ടി.കെ.ജോസ് ഐ എ എസ്
ചെയർമാൻ , നാളികേര വികസന ബോർഡ്
കഴിഞ്ഞ ലക്കത്തിൽ കേരളത്തിലേയും ഇന്ത്യയിലേയും നാളികേര കൃഷിയുടെ ഭാവിയെക്കുറിച്ചുള്ള ചർച്ചകളായിരുന്നു മുഖ്യ വിഷയം. കർഷക കൂട്ടായ്മകൾ ഉൾപ്പെടെ നിരവധി ആളുകൾ. തെങ്ങ് കൃഷിയുടെ ഭാവിയെക്കുറിച്ച് കൂടുതൽ പറയാനും എഴുതാനുമുണ്ട് എന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഈ ലക്കത്തിലും നാളികേര മേഖലയുടെ ഭാവി എന്ന വിഷയം തുടർ വിഷയമായി വീണ്ടും സ്വീകരിക്കുന്നത്. ഇന്ത്യൻ നാളികേര ജേണലിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് വായനക്കാരുടെയും ഗുണഭോക്താക്കളുടെയും ആവശ്യം പരിഗണിച്ച് മുൻ വിഷയം തന്നെ തുടർച്ചയായി ചർച്ചചെയ്യുന്ന ജേണൽ പ്രസിദ്ധീകരിക്കേണ്ടി വരുന്നത്. ഇതൊരു ശുഭോദർക്കമായ കാര്യമാണ്. ഇതിനെ സ്വാഗതം ചെയ്യുകയും ഈ വിഷയത്തെ കുറിച്ച് ആഴത്തിലും വ്യാപ്തിയിലും ചിന്തകളും അന്വേഷണങ്ങളും പങ്കു വെയ്ക്കേണ്ടതുണ്ട് എന്നു മനസ്സിലാക്കുകയും ചെയ്യുന്നു. കഴിഞ്ഞ തവണ നാളികേര മേഖലയുടെ ഭാവി രൂപപ്പെടുത്തുന്നതു സംബന്ധിച്ചായിരുന്നു പ്രതിപാദനം സ്ഥലപരിമിതി മൂലം അതിൽ ചേർക്കാൻ കഴിയാത്ത ഏതാനും ആശയങ്ങൾ ഈ ലക്കത്തിൽ ഉൾക്കൊള്ളിക്കുന്നു.
നാളികേര മേഖലയുടെ ഭാവിക്ക് വിത്തുകളുടെയും തൈകളുടെയും ഉദ്പാദനത്തിൽ ഏറ്റവും ആധുനികമായ ശാസ്ത്ര സാങ്കേതികവിദ്യകൾ എങ്ങനെ വേഗത്തിൽ പ്രാവർത്തികമാക്കാം എന്ന് അടിയന്തിരമായി പരിശോധിക്കേണ്ടതുണ്ട്. ഒരു പൂങ്കുല വിരിഞ്ഞ് അതിൽ നിന്ന് തേങ്ങയുണ്ടായി, അത് വിത്തായശേഷം ശേഖരിച്ച്, പാകി മുളപ്പിച്ച് കർഷകരുടെ പക്കൽ എത്തുമ്പോൾ 22 മുതൽ 25 വരെ മാസങ്ങളുടെ കാലവിളംബമുണ്ട്. അത്യുത്പാദന ശേഷിയുള്ളതും രോഗ,കീട,പ്രതിരോധ ശേഷിയുള്ളതുമായ മാതൃവൃക്ഷത്തിൽ നിന്ന് ഒരു വർഷം ഉൽപാദിപ്പിക്കാവുന്ന നാളികേരത്തിന്റെ എണ്ണം പരിമിതമായതുകൊണ്ട് തന്നെ അതിൽ നിന്ന് ഉത്പാദിപ്പിക്കാവുന്ന തൈകളുടെ എണ്ണവും പരിമിതമാണ്. അതിനാൽ വിത്തും തൈകളും ഉൽപാദിപ്പിക്കുന്നതിനുള്ള ആധുനിക സാങ്കേതിക മാർഗ്ഗങ്ങൾ തെങ്ങുകൃഷിയിലും നമുക്ക് പ്രാവർത്തികമാക്കണം. പറഞ്ഞു വരുന്നത് ടിഷ്യുക്കൾച്ചർ പോലെയുള്ള തീവ്ര പ്രജനന വിദ്യയെക്കുറിച്ചാണ്. ഉത്പാദന ശേഷിയും രോഗപ്രതിരോധ ശേഷിയും കൂടുതലുള്ള മാതൃവൃക്ഷത്തിന്റെ ദശലക്ഷക്കണക്കിന് തൈകൾ കുറഞ്ഞ സമയത്തിനുള്ളിൽ ഉത്പാദിപ്പിക്കാൻ കഴിയുന്ന ഒരു സംവിധാനം ഗവേഷണത്തിലൂടെ രൂപപ്പെടുത്തിയെടുക്കേണ്ടതുണ്ട്.
കർഷക പങ്കാളിത്തത്തോടെയുള്ള ഗവേഷണം എന്നത് നാളികേര മേഖലയിൽ ഇന്നും അന്യമാണ്. അടിസ്ഥാനപരമായി, കാർഷിക മേഖലയിലെ ഏത് ഗവേഷണവും കർഷകർക്ക് ഗുണകരമാകുന്നതിനും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും വിളവ്, വരുമാനം, ഉത്പാദന ക്ഷമത എന്നിവ വർദ്ധിപ്പിക്കുന്നതിനുമാകണം. പലപ്പോഴും നാട്ടിൽ നടക്കുന്ന തെങ്ങു ഗവേഷണം കർഷകരിലേക്ക് എത്തുന്നില്ല. ഇതിനു മാറ്റം വരുത്തി, ഗവേഷണത്തിനുള്ള വിഷയങ്ങൾ കർഷക കൂട്ടായ്മകളിൽ നിന്നു സ്വീകരിച്ച് അവരുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള ഗവേഷണങ്ങളിലേക്ക് നമുക്ക് എന്നാണ് പോകാൻ കഴിയുക? കർഷക പങ്കാളിത്ത ഗവേഷണം എന്ന ആവശ്യം എല്ലാ നാളികേര കർഷകരും ശക്തമായി ഉന്നയിക്കണമെന്നും, കർഷകകൂട്ടായ്മകൾ വഴി ഗവണ്‍മന്റുകളെയും സർവകലാശാലകളെയും സ്വകാര്യ ഗവേഷണ സ്ഥാപനങ്ങളെയും അറിയിക്കണമെന്നും അഭ്യർത്ഥിക്കുന്നു. പുരോഗമന കർഷകർ തങ്ങളുടേതായ പരീക്ഷണങ്ങളും നിരീക്ഷണങ്ങളും കൃഷിയിടങ്ങളിൽ നടത്താറുണ്ട്. അവരുടെ ഇത്തരം നേട്ടങ്ങൾ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കാറുമുണ്ട്. അനുഭവ സമ്പത്തും പ്രായോഗിക വിജ്ഞാനവുമുള്ള ഈ കൃഷിക്കാരുടെ ഗവേഷണരംഗത്തെ വൈദഗ്ദ്ധ്യവും നിരീക്ഷണങ്ങളും സമന്വയിപ്പിക്കുന്ന ഒരു രീതി നമുക്ക് ഇവിടെ ഉണ്ടാക്കിയെടുക്കേണ്ടേ? കർഷക പങ്കാളിത്ത ഗവേഷണത്തിലെ രണ്ടാമത്തെ ഭാഗം, പരീക്ഷണ ശാലകളിൽ നിന്ന് ഗവേഷകർ കർഷകരുടെ തോട്ടങ്ങളിലേക്ക് ഇറങ്ങി വന്ന് കർഷകരുടെ പങ്കാളിത്തത്തോടെ നടത്തുന്ന ഗവേഷകരെയും ഗവേഷണത്തെയും ഗവേഷണകേന്ദ്രങ്ങളെയും എത്തിക്കാൻ നമുക്ക് എന്തു ചെയ്യാൻ കഴിയും? ചെറിയ തോതിലെങ്കിലും ഇതിനുള്ള ശ്രമം നടത്തുന്ന, കർഷകരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന ഗവേഷകർ ഉണ്ട് എന്നുള്ളത് അംഗീകരിക്കുന്നു. അവരെ നന്ദിപൂർവ്വം സ്മരിക്കുന്നു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കാർഷിക ഗവേഷണ നയങ്ങളിൽ ഈയൊരു വിഷയം ചർച്ച ചെയ്യാനും അംഗീകരിപ്പാനും നമുക്കു സാധിക്കണം.
നാളികേര കർഷകരുടെ ഭാവി സുരക്ഷിതമാക്കുന്നതിന് ഉത്പാദക കൂട്ടായ്മകൾ സംരംഭകത്വ മാർഗ്ഗങ്ങളിലേക്ക് അതിവേഗം കടന്നുവരണം. നിരവധി മൂല്യവർദ്ധിത ഉൽപന്നങ്ങളുടെ സാങ്കേതിക വിദ്യയും അതിനുള്ള പെയിലറ്റ് പ്ലാന്റുകളും ഇതിനോടകം തന്നെ തയ്യാറായിക്കഴിഞ്ഞു. ഉത്പാദക കമ്പനികളെങ്കിലും ധനവിനിയോഗത്തിലും, ബിസിനസ്സ് പ്ലാനുകൾ ഉണ്ടാക്കുന്നതിലും പദ്ധതികൾക്ക് വിവിധ ധനകാര്യസ്ഥാപനങ്ങളിൽ നിന്ന് വായ്പ നേടിയെടുക്കുന്നതിലും, പദ്ധതികളുടെ നിർവ്വഹണത്തിലും, മേൽനോട്ടത്തിലും കഴിവും പരിജ്ഞാനവുമുള്ള വിദഗ്ധരുടെ സഹായം തേടേണ്ടതുണ്ട്. ഞങ്ങൾക്ക് ഇപ്പോൾ പണം കുറവാണ്. വരുമാനം കുറവാണ്. അതുകൊണ്ട് തത്ക്കാലം കുറഞ്ഞ ശമ്പളത്തിൽ തൃപ്തരാവുന്നവരെ നിയമിക്കാം എന്നതാണ് ചിന്താഗതി. പക്ഷേ കുറഞ്ഞ ശമ്പളത്തിൽ തൃപ്തരാവുന്ന ആളുകൾക്ക് കുറഞ്ഞ ശമ്പളത്തിൽ തൃപ്തരാവുന്ന ആളുകൾക്ക് കുറഞ്ഞ ദൂരവും കുറഞ്ഞ വേഗവും കുറഞ്ഞ വരുമാനവും നേടിത്തരാനേ കഴിയുകയുള്ളൂ. അതുകൊണ്ട്, വായ്പയെടുത്തിട്ടാണെങ്കിലും മികച്ച പ്രോഫഷണലുകളെ നിയമിച്ച് അവരെകൊണ്ട് കൂടുതൽ വേഗത്തിൽ, കൂടുതൽ വരുമാനം സ്വരൂപിച്ച്, നിശ്ചിത ശമ്പളവും അതിനു പുറമേ അവർ വഴി ഉണ്ടാകുന്ന വരുമാനത്തിന് ആനുപാതികമായി ഇൻസന്റീവു കൂടി കൊടുക്കുന്ന സംവിധാനത്തിലേക്ക് മാറേണ്ടത് ഉത്പാദക കമ്പനികളുടെയും നാളികേര കർഷകരുടെയും നാളികേര മേഖലയുടെയും ശോഭനമായ ഭാവിക്ക് അത്യാവശ്യമാണ് എന്ന് അടിവരയിട്ടു പറയട്ടെ.
രാസവസ്തുക്കളും അലോപ്പതി മരുന്നുകളും ഉപയോഗിച്ചുള്ള രോഗ കീട നിയന്ത്രണ മാർഗ്ഗങ്ങളെക്കുറിച്ച് മാത്രമേ നമ്മൾ ചിന്തിച്ചിട്ടുള്ളു. എന്നാൽ ഇന്ത്യയുടെ സ്വന്തം ആയുർവേദ-യുനാനി -സിദ്ധ സാങ്കേതിക വിദ്യകളുപയോഗിച്ച് കാർഷിക വിളകളുടെ രോഗങ്ങൾക്ക് പരിഹാരം കാണാൻ കഴിയുമോ? ഒന്നു രണ്ടു സ്ഥലങ്ങളിൽ നിന്നെങ്കിലും, പച്ചമരുന്നുകളും ആയുർവേദ മരുന്നുകളും ഉപയോഗിച്ചുകൊണ്ട് കാറ്റുവീഴ്ചയ്ക്ക് ശമനം കാണാമെന്ന അവകാശവാദങ്ങൾ ഉന്നയിക്കപ്പെട്ടിരിക്കുന്നു. എന്തുകൊണ്ടാണ് നമ്മുടെ ഗവേഷണ കേന്ദ്രങ്ങൾ ഇത്തരം വിഷങ്ങൾ ഏറ്റെടുക്കാൻ മടിക്കുന്നത്? തെങ്ങിനെ ബാധിക്കുന്ന രോഗങ്ങൾക്കും ചെമ്പൻ ചെല്ലി, കൊമ്പൻ ചെല്ലി തുടങ്ങിയ കീടങ്ങൾക്കും ആയുർവേദത്തിൽ എന്തെങ്കിലും പ്രതിവിധി ഉണ്ടോ എന്ന് അന്വേഷിക്കേണ്ടതല്ലേ? ഉടുമൽപേട്ടയ്ക്കടുത്ത് ദലിയിലെ വിത്തുൽപ്പാദന പ്രദർശന തോട്ടത്തിൽ 2014-15 സാമ്പത്തിക വർഷത്തിൽ നാളികേര വികസന ബോർഡിന്റെ ഒരു 'ഫീൽഡ് റിസർച്ച് സെന്ററും' കൂടി പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്. തീർച്ചയായും ഇത്തരം പഠനങ്ങൾ അവിടെ ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്നു. ഉൽപാദന ക്ഷമത വർദ്ധിപ്പിക്കുന്നതിനും രോഗ കീട നിയന്ത്രണത്തിനും വ്യത്യസ്തമായ മാർഗ്ഗങ്ങളും ആശയങ്ങളും ഉള്ള കർഷകരും ഗവേഷകരും വിശദാംശങ്ങൾ നാളികേര വികസനബോർഡിനെ അറിയിച്ചാൽ, ഇത്തരം ഗവേഷണങ്ങൾ പങ്കാളിത്ത വ്യവസ്ഥയിൽ ഏറ്റെടുക്കാൻ ബോർഡിന്റെ 'ഫീൽഡ് റിസർച്ച് സെന്റർ' സന്നദ്ധമാണ്. സാധാരണ ഗതിയിൽ വിശാലമായ കാമ്പസും കൂറ്റൻ കെട്ടിടങ്ങളും സ്ഥാപിച്ച് ദശലക്ഷങ്ങളും ഉപകരണങ്ങളും ഉപയോഗിച്ച് എയർകണ്ടീഷനുകളുടെ ശീതളിമയിൽ നടത്തുന്ന ഗവേഷണത്തിനപ്പുറത്ത്, കർഷകരോടൊപ്പം ജോലി ചെയ്യാൻ കഴിയുന്ന ചെറുപ്പക്കാരായ ശാസ്ത്രജ്ഞരെ നാം കണ്ടെത്തണം. കർഷക കൂട്ടായ്മകളോടൊപ്പം കൃഷിയിടങ്ങളിൽ പ്രവർത്തിക്കാൻ സന്നദ്ധരായ ഇത്തരം ഗവേഷകരെയാണ് 'ഫീൽഡ് റിസർച്ച് സെന്ററിൽ' ആവശ്യം. ഭാവിയിൽ ഈ സെന്ററിനെ ദേശീയ-അന്തർദേശീയ തലത്തിൽ ഏറ്റവും മികച്ച നാളികേര ഗവേഷണ കേന്ദ്രമായി വിഭാവനം ചെയ്യണം.
കാർഷിക മേഖലയിലെ ഗവേഷണങ്ങൾ ഐ.സി.എ.ആർ. കാർഷിക സർവ്വകലാശാല തുടങ്ങിയ സ്ഥാപനങ്ങളുടെ മാത്രം ഉത്തരവാദിത്വം എന്നു ചിന്തിച്ച് പല അക്കാദമിക് ഗവേഷണ സ്ഥാപനങ്ങളും മാറി നിൽക്കുന്നു. ആഗോളവത്ക്കരണത്തിന്റെയും ഉദാരവത്ക്കരണത്തിന്റെയും സ്വകാര്യവത്ക്കരണത്തിന്റെയും ഉദാരവത്ക്കരണത്തിന്റെയും കാലഘട്ടത്തിൽ സാങ്കേതിക യോഗ്യതയും, ഗവേഷണ പരിചയമുള്ള ഏതു സ്ഥാപനവും തെങ്ങു കൃഷിയുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ ഏറ്റെടുക്കുന്നതിനെ നാളികേര വികസന ബോർഡ് സ്വാഗതം ചെയ്യുന്നു. സ്ഥാപനത്തിന്റെ പാരമ്പര്യത്തിനോ പ്രശസ്തിക്കോ അപ്പുറത്ത് ഉത്തരവാദിത്വ പൂർണ്ണമായ ഗവേഷണങ്ങൾ നടത്താൻ കഴിവും കാര്യപ്രാപ്തിയും താത്പര്യവും ഉള്ള ഗവേഷകരും, അവരെ പ്രോത്സാഹിപ്പിക്കുന്ന മാനേജ്‌മന്റുകളും ഉള്ള സ്ഥാപനങ്ങൾക്ക് നാളികേര ഗവേഷണങ്ങളിൽ പങ്കാളികളാകാൻ നാളികേര വികസന ബോർഡ് അവസരം നൽകുന്നു. ബോർഡിന്റെ ആസ്ഥാനത്തല്ല, കേരളത്തിലെ നാളികേര ഉൽപാദകരുടെ കൂട്ടായ്മകളിൽ ആയിരിക്കും ഇത്തരം ഗവേഷണങ്ങൾ നടക്കേണ്ടത്. നടീൽ വസ്തുക്കൾ, രോഗ പ്രതിരോധ മാർഗ്ഗങ്ങൾ എന്നിവയുടെ മാത്രം ഗവേഷണത്തിലല്ല, പുതിയ നാളികേര ഉൽപ്പന്നങ്ങളും അവയുടെ പുതിയ ഉപയോഗങ്ങളും കണ്ടെത്തുന്നതിനും താത്പര്യമുള്ള ഗവേഷകർക്കും സംരംഭകർക്കും സ്വകാര്യ ഗവേഷണസ്ഥാപനങ്ങൾക്കും അവസരങ്ങളുടെ വാതായനങ്ങൾ തുറന്നിടുന്നു.
തെങ്ങുകൃഷിയുടെ വിവിധ മേഖലകളിൽ സാങ്കേതിക വൈദഗ്ധ്യമുള്ള തൊഴിലാളികളേയും ടെക്നീഷ്യന്മാരേയും പരിശീലിപ്പിച്ചെടുക്കുകയും കർഷക കൂട്ടായ്മകളോടൊപ്പം നിലനിർത്തുകയും ചെയ്യുക എന്നതും നാളികേരത്തിന്റെ സുരക്ഷിതമായ ഭാവിക്ക് ആവശ്യമാണ്. 35075 പേർ തെങ്ങിന്റെ ചങ്ങാതിക്കൂട്ടത്തിൽ അംഗങ്ങളായി കഴിഞ്ഞു. അടിയന്തിരമായി കേരളത്തിൽ മാത്രം 25000 നീര ടെക്നീഷ്യന്മാരെ പരിശീലിപ്പിച്ചെടുക്കേണ്ടതുണ്ട്
സുപ്രധാനമായ ഒരു കാര്യമാണ് വിജ്ഞാന വ്യാപനം. ജീവനും ചൈതന്യവും നഷ്ടപ്പെട്ട് കേവലം ആചാരങ്ങളിലും ആർഭാടങ്ങളിലും മാത്രം ഒതുങ്ങുന്ന കാർഷിക വിജ്ഞാനവ്യാപനമാണ് ഇന്നു നടക്കുന്നത്. മേളകളും കാർഷികോത്സവങ്ങളും സംഘടിപ്പിക്കുന്നത് വിജ്ഞാന വ്യാപനത്തെ സഹായിക്കില്ല എന്നല്ല മറിച്ച് അതിനപ്പുറത്തേക്ക് തുടർവിജ്ഞാന വ്യാപനം നടത്തുന്നതിന് നിരന്തരമായി ഇത്തരം പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിന് ഒരു സംവിധാനം ഉണ്ടാവേണ്ടതുണ്ട്. പുതിയ വിജ്ഞാനവും പുതിയ സാങ്കേതങ്ങളും എങ്ങിനെ കർഷകരിൽ വേഗത്തിൽ എത്തിക്കാൻ കഴിയുമെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. സർക്കാർ സംവിധാനത്തിലൂടെ മാത്രമേ ഇതിനു കഴിയുകയുള്ളൂ എന്ന ധാരണയ്ക്കപ്പുറത്ത്, കേരളത്തിൽ രൂപീകൃതമായിരിക്കുന്ന 6000 ഉത്പാദക സംഘങ്ങളുടെയും 311 ഉത്പാദക ഫെഡറേഷനുകളുടെയും, 15 ഉത്പാദക കമ്പനികളുടെയും സംവിധാനങ്ങൾ തെങ്ങുകൃഷി മേഖലയിൽ വിജ്ഞാന വ്യാപനത്തിന് എങ്ങനെ ഉപയോഗപ്പെടുത്താമെന്നു വിജ്ഞാനവ്യാപനവിദഗ്ദ്ധർ ചിന്തിക്കുമെന്ന് പ്രത്യാശിക്കുന്നു. ഇത്തരം മേഖലകളിൽ ആലസ്യം ഉപേക്ഷിച്ച് ആർജ്ജവത്തോടെ പുതിയ കാര്യങ്ങളും, പുതിയ ആശയങ്ങളും, പുതിയ പ്രവർത്തന രീതികളും, അവലംബിച്ചാൽ മാത്രമേ തെങ്ങുകൃഷിയുടെ ഭാവി സുരക്ഷിതമാക്കാൻ കഴിയൂ. ഇക്കാര്യത്തിൽ മുൻകൈ എടുക്കേണ്ടത് ഗവണ്‍മന്റുകളോ സർക്കാർ ഉദ്യോഗസ്ഥരോ മാത്രമാണെന്ന് കരുതുന്നില്ല. ഊർജ്ജസ്വലമായ കർഷകരും കർഷക കൂട്ടായ്മകളും ഇക്കാര്യത്തിൽ സർക്കാർ സംവിധാനങ്ങളെയെല്ലാം മുന്നിൽ നിന്നു ചലിപ്പിക്കുന്ന ശക്തിയായി മാറണം. കർഷകരുടെയും, കർഷക കൂട്ടായ്മകളുടേയും സ്ഥാനം സർക്കാരിന്റെയും സർക്കാർ സംവിധാനങ്ങളുടെയും പിന്നിലല്ല. മറിച്ച് മുന്നിലാണ് എന്ന് അറിയുകയും മനസ്സിലാക്കുകയും അത് പ്രവൃത്തിപഥത്തിൽ കൊണ്ടുവരികയും ചെയ്യുന്നതിന് നമുക്ക് കൂട്ടായി പരിശ്രമിക്കാം.