ഗുരുവിന്റെ പുതിയ മതം


എം.കെ.ഹരികുമാർ
    ശ്രീനാരായണ ഗുരു ഒരു തനി ഹിന്ദുവല്ല ;ഗുരു മറ്റൊരു വഴിക്കാണ്‌ നടന്നത്‌. നൂറ്റാണ്ടുകളായി നടന്നുവന്ന പരമ്പരാഗത ഹിന്ദുവിന്റെ വഴിത്താര വിട്ട്‌ ഗുരു വേറൊരു വഴി കണ്ടുപിടിച്ചു. അത്‌ നാം ഇനിയെങ്കിലും അന്വേഷിക്കേണ്ടതായുണ്ട്‌. ആ വഴിയിലൂടെ പോയ ഗുരു ഒരു തനി ഹിന്ദുസന്യാസിയല്ല, ഗുരുവിന്റെ ആശയങ്ങൾക്കും ദർശനങ്ങൾക്കും ഇണങ്ങുന്നവിധത്തിലുള്ള മറ്റൊരു ഗണത്തിൽപ്പെട്ട സന്യാസിയാണ്‌. ആ രീതിയിൽ ചിന്തിച്ചാൽ ഗുരുവിന്‌ ഒരു മതമുണ്ടെന്ന്‌ കാണാം. ഗുരു മതം സ്ഥാപിക്കണമെന്നോ മത പ്രവാചകനാണെന്നോ പറഞ്ഞിട്ടില്ലായിരിക്കാം. എന്നാൽ ഗുരുവിന്റെ കൃതികളിലൂടെ സഞ്ചരിച്ചാൽ സമ്പൂർണ്ണമായ ഒരു മതത്തിന്റെ ചിന്താപരമായ ഘടന കാണാൻ കഴിയും.
    ജീവിതത്തിന്റെ പ്രശ്നങ്ങൾക്ക്‌ എന്താണ്‌ കാരണമെന്ന്‌ മതപ്രവാചകന്മാർ ചിന്തിച്ചിട്ടുണ്ട്‌. അതിനുള്ള പരിഹാരവും അവർ നിർദ്ദേശിക്കും. പ്രപഞ്ചദർശനത്തിന്റെ ഭാഗമാണത്‌. അത്‌ പരസ്പരം ബന്ധിക്കപ്പെട്ട ചിന്തകളുടെയും പ്രമാണങ്ങളുടെയും സംഘാതമായിരിക്കും. അതിന്റെ കേന്ദ്രം മനുഷ്യനായിരിക്കും. എന്നാൽ ഗുരുവിന്റെ മതം മറ്റ്‌ മതങ്ങൾക്ക്‌ എതിരല്ല; മറ്റേതൊരു മതത്തിൽപ്പെട്ടവർക്കും ഗുരുമതത്തിൽ ഇടമുണ്ടെന്നതാണ്‌ വസ്തുത. ഏറ്റവും ശ്രദ്ധേയമായ വസ്തുത ഒരു ഹിന്ദുവിന്‌ തന്റെ ഹൈന്ദവ ആരാധനയും വഴക്കവും തുടരുമ്പോൾ തന്നെ ഗുരുവിന്റെ മതത്തിലും വിശ്വസിക്കാനാകും എന്നതാണ്‌ കാരണം. ഗുരുമതം എല്ലാമതങ്ങളിൽ നിന്നും വ്യത്യസ്തമാണ്‌. പൊതുവേ, മതങ്ങൾ അവയുടെ സ്വന്തം ദൈവത്തെയും ആരാധനരീതികളെയും മാത്രമേ അംഗീകരിക്കൂ. ഒരു കടുത്ത മതവിശ്വാസിക്ക്‌, അന്യമതത്തിന്റെ ദൈവത്തെ സ്വന്തം ആരാധനമൂർത്തിയായി കാണാൻ പ്രയാസമുണ്ട്‌. ദൈവസങ്കൽപവും വിശുദ്ധവചനങ്ങളും ആചാരങ്ങളും അതിന്‌ സമ്മതിക്കുകയില്ല. മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള ആലോചനയും പാപബോധത്തെപ്പറ്റിയുള്ള കൽപനകളും അതിനു എതിരു നിൽക്കുന്നു. അവിടെയാണ്‌ ഗുരുമതം വേറിട്ടുനിൽക്കുന്നത്‌. ഗുരുമതത്തിൽ ദൈവംതന്നെ മതവിമുക്തമായും പാരമ്പര്യമുക്തമായും നിലനിൽക്കുകയാണ്‌. ഗുരുവിന്റെ മതത്തെ കണ്ടുപിടിക്കുന്നത്‌ എങ്ങനെയെന്ന്‌ വിശദീകരിച്ചാൽ ഇത്‌ കുറേക്കൂടി ബോധ്യമാകും.

ഗുരുവിന്റെ ജാതി
    ഹിന്ദുവിന്റെ ജീവിതത്തിൽ ജാതി എന്നുമുണ്ടായിരുന്നു. ഓരോ ജാതിക്കും ഓരോ തൊഴിൽപോലും കൽപിക്കപ്പെട്ടിരിക്കുന്നു. താഴ്‌ന്ന ജാതിക്കാർക്ക്‌ ക്ഷേത്രങ്ങളിൽ പ്രവേശനമുണ്ടായിരുന്നില്ലല്ലോ, ജാതികൾ തമ്മിലുള്ള കല്യാണം പോലും അസാധ്യമാണല്ലോ.
    ഗുരുവിന്റെ ജാതിനിഷേധം, ഹിന്ദുവിന്റെ പരമ്പരാഗതമായ ജാതിശ്രേണിയെ തകർക്കുന്നതാണ്‌. പശുവിന്‌ പശുത്വം പോലെയാണ്‌ മനുഷ്യന്‌ മനുഷ്യത്വമെന്നും മനുഷ്യത്വമാണ്‌ ജാതിയെന്നും ഗുരുപറഞ്ഞു. ആ മനുഷ്യത്വത്തിന്റെ അടിസ്ഥാനം അനുകമ്പയായിരിക്കണം. അനുകമ്പയുള്ളവനാണ്‌ യഥാർത്ഥ മനുഷ്യനെന്ന്‌ ഗുരു പ്രസ്താവിച്ചു. അതുകൊണ്ട്‌ ജാതി അയുക്തികമായ തൊഴിൽ സങ്കൽപമല്ല; വ്യക്തിയുടെ ശ്രേഷ്ഠഗുണാധിഷ്ഠിതമായ കാഴ്ചപ്പാടാണ്‌.

മതം
    ഹിന്ദുവിന്‌ ചാതുർവർണ്യം ഒഴിവാക്കാൻ ബുദ്ധിമുട്ടായിരിക്കും. ഇപ്പോഴും ക്ഷേത്രങ്ങളിൽ പൂജ ചെയ്യാൻ ബ്രാഹ്മണർക്ക്‌ മാത്രമേ അധികാരമുള്ളൂ. വൈദികവൃത്തി ഉയർന്ന സമുദായത്തിന്‌ നീക്കിവച്ചിരിക്കുന്നു. പ്രധാന ക്ഷേത്രങ്ങളിൽ അഹിന്ദുക്കൾക്ക്‌ പ്രവേശനമില്ലല്ലോ. ഈ സവിശേഷത ഗുരു അംഗീകരിക്കുന്നില്ല. ഗുരുപ്രതിഷ്ഠിച്ച ക്ഷേത്രങ്ങളിൽ ആർക്കും പ്രവേശിക്കാം. അതിനാണ്‌ ഗുരു പ്രതിഷ്ഠ നടത്തിയത്‌. അതുകൊണ്ട്‌ ഗുരുവിന്റെ മതസങ്കൽപം പരമ്പരാഗത ഹിന്ദുത്വവീക്ഷണത്തിൽ അടിസ്ഥാനപ്പെടുത്തിയുള്ളതല്ല. അബ്രാഹ്മണരുടെ മതപ്രവേശനമാണ്‌ ഗുരു അർത്ഥമാക്കുന്നത്‌. മതത്തിന്റെ പരിരക്ഷയും പദവിയും ലഭിക്കാത്തവർക്ക്‌ ഗുരു അത്‌ പ്രദാനം ചെയ്തു.

ഗുരുവിന്റെ ദൈവം
    പ്രത്യേക ജാതിയോടോ, മതത്തോടോ ആഭിമുഖ്യം കാണിക്കാത്ത ശുദ്ധദൈവമാണ്‌ ഗുരുവിന്റേത്‌. അതായത്‌, ആ ദൈവം ആരെയും വധിക്കുകയോ ഹിംസിക്കുകയോ ചെയ്യില്ല. ഒന്നിനെയും നിഗ്രഹിക്കാതെ, നമ്മുടെയുള്ളിലുള്ള കഴിവ്‌ വളർത്തിക്കൊണ്ടുവരുന്ന ദൈവമാണത്‌. അനുകമ്പയുടെ ദൈവം സൃഷ്ടിക്കുന്നതിനാണ്‌ ഗുരു പ്രാമുഖ്യം കൊടുക്കുന്നത്‌.
ഗുരു പറയുന്നു:
നീയല്ലോ സൃഷ്ടിയും സ്രഷ്ടാ
വായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ, സൃഷ്ടി-
ക്കുള്ള സാമഗ്രിയായതും
ശത്രുവിനെ നിഗ്രഹിക്കണമെന്നോ പാപിയെ നിർമ്മാർജനം ചെയ്യണമെന്നോ ഗുരു ദൈവത്തോട്‌ പ്രാർത്ഥിക്കുന്നില്ല. ഇത്‌ ഗുരു വഴി മാറുന്നതിന്റെ തെളിവാണ്‌. അനുകമ്പയുള്ള ദൈവങ്ങൾ ആരൊക്കെയാണെന്ന ചോദ്യം ഉയർത്തുന്നത്‌ 'അനുകമ്പാദശക'ത്തിൽ വായിക്കാം.

ദൈവത്തെ നിർമ്മിക്കുന്നു
    ഒരാൾ തന്റെ ദൈവത്തെ ഉള്ളിൽ വളർത്തിക്കൊണ്ടുവരണമെന്ന ഒരാഹ്വാനം ഗുരുകൃതികൾ സൂക്ഷ്മമായി വായിച്ചാൽ ലഭിക്കും. അരുവിപ്പുറത്തെ ദൈവം അബ്രാഹ്മണന്റെ സ്വന്തം ആവശ്യത്തിനു സൃഷ്ടിച്ചതാണ്‌. നാം സൃഷ്ടിയാണ്‌. ദൈവം സൃഷ്ടിയാണെന്ന്‌ 'ദൈവദശക'ത്തിൽ പറഞ്ഞു. ദൈവത്തിന്റെ സൃഷ്ടിയായ നമ്മൾ ദൈവമാണെന്ന്‌ സാരം. ദൈവമായ നമ്മൾ അത്‌ കണ്ടുപിടിക്കണമെങ്കിൽ ഉള്ളിലേക്ക്‌ നോക്കണം. ഏറ്റവും ആന്തരികമായ ആ ഉൾത്തലം, പക്ഷേ എല്ലാവർക്കും അനുഭവവേദ്യമാകണമെന്നില്ല. അതിനായി പ്രയത്നിക്കണം. ആ ദൈവം ശുദ്ധമാണ്‌. അഹിംസാവാദിയാണ്‌, നല്ലതുമാത്രമാണ്‌ ചെയ്യുന്നത്‌. ജാതി, മത വിവേചനമില്ല. വീടും വിദ്യാലയവും ക്ഷേത്രമാണെന്ന്‌ കരുതണമെന്ന്‌ പറഞ്ഞ ഗുരു, വ്യക്തിയിലാണ്‌ ക്ഷേത്രമുള്ളതെന്നും അറിയിച്ചിട്ടുണ്ട്‌. വ്യക്തിയിൽ ക്ഷേത്രമുണ്ടെങ്കിൽ, അതിലെ ദൈവം അവനനവൻ തന്നെയാണ്‌. സ്വയം മലിനപ്പെടുത്തിയിട്ട്‌, ദൈവത്തെ പഴിച്ചിട്ട്‌ കാര്യമുണ്ടോ?
    ഗുരുമതത്തിന്റെ അടിസ്ഥാന ചിന്തയെ ഇങ്ങനെ ക്രോഡീകരിക്കാം. അതായത്‌ അറിവില്ലായ്മയാണ്‌ സകല ദുഃഖത്തിനും കാരണം. നാലു കാരണങ്ങൾ കൊണ്ട്‌ അറിവില്ലായ്മയുണ്ടാകുന്നു.
ഒന്ന്‌: അനാത്മജ്ഞാനം
മനുഷ്യരെ പലതട്ടുകളായും, പ്രാണികളെ ഹിംസിക്കാനുള്ള ജീവികളായും കാണുന്നത്‌ നമ്മുടെ അറിവിനെ നശിപ്പിക്കുന്നു.
രണ്ട്‌: അനുകമ്പയുടെ അഭാവം
അനുകമ്പയില്ലെങ്കിൽ വ്യക്തിക്ക്‌ ഏത്‌ വലിയ പദവി ലഭിച്ചിട്ടും കാര്യമില്ല. അനുകമ്പയിലൂടെ നാം അസ്തിത്വത്തിന്റെ മഹത്വം മനസിലാക്കുന്നു. അനുകമ്പയില്ലാത്ത വ്യക്തി അശുദ്ധനാണ്‌.
മൂന്ന്‌: ധർമ്മച്യുതി
ശ്രീനാരായണ ധർമ്മം എന്ന ആശയം തന്നെ ഗുരു പ്രചരിപ്പിച്ചിട്ടുണ്ടല്ലോ. ജീവിതത്തിൽ നാം ഏത്‌ തൊഴിൽ ചെയ്താലും പദവി അലങ്കരിച്ചാലും അതിന്റെ ശരിയായ ധർമ്മം പാലിക്കണം. അഴിമതിയോ സ്വജനപക്ഷപാതമോ കാണിക്കരുത്‌. അതെല്ലാം അശുദ്ധികളാണ്‌. നല്ല ഭാര്യ രാവിലെ ഉറക്കമുണർന്ന്‌ എഴുന്നേൽക്കുമ്പോൾ, ഭർത്താവിനെ തൊഴുത്‌ വണങ്ങുകയാണെങ്കിൽ അവൾ പുറത്ത്‌ വന്ന്‌ മഴ പെയ്യൂ എന്ന്‌ പറഞ്ഞാൽ മഴ പെയ്യുമെന്ന്‌ ഗുരു പറഞ്ഞതിൽ ഈ ധർമ്മമഹിമയാണുള്ളത്‌.
നാല്‌: ദൈവത്തെക്കുറിച്ചുള്ള അജ്ഞത
ദൈവത്തെപ്പറ്റിയാണ്‌ ഗുരു കൂടുതൽ എഴുതിയിട്ടുള്ളത്‌. എല്ലാ കൃതികളിലും ദൈവചിന്തയുണ്ട്‌. ദൈവത്തെ മറക്കുന്നവൻ അധഃപതിച്ചവനാകുകയേയുള്ളൂ. ഈ ദൈവം എന്താണെന്ന്‌ നേരത്തെ പറഞ്ഞിട്ടുള്ളതാണ്‌. ഈശ്വരവിശ്വാസമില്ലാത്തവനുപോലും ഗുരുവിന്റെ ദൈവസങ്കൽപത്തോട്‌ യോജിക്കാനാവും. സാംസ്കാരികമായി ഉയരുകയും സഹിഷ്ണുതയും ദയയും വലിയ ജീവിതചര്യകളാക്കി മാറ്റുകയും ചെയ്യുമ്പോൾ മനുഷ്യൻ ദൈവമായി മാറുന്നു.
ഇതിനു പരിഹാരമായി ഗുരു കൃതികളിൽ നിന്ന്‌ തിരഞ്ഞെടുക്കാവുന്ന എട്ട്‌ മാർഗങ്ങൾ ഇവിടെ അവതരിപ്പിക്കുന്നു.
1. ദൈവനിർമ്മാണം:
ഓരോരുത്തരും അവരുടെ വ്യക്തിമഹത്വത്തിലൂടെ പ്രകൃതിക്ക്‌ ഇണങ്ങുന്ന തരത്തിൽ ദൈവികമായ ഉയർച്ച നേടണം. നിരന്തരപ്രക്രിയയാണിത്‌. തിന്മകളെ മാറ്റി നന്മകളെ നിരന്തരം നിർമ്മിക്കുക. അഹിംസയിൽ നിന്ന്‌ ദൈവത്തെ നേടുക.
2. അനുകമ്പ
പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളോടുമുള്ള അനുകമ്പ.
3. ലോകത്തെ ആരാധനാരൂപമാക്കുക. ലോകം മനുഷ്യർക്ക്‌ നല്ല ഭാവനയ്ക്കുള്ള ഇടമാണ്‌.എല്ലാറ്റിലും നിന്ദിക്കാനായി ഒന്നും കാണാത്ത അവസ്ഥ കണ്ടുപിടിക്കുക.
4. വ്യക്തി മതാതീതനും ക്ഷേത്രവുമാകുക.
ഒരു വ്യക്തി സ്വയം ക്ഷേത്രമാകണം.അവനെ മറ്റുള്ളവർ പൂജിക്കുന്ന നിലയിലെത്തണം.
5. പാപങ്ങളിൽ നിന്നുള്ള മോചനം.
എല്ലാ പാപങ്ങളും വ്യക്തിയെ നശിപ്പിക്കുന്നു. ദൈവത്തെ അന്വേഷിക്കുന്നതിന്റെ ആദ്യപടി പാപത്തെക്കുറിച്ചുള്ള അറിവാകുന്നു.
6. പഞ്ചശുദ്ധി
എല്ലാ ഇന്ദ്രിയങ്ങളും ശുദ്ധമാക്കി വയ്ക്കുക.
7. ധർമ്മശക്തി
ധർമ്മം ക്ഷയിക്കാതിരിക്കാൻ എപ്പോഴും പ്രയത്നിച്ചു കൊണ്ടിരിക്കുക.ഗുരുവിനെ ലഭിച്ചാൽ പിന്നെ ധർമ്മം ക്ഷയിക്കുകയില്ല.
8. ജ്ഞാനശക്തി
പ്രപഞ്ചസാരത്തെപ്പറ്റിയുള്ള ആലോചന നമ്മെ ഉയർന്ന  ജീവിതത്തെപ്പറ്റി, അപര ലോകത്തെപ്പറ്റി അറിവുള്ളവനാകുന്നു. ദൈവ നിർമ്മാണത്തിന്റെ അവസാനഘട്ടമാണിത്.
    ഗുരുവിന്‌ ഒരു മതം ആവശ്യമില്ലെന്ന്‌ പറയുന്നവരുണ്ടാകാം. എന്നാൽ ഇത്‌ ഗുരുവിനു വേണ്ടിയല്ല; ആശയങ്ങളുടെ സ്വാഭാവികമായ പരിണതിയാണ്‌. പ്രാപഞ്ചികമായ ആശയങ്ങൾ സ്വമേധയാ ഒരു വിസ്ഫോടനത്തിനു തയ്യാറെടുക്കുന്നു. അത്‌ തടയാൻ മനുഷ്യശക്തിക്ക്‌ കഴിയില്ല.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?