21 Feb 2015

തെങ്ങ്‌ എനിക്ക്‌ കൗമാര കൗതുകം




സി.രാധാകൃഷ്ണൻ


നമ്മുടെ നാട്ടിൽ കൃഷിക്കുള്ള ഏറ്റവും വലിയ ബുദ്ധിമുട്ട്‌ കാർഷികോത്പ്പങ്ങ്ങ്ങളുടെ വിലനിലവാരത്തിലെ അസ്ഥരതയാണ്‌. ഇന്നു വിലയുള്ള കാർഷിക ഉത്പ്പന്നം നാളെ വിലയില്ലാത്തത്തായി മാറുന്നു. കൃഷിക്കാരന്‌ വിശ്വസിച്ച്‌ ഒരു വിളയും കൃഷി ഇറക്കാനാവാത്ത അവസ്ഥ. നെല്ലു കൃഷി ചെയ്യുന്ന സ്ഥലത്ത്‌ കുറെക്കൂടി ലാഭകരമായി കപ്പ കൃഷി ചെയ്യാം. അടുത്ത വർഷം വേണമെങ്കിൽ നെല്ലിലേയ്ക്കു പോവുകയും ആവാം. ഇത്തരത്തിൽ വിപണിയിലെ വില മാറുന്നതനുസരിച്ച്‌ നമുക്ക്‌ മാറി മാറി ചെയ്യാവുന്ന വാർഷിക വിളകൾ ഉണ്ട്‌. അങ്ങനെ മാറി ചെയ്യാനാവാത്ത കൃഷികളും ഉണ്ട്‌. അതിൽ ഒന്നാണ്‌ തെങ്ങ്‌. ഒരു തെങ്ങ്‌ നട്ടാൽ അതിൽ കായ്ഫലം ഉണ്ടാവാൻ ശരാശരി അഞ്ചു വർഷം എങ്കിലും എടുക്കും.അതായത്‌ ഇപ്പോൾ ഞാൻ എന്റെ സകല സമ്പാദ്യങ്ങളും മുടക്കി നൂറു മൂട്‌ തെങ്ങു നടുന്നു എന്നിരിക്കട്ടെ. അഞ്ചു വർഷം കഴിഞ്ഞുള്ള അതിന്റെ ഉത്പ്പന്ന വിലയാണ്‌ ഇപ്പോൾ എന്റയുള്ളിൽ ഉള്ളത്‌. ഈ അഞ്ചു വർഷം കഴിഞ്ഞ്‌ ലഭിക്കുന്ന ഉത്പ്പന്ന വില എന്റെ അധ്വാനത്തിനോ മൂലധന നിക്ഷേപത്തിനോ ഒന്നും പരിഹാരമല്ലാത്ത ഒരു അവസ്ഥയിൽ താഴ്‌ന്നു പോവുകയാണെങ്കിൽ എനിക്ക്‌ അതിനെ വെട്ടി മാറ്റാൻ പോലും സാധിക്കില്ല. പരിചരിക്കാൻ ഒട്ടും കഴിയില്ല. അപ്പോൾ അതിന്റെ വരുമാനം കുറയും, അതിനെ സംരക്ഷിക്കാനുള്ള എന്റെ ശേഷി കുറയും എന്റെ ജീവിത മാർഗ്ഗം അടയും ചിലപ്പോൾ ഞാൻ ആത്മഹത്യക്കു വരെ ഒരുങ്ങി എന്നു വരും. ഇങ്ങനെ ദീർഘ കാല അടിസ്ഥാനത്തിൽ വരുമാനം  തരുന്ന എല്ലാ വിളകളും കേരളത്തിലെ കർഷകർക്ക്‌ കഴിഞ്ഞ കാലങ്ങളിലെല്ലാം ബുദ്ധിമുട്ടേ ഉണ്ടാക്കിയിട്ടുള്ളു. ഒരു കാലത്ത്‌ റബർ ആയിരുന്നു കേരളത്തിലെ ഏറ്റവും ലാഭകരമായ കൃഷി. കുറച്ചു കഴിഞ്ഞപ്പോൾ അതിന്റെ വിലയിൽ വലിയ ഇടിവ്‌ സംഭവിച്ചിരിക്കുകയാണ്‌. ഈ വിലയിടിവ്‌ അതിനെ വിശ്വാസയോഗ്യമായ ഒരു കൃഷി അല്ലാതാക്കി മാറ്റിയിരിക്കുന്നു.  തെങ്ങ്‌ അതുപോലെ തന്നെയാണ്‌. ഒരിടയ്ക്ക്‌  കൊക്കോ നമ്മുടെ നാട്ടിൽ വ്യാപകമായും ലാഭകരമായും  കൃഷി ചെയ്തിരുന്നു. അതും  രണ്ടോ മൂന്നോ വർഷം കൊണ്ട്‌ ഫലം തരുന്ന വിളയാണ്‌. പക്ഷെ ആവശ്യക്കാരൻ ആ രോ ആയിരുന്നതുകൊണ്ട്‌ അയാൾ വില നിയന്ത്രിക്കാൻ തുടങ്ങിയതോടെ അതിന്റെയും വില ഇടഞ്ഞു നിലം പൊത്തി.   കൊംഗോവിലും ഘാനയിലും ഒക്കെ ഉണ്ടായതുപോലെ ഇതെല്ലാം നമ്മുടെ നാടിന്റെ കാർഷികമായ സാമ്പത്തിക ഭദ്രത തന്നെ തകരുന്ന ഒരു അവസ്ഥയിലെത്തി. ഇപ്പോൾ അതിൽ നിന്നു കര കയറിയിരിക്കുകയാണ്‌. നമ്മുടെ ചുക്കിനും കുരുമുളകിനും ഏലത്തിനുമൊക്കെ ഇതേ തരത്തിലുള്ള വിഷമങ്ങൾ ഉണ്ട്‌.  ഒരു കുരുമുളകിന്റെ വള്ളി നട്ട്‌ ആദായം തരണമെങ്കിൽ കുറഞ്ഞത്‌ അഞ്ചാറു വർഷമൊക്കെയടുക്കും. ആ കാലത്തിൽ അതിനു വിലയില്ലാതായാലോ. ഏലവും അതുപോലെയാണ്‌ .മണ്ണ്‌ സംസ്കരിച്ച്‌ കൃഷിയിടം പാകപ്പെടുത്തി, ഏലം നട്ടു വളർത്തി നാലോ അഞ്ചോ കൊല്ലക്കാലത്തെ അധ്വാനം വേണം. അതുകഴിഞ്ഞാണ്‌ അത്‌ കായ്ച്ചു തുടങ്ങുക. അപ്പോൾ അതിനു വിലയില്ലാതായാലോ.
നമ്മുടെ ഭരണ സംവിധാനത്തിൽ, സാമ്പത്തിക ക്രമത്തിൽ ദീർഘകാല അടിസ്ഥാനത്തിലുള്ള കാർഷികോത്പ്പന്ന വില നിർണയ ആസൂത്രണം അനിവാര്യമാണ്‌. ഏതേതു വിളകൾക്ക്‌ ഏതേതു കാലത്ത്‌  എത്ര കണ്ട്‌ വില കൂടാനോ കുറയാനോ സാധ്യതയുണ്ട്‌ എന്ന ഒരു കണക്ക്‌. അങ്ങനെ ഉണ്ടാവുകയാണെങ്കിൽ അതിനു പ്രതിവിധി എന്തെന്നു  കൂടി നമ്മൾ കണ്ടെത്തിയേ മതിയാവൂ.
കേരളത്തിലെ നാളികേര കൃഷിക്കും ഇതു തന്നെയാണ്‌ പ്രശ്നം. എന്റെയൊക്കെ കുട്ടിക്കാലത്ത്‌  തെങ്ങ്‌ എന്നു പറയുന്നത്‌ വളരെ കുറച്ച്‌ കായ്ഫലം തരുന്ന ഒരു കൃഷിയാണ്‌. പത്തു തെങ്ങുണ്ടെങ്കിൽ ഇരുപത്‌ നാളികേരം കിട്ടിയാൽ ലാഭം എന്ന കരുതിയാൽ മതി. അത്രയേ ഉണ്ടായിരുന്നുള്ളു അതിന്റെ ഉത്പാദന ക്ഷമത. അതും പത്തും പതിനഞ്ചും വർഷമൊക്കെ കഴിഞ്ഞാണ്‌ ആദ്യത്തെ ചൊട്ട വിരിയുന്നതു തന്നെ. അന്ന്‌ തെങ്ങിന്‌ കാര്യമായ ശുശ്രൂഷ ഒന്നും വേണ്ടിയിരുന്നില്ല. മധ്യപ്രായമുള്ള തെങ്ങിന്റെ കേടില്ലാത്ത മൂത്ത്‌ പാകമായ തേങ്ങ വെട്ടിയിടാതെ ഭദ്രമായി കയറിലോ മറ്റോ കെട്ടിയിറക്കി, തണലിൽ വച്ച്‌ വെള്ളം വറ്റിച്ച്‌ മണലിൽ പാകും. മുളവരുമ്പോൾ അത്‌  പുരയിടത്തിൽ കുഴിയെടുത്ത്‌ നടും. ആദ്യത്തെ ഒന്നോ രണ്ടോ വർഷം വെള്ളം നൽകിയാലായി. പക്ഷെ അന്നു തെങ്ങിന്‌ കാര്യമായ രോഗങ്ങൾ ഒന്നും ഇല്ലായിരുന്നു.
അന്ന്‌ കാരണവന്മാർ പറയാറുള്ളത്‌, തെങ്ങ്‌ എന്നാൽ കൽപ വൃക്ഷമാണ്‌. കാരണം ആ വൃക്ഷത്തിന്റെ ഒരു ഭാഗവും കളയാനില്ല. മടൽ ചിരട്ട, തടി എന്നു വേണ്ട തെങ്ങു വെട്ടി കുറ്റി മാന്തി അതിന്റെ  വേരു പോലും ഉപയോഗിക്കുന്നതിന്‌ കുഴിച്ച്‌ എടുത്തുകൊണ്ട്‌ പോകുമായിരുന്നു. ഈ വേര്‌ കത്തിച്ച്‌ വെള്ളം തളിച്ച്‌ കരിയാക്കിയാണ്‌  അന്നൊക്കെ പരമ്പരാഗത സ്വർണാഭരണ നിർമാണ തൊഴിലാളികൾ  സ്വർണം ഉരുക്കുന്നതിനായി ഉപയോഗിച്ചിരുന്നത്‌. ചിരട്ടയെക്കാൾ അന്ന്‌ ഇത്‌ ലാഭമായിരുന്നു. അത്രമാത്രം തെങ്ങിന്റെ അവസാനത്തെ ഭാഗം  വരെ ഉപയോഗിക്കാൻ സാധിച്ചിരുന്നു. ഇക്കാരണങ്ങളാൽ തെങ്ങിനെ മനുഷ്യൻ ആദരിച്ചിരുന്നു. മനുഷ്യജീവിതത്തിലെ ശുഭ മൂഹൂർത്തങ്ങൾക്ക്‌ സാക്ഷ്യം വഹിക്കാനും നാളികേരം തന്നെ വേണമായിരുന്നു. നിറപറയ്ക്കൊപ്പം പൂക്കുല, കമാനങ്ങൾക്ക്‌ ഭംഗിയേകാൻ നാളികേരക്കുല, പീലിഓലകൾ, ദീപം തെളിക്കാൻ എണ്ണ. മനുഷ്യർ ജനിക്കുമ്പോഴും മരിക്കുമ്പോഴും എല്ലാ കർമ്മങ്ങൾക്കും നാളികേരം സാക്ഷിയാണ്‌. ഉത്സവത്തിനും എന്തിനു മന്ത്രവാദത്തിനു പോലും തേങ്ങ ഒഴിവാക്കാനാവാത്ത ഘടകമാണ്‌. അന്നും ഇന്നും. ആയൂർവേദ ഉത്പ്പന്നങ്ങളിൽ മഹാഭൂരിപക്ഷവും നാളികേര എണ്ണ ഉപയോഗിച്ചാണ്‌ നിർമ്മിക്കുന്നത്‌. മരുന്നായിട്ട്‌, നിത്യോപയോഗ വസ്തുവായിട്ട്‌, ജീവിതമാർഗ്ഗമായിട്ട്‌, കൃഷിയായിട്ട്‌ നാം ഉപയോഗിക്കുന്ന വസ്തുവാണ്‌ തേങ്ങ. ഒരു അതിഥിക്ക്‌ നമുക്ക്‌ നൽകാവുന്ന ഏറ്റവും വിശിഷ്ടമായ പാനീയമാണ്‌ ഇളനീർ. ഇളനീർ കൊടുത്ത്‌ സ്വീകരിച്ചാൽ പിന്നെ അതിനപ്പുറത്ത്‌ ഒരു വരവേൽപ്‌ ഇല്ല.
അന്നൊക്കെ നാളികേര ഉത്പാദന ക്ഷമത വളരെ കുറവായിരുന്നു. ഇതേ തുടർന്നാണ്‌ സങ്കര ഇനം തെങ്ങിൻ തൈകൾ ഉത്പാദിപ്പിച്ച്‌ കർഷകർക്ക്‌ ലഭ്യമാക്കിയത്‌. പുതിയ ഇനം വന്നതോടെ ഉത്പാദന ക്ഷമത വർധിച്ചു, ധാരാളം കർഷകർ നാളികേര കൃഷിയിലേയ്ക്ക്‌ തിരിഞ്ഞു. വീട്ടിൽ അഞ്ചാറ്‌ തെങ്ങുണ്ട്‌. നമുക്ക്‌ അരയ്ക്കാൻ നാളികേരം ആവാം. അടുക്കളയിലെ ഉപയോഗം കഴിഞ്ഞ്‌ മിച്ചമുള്ളത്‌ നമ്മൾ തന്നെ വെട്ടി ഉണക്കി കൊപ്രയാക്കി, ആട്ടി വെളിച്ചെണ്ണയാക്കി വീട്ടിൽ സൂക്ഷിക്കുകയായിരുന്നു പതിവ്‌.അപ്പോൾ കുട്ടികൾക്ക്‌ തേയ്ക്കാനും കുളിക്കാനും, ഭക്ഷണം പാകം ചെയ്യാനും വെളിച്ചെണ്ണ തന്നെ വേണം. ആണ്ടോടാണ്ട്‌ അടുക്കളയിൽ കറികൾക്ക്‌ അരയ്ക്കാനുള്ള തേങ്ങ വേണം. ഇത്രയൊക്കെയാണ്‌ വീട്ടിൽ തെങ്ങുകൾ കൊണ്ട്‌ ഉണ്ടായിരുന്ന പ്രയോജനം.
തേങ്ങ വിൽക്കുക എന്ന ഒരു സമ്പ്രദായം പണ്ട്‌ ഉണ്ടായിരുന്നില്ല. വരുമാനം മറ്റ്‌ മേഖലകളിൽ നിന്നായിരുന്നു. വീട്ടിൽ ഒരു പശുവുണ്ടെങ്കിൽ കറന്ന്‌ പാലു കുടിക്കുക, മോരും നെയ്യും ഉണ്ടാക്കുക. വീട്ടിൽ നാല്‌ തെങ്ങുണ്ടെങ്കിൽ ഇട്ട്‌ അടുക്കളയിൽ ഉപയോഗിക്കുക, ആവശ്യമുള്ളപ്പോൾ നാല്‌ കരിക്ക്‌ കുടിക്കുക ഇതായിരുന്നു രീതി. തൊഴുത്തിൽ നിന്ന്‌ ചാണകം എടുത്ത്‌ ഈ തെങ്ങുകളുടെ കടയ്ക്കൽ ഇടും. അല്ലാതെ മറ്റ്‌ വലിയ ശുശ്രൂഷകൾ ഇല്ല. എന്നാൽ സങ്കര ഇനങ്ങളുടെ വരവോടെ നാളികേരം നാണ്യവിള എന്ന നിലയിൽ കൃഷിയിടങ്ങളിൽ സ്ഥാനം പിടിച്ചു. പക്ഷെ അതിന്റെയൊപ്പം കുറെ പ്രശ്നങ്ങളും കൂടെ വന്നു. തെങ്ങുകൾക്ക്‌ രോഗം, അപ്പോൾ അതിനു മരുന്നു തളിക്കുന്ന ഒരു സംവിധാനം ആവശ്യമായി.  അതു കഴിഞ്ഞപ്പോൾ തെങ്ങിനുള്ള പ്രത്യേക ഇനം വളക്കൂട്ടുകൾ. അപ്പോൾ രാസവളങ്ങളും പിന്നാലെ കീടനാശിനികളും തൊടികളിലേയ്ക്ക്‌ രംഗപ്രവേശം ചെയ്തു. ഇത്തരത്തിൽ വളരെ കഷ്ടപ്പെട്ട്‌ കൃഷിക്കാരൻ ഉത്പ്പാദിപ്പിക്കുന്ന നാളികേരത്തിന്‌ കാലക്രമേണ രൂക്ഷമായ വിലയിടിവും സംഭവിച്ചു. വിലയിടിഞ്ഞതോടെ തെങ്ങിനെ സംരക്ഷിക്കാൻ ആളില്ലാത്ത അവസ്ഥ വന്നു. ശുശ്രൂഷ കുറഞ്ഞപ്പോൾ തെങ്ങുകൾക്ക്‌ ആരോഗ്യം നശിച്ചു. രോഗങ്ങളുടെയും കീടങ്ങളുടെയും പട തന്നെ തെങ്ങിനെ പൊതിഞ്ഞു. പ്രത്യേകിച്ച്‌ തെക്കൻ കേരളത്തിൽ കാറ്റുവീഴ്ച്ച പോലുള്ള രോഗങ്ങൾ തെങ്ങിന്റെ നിലനിൽപ്പിനു തന്നെ വൻ ഭീഷണിയായി.
ഇപ്പോൾ എന്താണ്‌ അവസ്ഥ എന്നു വച്ചാൽ , വിലക്കയറ്റത്തിനു തടയിടാൻ സാധിക്കാത്തതു കൊണ്ട്‌ ആളുകൾ സമ്മിശ്രകൃഷിയിലേയ്ക്ക്‌ തിരിഞ്ഞിരിക്കുന്നു. രണ്ടോ മൂന്നോ ഏക്കർ ഭൂമിയുള്ള ഒരാളാണെങ്കിൽ  കുറച്ച്‌ നാളികേരം, കുറച്ച്‌ കുരുമുളക്‌, വാഴയുണ്ടാകും, കുറച്ച്‌ പച്ചക്കറി അങ്ങനെ. അല്ലാതെ രക്ഷപ്പെടാൻ ബുദ്ധിമുട്ടാണ്‌. ഇതൊക്കെ രണ്ടുമൂന്നേക്കർ വരെ ഭൂമിയുള്ളവർക്കേ സാധിക്കൂ. കേരളത്തിൽ കൂടുതലും ചെറിയ തുണ്ടു കൃഷിയിടങ്ങളാണല്ലോ. അതിൽ അഞ്ചും പത്തും തെങ്ങ്‌ ഉണ്ടാകും. ഒരിടയ്ക്ക്‌ അതുകൊണ്ടു മാത്രം ആ കുടുംബങ്ങൾ ജീവിച്ചു പോവുകയായിരുന്നു. പത്തു തെങ്ങുണ്ടെങ്കിൽ നൂറു നാളികേരം ഉണ്ടാകും. അതിന്‌ ഒരു ആയിരം രൂപ കിട്ടും. അതുകൊണ്ട്‌ അരി വാങ്ങിക്കാം. പത്തു തെങ്ങുകളേ ഉള്ളുവേങ്കിൽ അതെല്ലാം മര്യാദയ്ക്ക്‌ കായിക്കും. കാരണം തെങ്ങുകൾക്ക്‌ ആൾപ്പെരുമാറ്റം ഇഷ്ടമാണത്രെ. ഇക്കാര്യം എനിക്കും വളരെ ബോധ്യപ്പെട്ടിട്ടുള്ളതാണ്‌. മനുഷ്യസ്പർശമുണ്ടായാൽ തെങ്ങുകൾക്ക്‌ കൂടുതൽ കായ്ഫലമുണ്ടാകും. അതാണ്‌ മുറ്റത്ത്‌ നിൽക്കുന്ന തെങ്ങുകൾ നന്നായി കായ്ക്കുന്നതിന്റെ രഹസ്യം.
മനുഷ്യനും അവന്റെ സംസ്കാരവുമായി അത്രയേറെ ബന്ധമുള്ള സസ്യമാണ്‌ തെങ്ങ്‌. ഇപ്പോൾ തമിഴ്‌നാട്ടിൽ നിന്ന്‌ ഇളനീർ വരുന്നു. അത്‌ വാങ്ങി വെട്ടിക്കുടിക്കുമ്പോൾ തന്നെ നമുക്ക്‌ അറിയാം അത്‌ നമ്മുടെതല്ല എന്ന്‌. മറിച്ച്‌ നമ്മുടെ തൊടിയിൽനിന്ന്‌ ഒരു കരിക്കിട്ട്‌ കുടിക്കുമ്പോൾ അതിന്റെ സ്വാദ്‌ വളരെ കൃത്യമായി നമുക്ക്‌ തിരിച്ചറിയാനാകുന്നു. ഇവിടെ ഉണ്ടാകുന്നതിന്‌ എന്തോ ഒരു പ്രത്യേകത ഉണ്ട്‌ എന്നതിൽ സംശയമില്ല. നമ്മുടെ നാളികേരത്തിന്റെ വെളിച്ചെണ്ണയ്ക്കും ഉണ്ട്‌ ആ വ്യത്യാസം. മണം കൊണ്ട്‌ അത്‌ തിരിച്ചറിയാം. കേരളത്തിലെ വെളിച്ചെണ്ണയാണോ, ശ്രീലങ്കയിലേതാണോ, ഇന്തോനേഷ്യയിലെത്താണോ, തമിഴ്‌നാട്ടിലേതാണോ എന്ന്‌ നല്ല മൂക്കുള്ള ഒരു മലയാളിക്ക്‌ മണത്തറിയാൻ സാധിക്കും. രാജ്യാന്തരീയമായി കേരളത്തിന്റെ നാളികേര ഉത്പ്പന്നങ്ങൾക്ക്‌ അതിന്റേതായ  പ്രത്യേകതയും സ്ഥാനവും ഉണ്ട്‌ എന്ന്‌ പറയുന്നത്‌ അതുകൊണ്ടാണ്‌. ആ സ്ഥാനം ഉറപ്പിച്ചെടുക്കാൻ നമുക്ക്‌ ഇനിയും സാധിച്ചിട്ടില്ല. അതു സാധിച്ചാൽ മാത്രമെ നാളികേരത്തിന്റെ ഭാവി സുരക്ഷിതമാണ്‌ എന്ന്‌ കൃത്യമായി പറയാൻ സാധിക്കുകയുള്ളു. നമ്മുടെ നാളികേര ഉത്പ്പന്നങ്ങൾ ബ്രാന്റാക്കി ആ ബ്രാന്റിനെ ഡിമാന്റാക്കി മാറ്റാനുള്ള ശ്രമങ്ങൾ ഉണ്ടാകണം.
എന്തുകൊണ്ടാണ്‌ കേരളത്തിലെ വെളിച്ചെണ്ണ കൂടുതൽ രുചികരമാണ്‌ എന്ന്‌ പറയുന്നത്‌.  അത്‌ ഒരു നല്ല ബ്രാന്റാണ്‌ എന്നു ലോകവിപണിയിൽ അറിയിക്കാനുള്ള ബോധപൂർവമായ ശ്രമങ്ങൾ ഉണ്ടാകണം. നമ്മുടെ രാഷ്ട്രീയ നേതാക്കൾക്ക്‌ ഇതിനൊന്നും നേരമില്ല. നാളികേരം എന്നല്ല, കേരളത്തിന്റെ കാലാവസ്ഥയോ, ജീവിത രീതികളോ ഒരു കാർഷിക ഉത്പ്പന്നമോ ഒന്നും ബ്രാൻഡ്‌ ചെയ്ത്‌ അന്താരാഷ്ട്ര വിപണിയിൽ എത്തിക്കാനുള്ള നീക്കങ്ങൾ നടക്കുന്നില്ല. എന്തിന്‌ ഇന്ത്യയിലെ അന്യ സംസ്ഥാനങ്ങളിൽ പോലും അവ വേണ്ട വിധത്തിൽ വിൽക്കപ്പെടുന്നുണ്ടോ എന്നു സംശയമാണ്‌. കേരളത്തിലെ കാർഷികോത്പ്പന്നങ്ങൾക്ക്‌ വില ഇടിയുന്നതും, ഇല്ലാതാകുന്നതും, കുറയുന്നതും, ക്രമാതീതമായി ആടിക്കളിക്കുന്നതും ഇത്തരത്തിൽ ഒരു ബ്രാന്റ്‌ സ്റ്റാറ്റസ്‌ ഇല്ലാത്തതുകൊണ്ടാണ്‌. അതുകൊണ്ടാണ്‌ കേരളത്തിലെ കൃഷിക്കാർക്കും രക്ഷപ്പെടാൻ സാധിക്കുന്നില്ല.
അയൽ സംസ്ഥാനമായ തമിഴ്‌ നാടിനെ നോക്കൂ. എന്തെല്ലാം തമ്മിൽത്തല്ല്‌ അവിടെ രാഷ്ട്രിയ പാർട്ടികൾ തമ്മിൽ ഉണ്ടായാലും കൃഷിയുടെയും വികസനത്തിന്റേയും വെള്ളത്തിനുവേണ്ടിയുള്ള പോരാട്ടത്തിന്റെയും കാര്യം വരുമ്പോൾ അവർ ഒന്നാണ്‌. മുല്ലപ്പെരിയാർ ആയാലും  ശ്രീലങ്ക ആയാലും കേന്ദ്രവിഹിതത്തിന്റെ കാര്യമായാലും  ജനങ്ങളെ ബാധിക്കുന്ന വിഷയം വരുമ്പോൾ ഭരണപക്ഷവും പ്രതിപക്ഷവും അവിടെ ഒന്നിച്ച്‌ നിൽക്കും. നമ്മുടെ കാര്യമോ. ഇവിടെ നാഥനില്ല. നമുക്ക്‌ രാഷ്ട്രീയ ഇഛാശക്തി ഇല്ല. ഇതാണ്‌ നമ്മുടെ കാർഷിക മേഖല ഇത്ര അവഗണിക്കപ്പെടാൻ കാരണം. നമ്മുടെ ഉത്പ്പന്നങ്ങൾ ആരൊക്കെയോ ചുളുവിലയ്ക്ക്‌ കൊണ്ടു പോകുന്നു. കൃഷിക്കാർക്ക്‌ ഒന്നും കിട്ടുന്നില്ല. ഇടയിൽ നിന്ന്‌ ആരൊക്കെയോ ചേർന്ന്‌ കൊള്ളലാഭം ഉണ്ടാക്കുന്നു. പാവം കർഷകർ ഇപ്പോഴും നിത്യ ദാരിദ്ര്യത്തിൽ തന്നെ. കോളനിവാഴ്ച്ച നടന്ന എല്ലാ രാജ്യങ്ങളിലും ഈ സ്ഥിതിയാണ്‌.  ഈ നില മാറണം. കർഷകർ സംഘടിത ശക്തിയാകണം. അതിന്റെ സൊ‍ാചനകൾ നാളികേര മേഖലയിൽ ആരംഭിച്ചിരിക്കുന്നു എന്നത്‌ സന്തോഷമുള്ള കാര്യമാണ്‌. ഭാവിയിലെ വരാൻ പോകുന്ന മാറ്റത്തിന്റെ ദിശാസൂചിയാണിത്‌.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...