21 Feb 2015

കാരുണ്യം നൽകുന്ന കരുത്ത്‌

ജോൺ മുഴുത്തേറ്റ്‌



ബാഹുലേയന്റെ ബാല്യം ദാരിദ്ര്യവും  രോഗങ്ങളും ദുരിതങ്ങളും നിറഞ്ഞതായിരുന്നു. മരണം തന്റെ മൂന്നുസഹോദരങ്ങളെയും കവർന്നു കൊണ്ടുപോയി. ഭീകരരോഗങ്ങളുടെ രൂപത്തിൽ മരണം ബാഹുലേയനേയും പിൻതുടർന്നു. മരണത്തോട്‌ മല്ലടിച്ചു. ഒടുവിൽ മരണം പിൻവാങ്ങി.
...വളരെ കഷ്ടതകൾ സഹിച്ചും. മറ്റുള്ളവരുടെ സാമ്പത്തിക സഹായത്താലും മദ്രാസ്‌ മെഡിക്കൽ കോളേജിൽ നിന്നും ബാഹുലേയൻ എം.ബി.ബി.എസ്സ്‌ പാസ്സായി. പഠനം പൂർത്തിയാക്കാൻ വേണ്ടി കല്യാണവും കഴിച്ചു. അദ്ദേഹം കേരളത്തിലെ ആദ്യ ന്യൂറോ സർജനായി. ഉപരിപഠനത്തിനായി ഇംഗ്ലണ്ടിൽ പോയി. തിരിയെ എത്തിയപ്പോൾ  നിർബന്ധിത സൈനിക സേവനത്തിന്‌ അദ്ദേഹം നിയോഗിക്കപ്പെട്ടു.
പട്ടാളസേവനം കഴിഞ്ഞു തിരിച്ചെത്തിയ അദ്ദേഹത്തിന്‌ മാന്യമായ ജോലി നൽകിയില്ല. ആരോടും യാചിക്കാൻ തയ്യാറല്ലാതിരുന്ന അദ്ദേഹം കാനഡയിലേക്ക്‌ പോയി. പിന്നീട്‌ അമേരിക്കയിലെത്തി. നാലു വർഷം അമേരിക്കയിൽ വീണ്ടും പഠനം, അമേരിക്കയിൽ അദ്ദേഹം പ്രഗൽഭനായ ന്യൂറോസർജനായി അറിയപ്പെടാൻ തുടങ്ങി. ധാരാളം പണം സമ്പാദിച്ചു. ക്രമേണ അദ്ദേഹം ഒരു കോടീശ്വരനായി മാറി. ബാല്യത്തിൽ അനുഭവിക്കേണ്ടി വന്ന ദാരിദ്ര്യത്തോട്‌ ഒരു പകരം വീട്ടലായിരുന്നു പിന്നീട്‌.
ആഡംബരം അദ്ദേഹത്തിന്‌ ഒരു ഹരമായി. അഞ്ചു മേഴ്സിഡസ്‌ കാറുകൾ, സ്വകാര്യ വിമാനം, മറ്റുരാജകീയ സൗകര്യങ്ങൾ! തികഞ്ഞ പ്രൗഢിയിലും ആഡംബരത്തിലും അദ്ദേഹം ജീവിതത്തിന്റെ ലഹരി നുകരുകയായിരുന്നു.
ഡോ. ബാഹുലേയനും ഭാര്യയും നാളുകൾക്ക്‌ ശേഷം നാട്ടിലെത്തി, ചെമ്മനാകരിയിൽ തന്റെ നാട്ടിലെ പാവങ്ങൾക്കായി എന്തെങ്കിലും ചെയ്യണമെന്ന്‌ അദ്ദേഹത്തിനു തോന്നി. ഭാര്യയും പ്രോത്സാഹിപ്പിച്ചു. ആദ്യം ഒരു ചെറിയ ക്ലിനിക്കാണ്‌ തുടങ്ങിയത്‌. പിന്നീട്‌ 250 കിടക്കകളും സാങ്കേതിക സൗകര്യങ്ങളുമുള്ള ഇൻഡോ-അമേരിക്കൻ ആശുപത്രി സ്ഥാപിച്ചു. പാവപ്പെട്ടവർക്ക്‌ ചുരുങ്ങിയ ചെലവിൽ അതിവിദഗ്ദ്ധ ചികിത്സ ലഭ്യമാക്കി.
1998-ൽ കുമാർ ബാഹുലേയൻ ചാരിറ്റബിൾ ഫൗണ്ടേഷൻ സ്ഥാപിച്ചു. 80 കോടിയോളം രൂപ ഫൗണ്ടേഷന്‌ കൈമാറി. പാവപ്പെട്ടവർക്കും സ്വന്തം നാടിനും  വേണ്ടി തന്റെ സമ്പാദ്യം നീക്കി വെച്ചു. അതിൽ സായൂജ്യം നേടി. തന്റെ ആഡംബര ജീവിതത്തെക്കാൾ എത്രയോ ആനന്ദകരവും അർത്ഥപൂർണ്ണവുമാണ്‌ സേവനത്തിന്റെയും കാരുണ്യത്തിന്റെയും പാത എന്നദ്ദേഹം തിരിച്ചറിഞ്ഞു.
അദ്ദേഹം സമ്പാദിച്ചതെല്ലാം മറ്റുള്ളവർക്കായി ത്യജിച്ചു. വിലയേറിയ  വിമാനവും വാഹനവ്യൂഹങ്ങളും വിറ്റു. വീടും സ്ഥലവും ആഡംബരവസ്തുക്കളും വിറ്റു. കിട്ടിയ പണമെല്ലാം ഫൗണ്ടേഷന്‌ നൽകി. ഒടുവിൽ താൻ സ്ഥാപിച്ച ഇൻഡോ-അമേരിക്കൻ ആശുപത്രിയുടെ മാനേജിംഗ്‌ ഡയറക്ടർ സ്ഥാനം ഉപേക്ഷിച്ചു. ആശുപത്രിഭരണം ഒരു സംഘം ഡോക്ടർമാരെ ഏൽപ്പിച്ചു.
ഒരുകാലത്ത്‌ വാശിയോടെ ആഡംബരത്തിന്റെ തീവ്രലഹരിയിൽ ജീവിച്ച ഡോ.ബാഹുലേയൻ ലളിതജീവിതത്തിന്റെ ശാന്തിയും ധന്യതയും അനുഭവിക്കാൻ തുടങ്ങി. അദ്ദേഹം മാംസാഹാരം ഉപേക്ഷിച്ചു. ആശുപത്രി കാന്റീനിൽ നിന്നും ലഭിക്കുന്ന വെജിറ്റേറിയൻ ആഹാരമാണ്‌ കഴിക്കുന്നത്‌. ആശുപത്രിയിലെ ഒരു ചെറിയ മുറിയിലാണ്‌ താമസം.
ഈ 83-​‍ാം വയസ്സിലും അദ്ദേഹം ഊർജ്ജസ്വലനും ഉത്സാഹഭരിതനുമാണ്‌. ഇപ്പോഴും അദ്ദേഹം അനേകം ശസ്ത്രക്രിയകൾ നിർവഹിക്കുന്നു. ജീവിതത്തിൽ വാശിയോടെ നേടിയതെല്ലാം അദ്ദേഹം നാടിനും നാട്ടാർക്കുമായി നൽകി. "നിഷ്ക്കാമകർമ്മമാണ്‌ ഞാൻ ചെയ്യുന്നത്‌ തിരിച്ച്‌ യാതൊന്നും ഞാൻ പ്രതീക്ഷിക്കുകയോ ആഗ്രഹിക്കുകയോ ചെയ്യുന്നില്ല" എന്ന്‌ അദ്ദേഹം പറയുമ്പോൾ ആ മുഖത്ത്‌ അവാച്യമായ ആനന്ദവും ആത്മസംതൃപ്തിയും അലയടിക്കുന്നതു കാണാം.
ഓസ്ട്രിയായിലെ ടെൽഫിൽ നിന്നുള്ള ബിസിനസ്സുകാരനായിരുന്നു കാൾ റബേദർ. 30 ലക്ഷം പൗണ്ട്‌ വരുന്ന തന്റെ മുഴുവൻ സമ്പത്തും ജീവകാരുണ്യപ്രവൃത്തികൾക്കായി വിനിയോഗിക്കുവാൻ അദ്ദേഹം തീരുമാനിച്ചു. അദ്ദേഹം ധാരാളം സമ്പത്തു സമ്പാദിച്ചിരുന്നു. ആഡംബരത്തിലും മോടിയിലും ജീവിച്ചു. പക്ഷേ ജീവിതത്തിൽ സന്തുഷ്ടിയും സംതൃപ്തിയും കണ്ടെത്താനായില്ല. ഇത്രയും നാൾ ആവശ്യമില്ലാത്തതും ആഗ്രഹമില്ലാത്തതുമായ കാര്യങ്ങൾക്കു വേണ്ടി അടിമയെപ്പോലെ ജോലിയെടുക്കുകയായിരുന്നു. ആഡംബരഭ്രമവും ഉപഭോഗതൃഷ്ണയും യഥാർത്ഥ സന്തോഷത്തെ തടയുമെന്ന്‌ അദ്ദേഹം തിരിച്ചറിഞ്ഞു. സമ്പത്ത്‌ മറ്റുള്ളവർക്കായി ചെലവിടുമ്പോഴാണ്‌ സന്തുഷ്ടിയും ധന്യതയും അനുഭവിക്കാൻ കഴിയുന്നത്‌.
ആൽപ്സിൽ 3455 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വില്ല തടാകസൗകര്യങ്ങളോടു കൂടിയതായിരുന്നു. ഇതിന്റെ മതിപ്പ്‌ വില 14 ലക്ഷം പൗണ്ടും പ്രോവിൻസിൽ 17 ഹെക്ടർ സ്ഥലവും അതിലെ ഫാം ഹൗസും സ്വന്തമായിരുന്നു. അവയെല്ലാം അദ്ദേഹം വിറ്റു. തന്റെ മനോഹരമായ ആഡംബരകാർ വിറ്റ വകയിൽ 44,000 പൗണ്ട്‌ കിട്ടി. ഈ പണമെല്ലാം അദ്ദേഹം ജീവകാരുണ്യപ്രവൃത്തികൾക്കായി നീക്കിവെച്ചു. തന്റെ സമ്പത്തു മുഴുവൻ ഇത്തരത്തിൽ ഫലപ്രദമായി ചെലവിടുമ്പോൾ ലഭിക്കുന്ന ആനന്ദവും ആത്മസുഖവും അവർണ്ണനീയമെന്ന്‌ അദ്ദേഹം വ്യക്തമാക്കുന്നു.
ലോകത്തിലെ സമ്പന്നരുടെ പട്ടികയിൽ എപ്പോഴും മുൻനിരയിൽ നിൽക്കുന്ന ബിൻഗേറ്റ്സ്‌ വാറൻബുഫറ്റ്‌, ആഡ്രൂ കാർണിജി, ജോൺ ഡി. റോക്ക്‌  ഫെല്ലർ തുടങ്ങിയവർ കാരുണ്യ പ്രവർത്തനങ്ങളുടെ മഹത്വം മനസിലാക്കിയവരാണ്‌.
മൈക്രോസോഫ്റ്റ്‌ മേധാവി ബിൽഗേറ്റ്സും ഭാര്യ മെലിന്റായും ചേർന്നു സ്ഥാപിച്ച 'ബിൽ ആന്റ്‌ ഗേറ്റ്​‍്സ്‌? ഫൗണ്ടേഷൻ ഇന്ന്‌ ലോകത്താകമാനം കാരുണ്യപ്രവർത്തനങ്ങൾക്കായി പണം ചെലവഴിക്കുന്നു തന്റെ വരുമാനത്തിന്റെ ഭൂരിഭാഗവും ഈ പ്രവർത്തനങ്ങൾക്കായി സംഭാവന നൽകുന്നു. ന്യുമോണിയ രോഗത്തിനു പരിഹാരം കണ്ടെത്തുവാനുള്ള ഒരു പ്രോജക്റ്റിന്‌ 1.3 മില്ല്യൻ ഡോളറാണ്‌ അവർ സംഭാവന നൽകിയത്‌. എയ്ഡ്സ്‌ നിർമ്മാർജ്ജന പരിപാടിയുടെ ഭാഗമായി അവർ ഇന്ത്യയിലെ ചേരിപ്രദേശങ്ങൾ സന്ദർശിക്കുകയുണ്ടായി.
വാറൻ ബുഫറ്റ്‌ തന്റെ സമ്പത്തിന്റെ 85 ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചെലവഴിക്കാൻ ഗേറ്റ്സ്‌ ഫൗണ്ടേഷനെ ഏൽപ്പിക്കുകയുണ്ടായി.
അമേരിക്കൻ സ്റ്റീൽ വ്യവസായിയും കോടീശ്വരനുമായ ആഡ്രൂകാർണിജി 1911-ൽ സ്ഥാപിച്ച 'കാർണിജി കോർപ്പറേഷൻ? അമേരിക്കയിലെ പുരാതനവും പ്രമുഖവുമായ സ്ഥാപനമായി മാറിക്കഴിഞ്ഞു. മനുഷ്യരുടെയിടയിൽ പരസ്പര ധാരണയും വിജ്ഞാനവും പ്രസരിപ്പിക്കുന്നതിനും മറ്റുജീവകാരുണ്യ പ്രവർത്തനങ്ങൾക്കുമായി ഈ സ്ഥാപനം ഏറെ പണം ചെലവഴിക്കുന്നു.
പ്രമുഖ വ്യവസായി ജോൺ റോക്ക്‌ ഫെല്ലറും അദ്ദേഹത്തിന്റെ പുത്രൻ ജോൺ ഡി.റോക്ക്‌ ഫെല്ലറും  (ജൂനിയർ) ചേർന്ന്‌ 1913-ൽ ആരംഭിച്ച റോക്ക്‌ ഫെല്ലർ ഫൗണ്ടേഷൻ ലോകമെമ്പാടും കാരുണ്യപ്രവർത്തനങ്ങൾ നടത്തുന്നു. കൂടാതെ യു.എൻ.ഓ യുടെ നേതൃത്വത്തിൽ ലോകമെമ്പാടും നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾക്ക്‌ ഫൗണ്ടേഷൻ വലിയ സാമ്പത്തിക സഹായവും ചെയ്യുന്നു.
'ദി ബോഡിഷോപ്പ്‌?എന്ന പ്രശസ്ത സ്ഥാപനത്തിന്റെ മേധാവിയും സമ്പന്നയുമായ ഡാമെ അനിതാ റോഡിക്‌ പണത്തിനു വേണ്ടിയുള്ള പരക്കംപാച്ചിൽ ഉപേക്ഷിച്ച്‌ ദാനശീലയായിതീരുകയാണുണ്ടായത്‌ എന്ന്‌ അവർ തന്നെ വെളിപ്പെടുത്തുകയുണ്ടായി. അതാണ്‌ അവർക്ക്‌ സന്തോഷവും സംതൃപ്തിയും നൽകുന്നത്‌.  അവർ വ്യക്തമാക്കുന്നു, "ഒരു പരിധികഴിഞ്ഞാൽ കമ്പനി ബാലൻസ്‌  ഷീറ്റുകൾ നിങ്ങൾക്ക്‌ സന്തോഷവും സംതൃപ്തിയും നൽകുകയില്ല ...... ഈ ലോകത്തിന്‌ വ്യത്യസ്തമായി എന്തുനൽകാം എന്നതിലാണ്‌ എനിക്ക്‌ താൽപര്യം."
ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ്‌ അംബാനിയും ഭാര്യ നിതയും ചേർന്നു സ്ഥാപിച്ച ധിരുഭായി അംബാനി ഫൗണ്ടേഷൻ?  കാരുണ്യപ്രവൃത്തികൾക്ക്‌ മുൻനിരയിൽ തന്നെയുണ്ട്‌.
ഇൻഫോസിസ്‌ ടെക്നോളജി സ്ഥാപകനും  മെന്ററുമായ നാരായണമൂർത്തിയും  ഇന്ത്യയിൽ ഇത്തരം പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകുന്നു. ആശുപത്രികൾ, അനാഥശാലകൾ, പുനരധിവാസ കേന്ദ്രങ്ങൾ, സ്കൂളുകൾ, ലൈബ്രറികൾ തുടങ്ങിയവ കേന്ദ്രീകരിച്ചാണ്‌ അവരുടെ പ്രവർത്തനങ്ങൾ. 'ദാനം ചെയ്യുമ്പോഴാണ്‌ പണത്തിന്‌ ശക്തിയും മൂല്യവുമുണ്ടാകുന്നത്‌?, എന്നാണ്‌ നാരയണമൂർത്തിയുടെ അഭിപ്രായം.
ഡോ. സാമുവൽ ജോൺസൺ  വ്യക്തമാക്കിയതു പോലെ , 'ഒരുമനുഷ്യന്റെ ബിസ്സിനസ്‌ എല്ലാം പണസമ്പാദനമല്ല.  ദയവളർത്തുക എന്നത്‌ ജീവിതത്തിലെ ബിസ്സിനസിന്റെ വിലയേറിയ ഭാഗമാണ്‌.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...