നീര - കേരകർഷകന്റെ രക്ഷക്ക്‌പി. പ്രദീപ്കുമാർ
ചെയർമാൻ, കോഴിക്കോട്‌ നാളികേര ഉത്പാദക കമ്പനി

കേരളത്തിലെ നാളികേര കർഷകർ കഴിഞ്ഞ കുറെ വർഷങ്ങളായി അനുഭവിച്ചുകൊണ്ടിരുന്ന ദുരിതങ്ങളിൽ നിന്നും പ്രതിസന്ധികളിൽ നിന്നും സാവധാനത്തിലെങ്കിലും മോചിക്കപ്പെടുകയാണ്‌. ഒരു കാലത്ത്‌ തെങ്ങിന്റെയും നാളികേരത്തിന്റെയും മുറ്റത്ത്‌ കൂട്ടിയിട്ട വയ്ക്കോൽ കൂനയുടെയുമൊക്കെ കണക്കിൽ അഭിമാനിച്ചിരുന്ന കേരളത്തിലെ കർഷകൻ എല്ലാം നഷ്ടപ്പെട്ടവനായി ദുരിതക്കയത്തിൽ മുങ്ങി മറിയുന്ന ഒരവസ്ഥയാണ്‌ കഴിഞ്ഞ കുറച്ചു കാലമായി നാം കാണുന്നത്‌. കർഷകന്റെ തകർച്ച നാടിന്റെ സാമ്പത്തിക സ്ഥിതിയെ മാത്രമല്ല ബാധിച്ചിരുന്നത്‌. മറ്റെല്ലാ മേഖലകളിലും അതിന്റെ സ്വാധീനം കാണുന്നുണ്ട്‌.
ഭക്ഷണ സാധനങ്ങൾക്കായി നെടുവീർപ്പോടെ മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന ദു:ഖിതനും, നിരാശനുമായ മലയാളിയുടെ ചിത്രം നമ്മുടെ  മനസ്സിൽ നിന്ന്‌ മായാൻ സമയമായിട്ടില്ല. ആയിരം തേങ്ങക്ക്‌ ഒരു പവൻ സ്വർണ്ണമെന്ന ഒരു വില നിലവാരം നാട്ടിലുണ്ടായിരുന്നത്‌ തകർന്ന്‌ പതിനായിരം തേങ്ങക്ക്‌ പോലും ഒരു പവൻ ലഭിക്കാത്ത അവസ്ഥ നാം കാണുന്നു.  ഇതൊക്കെ കൊണ്ടു കൂടിയാണ്‌ പുതിയ തലമുറ കാർഷിക രംഗത്തുനിന്ന്‌ വിട്ടകന്നതും  മറ്റു മേഖലകൾ തേടിപ്പോയതും വൻകിടക്കാരുടെ  ചൂഷണങ്ങൾക്ക്‌ വിധേയമാവേണ്ടി വന്നതും.         അങ്ങനെ എല്ലാം നഷ്ടപ്പെട്ടവനായി നിൽക്കുന്ന നാളികേരകർഷകന്റെ മുന്നിലേക്കാണ്‌ നീരയെന്ന ശബ്ദം വന്നുപെട്ടത്‌. തെങ്ങിൽ നിന്ന്‌ തേങ്ങ മാത്രമാണ്‌ ജീവിക്കാനുള്ള വരുമാനമായി കിട്ടുക എന്നതായിരുന്നു കേരകർഷകന്റെ ധാരണ. അതുതന്നെ കൊപ്രയാക്കി ആരൊക്കെയോ സ്വന്തം കാര്യങ്ങൾക്കു വേണ്ടി തീരുമാനിച്ചുണ്ടാക്കുന്ന വിലയ്ക്ക്‌ വിൽക്കേണ്ടിയും വന്നു. ഞാനിതൊക്കെ അനുഭവിക്കേണ്ടവനാണ്‌ എന്ന ധാരണയാൽ കർഷകൻ അത്‌ സഹിച്ചു ജീവിക്കുകയായിരുന്നു. അപ്പോഴാണ്‌ തെങ്ങിൽ നിന്ന്‌ നാളികേരം മാത്രമല്ല ജീവിതം ഏറ്റവും സുന്ദരമായ രീതിയിലേക്ക്‌ ഉയർത്താനുതകുന്ന രീതിയിൽ സാമ്പത്തിക ഭദ്രത നേടിത്തരുന്ന പലതും കിട്ടാനുണ്ടെന്ന അറിവ്‌ നാളികേര കർഷകന്‌ ലഭിക്കുന്നത്‌. അവിടെ നിന്നാണ്‌ കർഷകൻ മൂല്യ വർദ്ധിത വസ്തുക്കളെ തിരിച്ചറിഞ്ഞു തുടങ്ങുന്നത്‌. തേങ്ങയിൽ നിന്ന്‌ വലിയ സാമ്പത്തിക നേട്ടം കിട്ടുന്ന വസ്തുക്കൾ ഉണ്ടാക്കാമെന്നു മാത്രമല്ല തെങ്ങിന്റെ എല്ലാ ഭാഗങ്ങളും അതുപോലെ ഉപയോഗിക്കാമെന്ന്‌ മനസ്സിലാക്കുകയും ചെയ്ത കർഷകൻ അതിനെപ്പറ്റി അറിയാൻ തിടുക്കം കാട്ടുന്നതാണ്‌ നാം കണ്ടത്‌.
നാളികേര വികസന ബോർഡ്‌ മുന്നോട്ടു വെച്ച എല്ലാ ആശയങ്ങളും നിർദ്ദേശങ്ങളും രക്ഷപ്പെടാനുള്ള അവസാനത്തെ കച്ചിത്തുരുമ്പ്‌ എന്ന നിലയിൽ കേരളത്തിലെ നാളികേര കർഷകൻ ചാടിപ്പിടിക്കുകയും തന്റെ സ്വന്തമാക്കി മാറ്റുകയും ചെയ്ത അത്യത്ഭുതമായ കാഴ്ചകൾ കേരളം കണ്ടു കൊണ്ടിരിക്കുകയാണ്‌. ഇക്കാര്യത്തിൽ നാളികേര വികസന ബോർഡിനെയും അതിന്റെ അമരക്കാരനായ ജോസ്‌ സാറിനേയും അഭിനന്ദിക്കാതെ വയ്യ. കേര കർഷക സമൂഹം അത്‌ കടപ്പാടോടെ ഓർക്കുക തന്നെ ചെയ്യും.
ഇന്ന്‌ കേരളത്തിൽ നീര ഉത്പാദനം ആരംഭിച്ചിരിക്കുകയാണ്‌. ഇതൊന്നും നടക്കില്ല എന്ന്‌ വളരെ സംശയത്തോടെ നോക്കിയിരുന്ന കർഷകർ പോലും മെല്ലെ മെല്ലെ മുഖ്യ ധാരയിലേക്ക്‌ വന്നു കൊണ്ടിരിക്കുകയാണ്‌. കേരളത്തിലെ നാളികേര ഉത്പാദക സംഘങ്ങളും സംഘങ്ങൾ ചേർന്നുണ്ടായ ഫെഡറേഷനുകളും ഫെഡറേഷനുകൾ ചേർന്ന്‌ രൂപം കൊടുത്ത കമ്പനികളും നീര ഉത്പാദനത്തിന്‌ ഒറ്റക്കെട്ടായി ഇറങ്ങിയ കാഴ്ച വളരെ സന്തോഷകരം തന്നെയാണ്‌. നീര ഉത്പാദനത്തിന്‌ തെങ്ങുകൾ കൊടുക്കാൻ കർഷകർ വളരെ സന്നദ്ധനായിരിക്കുകയാണ്‌.
എക്സൈസ്‌ വകുപ്പ്‌ തെങ്ങിന്റെ എണ്ണം പരിമിതപ്പെടുത്തിയതിൽ കർഷകർ ദു:ഖിതരും രോഷാകുലരുമാണ്‌. വരും കാലങ്ങളിൽ കൂടുതൽ തെങ്ങിൽ നിന്ന്‌ നീരയുത്പാദിപ്പിക്കാൻ കഴിയും എന്ന പ്രതീക്ഷയിലാണ്‌ കേരകർഷകൻ. കമ്പനികൾ സജീവമായി നീര ഉത്പാദനം തുടങ്ങി വിപണനം ആരംഭിക്കുന്നതോടെ കേരളത്തിലെ നാളികേര മേഖലയിൽ വലിയ മാറ്റം തന്നെ ഉണ്ടാകും. എഴുതി തള്ളപ്പെട്ടവനാണ്‌ താനെന്ന കർഷകന്റെ ചിന്ത മാറുകയാണ്‌. സമൂഹത്തിലെ പ്രമാണിയായി കർഷകൻ പ്രത്യേകിച്ച്‌ കേരകർഷകൻ തിരിച്ചു വരുന്നകാലം വിദൂരതയിലല്ല. നീര കേര കർഷകന്റെ രക്ഷക്കുള്ള ശബ്ദമായി മാറുകയാണ്‌.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?