സാജൻ വർഗ്ഗീസ്
ചാർജ്ജ് ഓഫീസർ, തൃശൂർ
നാളികേര വികസന ബോർഡിന്റെ നേതൃത്വത്തിൽ രൂപീകൃതമായ തൃത്താല കർഷക കൂട്ടായ്മകൾ കേര കൃഷിയിലും കേര വ്യവസായത്തിലും നടത്തിയ ക്രിയാത്മകമായ ഇടപെടലുകൾ കൊണ്ട് കൂട്ടുകൃഷി സമ്പ്രദായത്തിനെക്കുറിച്ചും ശാസ്ത്രീയമായ കൃഷി രീതി അനുവർത്തിക്കേണ്ടതിന്റേയും മൂല്യവർദ്ധനവിന്റേയും ആവശ്യകതയെക്കുറിച്ചും കേര കർഷകരെ ബോധ്യപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്. ഈ പ്രവർത്തനങ്ങൾ മൂലം കേരളത്തിൽ തെങ്ങിന്റെ ഉത്പാദനവും ഉത്പാദനക്ഷമതയും വർദ്ധിച്ചു തുടങ്ങിയിട്ടുണ്ട്.
നാളികേരത്തിൽ നിന്നും വെളിച്ചെണ്ണ ഉൾപ്പെടെയുള്ള വിവിധ മൂല്യ വർദ്ധിത ഉത്പന്നങ്ങളുടെ നിർമ്മാണവും ഇടനിലക്കാരെ ഒഴിവാക്കി കർഷക കൂട്ടായ്മകൾ തന്നെ അവയുടെ വിപണനവും ഏറ്റെടുത്ത് നടത്തുക വഴി കർഷകർക്ക് മെച്ചപ്പെട്ട വില, സ്ഥിരതയോടെ ലഭ്യമാക്കാൻ തുടങ്ങിയത് കേരകൃഷി മേഖലയ്ക്ക് പുത്തൻ ഉണർവ്വ്വ് പ്രദാനം ചെയ്തിരിക്കുന്നു.
കൽപവൃക്ഷം കനിഞ്ഞു നൽകുന്ന പോഷക സമ്പുഷ്ടമായ ആരോഗ്യ പാനീയമായ നീരയുടെ ഉത്പാദനത്തിനും വിപണനത്തിനുമുള്ള അനുമതി നാളികേര വികസന ബോർജിൽ രജിസ്റ്റർ ചെയ്ത നാളികേര ഉത്പാദക ഫെഡറേഷനുകൾക്കും ഉത്പാദക കമ്പനികൾക്കും ലഭിച്ചതു ഈ മേഖലയിലെ കർഷകർക്ക് ആവേശം പകരുന്നു. അന്താരാഷ്ട്ര ഡിമാന്റ് ഉള്ള നീരയുടെ ഉത്പാദനവും വിപണനവും വഴി കേര കർഷകർക്കും കൃഷി മേഖലയ്ക്കും ലഭ്യമായേക്കാവുന്ന അനന്തമായ തൊഴിൽ സാധ്യതകളും വരുമാനനേട്ടവും നമ്മുടെ നാളികേര മേഖലയെയും കേരളത്തിന്റെ സമ്പട് ഘടനയെയും ശക്തമായി സ്വാധീനിക്കും.
നീരയിൽ നിന്നു മെച്ചപ്പെട്ട വരുമാനം സ്ഥിരതയോടെ ലഭിക്കുന്നതുവഴി കാലാ കാലങ്ങളായി നിലനിന്നു പോന്നിരുന്ന നാളികേരം, കൊപ്ര, വെളിച്ചെണ്ണ എന്ന സ്ഥിരം സമവാക്യത്തിൽ നിന്നൊരു മോചനം പ്രതീക്ഷിക്കാനാകും. കേരമേഖലയ്ക്കും, പുത്തൻ ഉണർവ്വും ശോഭനമായ ഭാവിയും ഇതു പ്രദാനം ചെയ്യും.