ശിവപ്രസാദ് താനൂർ
വഴിതെറ്റി വന്ന ഒരു ഫോൺ കോൾ. അവിടെ നിന്നായിരുന്നു തുടക്കം. അവർ എന്നും ഫോൺ ചെയ്യുമായിരുന്നു. തെളിഞ്ഞ ശബ്ദം. സംസാരത്തിൽ തികഞ്ഞ കുലീനത. സൂര്യനു കീഴിലുള്ള സകല വിഷയങ്ങളിലും അതിയായ അവഗാഹം. കുടുംബത്തെക്കുറിച്ച് ചോദിക്കുമ്പോൾ മാത്രം മൗനം. അത് ആവർത്തിച്ചപ്പോൾ അയാൾ ആ ചോദ്യം തന്നെ ഒഴിവാക്കി. എന്തായാലും അവർ അയാളുടെ മനസ്സിൽ പറ്റിപ്പിടിച്ചു പടന്നു കയറി; പിന്നെ പുഷ്പിച്ചു, പൂത്തുലഞ്ഞു! ഒരു യുവാവിനെ സംബന്ധിച്ച് ഇതെല്ലാം ധാരാളം.
അന്നും അവർക്കു വേണ്ടി അയാളുടെ ഫോൺ പ്രവർത്തനനിരതമായി. അത്ഭുതപ്പെടുത്തിക്കൊണ്ട് അവർ പറഞ്ഞു.
"നിർബന്ധമായും കാണണം, ഇന്നു തന്നെ."
സമയവും സ്ഥലവും പറഞ്ഞു.
"ഞാൻ എങ്ങിനെ തിരിച്ചറിയും?" അയാൾ ചോദിച്ചു.
"പറഞ്ഞ സമയത്ത് ക്ഷേത്രത്തിനടുത്തുള്ള ആൽച്ചുവട്ടിൽ ഞാനുണ്ടാകും. ഇളം നീല സാരിയും ബ്ലൗസും. എന്നെ കണ്ടാൽ മനസ്സിലാകും. നേരെ അടുത്തേക്ക് വന്നാൽ മതി. സംശയമുണ്ടെങ്കിൽ മാത്രം എന്റെ പേര് ചോദിയ്ക്കുക".
നെഞ്ചിൽ പടയണി മേളം. ബസ്സിലിരിക്കുമ്പോഴും അവരുടെ കാണാത്ത മുഖത്തിന്റെ സൗന്ദര്യം ആയിരുന്നു മനസ്സിൽ. ഇത്രയും നല്ല ശബ്ദമുള്ള ഒരു യുവതിയ്ക്ക് നല്ലതല്ലാത്ത ഒരു മുഖവും രൂപവുമുണ്ടാകുമോ? ബസ്സിറങ്ങി ഇടവഴിയിലൂടെ നടന്ന് വളവും കടന്ന് ക്ഷേത്രത്തിന്റെ ആൽത്തറയ്ക്കടുത്തെത്തി. അകലെ നിന്നേ കണ്ടു. മനസ്സിൽ കണ്ടതിലും ഏറെ സുന്ദരി. ഇളം നീല സാരിയിൽ രൂപലാവണ്യം വഴിഞ്ഞൊഴുകുന്നു.
അവർ തന്നെ പേര് ചോദിച്ചു. ആളെ തിരിച്ചറിഞ്ഞതിൽ സന്തോഷം. ആൽത്തറയിൽ ഇരുന്ന് സംസാരം തുടങ്ങി. മുഖവുരയും കഴിഞ്ഞ് അവർ കാര്യത്തിലേയ്ക്ക് കടക്കുകയായിരുന്നു. അപ്പോൾ ഒരാളെത്തി. അയാൾ ചോദിച്ചു.
"നിങ്ങളാരാ?"
മറുപടി പറയാൻ തുടങ്ങവേ അടുത്ത ആൾ എത്തി. ചോദ്യവുമായി:
"എവിടെ നിന്നു വരുന്നു?"
മറുപടിയ്ക്കു മുൻപേ മൂന്നാമനും പിന്നെ നാലാമനുമെത്തി. നിമിഷം കൊണ്ട് ഒരു സ്ത്രീയും പുരുഷനും ആൾക്കൂട്ടത്തിനു നടുവിലായി. ആക്രോശങ്ങൾക്കും അസഭ്യവർഷങ്ങൾക്കും നടുവിൽ അവർ അനാശാസ്യത്തിനെത്തിയവരായി. ചെറുപ്പക്കാരന്റെ മുഖത്തും നെഞ്ചിലും കൈക്കരുത്തുപരിശോധനകൾ നടന്നു. സ്ത്രീയുടെ ശരീരത്തിൽ അവരിൽ പലരും മാന്യത തെളിയിച്ചുകൊണ്ടുമിരുന്നു.
അടുത്തപടി നിയമത്തിനു മുൻപിൽ ഹാജരാക്കലാണ്. സാരിത്തുമ്പുകൊണ്ടു മൂടി കുനിഞ്ഞ ശിരസ്സുമായി അവരും തൂവാലകൊണ്ട് മുഖം പൊത്തി ചെറുപ്പക്കാരനും നടന്നു. ആക്രോശങ്ങളും വിശദീകരണവുമായി പേ പിടിച്ച മനുഷ്യർ പുറകേയും. കാണികൾ അവർക്കു പിന്നിലെ കൂട്ടത്തിൽ ലയിച്ച്, കൂട്ടം വലുതായിക്കൊണ്ടിരുന്നു. പോലീസ് സ്റ്റേഷനകത്തേക്കു കയറാൻ മടിച്ചു നിന്ന രണ്ടുപേരെയും പതിവ് രീതിയിൽ അഭിഷേകം നടത്തി അവർ യജമാനന്റെ മുറിയിലേക്ക് ആനയിച്ചു. സാരിത്തലപ്പുകൊണ്ട് മുഖം മറച്ചിരുന്ന സ്ത്രീയുടെ മുഖം ശരിയ്ക്കു കണ്ടപ്പോൾ പുതുതായി ചാർജ്ജെടുത്ത എസ്.ഐ. ഞെട്ടി....... സ്വന്തം ഭാര്യ!
അയാൾ അലറി. അലർച്ചയുടെ മൂർച്ചയിൽ പോലീസുകാർ മുറിയ്ക്ക് പുറത്തേക്ക് തെറിച്ചു. സ്റ്റേഷന് പുറത്ത് ചാനലുകാരുടെ പ്രളയം. ഇതിനിടെ ചെറുപ്പക്കാരൻ ബോധമറ്റു വീണു. എത്തിയ സദാചാരക്കാരേയും ചാനലുകാരേയും എസ്.ഐ. പറപ്പിച്ചു വിട്ടു. അനന്തരം ജ്വലിക്കുന്ന കണ്ണുമായി ഭാര്യയുടെ നേരെ തിരിഞ്ഞു.
പതറാത്ത കണ്ണുകളുമായി ഭാര്യ ദൃഢസ്വരത്തിൽ പറഞ്ഞു.
"എനിക്ക് സംസാരിക്കാനുണ്ട്".
ഒരു നിമിഷം നിശ്ശബ്ദത. ഭാര്യയുടെ സ്വരമുയർന്നു.
"എനിക്ക് സംസാരിക്കാനുണ്ടെന്ന്"
എസ്.ഐ.യുടെ കണ്ണിലെ കനൽ കെട്ടു.
ബോധമറ്റു കിടക്കുന്ന ചെറുപ്പക്കാരനെ ജീപ്പ്പിന്റെ പിൻസീറ്റിൽ കിടത്തി മുൻസീറ്റിൽ ഭാര്യയേയുമിരുത്തി എസ്.ഐ. വീട്ടിലേക്ക് തിരിച്ചു. സ്വീകരണമുറി കോടതിയായി.
ഭർത്താവിന്റെ അവഗണനയും അവിഹിത ബന്ധങ്ങളും പുറത്തുപറയാനാവാത്ത നിസ്സഹായയായ ഒരു ഭാര്യയുടെ ചിത്രം അവർ വരച്ചു കാട്ടിയപ്പോൾ എസ്. ഐ. യുടെ മനസ്സിലെവിടെയോ കുറ്റബോധം. മറ്റാരുമറിയാത്ത ഒരു സുഹൃത്തിനോട് താൻ അനുഭവിക്കുന്ന മാനസിക പീഡനങ്ങൾ പങ്കുവെക്കുന്നത് തെറ്റാണോ എന്ന ചോദ്യം അയാളെ ഇരുത്തി ചിന്തിപ്പിച്ചു............. അനിവാര്യമായ ബോധോദയം!
വാൽസല്യപൂർവ്വം ഭാര്യയുടെ തലയിൽ സ്വയമറിയാതെ തടവിക്കൊണ്ടിരിക്കുമ്പോൾ ജീപ്പ്പിൽ ബോധമറ്റു കിടക്കുന്ന ആ ചെറുപ്പക്കാരനെ അയാൾ ഓർത്തു. ഒരു ജഗ്ഗ് വെള്ളവുമായി അവനെ ഉണർത്താൻ അയാൾ ജീപ്പ്പിനടുത്തേക്ക് നടന്നു.