രാധാമണി പരമേശ്വരൻ
അദ്വൈതം
അദ്വൈതം മുഴങ്ങുന്ന കാലടി ഗ്രാമത്തിലെ
അദ്ധ്യാത്മപർണ്ണാശ്രമം തേടിയെൻ തീർത്ഥാടനം
ശങ്കരപ്രതിഭതൻ ദർശനപ്രഭാവമെൻ
നെഞ്ചിലെ ശംഖിനുള്ളിൽ തീർത്ഥമായ് നിറഞ്ഞെങ്കിൽ
ഗോവിന്ദം ഭജിക്കുവാനാഹ്വാനമരുളിയ
ആചാര്യമുറ്റത്തു ഞാൻഹരിശ്രീകുറിക്കട്ടെ.
ആ ദീപ്തനക്ഷത്രത്തിൻ ജ്യോതിതൻ പുണ്യത്തോടെ-
യാകണം എനിക്കെന്റെ ധന്യമാം വിദ്യാരംഭം
ഇന്നു ഞാൻ ആത്മാവിന്റെ നൈർമല്യം വിരിയിച്ച
മന്ദാരപുഷ്പം ഭവൾതൃക്കാൽക്കലർപ്പിക്കട്ടെ.
ഇതിലേവീശീടുന്ന കാറ്റെന്നിൽചാർത്തിക്കുന്നു
'സൗന്ദര്യലഹരിതൻ'സൗരഭ്യകളഭങ്ങൾ
ഇതിലേയൊഴുകുന്ന പെരിയാറെനിക്കുള്ളിൽ
ദിനവും 'ശിവാനന്ദ'ലഹരീതീർത്ഥാമൃതം
മനസ്സിൽ ധ്യാനത്തിന്റെ സാഗരം തുറന്നിട്ട
മഹത്താം വേദാന്തത്തിൻ ശാശ്വത ചൈതന്യമേ
ആ സന്നിധാനത്തിലെ ആയിരംവിളക്കിലെ
നാളമെൻ നാവിൽനിത്യം താരമായ് തെളിയേണെ.
എന്നിലേക്കാവാഹിച്ചു നിർത്തട്ടെ ഞാനെൻബ്രഹ്മ
നന്ദിനീസാരസ്വത സാക്ഷരസാക്ഷാൽക്കാരം
ഇന്നോളം ഞാനാർജ്ജിച്ച തോന്നുമേ എന്റേതല്ല
ഇന്നിപ്പോൾ അറിയുമ്പോൾ ദുഃഖമില്ലെനിക്കൊട്ടും
എന്റെയീ ഇല്ലായ്മതൻ ബോധമാണെനിക്കുള്ളിൽ
ഉന്നത സമ്പാദ്യത്തിൻ സാഗരം അലതല്ലി.
ഞാന്‍ ഭൂമിദേവി -- എന്നെ കൊല്ലരുതേ--
------
ഇമപൂട്ടി ഇനി ഞാനുറങ്ങീടട്ടെ
ഈ ശപ്തജീവന്‍റെ സന്തപ്തശയ്യയിൽ
നിദ്രാവിഹീന നിശകൾ ചമച്ചുള്ള
നിത്യദുഃഖങ്ങൾ ഇറക്കിവയ്ക്കട്ടെ ഞാൻ
.
മുക്തഹരിതനികുന്ജ്ജമാം ഭൂമി ഞാൻ
സർവചരാചര പെറ്റമ്മയാണ് ഞാൻ
ഹന്നകുംഭത്തിൽ നിറച്ചു ഞാനെന്നിലെ
ഭഗ്നദുഖത്തിന്‍റെ കണ്ണുനീർധാരകൾ
.
ആളിപ്പടർന്നീടുമാവേശമോടുള്ളിൽ
ആശിച്ചതാണു ഞാന്‍ അമ്മയായ്തീരുവാൻ
മാതൃകാദാഹമധുര സ്വപ്നങ്ങളാൽ
കോരിതരിച്ചിരുന്നെന്‍റെ മനോരഥം
.
നൊന്തുപ്രസവിച്ചതല്ലെയെൻ മക്കളെ
അമ്മിഞ്ഞയൂട്ടിയും താരാട്ട് പാടിയും
പേറ്റുനോവിൽ പിടഞ്ഞുള്ളോരാനാളുകൾ
മായ്ക്കാനശക്ത പരാശക്തി പോലുമേ
.
പൂവണിക്കാടിനെ മുത്തണിക്കുന്നിനെ
താഴത്തൊഴുകുന്ന പൂന്തേനരുവിയെ
മാനവരാശിയെ നെഞ്ചോടടുപ്പിച്ചു
ലാളിച്ചുപോറ്റി വളർത്തിയോളാണുഞാൻ
.
പുലരിക്കുദിക്കുന്ന ആദിത്യദേവന്‍റെ
പട്ടമഹിര്‍ഷി വസുന്ധരയാണു ഞാൻ
ജ്യോതിസ്വരൂപനാം ആ പിതാവേകിയ
ജീവൽക്കുരുന്നുകൾ നിങ്ങളെൻ മക്കളെ
.
കുന്നോളം സ്നേഹം പകർന്നു ഞാൻ മക്കൾക്ക്
നെഞ്ചിലെ ചോരയാൽ നൽകീ സുധാമൃതം
ഇടവേളയില്ലാതെ സ്നേഹം ചുരത്തിയോൾ
ഇടനെഞ്ച് പൊട്ടി തകര്‍ന്നു പോന്നീ ദിനം
.
വെട്ടിയരിഞ്ഞെന്‍റെ കൈകളും കാല്കളും
നിര്‍ഭയം നീചരാമെന്‍റെ പരമ്പര
ചെന്നിണം ചീറിത്തെറിച്ചെന്‍റെ മക്കള്‍തന്‍
കണ്ണിൽ പതിക്കുന്ന കാഴ്ചകാണുന്നു ഞാൻ
.
പിന്നെയും തൃപ്തി വരാതവരെന്നുടെ
കണ്ണുകൾ ചൂഴ്ന്നെടുത്തട്ടഹസിക്കയാൽ
ചോരയിൽ മുങ്ങികിടക്കുമീ അമ്മതൻ
ശോകത്തിലെത്ര സമൃദ്ധി കൊള്ളുന്നവർ
.
തീരാവ്യഥയുടെ പര്യായമാമെന്‍റെ
തോരാത്തോരശ്രുനീരൊപ്പുവാനാരിനി
നന്ദികേടിന്‍റെ മനുഷ്യ കോലങ്ങളോ
നൊന്തുപെറ്റുണ്ടായ സന്തതിയൊക്കെയും.
.
പേടിയാകുന്നെനിക്കിനെൻ പ്രപഞ്ചമേ
പേടിമനുഷ്യരെ മക്കളെ കാണുകിൽ
രക്തമിറ്റിച്ചു രസിക്കയാണിപ്പോഴും
തീരാത്തനൊമ്പരം പേറിമരിക്കും ഞാൻ
മൂഷിക വിഭ്രാന്തം----ഓട്ടന്‍തുള്ളല്‍
======================
നാരായണ ന:മ, നാരായണ ന:മ
നാമം ചൊല്ലാന്‍ തുണയരുളേണo
.
മധുവിധുരാത്രീ മധുരം നുകരാന്‍
മണിയറവാതിലടച്ചു പതിയേ
.
മഞ്ചലിനടിയില്‍ മാളo തീര്‍ത്ത്
മൂഷികരാജാവവിടെയൊളിച്ചു
.
മധുവിധുരാവിന്‍ മായിക ഭാവo
മനസ്സിനുള്ളില്‍ കാവടിയാടി
.
ഒച്ചയനക്കം കേള്‍പ്പിക്കാതവന്‍
തലയണമൂടി പൊത്തിലൊളിച്ചു
.
എന്താ സംഗതിയെന്നറിയാനായ്
തന്ത്രങ്ങളുടെ ഭാണ്ഡമഴിച്ചു
.
പ്രാണപരവശ പൂണ്ടിട്ടവാളോ
ഭാവം കണ്ടവനന്തം വിട്ടു,
.
വെണ്മയിലലിയും ശാന്തിമുഹൂര്‍ത്തം
പുളകിതയായ് മിഴികള്‍ ചൊടിച്ചു .
.
മധുവിധുരാത്രീ മധുരം നുകരാന്‍
മണിയറവാതിലടച്ചു പതിയേ
.
മൂഷികനവനോ വാലുച്ചുരിട്ടി
ലീലാലാസവ ലഹരിയിലാണ്ടു
.
കാണ്മതിന്തേ ചന്തം വിഭ്രാഭരിതം
മൂഷികനവനോ മോഹാലസ്യം
.
മായയിലായ മൂഷികനുടനേ
ഭാവനകോരി പള്ളനിറച്ചു
.
എന്താണവിടെ കാട്ടുകയെന്നൊരു
ശങ്ക മനസ്സാ തുള്ളിയുറഞ്ഞു
.
കാമന വിടരും കാഴ്ചകള്‍ കണ്ടു.
മൂഷികനവനുടെയുള്ളം തുളളി
.
പെണ്ണിന്‍ ചന്തം കണ്ടുരമിച്ചവന്‍
രോഷംപൂണ്ടു ശപിച്ചൂ തന്നുടല്‍
.
കോമളനവളുടെ ആഴകാം ഉടലില്‍
തരളിതമായ് വിരലോടിച്ചു
.
അംഗോപാംഗം പുളകിതയായവള്‍ -
ആശ്ലേഷത്താല്‍ തരളിതയായ്
.
മിഴികള്‍ രണ്ടും ചിമ്മിയടച്ചു
ചുരുളുകയായ് പുതുമണവാട്ടി
.
വേണ്ടാ മോനെ ഈ കാട്ടാളിത്തം.
കണ്ടു മടങ്ങാന്‍ കഴിയില്ലിനിയും
.
അയ്യോ ശിവ ശിവ എന്താണിനിയും
കത്തുന്നുണ്ട് കരളുവരേയും
.
എന്തോന്നവിടെ നടക്കുവതങ്ങനെ
ചിന്തയിലാണ്ടു മയങ്ങിപ്പോയ്
.
കണ്ണിലിരുട്ടായ്, കേട്ടു തേന്‍മൊഴി .
പൂത്തിരിവിരിയും മധുവിധുസ്വപ്നം
.
കണ്ടതു മുഴുവന്‍ ചൊല്ലിയലക്കാന്‍
കഴിയില്ലന്നൊരു വാസ്തവമരുളാo
.
നാരായണ ന;മ, നാരായണ ന:മ
നാമം ചൊല്ലാന്‍ തുണയരുളേണo