ടി. എസ്. വിശ്വൻ
ഡയറക്ടർ, കറപ്പുറം നാളികേര ഉത്പാദക കമ്പനി, ആലപ്പുഴ
തെങ്ങിന്റെ ഭാവിയെക്കുറിച്ച് ശുഭ പ്രതീക്ഷയുള്ളവരായിരുന്നു പണ്ടു മുതൽക്കേ മലയാളികൾ. തെങ്ങുകൃഷിയെക്കുറിച്ചുള്ള മലയാളിയുടെ ഓർമ്മപ്പെടുത്തൽ അതിന് തെളിവാണ്. ?സമ്പത്തു കാലത്തു തൈ പത്തു വച്ചാൽ ആപത്തു കാലത്തു കാ പത്തു തിന്നാം? എന്ന് കാരണവൻമാർ അനന്തിരവൻമാരെ ഓർമ്മിപ്പിച്ചിരുന്നു. അതിന്റെ ഫലമായാണ് കേരളത്തിലെ ഏറ്റവും പ്രധാന നാണ്യവിളയായി നാളികേരം മാറിയത്. ഉൽപാദന ക്ഷമതയിൽ പിന്നിലാണെങ്കിലും പത്തു ലക്ഷം ഹെക്ടർ സ്ഥലത്ത് കേരളത്തിൽ തെങ്ങു കൃഷിയുണ്ട്. ഭക്ഷണ പാർപ്പിട തൊഴിൽ വ്യവസായ മത മേഖലകളിലെല്ലാം തെങ്ങു കേരളീയരെ അനുഗ്രഹിച്ചിട്ടേയുള്ളൂ. എന്നാൽ വ്യത്യസ്ത സാമ്പത്തിക സ്രോതസ്സുകളും തൊഴിൽ മാർഗ്ഗങ്ങളും കടന്നു വന്നതോടെ തെങ്ങിനെ അവഗണിക്കാൻ നാം തിടുക്കം കാട്ടി. ഐശ്വര്യം തരുന്ന കൽപവൃക്ഷത്തെ കാക്കക്കണ്ണു കൊണ്ടു പോലും നോക്കാത്ത സ്ഥിതിയിലെത്തി. തേങ്ങയ്ക്കു വിലയില്ലാതായി, വിളവെടുത്തു തരാൻ ആളില്ലാതായി, കീടരോഗ ബാധകൾ അനിയന്ത്രിതമായി, കൃഷി ചെലവുകൾ ദുസ്സഹമായി. എന്നാൽ അടുത്ത കാലത്ത് നാളികേരത്തിനു വില വർദ്ധിച്ചതു കേര കർഷകരിൽ പുത്തൻ പ്രതീക്ഷയ്ക്കു വിത്തു പാകി. നാളികേര വികസന ബോർഡിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന തൃത്താല കേര കർഷക കൂട്ടായ്മയും നീര ഉൽപാദിപ്പിക്കാൻ നാളികേര ഫെഡറേഷനുകൾക്കു ലഭിച്ച അനുമതിയും കേര കർഷക മേഖലയ്ക്ക് പകർന്ന ഉണർവ്വ്വ് അത്യന്തം ആവേശകരമാണ്.
നാളികേരത്തിന് ഏറ്റവും ഉയർന്ന വില ഉണ്ടായപ്പോൾ ഉൽപാദനം കുറഞ്ഞു പോയി എന്ന സങ്കടമാണ് ഇപ്പോൾ കേരകർഷകരിൽ ഉള്ളത്. ഇനി ഉത്പാദനം കൂട്ടിയാൽ വില കുറയുമോ എന്ന ആശങ്ക വച്ചു പുലർത്തുന്നവരും കുറവല്ല. എന്നാൽ നാളികേരത്തിന്റെ വില പഴയ പോലെ ഇടിയുമെന്ന് കരുതാൻ പറ്റില്ല. കാരണങ്ങൾ പലതുണ്ട്. തേങ്ങയുടേയും വെളിച്ചെണ്ണയുടേയും ഉപഭോഗം ഹൃദ്രോഗ സാധ്യതകൾ ഉണ്ടാക്കുമെന്ന ഭയം കുറച്ചുനാൾ കേരളത്തെ ഭയപ്പെടുത്തിയിരുന്നു. ഇന്ന് ആ ഭയം ഏതാണ്ട് വിട്ടൊഴിഞ്ഞു. തേങ്ങയിൽ നിന്നും നിത്യോപയോഗത്തിന് ആവശ്യമായ നിരവധി മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നഗരങ്ങളിലെ സൂപ്പർ ബസാറുകളിൽ സുലഭമാണ്. ഗ്രാമങ്ങളിൽ പോലും കരിക്കു വിപണിയുടെ പ്രയോജനം ഇന്നു കർഷകർക്കു ലഭിക്കുന്നുണ്ട്. ഏറ്റവും ഒടുവിലായി, നീരയുടെ രംഗ പ്രവേശം കേരകർഷകരിൽ വലിയ പ്രതീക്ഷ പകരുന്നു. കൃത്യമായി നീര ചെത്തുന്ന ഒരു തെങ്ങിൽ നിന്നും മാസം കുറഞ്ഞത് ആയിരം രൂപ നേടാമെന്ന തെങ്ങുടമകളുടേയും അനുഭവ സാക്ഷ്യം കേരകർഷകർ കൈവന്ന ശാപമോക്ഷമായി കരുതാം.
തെങ്ങിന്റെ വിളവെടുപ്പിന് ആളില്ലെന്ന പരാതി പരിഹരിക്കപ്പെട്ടിട്ടുണ്ട്. ചങ്ങാതിക്കൂട്ടം പരിശീലനത്തിലൂടെ നാളികേര വികസന ബോർഡിന്റെ അവസരോചിതമായ ഇടപടൽ മൂലം തെങ്ങിൽ കയറി വിളവെടുക്കാനും മരുന്നു ചെയ്യാനും കഴിവു നേടിയ പുതിയ തൊഴിൽ സമൂഹം രൂപപ്പെട്ടുകഴിഞ്ഞു. അവരിൽ പലരും ഒരു ദിവസം ആയിരത്തിഅഞ്ഞൂറു രൂപയിൽ കുറയാതെ വരുമാനുമുണ്ടാക്കുന്നു. കൃത്യമായ വിളവെടുപ്പു നടക്കുന്നതു മൂലം തെങ്ങിലെ വരുമാനവും വർദ്ധിച്ചു തുടങ്ങി. തെങ്ങിൽ കയറി ക്രൗൺ ക്ലീനിംഗ്, ചെല്ലിയെ പുറത്തെടുക്കൽ, കൂമ്പിൽ മരുന്നു പുരട്ടൽ തുടങ്ങിയ പരിചരണ പ്രവർത്തനങ്ങളും തെങ്ങിന്റെ ഈ ചങ്ങാതിമാർ നിർവ്വഹിക്കുന്നു. തെങ്ങിന്റെ വിളവെടുക്കാനോ തെങ്ങിനെ സംരക്ഷിക്കാനോ താൽപര്യമുള്ളവർക്ക് ജില്ലയിൽ പ്രവർത്തിക്കുന്ന നാളികേര ഉൽപാദക സംഘങ്ങളിലേക്കോ, ഫെഡറേഷനിലേക്കോ ഒരു ഫോൺ ചെയ്താൽ മതിയാകും. തെങ്ങിൽ കയറാനും നീര ചെത്താനും, സർക്കാർ തലത്തിൽ പരിശീലനം നൽകുന്ന ഈ കാലം തെങ്ങിന്റെ സുവർണ്ണകാലമെന്നേ പറയേണ്ടൂ.
മുൻകാലങ്ങളെ അപേക്ഷിച്ച് ഇന്ന് ഗ്രാമപ്രദേശങ്ങളിൽ പോലും ഇളനീർ വിപണനം ഭംഗിയായി നടക്കുന്നു. തെങ്ങിന്റെ ചങ്ങാതിമാർ ഇക്കാര്യത്തിലും കർഷകന് സഹായികളാണ്. ഒരു കരിക്കിന് ശരാശരി 20 രൂപ കർഷകന് ലഭിക്കുന്നു. നാളികേരം വിളഞ്ഞ് പാകമാകാൻ ആറുമാസം കൂടി കാത്തിരിക്കാതെ ഇളനീർ വിപണനം നടത്താമെന്നത് കേരകൃഷിയിലെ വൻ നേട്ടമാണ്. ഇതിലേക്ക് കുറിയ ഇനങ്ങൾ കൂടുതലായി കൃഷി ചെയ്യാനും ഇളനീർ വിപണിയെ ശക്തിപ്പെടുത്താനും ഇന്നു വളർന്നു വന്നിരിക്കുന്ന സി.പി.എസ്., സി.പി.എഫ്. കൂട്ടായ്മകൾ മുന്നോട്ട് വരണം. ഇക്കാര്യങ്ങൾ നാളികേര വികസന ബോർഡിന്റെ ചെയർമാൻ ആവർത്തിച്ച് നിർദ്ദേശിച്ചിട്ടുള്ളതാണ്. അതിനായി സംഘങ്ങളിലേയും ഫെഡറേഷനിലേയും പ്രതിനിധികൾക്ക് തമിഴ്‌നാട് കർണ്ണാടക സംസ്ഥാനങ്ങളിൽ പോയി പഠിക്കാനുള്ള അവസരവും ലഭ്യമാണ്.
നീര യാഥാർത്ഥ്യമായതോടെ കേര കർഷകന്റെ പ്രതീക്ഷയ്ക്കു കൂടുതൽ തിളക്കം കണ്ടു തുടങ്ങി. കരിക്കു ലഭിക്കുന്നതിനേക്കാൾ മാസങ്ങൾക്കു മുമ്പേ കരിക്കിൻ വെള്ളത്തേക്കാൾ മധുരവും ലഹരി ഇല്ലാത്തതും ആയ ഒരു പോഷക ആരോഗ്യ പാനീയം തെങ്ങിൽ നിന്നു ലഭിക്കുമെന്ന അറിവു പോലും മഹത്തരമാണ്. ബസ്സ് സ്റ്റാന്റിലും സിവിൽ സ്റ്റേഷൻ പരിസരങ്ങളിലും എക്സിബിഷൻ ഗ്രൗണ്ടിലുമെല്ലാം നീര കുടിക്കുന്നതിന് സ്ത്രീകളും കുട്ടികളും വിദ്യാർത്ഥികളും മുന്നോട്ടു വരുന്നു. ഒട്ടും ലഹരിയില്ലാത്ത തെങ്ങിൻ പൂക്കുല ജ്യൂസിനെ സമൂഹം തിരിച്ചറിഞ്ഞത് നീരയുടെ മാത്രമല്ല തെങ്ങിന്റേയും ഭാവിയെ ശോഭനമാക്കും,
നീരയും നീരയിൽ നിന്നുണ്ടാക്കുന്ന ചക്കരയും പഞ്ചസാരയും സിറപ്പും ചോക്ലേറ്റുമെല്ലാം പ്രമേഹ രോഗികൾക്കു പോലും കഴിക്കാമെന്ന വസ്തുതയും തെങ്ങിന്റെ രക്ഷയ്ക്കുണ്ട്. 2015 നീരയുടെ വർഷമെന്നോ നാളികേരത്തിന്റെ വർഷമെന്നോ തലയുയർത്തി നിന്നു പറയാൻ നമുക്കു സാധിക്കണം. നാളികേര വികസന ബോർഡും വിവിധ കൃഷി വികസന, ഗവേഷണ വിപണന ഏജൻസികളും, ഇക്കാര്യത്തിൽ കേര കർഷകന് ഒപ്പമുണ്ടാകണം.