന ശുദ്ധാത്മാക്കൾ മാനവവംശഗർഭത്തിൽ നിന്നു ഇപ്പോഴും ഉദയം ചെയ്തു കൊണ്ടിരിക്കുന്നുണ്ട്. ഇങ്ങനെ സ്വയം പ്രത്യക്ഷപ്പെടുന്ന ആ സുവർണ്ണലേഖകൾ യഥാർത്ഥത്തിൽ ചരിത്രഗതിയിൽ അടുക്കടുക്കായി വന്നുചേരുന്ന സംഭവപരമ്പരയിൽ ഉൾപ്പെട്ടു നിൽക്കുന്നവയേയല്ല. ഈ സുവർണ്ണജ്ഞാനലേഖകളുടെ ഉള്ളടക്കത്തെ ദൃഢമായി ധ്യാനിക്കുന്നവർ അതിൽ അധികമധികം ആകൃഷ്ടരായിത്തീരുന്നു. ദീപശിഖ കണ്ട് പറന്നെത്തുന്ന ശലഭത്തെപ്പോലെ അവർ അതിന്റെ അത്യന്തവശ്യമായ രസത്തിൽ മുഴുകിപോകുന്നു. ഒടുക്കം അതിന്റെ സർവ്വാഗ്രാഹിയായ ആലിംഗനത്തിൽ അവരെ അത് അമർത്തിക്കൊള്ളുന്നു... ഞാൻ അഭിമുഖീകരിക്കുന്ന കൃത്യത്തിന്റെ മഹത്വത്തെപ്പറ്റിയുള്ള ചിന്തയിൽ കൂടുതൽ കൂടുതൽ ആമഗ്നനായിത്തീർന്നിരിക്കുകയാണ്
ഗുരുവിന്റെ പേലവകോമളമായ തത്വജ്ഞാനകൃതികളിലെ ചില സമന്വയങ്ങളിലേക്ക് കടന്നു ഞാൻ നോക്കിയപ്പോൾ വിശദാംശങ്ങളൊന്നും വിടാതെയുള്ള അനാഢംബരസുന്ദരമായ ഒട്ടധികം കൈവേലകൾ ചേർത്തിരിക്കുന്നതായി ഞാനതിൽ കണ്ടു. എനിക്കു കിട്ടിയിട്ടുള്ള പ്രമാണികഗ്രന്ഥങ്ങളുടെ എല്ലാം പൈന്തുണ എനിക്കു ലഭിക്കുന്നുണ്ട്. ഏറ്റവും പുതിയ ചിന്താഗതിക്കാർക്കു ഇതു സ്വീകാര്യമായിരിക്കുന്നുമുണ്ട്
ഇപ്പോൾ ഞങ്ങൾക്കു ചുറ്റുപാടും താമസക്കാർ ഉണ്ട്. ഒരു പേരും ഉണ്ടായിട്ടുണ്ട്. ആദ്യം ഒരു സ്വതന്ത്രനായ ആദർശവാദിയുടെ സങ്കൽപം മാത്രമായിരുന്നല്ലോ അത്. എനിക്കിവിടെ ഒന്നാം തരം അന്നവസ്ത്രാദി ലഭിക്കുന്നുണ്ട്. എന്റെ പ്രവർത്തനം തുടർന്നു നടത്തുന്നതിനു എന്റെ അറിവിൽപ്പെട്ട ഉത്തമപ്രമാണഗ്രന്ഥങ്ങളെല്ലാമുള്
നമുക്ക് ആത്മീയസമുദായങ്ങളുണ്ടായിരിക്കണം
ഭാവിയിലെ മനുഷ്യന്റെ ആത്മസമർപ്പണവും ശ്രദ്ധയും ഇങ്ങനെയുള്ളതായിരിക്കണം. മനുഷ്യതാൽപര്യങ്ങളെ സംഹാരത്തിൽ നിന്നു രക്ഷിച്ച് കണ്ണിനു മുന്നിൽ പരന്നു കാണാവുന്ന പ്രകൃതിയുടേയും വിശ്വത്തിന്റെയും താൽപര്യവുമായി അനുരണനം ചെയ്യിക്കണം.
ഗുരുവിന്റെ ദർശനങ്ങൾ ഒരുവിധത്തിൽ രൂപം പ്രാപിച്ചുവരികയാണ്. എന്നാൽ പരസ്പരധാരണയുടെ ഭാവി അസ്പഷ്ടമാണ്.
അടുത്തവർഷം പാരീസിലേക്കു മടങ്ങുന്നതിനുമുമ്പ് സാധ്യമാകുമെങ്കിൽ അഥവാ ആവശ്യമെന്നു തോന്നുന്നപക്ഷം താൻ ഹെയിറ്റീയിലേക്കു പോകുന്നതാണ്. അതിനിടയിലുള്ള സമയമെല്ലാം ഞാനിപ്പോൾ ഏർപ്പെട്ടിരിക്കുന്ന കൃത്യനിർവഹണത്തിനു മാത്രം വിനിയോഗിക്കുവാനുദ്ദേശിക്കുകയാ
എല്ലാവർക്കും വന്ദനം.