വേലികെട്ടി വേർതിരിക്കുന്നു ഭൂവിനെ
ഇരു രാജ്യമെന്ന് കല്പ്പിച്ച് തുല്യം ചാർത്തുന്നു
കാവലാ ളാക്കുന്നു മർത്യനെ
കരതലാ മലകമാക്കുന്നുപ്രാണനെ
മഞ്ഞു മലകളിൽ മാലേറിടും
മുള്ള് വേലിക്കിരു പുറങ്ങളിൽ
കേൾക്കുന്നു ഹൃദയ താളങ്ങളിൽ
മൃത്യുവിൻ പാദ പദനം
ജന്മ നാടിനെ സ്വ സോദരരെ
കാത്തിടൽ കർമ്മ മായ്
ഇട നെഞ്ചിൽ തൊട്ടവനെങ്കിലും
കൊതിയുണ്ടേറെ കാതങ്ങൾക്കപ്പുറം
കണ്ണിലെണ്ണ യൊഴിച്ചു പ്രാർത്ഥനയാൽ
കാത്തിടുന്നോരീ,യമ്മയെ ,ഭാര്യയെ
സ്വരക്തത്തിൽ പിറന്നൊരീ,യുണ്ണി -
പൂവിനെ
മാറോട് ചേർത്തൊന്നാശ്ലേഷിക്കുവാൻ.
വെടിയൊച്ചയും,വിലാപവും നിലക്കാ-
മലമടക്കുകളിൽ
ചെന്നിണം ചിതറി യാത്ര യാകുമ്പോഴും
ഇട നെഞ്ചിൽ ചേർത്ത് പിടിക്കുന്നു
നെറ്റിയിൽ ചോപ്പും ചാർത്തി
ചേർത്തു നിർത്തിയോളെ
വർണ്ണ ചിപ്പിയാകുമെന്നെ സ്നേഹ-
തീർത്ഥത്താൽ
മുത്താക്കി മാറ്റിയോരമ്മയെ
കാത്തു കാത്തിരുന്നിട്ടും കാണാതെ -
പോയ
കനവിൻ പൂമൊട്ടിനെ
എങ്കിലും അവാസാന ശ്വാസത്തിലും
കരമുയർത്തുന്നു
മരണത്തിൻ അഗ്നി നാമ്പ് പടർത്തുന്ന
കൊടും ശ ത്രുവേ ഇരട്ടക്കുഴൽ തോക്കുമായ്
നെഞ്ചോട് നെഞ്ച് നേരിടുന്നു
ലോകമേ,യീ യുദ്ധം ദുഖമല്ലാതെ
നാശ മല്ലാതെ യെന്തു വിതച്ചിടുന്നു