വി.കെ.ഷറഫുദീൻ
മഞ്ഞുമൂടിയ ഗിരിനിരകളിലൂടെയുള്ള, കുണ്ടും കുഴിയും നിറഞ്ഞ വഴികളിലൂടെയുള്ള യാത്രയാണ് പാട്രിക് മൊഡിയാനോയുടെ സാഹിത്യജീവിതം. എഴുത്ത് ഒരിക്കലും അദ്ദേഹത്തിന് എളുപ്പമായിരുന്നില്ല. ഓരോ രചനയും ദുർഘടയാത്രയിലെ ഓരോ നാഴികക്കല്ലുകളാണെന്നു മാത്രം. ആത്മസംതൃപ്തി അടുത്തെത്തിയിട്ടു പോലുമില്ലെന്ന് ഈ വർഷത്തെ നൊബേൽ സാഹിത്യജേതാവ് പറയുന്നു. ഇനിയും ഏറെ എഴുതാനുണ്ട്. അത്രമേൽ അനുഭവങ്ങളുണ്ട്. വേദനിപ്പിക്കുന്നവ, മുറിവേൽപിക്കുന്നവ. ആഹ്ലാദിപ്പിക്കുന്ന, ആശ്വസിപ്പിക്കുന്ന ഓർമ്മകൾ ഇല്ലെന്നു തന്നെ പറയാം.
പാരീസിന് പുറത്ത് അത്ര അറിയപ്പെടുന്ന ആളല്ല പാട്രിക് മൊഡിയാനോ. 30 നോവലുകളും ബാലസാഹിത്യങ്ങളും തിരക്കഥകളുമായി വേറെ 10 ഗ്രന്ഥങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലു
"മനുഷ്യവിധിയുടെ ദുരൂഹതകളെ സ്മൃതികൾ എന്ന കലയിലൂടെ അവതരിപ്പിച്ച എഴുത്തുകാരൻ" എന്നാണ് നോബേൽ കമ്മിറ്റി ഈ 69 കാരനെ വിശേഷിപ്പിച്ചതു. പേടിപ്പെടുത്തുന്ന ചരിത്രയാഥാർത്ഥ്യങ്ങളുടെ സ്മൃതിഗാഥകൾ മൊഡിയാനോയുടെ തൂലികയിലൂടെ ഏക്കാളത്തേയും ദാർശനിക പ്രഹേളികകളായി മാറുന്നു എന്നതാണ് എടുത്തുപറയേണ്ടത്. അക്കാര്യത്തിൽ ഓർമ്മകളുടെ ഏക്കാളത്തേയും 'മാസ്റ്റർ ക്രാഫ്റ്റ്സ്മാൻ' മാർസൽ പ്രസ്റ്റിൻപോലും മൊഡിയാനോ മറികടക്കുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.
രണ്ടാം ലോകമഹായുദ്ധകാലത്തെ നാസി ക്രൂരതകളുടേയും ഫ്രാൻസിന് മേൽ ഹിറ്റ്ലർ നടത്തിയ അധിനിവേശത്തിന്റേയും തപ്തസ്മരണകളാണ് മൊഡിയാനോയുടെ രചനകളിലൂടെ ഒഴുകി പരക്കുന്നത്. ഒരുപക്ഷേ അദ്ദേഹത്തിന്റെ ഏക പ്രമേയം എന്ന് പറയാം. ഇറ്റലിയിൽ വേരുകളുള്ള ഒരു ജൂതന്റേയും, ബൽജിയം പശ്ചാത്തലമായ ഒരു നടിയുടേയും മകനായി രണ്ടാം ലോകമഹായുദ്ധം ഔപചാരികമായി അവസാനിച്ച 1945-ൽ പശ്ചിമ പാരീസിൽ ജനിച്ച മൊഡിയാനോയുടെ ബാല്യം 'ഹോളോകോസ്റ്റ്' പ്രേതങ്ങൾ നിറഞ്ഞതായിരുന്നു. പിതാവ് നാസി രഹസ്യപോലീസായ ഗെസ്റ്റപ്പോയുടെ ചാരണായിരുന്നുവേന്നും സ്വന്തം സമൂഹത്തെ വഞ്ചിച്ചവനാണെന്നുമുള്ള തിരിച്ചറിവ് കൗമാരത്തിൽ ആ പ്രതിഭാധനനിൽ അമർഷത്തിന്റേയും കുറ്റബോധത്തിന്റേയും വിത്തുകൾ പാകി. മാതാപിതാക്കളുടെ അകൽച്ചയും കുടുംബജീവിതത്തിലെ താളപിഴകളും അസ്വസ്ഥതകളെ ഊതി പെരുപ്പിച്ചു. ഓരോ സംഭവവും അതുമായി ബന്ധപ്പെട്ട ഓർമകളിലേക്ക് മൊഡിയാനോയെ തിരിച്ചു കൊണ്ടുപോയി. ഓരോന്നും ഓരോ രചനയായി പുറത്തുവന്നുകൊണ്ടിരുന്നു. മഞ്ഞനക്ഷത്രം പതിച്ച തിരിച്ചറിയൽ കാർഡ് കൊണ്ടുനടക്കുന്നതിൽ നിന്നും നാസികൾ ഒഴിവാക്കിയ വർഗവഞ്ചകനായ അച്ഛനും ജനലിലൂടെ ചാടി ജീവൻ ഒടുക്കിയ അമ്മയുമെല്ലാം മിക്ക രചനകളിലും പ്രത്യക്ഷപ്പെട്ടു.
ആദ്യ രചന 1968-ലാണ് പ്രസിദ്ധീകരിച്ചതു. 'എറ്റോയിൽ എന്ന പ്രദേശം' ഏറ്റവും പ്രസിദ്ധം 'കാണാതായ ആൾ' ബൃഹത് രചനകളല്ല, ശരാശരി 150-160 പേജുള്ള പുസ്തകങ്ങളാണ് പാട്രിക് മൊഡിയാനോയുടേത്. അവയിൽ 'ദ സർച്ച് വാറണ്ട്, 'ഡോറ ബ്രൂഡർ' 'ലിറ', ക്രോധത്തിന്റെ ശേഷിപ്പ്', 'മധുവിധു', 'ചക്രവാളം' എന്നിവ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.
ആത്മാവിന്റെ ഇരുണ്ട വശത്തിലേയ്ക്ക് എപ്പോഴും നോക്കിയ എഴുത്തുകാരനാണ് മൊഡിയാനോയെന്ന് ഫ്രഞ്ച് സാഹിത്യകാരൻ ക്ലെമൻസ് ബൗലോക് ചൂണ്ടിക്കാട്ടുന്നു. എന്നും ഭൂതകാലത്തിന്റെ വിളികേട്ട എഴുത്തുകാരൻ.
അര നൂറ്റാണ്ടുകാലത്തെ സർഗജീവിതത്തിൽ മൊഡിയാനോ എന്നും അന്തർമുഖനും ഏകാകിയുമായിരുന്നു. ചർച്ചാവേദികളിലും സർഗസംവാദങ്ങളിലും പ്രത്യക്ഷപ്പെടാറില്ല. പ്രസ്താവനകൾ ഇറക്കാറില്ല. തന്റെ കഥാപാത്രങ്ങളെപോലെ തന്നെ ഒരു പിടികിട്ടാപ്പുള്ളി. ദുരൂഹതയുള്ള വ്യക്തിയേയോ സന്ദർഭത്തേയോ വിശേഷിപ്പിക്കാൻ 'മൊഡിയാനസ്ക്' എന്ന ഒരു പദം തന്നെ അത് സൃഷ്ടിച്ചു. എഴുത്ത് സന്തോഷമോ സംതൃപ്തിയോ അല്ലെന്നും അതൊരു ഭാരമാണെന്നും തുറന്നു പറഞ്ഞു അദ്ദേഹം. ഇറക്കിവെക്കാനോ വലിച്ചെറിയാനോ ആവാത്തഭാരം. ഓരോ നോവൽ പൂർത്തിയാക്കുമ്പോഴും കരുതും തീർന്നെന്ന്. ചിലതെല്ലാം വിട്ടുപോയെന്ന് അപ്പോൾ തന്നെ ഓർമവരികയും ചെയ്യും. അതിനായി അടുത്ത സൃഷ്ടി-ജനിച്ച സ്ഥലവും കാലവും ഒരാളുടെ ജീവിതം തന്നെ നിർണയിക്കുമെന്ന് തനിക്ക് ബോദ്ധ്യപ്പെട്ടുവേന്നും അദ്ദേഹം സമ്മതിക്കുന്നു.
ജാപ്പാനീസ് നോവലിസ്റ്റ് ഹറുക്കി മുറകാമി, അമേരിക്കൻ സാഹിത്യകാരൻ ഫിലിപ്പ് റോത്ത് തുടങ്ങിയ അതികായന്മാരെ പുറന്തള്ളിയാണ് ഇത്തവണ സാഹിത്യ നൊബേൽ ഈ അജ്ഞാതനെ തേടിയെത്തിയത്.